വർഷം 1984… ഒക്ടോബർ 31ന് ഇന്ത്യയുടെ അഞ്ചാമത്തെ പ്രധാനമന്ത്രിയും, ഇന്ത്യയുടെ ആധുനിക ചരിത്രത്തിലെ ശ്രദ്ധേയരായ ഭരണാധികാരികളിലൊരാളുമായ ശ്രീമതി ഇന്ദിരാ പ്രിയദർശിനി, സഫ്ദർജംഗ് റോഡിലെ പ്രധാനമന്ത്രിയുടെ വസതിയിലുള്ള ഉദ്യാനത്തിൽ വെച്ച് സ്വന്തം അംഗരക്ഷകരുടെ വെടിയേറ്റു മരിച്ചു.
പിറ്റേന്ന്, നവംബർ ഒന്നാം തീയതി, രാവിലെ ഇന്ദിരയുടെ മൃതദേഹം മൂന്നുദിവസത്തെ പൊതുദർശനത്തിനായി ഡൽഹിയിലെ തീൻമൂർത്തി ഭവനിൽ വെച്ചു. ആ മൂന്നു നാളുകളിൽ തീൻമൂർത്തി ഭവനിന്റെ സുരക്ഷയുടെ ചുമതല 75 മീഡിയം റെജിമെന്റിന്റെ (Medium Regiment) ദക്ഷിണ ഇന്ത്യൻ സൈനികരുടെ 753 മീഡിയം ബാറ്ററിയ്ക്കായിരുന്നു (Battery). മേജർ ചന്ദ്ര മോഹൻ നയ്യർ ആണ് അന്ന് ഞങ്ങളുടെ ബാറ്ററി കമാന്റർ. ലെഫ്റ്റ്നന്റ് (Leuitnent) റാങ്കിൽ അന്നെനിക്ക് രണ്ട് വർഷത്തെ മാത്രം സേവന പരിചയമേയുള്ളൂ.

നിരവധി രാഷ്ട്രത്തലവന്മാരും, നേതാക്കന്മാരും, വിവിധ മേഖലകളിൽ നൈപുണ്യം തെളിയിച്ചവരും – തങ്ങളുടെ പ്രിയ നേതാവിന് അന്ത്യോപചാരം അർപ്പിക്കുവാൻ ദിനരാത്രഭേദമന്യേ ഈ മൂന്ന് ദിനങ്ങളിൽ തീൻമൂർത്തി ഭവൻ സന്ദർശിച്ച് മടങ്ങി. അവരുടെയെല്ലാം സുരക്ഷാ ചുമതല ഞങ്ങളുടെ ബാറ്ററിക്കായിരുന്നു. എന്റെ സ്ഥാനം VIP കൾ കടന്നുപോകുവാൻ സജ്ജമാക്കിയിരുന്ന പ്രധാന കവാടത്തിങ്കലും…
നവംബർ രണ്ടാം തീയതി വൈകുന്നേരം നാലു മണിയോടുകൂടി മറക്കാനാവാത്ത ഒരു സംഭവം അരങ്ങേറി. പലസ്തീൻ ജനതയുടെ നേതാവായിരുന്ന യാസർ അറാഫത്ത് തന്റെ ഉറ്റ സുഹൃത്തിനെ അവസാനമായി ഒരു നോക്ക് കാണുവാൻ എത്തി. തന്റെ സുരക്ഷാഭടന്മാരുടെ അകമ്പടിയോടെ… അപ്പോൾ ഞങ്ങളുടെ ഹവിൽദാർ പ്രസന്നനൊരു സംശയം – സുരക്ഷാഭടന്മാരെ ആയുധങ്ങൾ വഹിച്ചു അകത്തേക്ക് കടത്തി വിടാമോ? പറ്റില്ലെന്നായി ഞാൻ… പ്രസന്നൻ ഉടനെ അറഫാത്തിന്റെ സുരക്ഷാഭടന്മാരോട് ഒരല്പം മാറി നിൽക്കുവാൻ ആംഗ്യം കാണിച്ചു.

അറഫാത്തിന്റെ കൂടെ ഉണ്ടായിരുന്ന ഉദ്യോഗസ്ഥൻ എന്നോട് ചോദിച്ചു “ഞങ്ങളുടെ നേതാവിന്റെ സുരക്ഷാ ആവശ്യങ്ങൾ താങ്കൾക്കറിയാമല്ലോ? അദ്ദേഹത്തിന് എന്തെങ്കിലും സംഭവിച്ചാൽ…” അദ്ദേഹം പറഞ്ഞു തീരും മുൻപ് ഞാൻ പറഞ്ഞു: “താങ്കൾ ഭയപ്പെടേണ്ട; അത് എന്റെ കൂടെയുള്ള സൈനികരും ഞാനും ഉറപ്പുവരുത്തിയിരിക്കും. എനിക്ക് എന്റെ സൈനികരിൽ പൂർണ വിശ്വാസം ഉണ്ട്.” അവിടെ നിന്നും യാസർ അറഫാത്തിനെ ഹവിൽദാർ പ്രസന്നൻ ആനയിച്ച് ഇന്ദിരയുടെ ഭൗതിക ശരീരത്തിനടുത്ത് എത്തിച്ചു .
ഒക്ടോബർ 31ആം തീയതി ഇന്ദിരയുടെ മരണശേഷം പ്രധാനമന്ത്രിയായി ചുമതലയേറ്റ രാജീവ് ഗാന്ധി, നവംബർ 3 നു ശവസംസ്കാര ചടങ്ങുകൾ തീരുന്നതു വരെ, കൂടെക്കൂടെ, തീൻമൂർത്തി ഭവനിൽ വന്നും പോയുമിരുന്നു. ഈ മൂന്നു ദിവസങ്ങളിൽ തീൻമൂർത്തി ഭവനിൽ ഇന്ദിരയുടെ ഭൗതിക ശരീരം കിടത്തിയിരുന്ന മുറിയിൽ നിന്നുള്ള ദൃശ്യങ്ങളും ലോക നേതാക്കളുടെ അന്ത്യോപചാര-സന്ദർശന കാഴ്ചകളും ദൂർദർശൻ തത്സമയം സംപ്രേഷണം ചെയ്തിരുന്നു. കേരള ജനതയ്ക്കും ആ സംഭവത്തിന്റെ തത്സമയം സംപ്രേഷണം ലഭ്യമായിരുന്നു.
അന്ന് കൂടെയുണ്ടായിരുന്ന മലയാളികളായ സൈനികർക്കൊരു ‘ചിന്ന‘ ആഗ്രഹം – കേരളത്തിൽ നിന്നുള്ള ഒരു നേതാവിനെയും – മുഖ്യമന്ത്രിയും ഗവർണ്ണരും ഒഴികെ – ആരെയും VIP വാതിൽക്കലൂടെ പ്രവേശിപ്പിക്കരുത് – കാരണം ഞങ്ങൾ സൈനികർ നാട്ടിൽ എന്തിനെങ്കിലും ഇവരുടെ അടുത്ത് ചെന്നാൽ തിരിഞ്ഞുപോലും നോക്കില്ല. കേരളം സൈനിക/പൂർവസൈനിക ക്ഷേമത്തിനായി അധികം ഒന്നും ചെയ്യുന്നില്ല. വിരമിക്കുന്ന സൈനികർക്കു ജോലി സംവരണം ചെയ്തിട്ടില്ല. സൈനികരുടെ കുടുംബങ്ങളുടെ പ്രശ്നങ്ങൾ കണ്ടതായിപ്പോലും നടിക്കില്ല. സൈനികൻ രണ്ടുമാസത്തെ അവധിക്കു വന്നു തന്റെ ഏതെങ്കിലും പ്രശ്നങ്ങൾക്ക് പരിഹാരം തേടിയാൽ അവന്റെ കൈവശമുള്ള മദ്യക്കുപ്പി എങ്ങനെ കരസ്ഥമാക്കും എന്ന ചിന്ത മാത്രമുള്ളവരാണാധികവും (ഇന്നും സ്ഥിതിയിൽ കാതലായ മാറ്റമൊന്നും ഇല്ല). ‘അങ്ങനെ തന്നെ ആവട്ടെ’ എന്ന് ഞാനും തീരുമാനിച്ചു.
നവംബർ ഒന്നാം തീയതി ഉച്ചയോടെ നായിക് അജിത് കുമാർ ഒരു ചെറുപ്പക്കാരനുമായി എന്റെയടുത്ത് വന്നു. നോക്കുമ്പോൾ ഒരു സാധാരണ നാടൻ ചെറുപ്പക്കാരൻ, ചാര നിറമുള്ള സഫാരി സ്യൂട്ടാണ് വേഷം. ഒരു ചെറു പുഞ്ചിരിയുമായി നിന്ന അദ്ദേഹത്തെ എനിക്ക് പരിചയപ്പെടുത്തി അജിത് പറഞ്ഞു: “എന്റെ നാട്ടുകാരനാണ്, ഇപ്പോൾ ഡൽഹിയിൽ ദേശീയ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ നേതാക്കളിൽ ഒരാളാണ്. ഇദ്ദേഹത്തിന് സാബിന്റെ സഹായം വേണം.” “എന്ത് വേണം?” ഞാൻ ചോദിച്ചു. “ഇവിടെ നടക്കുന്നതെല്ലാം നാട്ടിൽ എല്ലാവരും ടെലിവിഷനിൽ കണ്ടുകൊണ്ടിരിക്കുകയാണല്ലോ; രാജീവ് ഗാന്ധി വന്നുപോകുമ്പോൾ എന്നെയും അക്കൂട്ടത്തിൽ കയറ്റി വിടണം.” ഞങ്ങളുടെ സൈനികന്റെ ശുപാർശയല്ലേ ഞാൻ സമ്മതം മൂളി.

നാലു മാസങ്ങൾക്കു ശേഷം, ഫെബ്രുവരി മാസത്തിൽ നാട്ടിൽ ചെന്നപ്പോൾ ഞങ്ങളുടെ അയല്വാസി വർക്കിച്ചേട്ടൻ ചോദിച്ചു “ഡെൽഹിയിലാണല്ലേ; ടെലിവിഷനിൽ കണ്ടിരുന്നു. നമ്മുടെ വിദ്യാർത്ഥി നേതാവ് ഭയങ്കര പുലിയാ; രാജീവിന്റെ അടുത്ത ആളാ; ഇപ്പോഴും രാജീവിന്റെ കൂടെയുണ്ടല്ലേ!”
