ജോഹാനസ്ബർഗ്: ആഗോള വളർച്ചയെ അളക്കുന്ന ഇന്നത്തെ രീതി തെറ്റാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത് കോടിക്കണക്കിന് ആളുകളെ ദാരിദ്ര്യത്തിലാക്കുകയും പ്രകൃതിയെ നശിപ്പിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം ജി-20 ഉച്ചകോടിയിൽ പറഞ്ഞു. ശനിയാഴ്ച (നവംബർ 22) ദക്ഷിണാഫ്രിക്കയിലെ ജോഹാനസ്ബർഗിൽ നടക്കുന്ന സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.
“മനുഷ്യരെയും പ്രകൃതിയെയും ഒരുപോലെ സംരക്ഷിക്കുന്ന വികസനമാണ് വേണ്ടത്. അതിന് ഭാരതത്തിന്റെ ‘പൂർണ്ണ മാനവികത’ (Integral Humanism) എന്ന ചിന്താഗതി മാതൃകയാകും,” മോദി പറഞ്ഞു.
അദ്ദേഹം നാല് പുതിയ പദ്ധതികളും മുന്നോട്ടുവച്ചു:
- ലോകത്തിന്റെ പരമ്പരാഗത അറിവുകൾ ഒരു കേന്ദ്രത്തിൽ സൂക്ഷിക്കാനുള്ള ‘ഗ്ലോബൽ ട്രഡീഷണൽ നോളജ് റിപ്പോസിറ്ററി’.
- ആഫ്രിക്കയിൽ 10 ലക്ഷം യുവാക്കൾക്ക് ഇന്ത്യ തൊഴിൽ പരിശീലനം നൽകും.
- ആഗോള ആരോഗ്യ അടിയന്തരാവസ്ഥകൾക്കായി ഒരു പ്രത്യേക സംഘം രൂപീകരിക്കണം.
- മയക്കുമരുന്ന് കടത്തും ഭീകരവാദവും തമ്മിലുള്ള ബന്ധം തകർക്കാൻ പുതിയ അന്താരാഷ്ട്ര സഹകരണം.
മയക്കുമരുന്ന് കടത്ത് ഇന്ന് ഭീകരസംഘടനകൾക്ക് ധനാഗമ ശ്രോതസ്സാണെന്നും ഇത് തടയാൻ എല്ലാ രാജ്യങ്ങളും ഒന്നിച്ച് നിൽക്കണമെന്നും മോദി ആവശ്യപ്പെട്ടു.
ആഫ്രിക്കയിൽ ആദ്യമായി നടക്കുന്ന ജി-20 ഉച്ചകോടിയിൽ ഇന്ത്യയുടെ ശബ്ദം ശക്തമായി ഉയർന്നുവെന്ന് നിരീക്ഷകർ പറയുന്നു. ഉച്ചകോടിക്കിടെ ഓസ്ട്രേലിയ, കാനഡ, ദക്ഷിണകൊറിയ തുടങ്ങിയ രാജ്യങ്ങളുടെ നേതാക്കളുമായി മോദി കൂടിക്കാഴ്ച നടത്തി.
ഞായറാഴ്ച ഇന്ത്യ-ബ്രസീൽ-ദക്ഷിണാഫ്രിക്ക സംയുക്ത ഉച്ചകോടിക്ക് ശേഷം പ്രധാനമന്ത്രി നാട്ടിലേക്ക് മടങ്ങും.
