ഒരുപാടു കാലങ്ങൾ കൂടിയാണ് സാഹിത്യമേഖലയിൽ വായിച്ചത്. ഒരു ചെറിയ പുസ്തകം. “അമ്മച്ചൂണ്ട” പേരിലുണ്ടൊരു പുതുമ… എഴുത്തുകാരനും പുതിയൊരാൾ…..മനോഹരമായ കവർച്ചിത്രം. കഥാസമാഹാരം പ്രസിദ്ധീകരിച്ചിരിക്കുന്നത് സൈൻ ബുക്സ്. മോശമാവില്ലെന്ന ഉൾ വിചാരത്താൽ വായന തുടങ്ങി. വായന പുരോഗമിക്കുമ്പോൾ മനസ്സിലായി. എഴുതിയ ആൾ ചില്ലറക്കാരനല്ല. സാക്ഷാൽ ശ്രീ എം കൃഷ്ണൻ നായരുടെ സാഹിത്യവാരഫലത്തിൽ പ്രശംസ പിടിച്ചു പറ്റിയൊരാൾ അത്ര മോശക്കാരനാവാനിടയില്ലല്ലോ. നൂറോളം പുസ്തകങ്ങൾക്ക് തൂലിക ചലിപ്പിച്ചൊരാൾ. കൈ വെയ്ക്കാത്ത മേഖലകളില്ല. കഥ, നോവൽ, ലേഖനം, ജീവചരിത്രം, വിവർത്തനം, സിനിമ, ബാലസാഹിത്യം, ആത്മീയം ….. സോഷ്യൽ മീഡിയയിലും സജീവൻ. എൻ്റെ അറിവുകേടാകാം, എങ്കിലും ‘ നിർമ്മൽ വിനായക്’ എന്നൊരാളെ എവിടെയും കേട്ടറിവുള്ളതായിട്ടുപോലും തോന്നിയില്ലല്ലോ എന്ന മൗഢ്യം എന്നെ പൊതിഞ്ഞു. ഉറൂബിൻ്റേയും കാരൂരിൻ്റേയുമൊക്കെ ഇളംമുറക്കാരൻ എന്ന് സുഹൃത്ത് കൂടിയായ അവതാരകൻ, ഉണ്ണികൃഷ്ണൻ കിടങ്ങൂർ വിശേഷിപ്പിക്കുന്നുമുണ്ട്. ജോർജ് ജോസഫ് കെ -യേപ്പോലുള്ളവരുടെയൊക്കെ പ്രശംസകൾ നേടിയിട്ടും ഇങ്ങനെയൊരു കഥാകാരൻ എന്തുകൊണ്ട് കേരളത്തിൻ്റെ സാഹിത്യനഭോമണ്ഡലത്തിൽ തിളങ്ങിയില്ല എന്നൊരു ചോദ്യമുണ്ട്. പ്രതിഭാ ദാരിദ്ര്യമല്ലെന്ന് അടിവരയിട്ട് പറയാൻ കഴിയും. കാരണം ഓരോ കഥയും ഓരോ മുത്തുകളായി തിളങ്ങുന്നത് ആ എഴുത്തിലൂടെ കടന്നുപോവുന്നവർക്ക് കാണാൻ കഴിയും. എഴുത്തിലെ ക്രിസ്തീയ പശ്ചാത്തലമാണോ? അതുമാകാനിടയില്ല. കാരണം പൊൻകുന്നം വർക്കി, സക്കറിയ, സി. വി. ബാലകൃഷ്ണൻ തുടങ്ങി അനവധി എഴുത്തുകാരുടെ കൃതികളിൽ നാമതു കാണുന്നുണ്ട്. സോപ്പുകഥകൾ എന്നധിക്ഷേപിക്കുമ്പോഴും മുട്ടത്ത് വർക്കിയെന്നൊരാൾക്കു വേണ്ടി ആഴ്ചതോറും മലയാളികൾ കാത്തിരുന്ന ഒരു കാലമുണ്ടായിരുന്നു. പിന്നെയെവിടെയാണ് ഇത്രയും പ്രതിഭാധനനായ ഒരു കഥാകാരൻ തമസ്കരിക്കപ്പെട്ടത്?
വായന മുന്നോട്ടു പോകെ കാര്യങ്ങൾ ഏറെക്കുറെ വ്യക്തമാകുന്നു. മലയാളം തിരിച്ചറിയാതെ പോയതാണീ പ്രതിഭയെ. ഓരോ കഥകളും ഓരോ ഹൃസ്വചലച്ചിത്രങ്ങൾ പോലെ. അത്രമേൽ ശില്പ ഭദ്രമാണ് ഓരോ കഥയും. പരീക്ഷണാത്മകമായ ഹൃസ്വ ചലച്ചിത്രങ്ങളെടുക്കുന്ന എത്രയോ നവയുവ സംവിധായകരുള്ള മലയാള സിനിമയിൽ വിനായകിൻ്റെ കഥകൾ എന്തേ അവരുടെ കണ്ണിൽപ്പെടുന്നില്ലയെന്നൊരു സങ്കടം ഉള്ളിൽ നിറഞ്ഞു.
വായനയിൽ ഏറ്റവും നിറമുള്ളതായി തോന്നിയ കഥ ‘നൈറ്റ് ഡ്രൈവ്’ ആണ്. അതിലെ ഓരോ വാക്കുകളും ഒരോ ബിംബങ്ങളായി മാറുന്നതും കഥയുടെ പശ്ചാത്തലം വായനക്കാരൻ്റെ അനുഭവമണ്ഡലമാകുന്നതും യാദൃഛികമല്ല. അത്രമേൽ എഴുതിത്തെളിഞ്ഞൊരാൾക്കേ ഇത്രമേൽ ശില്പഭദ്രമായൊരു കഥയെഴുതാനാവൂ. ആ കഥ വായിച്ചു പുസ്തകം മടക്കുമ്പോൾ മലയാളത്തിൻ്റെ പ്രിയ ജോഡി ബിജു – സംയുക്തമാരുടെ ചിത്രം കണ്ടിറങ്ങിയ അനുഭൂതി ഉള്ളിൽ നിറഞ്ഞത് ഒരു പക്ഷേ യാദൃഛികമാവും.
ഓരോ കഥകളും സമൂഹത്തിന് നേരെ തിരിച്ചു വെച്ച കണ്ണാടികളാണെന്നു കാണാം. അതങ്ങനെയേ വരൂ…. കാമ്പുള്ള ഒരെഴുത്തുകാരൻ കൃത്യമായ സാമൂഹിക നിരീക്ഷണം കൂടിയുള്ള ഒരാളാവും. ‘അമ്മച്ചൂണ്ട’ യെന്ന ടൈറ്റിൽക്കഥയിൽ നാം കാണുന്നത് അമ്മയെന്ന വൈകാരികതയുടെ ചൂണ്ടയിൽ കുരുങ്ങിക്കിടക്കുന്ന മകൻ്റെ നിസ്സഹായതകളാണ്. ഇതേ മകനെ നമുക്ക് നൈറ്റ് ഡ്രൈവിലും കാണാൻ പറ്റും. വാർദ്ധക്യത്തിലുഴറുന്ന അമ്മയുടെ പരിചരണം ഏറ്റെടുക്കേണ്ടി വരുന്ന മകൻ്റെ ധാർമ്മികത പലപ്പോഴും അവൻ്റെ വൈവാഹികതയെത്തന്നെ ബാധിച്ചിരിക്കുന്നത് നമുക്കു കാണാൻ കഴിയും. ദാമ്പത്യത്തിലെ നിരാസങ്ങൾ ഒഴിവാക്കാൻ അതുമായി സമവായം ചെയ്യുന്ന സമകാലികങ്ങളിൽ വൃദ്ധരായ മാതാപിതാക്കൾ പൊതുവേ അവഗണിക്കപ്പെടുന്നതോ തിരസ്കരിക്കപ്പെടുന്നതോ ആയാണ് നാം കാണാറ്. പെറ്റുവളർത്തിയ അമ്മയോട് വിനായക് എന്ന തൂലികാകാരൻ പുലർത്തുന്ന ധാർമ്മികത തന്നെയാണ് ഈ പുസ്തകത്തിലെ കഥകളുടെയെല്ലാം കാതൽ എന്ന് നമുക്കു കാണാം. ഓരോ കഥയ്ക്കും ഒരു ഗുണപാഠമുണ്ടാകണം എന്ന പഴയ പാഠം പിന്തുടരുന്നത് കൊണ്ടാവാം വിനായകിൻ്റെ എഴുത്തിനെ മലയാളം ഉൾക്കൊള്ളാതെ പോയത്. അരാജകത്വത്തിൻ്റേയും അരാഷ്ട്രീയതയുടേയും ലോകത്ത് ധാർമ്മികത (Morality) എന്നത് അപഹാസ്യമായ ഒരു കെട്ടുകാഴ്ച മാത്രമായി ചുരുങ്ങുന്നു. എത്ര ജോഡി തുണിയുടുത്താലും മനുഷ്യൻ അടിസ്ഥാനപരമായി നഗ്നനാണെന്ന് തിരിച്ചറിയുമ്പോഴും മറ്റുള്ളവരുടെ കണ്ണിൽ പൊടിയിട്ട് ആ നഗ്നതയെ മറയ്ക്കാൻ ശ്രമിക്കുന്നതാണല്ലോ പുതുകാലത്തിൻ്റെ പ്രവണതകൾ.
അതു കൊണ്ടാവാം ഇതിനോടൊന്നും സമരസപ്പെടാനാവാതെ ആൾക്കൂട്ടത്തിലായിരിക്കുമ്പോഴും ഒറ്റയ്ക്കായിപ്പോകുന്നവരാണ് വിനായകിൻ്റെ കഥാപാത്രങ്ങൾ. പ്രിയപ്പെട്ടവരോടൊപ്പമായിരിക്കുമ്പോഴും ആത്മാവിൻ്റെ ഏകാകികതയിൽ തനിച്ചായി പോയവർ. ഈ ഒറ്റപ്പെടൽ ഇന്നിൻ്റെ മുഖമുദ്രയാണെന്ന് തിരിച്ചറിയുന്നിടത്താണ് വിനായകിൻ്റെ കഥകളുടെ സാമൂഹിക പ്രസക്തി. കാരണം, കേരളത്തിൻ്റേതെന്നല്ല ലോകത്തിൻ്റെ തന്നെ സാമൂഹികത ഒരിടപെടൽ ആവശ്യപ്പെടുന്നത്ര രോഗാതുരമാണെന്നതു തന്നെ. ഇത് തിരിച്ചറിയുമ്പോഴും നമുക്കൊന്നിനുമാകുന്നില്ലല്ലോയെന്ന നിസ്സഹായത നാം മാറ്റി വെയ്ക്കേണ്ടതുണ്ട്.
മക്കൾ പറക്കമുറ്റി പറന്നകലുമ്പോൾ ഒഴിയുന്ന കൂട്ടിലെ വാർദ്ധക്യത്തിൻ്റെ നൊമ്പരങ്ങളുടെയും വിഹ്വലതകളുടേയും കഥയാണ് (Empty – Nest Syndrome ) ‘കൂട് ‘ പറയുന്നത്. സമ്പാദിച്ചു കൂട്ടിയതെല്ലാം വിറ്റും പണയപ്പെടുത്തിയും മക്കളെ യൂറോപ്യൻ സ്വപ്നങ്ങളിൽ കുടിയേറ്റുന്ന നമ്മുടെ പുതുമുറ കാരണവന്മാർ അനുഭവിക്കാൻ പോകുന്ന അരക്ഷിതത്വത്തിൻ്റെ വിവിധ വശങ്ങൾ നാം കാണാതെ പോകരുത്. ആഢംബര ജീവിതത്തിൻ്റേയും കട ബാധ്യതയുടേയും പാരമ്യത്തിൽ കൂട്ട ആത്മഹത്യകളിലേയ്ക്ക് കുടുംബങ്ങൾ നയിക്കപ്പെടുന്ന യഥാതഥ ചിത്രങ്ങൾ നമുക്കിന്ന് അപരിചിതങ്ങളല്ല. ‘സാരമില്ലെടാ’ – യെന്നാശ്വസിപ്പിക്കുന്ന വാത്സല്യനിധിയായ അഛൻ്റെ കരുതൽ നമുക്കന്യമായതാണ് ഇത്തരം കൂട്ട ആത്മഹത്യകളിലേയ്ക്ക് നയിക്കുന്നതെന്ന് ‘കന്യാകുമാരി’ നമ്മെ ഓർമ്മിപ്പിക്കുന്നു.
കുറച്ചു നാളുകൾക്ക് മുമ്പ് മലയാള സിനിമ ഒരു പ്രതിസന്ധിഘട്ടത്തിലൂടെ കടന്നുപോകുമ്പോഴാണ് കമലിൻ്റെ സംവിധാനത്തിൽ ‘മഞ്ഞു പോലൊരു പെൺകുട്ടി’ നമുക്കിടയിലേയ്ക്ക് കടന്നുവന്നത്. നിർഭാഗ്യവശാൽ മലയാളം ആ ചിത്രത്തെ തിരസ്കരിക്കുകയാണുണ്ടായത്. കാരണം അതിലെ പ്രതിപാദ്യവിഷയം ചർച്ച ചെയ്യാൻ മാത്രം കേരളം അന്ന് വളർന്നിട്ടുണ്ടായിരുന്നില്ല. ഇന്നും വേണ്ടത്ര ചർച്ച ചെയ്യാതെ നാം മാറ്റിവെയ്ക്കുന്ന ആ നഗ്നസത്യം മൂടിവെയ്ക്കുന്നതിൽ അർത്ഥമുണ്ടെന്ന് തോന്നുന്നില്ല. കാരണം ലിംഗഭേദമെന്യേ, പ്രായഭേദമെന്യേ നമ്മുടെ വീടുകളുടെ സുരക്ഷിതത്വത്തിൻ്റെ അകത്തളങ്ങളിൽ നമ്മുടെ കുട്ടികൾ ലൈംഗികമായി പീഢിപ്പിക്കപ്പെടുന്നുണ്ട് (Child Sexual Abuse) എന്നത് നാം കാണാത്ത മട്ടിൽ കണ്ണടയ്ക്കുകയാണ് പതിവ്. അതിൻ്റെ തിരുശേഷിപ്പുകളായി കുട്ടികൾ പേറേണ്ടി വരുന്ന അപമാനവും ഒറ്റപ്പെടലും മാനസികാഘാതവും അവരെ എങ്ങനെ ബാധിക്കുന്നെന്നോ അതിൽ നിന്നവരെ വെളിയിൽ കൊണ്ടുവരാൻ എങ്ങനെ സഹായിക്കാമെന്നോ ഒന്നും നാം ചിന്തിക്കുന്നതേയില്ല എന്നതാണ് വാസ്തവം. കാരണം, അങ്ങനെയൊന്ന് സ്വന്തം കുടുംബത്തിൽ സംഭവിക്കുന്നത് വരെ നമുക്കത് മറ്റുള്ളവരുടെ പ്രശ്നം മാത്രമാണെന്ന സങ്കുചിതത്വം തന്നെ. ഇതേ വിഷയം തന്നെ കുറേക്കൂടി മയപ്പെടുത്തി പറയുന്ന കഥയാണ് ‘പാമ്പ്’. ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന കുട്ടിയെന്ന് പറയുമ്പോൾ സംഭവം കുറച്ചുകൂടി ഗൗരവമുള്ളതായാണ് മാറേണ്ടത്. കാമാതുരത പാമ്പിനേപ്പോലെ ഒരു പിഞ്ചുകുഞ്ഞിൻ്റെ നിസ്സഹായതയെ ചുറ്റിവരിയുമ്പോൾ അത് ഒരു അലോസരമായി അനുവാചകരേയും സ്പർശിക്കുന്നുണ്ട്.
‘കാലാവസ്ഥാ വ്യതിയാനങ്ങളും അതോടനുബന്ധിച്ചുള്ള ദുരന്തങ്ങളും കേരളത്തിൻ്റെ സമകാലിക പരിസ്ഥിതികൾക്ക് ഇന്നന്യമല്ല. ദുരന്തമുഖങ്ങളിൽ ഉറ്റവരും ഉടയവരും നഷ്ടപ്പെട്ട് മാനസികമായ വിഹ്വലതകളിലേയ്ക്ക് വലിച്ചെറിയപ്പെടുന്ന ജീവിച്ചിരിക്കുന്ന ഇരകൾക്ക് തുടർന്നുള്ള അവരുടെ അതിജീവനം ഒരു വെല്ലുവിളിയായി മാറുന്നുണ്ട്. ഭീകര സ്വപ്നങ്ങളിലുഴറി ശരിക്കൊന്നുറങ്ങാൻ പോലുമാകാതെ അവരുടെ ജീവിതം ചോദ്യചിഹ്നമായി മാറുമ്പോൾ ഒരു പാതിരാ കുർബ്ബാനയുടെ നനുത്ത ഓർമ്മകൾ പോലും ഭീകരസ്വപ്നമായി ‘ഒരാൾ മാത്രം’ നമ്മിലവശേഷിപ്പിക്കും. എത്ര പഠിച്ചാലും മനസ്സിലാകാത്ത മലയാളിയുടെ പാരിസ്ഥിതിക പൗരബോധം നമുക്കു നേരെ പല്ലിളിച്ചുകാണിച്ചാലും ലജ്ജിക്കുന്നതെന്തിനെന്നല്ലേ?
‘മറിയത്തിൻ്റെ മാലാഖ’യിൽ നാം കാണുന്നത് സന്ദേഹിയായ മറിയത്തേയും ജോസഫിനേയുമാണെങ്കിലും കഥാന്ത്യത്തിൽ മറിയത്തിൻ്റെ എല്ലാ സന്ദേഹങ്ങളേയും തട്ടിയെറിഞ്ഞ് പിറക്കാൻ പോവുന്ന ദേവപുത്രന് തൊട്ടിലുമായി വരുന്ന വിശുദ്ധ തച്ചനെയാണ് നാം കാണുന്നത്. ജോസഫ് തന്നെ മറിയത്തിന് ഒരു മാലാഖയായി മാറുമ്പോൾ കേരളം കണ്ടു മറന്നു കളഞ്ഞ ‘കുങ്കുമപ്പൂവി’ലെ സ്നേഹവാനായ ഭർത്താവിനെയാണ് ഓർമ്മ വന്നത്. ഇങ്ങനെയുളള ഭർത്താക്കന്മാരെയാണ് കേരളം ആഗ്രഹിക്കുന്നതെന്ന് തോന്നുന്നു. ഇക്കഥയിൽ നിന്നും തികച്ചും വ്യത്യസ്തമാണ് ഭർത്താവിൻ്റെ യാഥാസ്ഥിതിക മനോഭാവങ്ങളോട് അനുശീലനം ചെയ്ത് അടുക്കളച്ചുവരുകൾക്കിടയിലെ പുകച്ചുരുളുകളിൽ സ്വയം കൊരുത്തിടാൻ തയ്യാറായ ‘രണ്ടാം യാത്ര’യിലെ സർവ്വംസഹയായ ഭാര്യ. റിട്ടയർമെൻ്റിനു ശേഷമുള്ള ആ വൈകിയ യാത്രയിലാണെങ്കിലും തൻ്റെ ഭാര്യയോട് താൻ ചെയ്ത ക്രൂരതയെ ആത്മശോധന ചെയ്യാൻ അധ്യാപകനായിരുന്ന ഭർത്താവ് ശ്രമിക്കുന്നുണ്ടെന്നതാണൊരാശ്വാസം. കേരളത്തിലെ വർദ്ധിച്ചു വരുന്ന വിവാഹമോചനങ്ങളിലും പെരുകുന്ന വിവാഹബാഹ്യ ബന്ധങ്ങളിലും ഇത്തരം ചില തിരിച്ചറിവുകളുടെ, മനസ്സിലാക്കലുകളുടെ കുറവുകളും ഉണ്ടെന്ന് തോന്നുന്നു. വന്നു വന്ന് വിവാഹമേ വേണ്ടെന്ന് വെയ്ക്കുന്ന പെൺകുട്ടികളുടേയും പെണ്ണുകിട്ടാതെ ജീവിതം തന്നെ ചോദ്യചിഹ്നമായ ചെറുപ്പക്കാരുടേയും കൂടി നാടായി മാറിയിട്ടുണ്ടല്ലോ കേരളം.
ഇവിടെയാണ് ‘കുളം.. കര’ എന്ന കഥ വേറിട്ടതാകുന്നത്. സ്വവർഗ്ഗ ലൈംഗികതയെന്നത് കേരളത്തിന് കേട്ടുകേൾവിയില്ലാത്ത ഒരു വിഷയമല്ലെങ്കിലും അതിനോട് രഹസ്യമായ കുറു പുലർത്തുമ്പോഴും പരസ്യമായി തിരസ്കരിക്കുമ്പോഴും മലയാളിയുടെ കപട സദാചാരം പരിഹാസ്യമാവുന്നുണ്ട്. കുളത്തിനും കരയ്ക്കുമിടയിൽ പെട്ടു പോകുന്ന ലൈംഗിക വ്യക്തിത്വങ്ങളെക്കുറിച്ചല്ല ഈ കഥ പറയുന്നത്. മറിച്ച്, ലൈംഗികതയെന്നത് ദ്രവസ്വഭാവമുള്ളതാണെന്നും മനുഷ്യൻ എന്ന ജെനുസ്സ് മറ്റു മൃഗങ്ങളേപ്പോലെ തന്നെ ബഹുപങ്കാളികളെ ത്തേടുന്നവരും അതിൽ തന്നെ പൂർവ്വാധികവും ഉഭയലിംഗതല്പരരും ആണെന്നും പൊതുവേദികളിൽ ജ്ഞാനി ചമയുകയും രഹസ്യമായി വേൾക്കയും സമൂഹത്തിനുമുന്നിൽ വിശുദ്ധനായി സ്വയം സ്ഥാപിക്കയും ചെയ്യുന്ന ‘Homophobic’ ആയിട്ടുള്ള സനലന്മാരുടെ കഥയാണത്.
ഇതേ പോലെ തന്നെ മലയാളിയുടെ ഇത്തരം കപടസദാചാരതകൾക്ക് നേരെ വിരൽ ചൂണ്ടുന്ന ഒരു വിമർശനാത്മക പാഠമാണ് ‘ജീവിച്ചിരിക്കുന്നവരുടെ സെമിത്തേരി’. കല്ലറകൾക്കുള്ളിൽ ജീവിക്കുന്ന മനുഷ്യാത്മാക്കളുടെ ആത്മഭാഷണങ്ങളാണ് ഈ കഥയിലെ രസച്ചരട്. ഇത്രയും കാലവും ഉള്ളിലടക്കി വെച്ചിരുന്ന അയലത്തെ അദ്ദേഹത്തോടുള്ള പ്രണയം ഭർത്താവിനോട് തുറന്നടിക്കുന്ന അന്നാമ്മയും അത് കേൾക്കുമ്പോൾ വിറഞ്ഞു കയറുന്ന കുഞ്ഞപ്പൻ ചേട്ടനുമൊക്കെ കല്ലറയിലാണെങ്കിലും ജീവിക്കുക തന്നെയാണ്. സഭയും പാർട്ടിയും തമ്മിലുള്ള സജീവമായ അന്തർധാരയെ കുറിച്ച് തുറന്നടിക്കാൻ പ്രിയസഖാവിനും കല്ലറയിലെത്തേണ്ടി വരുന്നുവെന്നുള്ളത് ശ്രദ്ധേയമാണ്. വളരെ Sarcastic ആയി എഴുതപ്പെട്ടിട്ടുള്ളതാണ് ഈ കഥ.
‘വർഷങ്ങൾക്കു പിന്നിൽ നിന്ന് മാന്യമായ സംസാരം എന്ന വിഷയത്തിൽ പ്രസംഗിക്കുന്ന പാവാടക്കാരിയിലേയ്ക്കുള്ള ദൂരം തൻ്റെ മുഴക്കോലിന് അളക്കാനാവില്ലെ”ന്ന് എഴുതുമ്പോഴും ‘മായയുടെ വാക്കുകളുടെ ദുർഗന്ധം ഞങ്ങളെക്കടന്ന് അമ്മാവനിൽ തൊട്ടു നിന്നു’ എന്നെഴുതുമ്പോഴുമൊക്കെ ഭാഷയുടെ അന്യാദൃശമായ സൗന്ദര്യം ഒരു ശില്പിയുടെ കൈയ്യിലെ മൂർച്ചയുള്ള ഉളി പോലെ വിനായകിൻ്റെ തൂലികയിൽ അക്ഷരങ്ങളുടെ കരുത്താവുന്നത് വിസ്മയത്തോടെയാണ് കാണാനാവുക. മുഴുമിക്കാനാവാതെ ‘പദ്യം’ ഒഴുകിപ്പരക്കുമ്പോൾ,
“ശ്രീ ഭൂവിലസ്ഥിര അസംശയമിന്നു നിൻ്റെ
ആഭൂതിയിത് പുനരെങ്ങു കിടപ്പിതോർത്താൽ ” നമുക്കു മനസ്സിലാവും മാതൃകാ വിദ്യാർത്ഥിനിയിൽ നിന്നും ലൈംഗിക തൊഴിലാളിയിലേയ്ക്കുള്ള ദൂരം ഒരു പാടൊന്നുമില്ലെന്നുള്ളത്. ഇങ്ങനെ, എന്നോട് ചേർന്നിരിക്കൂ…. ഞാൻ ഒറ്റക്കാണ്……. എനിക്കാരുമില്ല എന്നു വിതുമ്പുന്ന ഏകാകികളായ കഥാപാത്രങ്ങൾക്കിടയിൽ എവിടെയാണ് നാം നമ്മളെ അടയാളപ്പെടുത്താൻ പോവുന്നത്? അത്രമേൽ ആർദ്രമാണ് ഈ കഥകൾ. മതാത്മകമാകുമ്പോഴും മതേതരമായ മാനവിക മൂല്യങ്ങൾ വിളംബരം ചെയ്യുന്ന കഥകൾ ഇവിടെ തമസ്കരിക്കപ്പെടുന്നുണ്ടെങ്കിൽ, ബോധപൂർവ്വം എടുത്തണിഞ്ഞ തൂലികാനാമത്തിൻ്റെ മറവിൽ കൂലിയെഴുത്ത് തുടരാൻ ഒരു പ്രതിഭ വിധിക്കപ്പെടുന്നുണ്ടെങ്കിൽ മലയാളികളിലെ അനുവാചകരാണ് ഉത്തരം പറയേണ്ടത്. അർഹിക്കുന്ന അംഗീകാരങ്ങളൊന്നും കിട്ടാറില്ലെന്ന ആശാരി ബിജുവിൻ്റെ ഇഛാഭംഗം നാം കാണാതെ പോകരുത്. കേന്ദ്രത്തിൻ്റേയും സംസ്ഥാനത്തിൻ്റേയും താല്പര്യങ്ങൾക്കിടയിൽ കിടന്ന് പഴികേൾക്കേണ്ടി വരുന്ന ജൂറി ബോർഡ് അംഗത്തിൻ്റേയും, പേരിലെ മതാത്മകതയുടെ പേരിൽ അവസരം നിഷേധിക്കപ്പെടുന്ന മഹാനായ സംഗീതജ്ഞൻ്റെയും നാട്ടിൽ പാലായുടെ സാംസ്കാരിക പശ്ചാത്തലമോ അതിലെ ക്രിസ്തീയതയോ ഒന്നുമല്ല വിഷയം. “മരിച്ചു കഴിയുമ്പോൾ നമ്മുടെ മേൽ മറ്റുള്ളവർ തീരുമാനങ്ങളെടുക്കും. അത് നടപ്പിലാക്കും… അങ്ങനെയാണ് ഞങ്ങൾ രക്തസാക്ഷികളാകുന്നതെ”ന്ന് ജീവിച്ചിരിക്കുന്നവരുടെ സെമിത്തേരിയിൽ കിടന്ന് സഖാവ് പറയുന്ന വാക്കുകൾ ഉച്ചൈസ്തരം അതിനെ പ്രഖ്യാപിക്കുന്നുണ്ട്.

1 Comment
നിരൂപണം വസ്തുനിഷ്ഠമെന്ന് കരുതാമെങ്കിൽ, ഈ കഥാകാരൻ ഒരു അതുല്യ പ്രതിഭ തന്നെ. ഇദ്ദേഹത്തെയും ഇദ്ദേഹത്തിന്റെ രചനകളെയും ബാഹ്യ ലോകം അറിയേണ്ടത് തന്നെ. അത് സംഭവിക്കുന്നില്ലെങ്കിൽ നഷ്ടം അനുവാചക ലോകത്തിന് തന്നെ ആണ്. വിനായക് നിർമൽ എന്ന എഴുത്തുകാരനും അമ്മച്ചൂണ്ടയെ പരിചയപ്പെടുത്തിയ ബോബൻ സന്ദീപനിക്കും നന്ദി.. 🙏