ടൊറന്റോ: ഈജിപ്തിൽ നിന്നെത്തിയ യാത്രക്കാരന്റെ ബാഗേജിൽ നിന്നാണ് വൻതോതിൽ പച്ചമാംസം കാനഡ ബോർഡർ സർവീസസ് ഏജൻസി (CBSA) പിടികൂടിയത്. മാർച്ച് 8-ന് നടന്ന പരിശോധനയ്ക്കിടെ ഡിറ്റക്ടർ നായയായ ധർല നൽകിയ കൃത്യമായ സൂചനയാണ് ഉദ്യോഗസ്ഥരെ ഈ കണ്ടെത്തലിലേക്ക് നയിച്ചത്.
യാത്രക്കാരന്റെ പക്കൽ നിന്ന് താറാവ്, പ്രാവ്, കോഴി, മുയൽ എന്നിവയുടെ പച്ചമാംസമാണ് കണ്ടെടുത്തത്. പിടിച്ചെടുത്ത ഇറച്ചിശേഖരത്തിന് ആകെ 22.5 കിലോ തൂക്കമുണ്ടായിരുന്നു. നിയമപ്രകാരം ഈ ഉൽപ്പന്നങ്ങൾ യാത്രക്കാരൻ നേരത്തെ തന്നെ ഡിക്ലയർ ചെയ്തതിനാൽ ഇയാൾക്കെതിരെ നിയമനടപടികൾ ഒന്നും സ്വീകരിച്ചിട്ടില്ലെന്ന് സിബിഎസ്എ വക്താവ് അറിയിച്ചു.
കാനഡയിലേക്ക് എത്തുന്ന യാത്രക്കാർ തങ്ങളുടെ പക്കലുള്ള എല്ലാവിധ ഭക്ഷ്യവസ്തുക്കളും സസ്യങ്ങളും മൃഗഉൽപ്പന്നങ്ങളും നിർബന്ധമായും ഡിക്ലയർ ചെയ്യണമെന്ന് അധികൃതർ ഓർമ്മിപ്പിച്ചു. പാകം ചെയ്തതോ അല്ലാത്തതോ ആയ മാംസം, പാൽ, വെണ്ണ, മുട്ട, മത്സ്യവിഭവങ്ങൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.
അനുമതിയില്ലാതെ ഇത്തരം സാധനങ്ങൾ കൊണ്ടുവരികയോ അല്ലെങ്കിൽ വിവരങ്ങൾ മറച്ചുവെക്കുകയോ ചെയ്യുന്നത് കടുത്ത ശിക്ഷാർഹമാണ്. നിയമലംഘകർക്ക് സാധനങ്ങൾ കണ്ടുകെട്ടുന്നതിന് പുറമെ $1,300 വരെ പിഴയും ക്രിമിനൽ നടപടികളും നേരിടേണ്ടി വരുമെന്നും സിബിഎസ്എ മുന്നറിയിപ്പ് നൽകി.
