കാനഡയിൽ സ്പൗസൽ ഓപ്പൺ വർക്ക് പെർമിറ്റ് (SOWP) തട്ടിയെടുക്കാൻ ഇന്ത്യൻ വിദ്യാർഥികൾ വ്യാജ വിവാഹങ്ങൾ (Marriages of Convenience) പരക്കെ ഉപയോഗിച്ചിരുന്നതായി കനേഡിയൻ സർക്കാരിൻ്റെ ആഭ്യന്തര അന്വേഷണ റിപ്പോർട്ട് പുറത്തുവന്നു. പഠനച്ചെലവും ജീവിതച്ചെലവും കണ്ടെത്താനായി വ്യാജ വിവാഹങ്ങളിലൂടെ പങ്കാളികൾക്ക് വർക്ക് പെർമിറ്റ് സംഘടിപ്പിച്ചു നൽകുന്ന തട്ടിപ്പ് രീതി വ്യാപകമായതോടെയാണ് കനേഡിയൻ ഇമിഗ്രേഷൻ വിഭാഗം ഇമിഗ്രേഷൻ ചട്ടങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. നിയമങ്ങൾ കർശനമാക്കിയതോടെ കാനഡയിലേക്ക് പോകുന്ന ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണത്തിൽ വൻ തോതിലുള്ള കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.ന്യൂഡൽഹിയിലെ കനേഡിയൻ ഹൈക്കമ്മീഷനിലെ ഫസ്റ്റ് സെക്രട്ടറി (മൈഗ്രേഷൻ) ഹാൻ ദുവാൻ, കനേഡിയൻ ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് (IRCC) ഉദ്യോഗസ്ഥർക്ക് അയച്ച കത്തുകളിലാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങൾ വെളിപ്പെട്ടിരിക്കുന്നത്. വിവിരവകാശ നിയമപ്രകാരം ശേഖരിച്ച ഈ കത്തുകളിൽ, ഇന്ത്യയിലെ പത്രങ്ങളിലും ഡേറ്റിംഗ് ആപ്പുകളിലും വരെ ഇത്തരത്തിലുള്ള കരാർ വിവാഹങ്ങൾ പരസ്യമായി നൽകിയിരുന്നതായി വ്യക്തമാക്കുന്നു. ഏജന്റുമാരുടെ വ്യാജ വാഗ്ദാനങ്ങളിൽ വീണ് പല കുടുംബങ്ങളും വസ്തുവകകൾ വിറ്റഴിച്ചാണ് വിദ്യാർഥികളെ കാനഡയിലേക്ക് അയച്ചിരുന്നത്. എന്നാൽ വർക്ക് പെർമിറ്റുകളും സ്ഥിരതാമസത്തിനുള്ള (PR) വഴികളും അടഞ്ഞതോടെ പല വിദ്യാർഥികളും പ്രതിസന്ധിയിലായി.കാനഡയിൽ പഠിക്കുന്ന വിദ്യാർഥികളുടെ പങ്കാളികൾക്ക് തൊഴിലെടുക്കാൻ അവസരം നൽകിയിരുന്ന സ്പൗസൽ ഓപ്പൺ വർക്ക് പെർമിറ്റ് പദ്ധതി ദുരുപയോഗം ചെയ്യുന്നത് തടയാൻ 2024 മുതൽ കാനഡ നിയന്ത്രണങ്ങൾ വരുത്തിത്തുടങ്ങിയിരുന്നു. ബിരുദ വിദ്യാർഥികളുടെ പങ്കാളികൾക്കുള്ള വർക്ക് പെർമിറ്റ് നിർത്തിയ കാനഡ, പിന്നീട് ബിരുദാനന്തര ബിരുദം, ഡോക്ടറേറ്റ്, ചില പ്രത്യേക പ്രൊഫഷണൽ കോഴ്സുകൾ എന്നിവ ചെയ്യുന്നവരുടെ പങ്കാളികൾക്ക് മാത്രമായി ഈ ആനുകൂല്യം പരിമിതപ്പെടുത്തി. ഇതിനുപുറമെ, ശരിയായ ഇംഗ്ലീഷ് ഭാഷാപരിജ്ഞാനം ഇല്ലാത്തവർ വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് വിസ തട്ടിയെടുക്കുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.നിയമങ്ങൾ കർശനമാക്കിയതോടെ കാനഡയിലെ ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണത്തിൽ വൻ ഇടിവാണുണ്ടായത്. 2023-ൽ 2,77,950 ആയിരുന്ന ഇന്ത്യൻ സ്റ്റഡി പെർമിറ്റ് ഉടമകളുടെ എണ്ണം 2024-ൽ 1,88,125 ആയും 2025-ൽ 93,840 ആയും കുത്തനെ കുറഞ്ഞു. ഇതോടെ കാനഡ ഒഴിവാക്കി ജർമ്മനി, സ്വീഡൻ, ഫിൻലാന്റ് തുടങ്ങിയ സ്പൗസ് വിസ അനുവദിച്ച് നൽകുന്ന മറ്റ് യൂറോപ്യൻ രാജ്യങ്ങളിലേക്ക് ഇന്ത്യൻ വിദ്യാർഥികൾ ശ്രദ്ധ കേന്ദ്രീകരിച്ചു തുടങ്ങി. തുടർച്ചയായി മാറിക്കൊണ്ടിരിക്കുന്ന ഇമിഗ്രേഷൻ നയങ്ങളും കുടുംബത്തെ ഒപ്പം കൂട്ടാനാവാത്ത സാഹചര്യവുമാണ് കാനഡയിലേക്കുള്ള വിദ്യാർഥികളുടെ ഒഴുക്ക് കുറയാൻ പ്രധാന കാരണമായി വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.
Trending
- അമേരിക്കയിൽ പലിശ നിരക്ക് വർദ്ധിപ്പിച്ച് ഫെഡറൽ റിസർവ്; കാൽ ശതമാനം വർദ്ധനവ്
- ടൊറന്റോയിൽ നാളെ ഇന്ധനവിലയിൽ വൻ വർധനവ്
- കാനഡയെ അസോസിയേറ്റ് അംഗമാക്കാൻ യൂറോപ്യൻ യൂണിയൻ: ചരിത്രപരമായ നിർദ്ദേശത്തെ പിന്തുണച്ച് ഉർസുല വോൺ ഡെർ ലെയ്ൻ
- കാനഡയിലെ പ്രധാന വിമാനത്താവളങ്ങൾ സ്വകാര്യ നിക്ഷേപത്തിന് തുറന്നുകൊടുക്കുന്നു; ഭൂമിയുടെ ഉടമസ്ഥാവകാശം സർക്കാരിൽ തന്നെ നിലനിർത്തുമെന്ന് മാർക്ക് കാർണി
- ചൈനയിൽ പുതിയ എക്സിറ്റ് വിലക്കുകൾ പ്രാബല്യത്തിൽ
- കാനഡയിൽ ആദ്യ ദേശീയ നിക്ഷേപ ഉച്ചകോടിക്ക് തുടക്കം: ശതകോടികളുടെ പദ്ധതിപ്രഖ്യാപനങ്ങളും നികുതി നയമാറ്റങ്ങളും
- 78-ാമത് എമ്മി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു: ‘ദി പിറ്റ്’, ‘വിഡോസ് ബേ’ പരമ്പരകൾക്ക് വൻ നേട്ടം; നോഹ വൈലും മാത്യു റൈസും മികച്ച നടന്മാർ.
- സ്മാർട്ട് ടിവികൾ സ്വകാര്യ സംഭാഷണങ്ങൾ ചോർത്തുന്നെന്ന വാർത്ത തള്ളി എൽജി; പ്രചാരണം വസ്തുതാവിരുദ്ധമെന്ന് വിശദീകരണം
