ഒട്ടാവ, കാനഡ: മാനസിക രോഗം മാത്രമുള്ള വ്യക്തികളിലേക്ക് വൈദ്യസഹായത്തോടെയുള്ള ദയാവധം (Medically Assisted Dying – MAID) പദ്ധതി വ്യാപിപ്പിക്കാനുള്ള നിർദ്ദേശം കാനഡ അനിശ്ചിതകാലത്തേക്ക് സസ്പെൻഡ് ചെയ്തു. അർഹരായവരുടെ കാര്യത്തിൽ രാജ്യത്ത് പൊതുവായ സമവായം രൂപപ്പെടാത്ത സാഹചര്യത്തിലാണ് നീക്കം. ജസ്റ്റിസ് മിനിസ്റ്റർ ഷോൺ ഫ്രേസറാണ് പുതിയ തീരുമാനങ്ങൾ മാധ്യമങ്ങളോട് വ്യക്തമാക്കിയത്. മുൻപ് തീരുമാനിച്ചിരുന്നതുപോലെ 2027 മാർച്ചോടെ മാനസിക രോഗം മാത്രമുള്ളവർക്ക് ഈ പദ്ധതി ലഭ്യമാകില്ല. ഈ വിഷയത്തിൽ വ്യക്തത വരുത്തുന്നതിനായി പുതിയ നിയമനിർമ്മാണം ഉടൻ അവതരിപ്പിക്കുമെന്ന് സർക്കാർ അറിയിച്ചു.
ഈ സുപ്രധാന വിഷയത്തിൽ പൂർണ്ണമായ യോജിപ്പ് ഇല്ലാതിരുന്നിട്ടും നിലവിലെ സാഹചര്യത്തിൽ ഈ നടപടിയാണ് ഏറ്റവും ശരിയെന്ന് സർക്കാർ കരുതുന്നതായി ജസ്റ്റിസ് മിനിസ്റ്റർ ഷോൺ ഫ്രേസർ ചൂണ്ടിക്കാട്ടി. വൈദ്യസഹായത്തോടെയുള്ള ദായാതീര പദ്ധതി രാജ്യത്ത് ആദ്യമായി നിയമവിധേയമാക്കിയത് 2016-ലാണ്. ഗുരുതരമായ ശാരീരിക രോഗങ്ങളുള്ളവർക്ക് മാത്രമായിരുന്നു തുടക്കത്തിൽ ഇതിന്റെ ആനുകൂല്യം ലഭിച്ചിരുന്നത്. മാനസിക രോഗം മാത്രമുള്ളവരിലേക്ക് കൂടി പദ്ധതി വ്യാപിപ്പിക്കുന്നത് ഭരണഘടനാ അവകാശങ്ങളുടെ ലംഘനമാണെന്നും ആരോഗ്യ സേവനങ്ങളിലേക്കുള്ള തുല്യ പ്രവേശനം നിഷേധിക്കലാണെന്നും പദ്ധതിയെ അനുകൂലിക്കുന്നവർ വാദിക്കുന്നു. അതേസമയം, രോഗബാധിതർക്ക് മുൻകൂട്ടി അനുമതി നൽകുന്നതിനുള്ള പുതിയ വ്യവസ്ഥകളും നിയമനിർമ്മാണത്തിൽ ഉൾപ്പെടുത്തുമെന്നും, എന്നാൽ അന്തിമ തീരുമാനം അതത് പ്രോവിൻസ് ഭരണകൂടങ്ങളുടെ അധികാര പരിധിയിൽ ആയിരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

