കാനഡയിലെ ഏഴ് പ്രൊവിൻസുകളിലും രണ്ട് ടെറിറ്റോറികളിലും Environment Canada യുടെ അതിശൈത്യ മുന്നറിയിപ്പ് . അതിശൈത്യം വ്യാപിക്കുന്നതിനാൽ ഈയാഴ്ച ചില പ്രദേശങ്ങളിൽ കാറ്റിന്റെ പ്രഭാവം മൂലം താപനില -50 ഡിഗ്രി വരെ താഴ്ന്നേക്കാമെന്നാണ് കാലവസ്ഥ മുന്നറിയിപ്പ്.
വെസ്റ്റേൺ കാനഡ
വടക്കൻ അൽബെർട്ടയിൽ കഠിനമായ തണുപ്പും കാറ്റും മൂലം താപനില -40 മുതൽ -45 വരെ താഴ്ന്നേക്കാം. ഇത് തിങ്കളാഴ്ച വൈകുന്നേരത്തോടെ അവസാനിക്കും.
ദക്ഷിണ മനിറ്റോബയിൽ തിങ്കളാഴ്ച രാവിലെ താപനില -44 മുതൽ -50 വരെ രേഖപ്പെടുത്തി. പ്രദേശത്ത് “കഠിനമായ ആർട്ടിക് ശീതവായു” വ്യാപിച്ചതാണിതിന് കാരണമെന്ന് Environment Canada അറിയിച്ചു. ഈ അതിശൈത്യാവസ്ഥക്ക് ചൊവ്വാഴ്ച്ച രാവിലെയോടെ നേരിയ കുറവനുഭവപ്പെടും.
സസ്കാച്വാനിൽ സൗത്ത്, സെൻട്രൽ പ്രദേശങ്ങളിലായി സാസ്കാറ്റൂൺ, റെജിന പോലുള്ള നഗരങ്ങളിൽ -45 വരെ താപനില രേഖപ്പെടുത്തി. തിങ്കളാഴ്ച രാത്രിയോടെ താപനില കൂടുതൽ മെച്ചപ്പെടും.
ബ്രിട്ടീഷ് കൊളംബിയയിൽ, നോർത്ത്, സൗത്ത് പീസ് റിവർ പ്രദേശങ്ങളിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. തിങ്കളാഴ്ച വൈകിട്ട് വരെ മണിക്കൂറിൽ 60-80 കിലോമീറ്റർ വേഗതയുള്ള കാറ്റ് പ്രതീക്ഷിക്കുന്നു. അത് 90 കിലോമീറ്റർ വേഗത കൈവരിക്കാനും സാധ്യതയുണ്ട്.
ഒന്റാരിയോ ക്യൂബെക്
ഓന്റാരിയോയിലെ ലേക്ക് ഹ്യൂറോൺ, ജോർജിയൻ ബേ എന്നിവ ഉൾപ്പെടെ, വടക്കോട്ട് വ്യാപിച്ചുകിടക്കുന്ന പ്രദേശങ്ങളിൽ , അതിശൈത്യ കാലാവസ്ഥാ അനുഭവപ്പെടും. കാറ്റിന്റെ ശൈത്യ മൂല്യം -40 വരെ താഴ്ന്നിരിക്കുകയാണ് എന്ന് Environment Canada അറിയിച്ചു.
ഈ പ്രദേശങ്ങളിൽ ബുധനാഴ്ച വരെ തണുത്ത കാലാവസ്ഥ തുടരും, എന്നാൽ ലേക്ക് സുപീരിയർ തീരപ്രദേശങ്ങളിൽ ചൊവ്വാഴ്ച മുതൽ തണുപ്പ് കുറയാനാണ് സാധ്യത.
വെള്ളിയാഴ്ച വരെ 30 മുതൽ 60 സെ.മീ വരെ മഞ്ഞ് വീഴുമെന്നതിനാൽ നോർത്ത് ഹ്യൂറോൺ കൗണ്ടി ഉൾപ്പെടെയുള്ള പ്രദേശങ്ങൾക്ക് മഞ്ഞ് വീഴ്ച (snowfall) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ക്യൂബെക്കിൽ ബുധനാഴ്ച രാവിലെ വരെ കഠിനമായ തണുപ്പ് അനുഭവപ്പെടും. കാറ്റിന്റെ ശൈത്യമൂല്യം (windchill value) -38 മുതൽ -42 ഡിഗ്രി വരെയായിരിക്കും.
പകൽ -20 ഡിഗ്രിയും രാത്രിയിൽ -30 ഡിഗ്രി വരെ താഴ്ന്ന താപനിലയുമായിരിക്കും. ഇത് ബുധനാഴ്ച വരെ തുടരുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്.
ഈസ്റ്റേൺ കാനഡ
ന്യൂ ബ്രൺസ്വിക്കിൽ അത്യന്തം തണുപ്പും ശീതകാല ചുഴലിക്കാറ്റുകളും അടങ്ങിയ സമ്മിശ്ര കാലാവസ്ഥ അനുഭവപ്പെടുമെന്ന് Environment Canada മുന്നറിയിപ്പ് നൽകി.
പ്രൊവിൻസിന്റെ വടക്കുപടിഞ്ഞാറൻ ഭാഗത്ത് തിങ്കളാഴ്ച രാത്രി മുതൽ ചൊവ്വാഴ്ച രാവിലെ വരെ -35 മുതൽ -40 ഡിഗ്രി വരെ താഴ്ന്ന താപനില രേഖപ്പെടുത്തിയേക്കാം. ആഴ്ചാവസാനത്തോടെ താപനിലയിൽ മാറ്റം പ്രതീക്ഷിക്കാം. തെക്കുകിഴക്കൻ ഭാഗത്ത്, ശീതകാല ചുഴലിക്കാറ്റിന് സാധ്യതയുണ്ട് . ഇത് തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം കുറയും.
നുനാവുട്ട്
നുനാവട്ടിലെ ക്ലൈഡ് റിവർ നൗജാത് എന്നീ പ്രദേശങ്ങളിൽ തിങ്കളാഴ്ച വൈകുന്നേരം വരെ തണുത്ത കാറ്റ് തുടരും. 90 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റും മഞ്ഞ് വീഴ്ചയും കാരണം ദൃശ്യമാനത (visibility) പൂജ്യത്തിനടുത്തെത്താൻ സാധ്യതയുണ്ട്. തണുത്ത കാറ്റ് തിങ്കളാഴ്ച വൈകുന്നേരത്തോടെ അവസാനിക്കും.