മലയാള സിനിമയെ സംബന്ധിച്ച് അഭിമാനാർഹമായ വിജയങ്ങളുടേതായിരുന്നു പോയ വർഷം. നിരവധി ശ്രദ്ധേയമായ ചിത്രങ്ങൾ റിലീസ് ചെയ്യപ്പെട്ടു എന്ന് മാത്രമല്ല, അവയിൽ പലതും കേരളത്തിന് പുറത്തും മികച്ച സാമ്പത്തിക വിജയം നേടിയിരുന്നു. റൈഫിൾ ക്ലബ്, മാർക്കോ തുടങ്ങിയ വിജയ ചിത്രങ്ങളിലൂടെയാണ് 2024 അവസാനിച്ചതെങ്കിൽ 2025 നൽകുന്നതും വിജയത്തുടർച്ചയുടെ സൂചനകളാണ്. ഐഡൻറിറ്റി, രേഖാചിത്രം, പ്രവിൻകൂട് ഷാപ്പ്, ഡൊമിനിക്കും ലേഡി പേഴ്സും തുടങ്ങി തുടർച്ചയായ നാലാഴ്ചകളിലും വിജയചിത്രങ്ങൾ സമ്മാനിച്ച ജനുവരി മാസം അവസാനിച്ചതും മറ്റൊരു മികച്ച സിനിമ കാഴ്ച്ചയോടെയാണ്. പൊന്മാൻ ആണ് ജനുവരി അവസാനം റിലീസ് ചെയ്ത ചിത്രം. തിരക്കഥയുടെ മേന്മ കൊണ്ട് മികച്ചുനിൽക്കുന്ന സിനിമയാണ് പൊന്മാൻ. ജി ആർ ഇന്ദുഗോപന്റെ നാലഞ്ച് ചെറുപ്പക്കാർ എന്ന നോവലെറ്റിന്റെ ചലച്ചിത്രാവിഷ്കാരമാണ് പൊന്മാൻ. ജോതിഷ് ശങ്കർ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ബേസിൽ ജോസഫാണ് മുഖ്യ വേഷത്തിലെത്തുന്നത്.
കൊല്ലം ജില്ല പശ്ചാത്തലമായി വരുന്ന ഈ സിനിമ, വിവാഹാവശ്യങ്ങൾക്കായി സ്വർണ്ണം കടം കൊടുക്കുന്ന ഒരു ഇടനിലക്കാരനായ പി.പി. അജേഷിന്റെ (ബേസിൽ ജോസഫ്) കഥയാണ് പറയുന്നത്. വിവാഹങ്ങൾക്ക് സ്ത്രീധനം നൽകാൻ പാടുപെടുന്ന കുടുംബങ്ങൾക്ക് അദ്ദേഹം സ്വർണ്ണാഭരണങ്ങൾ കടം കൊടുക്കുന്നു. ഈ ആഭരണങ്ങൾ ചടങ്ങുകൾക്ക് ശേഷം തിരികെ നൽകണമെന്നാണ് നിബന്ധന. എന്നാൽ ഒരു കുടുംബം കടം വാങ്ങിയ സ്വർണം തിരികെ നൽകാതെ വരുമ്പോൾ, അജേഷ് ഒരു അപകടകരമായ ജീവിത സംഘർഷത്തിലേക്ക് എത്തുന്നു. ചെറിയ സാമ്പത്തിക തർക്കമായി തുടങ്ങുന്ന കഥ, ക്രമേണ അജേഷിന്റെ ജീവന്മരണ പോരാട്ടത്തിലേക്കാണ് വികസിക്കുന്നത്.
കേരളത്തിൽ ഉൾപ്പെടെ ഇന്ത്യയിലെ പല ഭാഗങ്ങളിലും നിലനിൽക്കുന്ന സ്ത്രീധന സമ്പ്രദായത്തെ വിമർശനാത്മകമായി നോക്കിക്കാണുന്നതിലും, ആ സമ്പ്രദായം സമ്മാനിക്കുന്ന സംഘര്‍ഷാവസ്ഥകളെ ചിത്രീകരിക്കുന്നതിലും അത് പ്രേക്ഷകരിലേക്ക് സംവദിക്കുന്നതിലും ചിത്രം വിജയിച്ചിട്ടുണ്ട്.
പി.പി. അജേഷിന്റെ വേഷത്തിൽ ബേസിൽ ജോസഫ് ഒരു കരിയർ ബെസ്റ്റ് പ്രകടനം തന്നെ കാഴ്ചവച്ചിട്ടുണ്ട്. അജേഷിന്റെ ആന്തരിക സംഘർഷങ്ങൾ അദ്ദേഹം സൂക്ഷ്മമായി അവതരിപ്പിച്ചിട്ടുണ്ട്. മറ്റ് നടീനടന്മാരുടെ പ്രകടനവും എടുത്തു പറയേണ്ടതാണ്. ലിജോമോൾ, സജിൻ ഗോപു (ആവേശം സിനിമയിലെ അമ്പാൻ), ആനന്ദ് മന്മഥൻ എന്നിവരും, മറ്റ് സഹനടീനടന്മാരും തങ്ങളുടെ റോളുകൾ ഗംഭീരമാക്കി.
ജ്യോതിഷ് ശങ്കറിന്റെ സംവിധാനമികവാണു ഈ സിനിമയുടെ മിഴിവ്. ജി. ആർ. ഇന്ദുഗോപന്റെ കഥക്ക് ഇന്ദുഗോപനും ജസ്റ്റിൻ മാത്യുവും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സനു ജോൺ വർഗ്ഗീസിന്റെ സിനിമാറ്റോഗ്രഫി ‘പൊൻമാൻ’ന്റെ മറ്റൊരു ശ്രദ്ധേയമായ ഘടകമാണ്. കൊല്ലത്തിന്റെ സൗന്ദര്യവും ജീവിതങ്ങളും ഭംഗിയായി ഒപ്പിയെടുക്കാനായിട്ടുണ്ട് അദ്ദേഹത്തിന്റെ ക്യാമറക്ക്. ജസ്റ്റിൻ വര്‍ഗീസിന്റെ പശ്ചാത്തല സംഗീതവും മികവാർന്നതാണ്.