നമ്മളിൽ ചിലരെങ്കിലും നിരാശ, സങ്കടം, ദേഷ്യം, കുറ്റബോധം മുതലായവ ഉണ്ടാകുന്ന സാഹചര്യങ്ങളിൽ സ്വയം മുറിവേൽപ്പിച്ചിട്ടുള്ളവരായിരിക്കാം. സ്വയം മുറിവേൽപ്പിക്കൽ പ്രവണത കൂടുതലും കണ്ടു വരുന്നത് യുവജനങ്ങളിൽ, പ്രത്യേകിച്ച് കൗമാരക്കാരിൽ ആണ്. അതിനാൽ, ഈ വിഭാഗങ്ങളിൽ പെടുന്നവരുടെ രക്ഷിതാക്കളും ഇതിനെക്കുറിച്ചു ജാഗരൂകരാകേണ്ടതുണ്ട്.
പലപ്പോഴും, ഗുരുതമായ മാനസിക-ശാരീരിക ആരോഗ്യപ്രശ്നങ്ങൾക്ക് സ്വയം മുറിവേൽപ്പിക്കൽ വഴി വെക്കുന്നു. എന്നാൽ, വേണ്ടത്ര ശ്രദ്ധിക്കപെടാത്തതും ചർച്ച ചെയ്യപ്പെടാത്തതും ആയ ഒരു വിഷയമാണിത്.
സ്വയം മുറിവേൽപ്പിക്കൽ അവബോധ ദിനം (സെൽഫ് ഇഞ്ചുറി അവേർനെസ് ഡേ) കൂടെയായ ഇന്ന് (മാർച്ച് 1), ഈ വിഷയത്തെക്കുറിച്ച് കൂടുതൽ അറിയാം…
എന്താണ് സ്വയം മുറിവേൽപ്പിക്കൽ?
ഹാനികരമായ രീതിയിൽ സ്വന്തം ശരീരത്തിൽ മനഃപൂർവ്വം മുറിവോ ക്ഷതമോ പൊള്ളലോ വേദനയുണ്ടാക്കുന്ന മറ്റു പരിക്കുകളോ ഏൽപ്പിക്കുന്നത് സ്വയം മുറിവേൽപ്പിക്കലായി കണക്കാക്കാം. പൊതുവെ, ഇത് ആത്മഹത്യ പ്രവണത കാരണം ആകണം എന്നില്ല. എന്നാൽ, ചില വ്യക്തികളിലും അവസരങ്ങളിലും ഇതിനു ആത്മഹത്യ പ്രവണതയോ ആത്മഹത്യ ശ്രമമോ ആയി ബന്ധമുണ്ടാകാം.
സ്വയം മുറിവേൽപ്പിക്കലിന്റെ കാരണങ്ങൾ എന്തൊക്കെ?
അമിതമായ, അനിയന്ത്രിതമായ വികാരവിക്ഷുബ്ധതയാണ് മിക്കവരെയും സ്വയം മുറിവേൽപ്പിക്കലിലേക്ക് നയിക്കുന്നത്. കേരളത്തിൽ ഉൾപ്പെടെ വളരെയധികം വർധിച്ചുകൊണ്ടിരിക്കുന്ന ലഹരി വസ്തുക്കളുടെ ഉപയോഗം വികാരങ്ങൾ നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥക്കും, അതുവഴി സ്വയം മുറിവേൽപ്പിക്കൽ ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്കും ഒരു പ്രധാന കാരണമാണ്.
ചിലർ അസുഖകരമായ വികാരങ്ങൾ തരണം ചെയ്യാൻ സ്വയം മുറിവേൽപ്പിക്കുന്നു. മറ്റു ചിലർ, സ്വയം മുറിവേൽപ്പിച്ച് തങ്ങളെ തന്നെ ശിക്ഷിക്കുന്നു.
സ്വയം മുറിവേൽപ്പിക്കൽ പ്രവണത എങ്ങനെ തരണം ചെയ്യാം?
വിശ്വസിക്കാൻ കഴിയുന്ന ഒരാളോട് പ്രശ്നങ്ങൾ തുറന്നു സംസാരിക്കുന്നത് സ്വയം മുറിവേൽപ്പിക്കൽ പ്രവണത തരണം ചെയ്യാൻ സഹായിക്കും.
ഇത്തരം പ്രവണതയുള്ള കൗമാരക്കാരുടെ മാതാപിതാക്കൾക്കും അധ്യാപകർക്കും അടുത്ത ബന്ധുക്കൾക്കും ഉറ്റ സുഹൃത്തുകൾക്കും മാനസികമായി അടുപ്പമുള്ള മറ്റുള്ളവർക്കും ഇതിൽ വലിയ പങ്ക് വഹിക്കാൻ സാധിക്കും. ഇതുപോലെയുള്ള അവസ്ഥകളെ വൈകാരികമായി സമീപിക്കുന്നതിന് പകരം തങ്ങൾ ഒപ്പമുണ്ട് എന്ന സന്ദേശം ഈ പ്രവണത ഉള്ളവർക്ക് നൽകാൻ ശ്രമിക്കുന്നത് വളരെയേറെ ഗുണം ചെയ്യും. കൂടാതെ, നേരിട്ടുള്ള വിദഗ്ധ കൗൺസിലിംഗ് സേവനങ്ങളും ഹെൽപ്ലൈൻ നമ്പർ മുഖേനെയുള്ള സേവനങ്ങളും സ്വയം മുറിവേൽപ്പിക്കൽ പ്രവണത ഉള്ളവർക്കായി ലഭ്യമാണ്.