ഓരോ തുടക്കവും ആരോഗ്യകരമാകണം എന്ന് ആഗ്രഹിക്കുന്നവരാണ് നാം എല്ലാവരും. പ്രതീക്ഷാനിർഭരമായ ഭാവികൾക്കും നാം കാത്തിരിക്കുന്നു.
ഈ വർഷത്തെ ലോകാരോഗ്യദിനത്തിന്റെ പ്രചാരണവാക്യം കൂടെയാണ് ഈ തലക്കെട്ട്. എല്ലാ വർഷവും ഏപ്രിൽ 7 ന് ആണ് ലോകാരോഗ്യദിനം (World Health Day) ആചരിക്കുന്നത്.
ലോകാരോഗ്യദിനത്തെക്കുറിച്ച് കൂടുതൽ അറിയാം…
എന്തുകൊണ്ട് ഏപ്രിൽ 7 ?
ലോകാരോഗ്യസംഘടന സ്ഥാപിതമായത് 1948 ഏപ്രിൽ 7 ന് ആണ്. അതിനാൽ, എല്ലാ വർഷവും ഏപ്രിൽ 7 ന് ലോകാരോഗ്യദിനമായി ആചരിക്കുന്നു.
ലോകാരോഗ്യദിനത്തിന്റെ പ്രസക്തിയെന്ത്?
ആരോഗ്യസംബന്ധികളായ വ്യത്യസ്ത വിഷയങ്ങളെക്കുറിച്ച് വിവിധ സർക്കാർ സംവിധാനങ്ങളുടെയും പൊതുജനങ്ങളുടെയും ഇടയിൽ അവബോധം സൃഷ്ടിക്കുന്നതും, ആവശ്യമായ നടിപടികൾ സ്വീകരിക്കുന്നതും ലക്ഷ്യമിട്ടാണ് ഓരോ വർഷവും ലോകാരോഗ്യദിനം ആചരിക്കുന്നത്.
ലോകാരോഗ്യദിനം 2025
ഒഴിവാക്കാനാകുന്ന മാതൃ-നവജാതശിശു മരണങ്ങൾ തടയുക എന്നതാണ് 2025 ലെ അന്താരാഷ്ട്ര ലോകാരോഗ്യദിനത്തിന്റെ പ്രധാന ഉദ്ദേശ്യലക്ഷ്യം. ആരോഗ്യകരമായ ഗർഭധാരണങ്ങൾ, പ്രസവങ്ങൾ, പ്രസവാനന്തരശുശ്രൂഷകൾ എന്നവ വഴി ഇത് സാധ്യമാകുമെന്ന് ലോകാരോഗ്യസംഘടന സാക്ഷ്യപ്പെടുത്തുന്നു.
നിലവിലെ കണക്കുകൾ പ്രകാരം ഓരോവർഷവും ഗർഭധാരണവും പ്രസവവും മൂലം ഏതാണ്ട് മൂന്നു ലക്ഷം സ്ത്രീകളും നാൽപതുലക്ഷം ശിശുക്കളും പ്രസവസമയത്തോ പ്രസവം കഴിഞ്ഞ് ഒരു മാസത്തിനുള്ളിലോ മരണപ്പെടുന്നു. ഓരോ 7 സെക്കന്റിലും 1 എന്ന ഞെട്ടിക്കുന്ന നിരക്കാണിത്.
അമ്മമാരുടെയും കുടുംബങ്ങളുടെയും ആവശ്യങ്ങൾക്ക് കാതോർക്കാം…
പ്രസവത്തിനുമുമ്പും, പ്രസവസമയത്തും, പ്രസവത്തിനുശേഷവും ഉയർന്ന നിലവാരത്തിലുള്ള ശാരീരികവും മനസികവുമായിട്ടുള്ള പരിചരണവും ചികിത്സയും അമ്മമാർക്കും കുടുംബങ്ങൾക്കും ലഭ്യമാക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.
ഇതിനായി, മാതൃ-നവജാതശിശു ആരോഗ്യവുമായി ബന്ധപ്പെട്ട വിവിധങ്ങളായ വിഷയങ്ങൾ കൈകാര്യം ചെയ്യാൻ ആരോഗ്യസംവിധാനങ്ങൾ സജ്ജമാകേണ്ടതുണ്ട്.
മാനസികാരോഗ്യം, ജീവിതശൈലീരോഗങ്ങൾ, കുടുംബാസൂത്രണം, കുടുംബക്ഷേമം എന്നിവയ്ക്കും പ്രസവശുശ്രൂഷയോടൊപ്പം പ്രാധാന്യം നൽകുന്നതിലൂടെ ഉത്തമമായ മാതൃ-നവജാതശിശു ആരോഗ്യം കൈവരിക്കാനും മാതൃ-നവജാതശിശു മരണങ്ങൾ തടയാനും സാധിക്കും.
courtesy: WHO

1 Comment
Healthy Mind in a Healthy Body എന്നത് പഴയകാല സന്ദേശമാണ് – ഇന്നും പ്രസക്തമാണ്. കായിക അഭ്യാസംവിദ്യാലയങ്ങളിൽ ലഭിക്കുന്നു, പക്ഷെ മാനസികാരോഗ്യ പരിശീലനം തീരെ ഇല്ല എന്നതാണ് സത്യം. മാനസികാരോഗ്യ പ്രശ്നങ്ങൾ പൊതുവേ സ്കൂൾ കാലഘട്ടത്തിലാണ് രൂപപ്പെടുന്നത്. കുട്ടികളെ മനഃക്ലേശങ്ങളെയും, വിഷാദ-വേളകളെയും എങ്ങനെ നേരിടണമെന്ന പരിശീലനം കുടുംബങ്ങളിലും സ്കൂളുകളിലും അത്യാവശ്യം. – ധ്യാനവും മൈൻഡ്ഫുള്നെസ്സും പോലുള്ള സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുകൊണ്ട്. ലഹരി ഉപയോഗം, ആത്മഹത്യ, ലൈംഗിക വിദ്യാഭ്യാസം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് തുറന്ന സംഭാഷണം കുടുംബങ്ങളിൽ തുടങ്ങണം. മാനസികാരോഗ്യ പ്രശ്നങ്ങളോടുള്ള നാണക്കേടും അവഗണനയും മാറേണ്ടിയിരിക്കുന്നു .