അമേരിക്കയിലെ സീയാറ്റിലിൽ ജോലി ചെയ്യുന്ന ഒരു എൻജിനീയറാണ് Grant Slatton . കഴിഞ്ഞ ചൊവ്വാഴ്ച ഉച്ച കഴിഞ്ഞ് അൽപനേരം വെറുതെയിരുന്നപ്പോളാണ് Chat GPT യുടെ നിർമ്മാതാക്കളായ Open AI അവരുടെ പുതിയ ഇമേജ് ജനെറേഷൻ ടൂൾ ആയ GPT-4o അവതരിപ്പിച്ച വാർത്ത പുള്ളി കണ്ടത്. എന്നാൽ അതൊന്നു പരീക്ഷിക്കാം എന്ന് കരുതി ഒരു തമാശയ്ക്ക് പണ്ട് ഭാര്യയും വളർത്തു നായയുമായി ബീച്ചിൽ പോയപ്പോൾ എടുത്ത ഒരു ചിത്രം അദ്ദേഹം ഇതിലേയ്ക്ക് അപ്ലോഡ് ചെയ്തു. ghibli യുടെ സ്റ്റൈലിൽ ഈ ചിത്രം ഒന്ന് മാറ്റിത്തരാമോ എന്ന് ഒരു പ്രോംപ്റ്റും കൊടുത്തു. (പ്രശസ്ത ജാപ്പനീസ് അനിമേറ്റർമാർ ആയ Hayao Miyazaki , Isao Takahata, Toshio Suzuki എന്നിവർ സ്ഥാപിച്ച ഒരു അനിമേഷൻ സ്റ്റുഡിയോയാണ് Studio Ghibli . ലോകപ്രസിദ്ധമായ പല അനിമേഷൻ ചിത്രങ്ങളും നിർമിച്ചിട്ടുള്ള കമ്പനിയാണ്). നിമിഷനേരത്തിനുള്ളിൽ ആ ഫോട്ടോ Ghibli യുടെ ശൈലിയിലുള്ള ഒരു ചിത്രമായി സ്ക്രീനിൽ തെളിഞ്ഞു. ഉടൻ തന്നെ പുള്ളി ഒറിജിനൽ ചിത്രവും ചേർത്ത് ആ ഫോട്ടോ എക്സിൽ അപ്ലോഡ് ചെയ്തു. പിന്നീടുണ്ടായത് ചരിത്രമാണ്. സോഷ്യൽ മീഡിയ ഇതേറ്റെടുത്തു. അന്ന് മുതൽ ഇന്നുവരെ ഇത് ട്രെൻഡിങ് ആണ്. ഇതെഴുതുമ്പോളും ലോകത്തിലെ വമ്പൻ സെലിബ്രിറ്റികൾ മുതൽ സാധാരണക്കാർ വരെ അവരുടെ ഫോട്ടോസ് പല തരം AI എഞ്ചിനുകളിൽ അപ്ലോഡ് ചെയ്ത് അതിന്റെ Ghibli വേർഷൻ ഉണ്ടാക്കുകയും ഷെയർ ചെയ്തുകൊണ്ടിരിക്കുകയുമാണ്.
എന്നാൽ Ghibli സ്റ്റുഡിയോയുടെ സ്ഥാപകനായ മിയസാക്കി ഇതിനെപ്പറ്റി നടത്തിയ പരാമർശങ്ങൾ ശ്രദ്ധേയമാണ്. സത്യം പറഞ്ഞാൽ പല രീതിയിലുള്ള ഇമേജ് ക്രിയേഷൻ ടൂളുകളും അവതരിപ്പിക്കപ്പെട്ടപ്പോൾ ഇതേ അഭിപ്രായങ്ങൾ പൊങ്ങി വന്നിട്ടുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്ന് വച്ചാൽ ശരിക്കും കൃത്രിമ ബുദ്ധി തന്നെയാണ്. മനുഷ്യൻ ചെയ്തുവച്ചിട്ടുള്ള സാധനങ്ങൾ ഉപയോഗിച്ചുള്ള പുതിയൊരു മാതൃക സൃഷ്ടിക്കലാണ് മിക്ക എൻജിനുകളും ചെയ്യുന്നത്. ലോകത്തുള്ള പലതരം കലാസൃഷ്ടികൾ കണ്ടും അതിലെ പല തരം ശൈലികൾ മനസ്സിലാക്കിയും അത് അനുകരിച്ചുമാണ് ഇത്തരം എൻജിനുകൾ ‘പുതിയ’ ചിത്രങ്ങൾ ഉണ്ടാക്കുന്നത്. ഇത്തരം ചിത്രരചനയെ മിയസാക്കി വിശേഷിപ്പിച്ചത് “insult to life itself ” എന്നാണ്. ഇത്തരം കൃത്രിമ ചിത്ര നിർമ്മാണത്തിലെ ധാർമിക പ്രശ്നങ്ങൾ അല്ല അദ്ദേഹം ഉദ്ദേശിച്ചത്. അതിനേക്കാളുപരിയായി അത്തരം ചിത്രങ്ങളുടെ ശിലാസമാനമായ സ്വഭാവത്തെയാണ്. Ghibli ചിത്രങ്ങൾ ജനങ്ങളെ ആകർഷിച്ചത് അതിലെ ഡീറ്റൈലിംഗ് കൊണ്ട് മാത്രമല്ല മറിച്ച് അതിലെ കഥാപാത്രങ്ങളുടെ ഇമോഷൻസ് ഏറ്റവും ഭംഗിയായി അവതരിപ്പിച്ചുകൂടിയാണ്. എന്നാൽ ഇത്തരം കൃത്രിമ ചിത്രങ്ങളിൽ ആ ശൈലി അനുകരിക്കപ്പെട്ടിട്ടുണ്ട് എന്നതൊഴിച്ചാൽ വൈകാരികമായ അംശം തീരെയില്ല എന്നും ഒരുതരം ജീവച്ഛവങ്ങൾ പോലെയാണ് അവ തോന്നിപ്പിക്കുന്നത് എന്നുമാണ് അദ്ദേഹം ചൂണ്ടിക്കാണിച്ചത്. മറ്റു പല കലാകാരന്മാരും കലാസ്വാദകരും ഈ രീതിയെ നിശിതമായി വിമർശിക്കുകയാണ്. വർഷങ്ങൾ കൊണ്ട് മിയസാക്കി ഉണ്ടാക്കിയെടുത്ത ഒരു ചിത്രരചനാ ശൈലിയെ നാണമില്ലാതെ കോപ്പി അടിക്കുകയാണ് GPT-4o ചെയ്യുന്നതെന്നും ഇങ്ങനെ പോയാൽ നൈസർഗികമായ വാസനകൾക്ക് ഈ ലോകത്ത് എന്ത് മൂല്യമാണുള്ളത് എന്നുമാണ് പലരുടെയും ചോദ്യം. Ghibli യുടെ കടുത്ത ആരാധകർക്ക് ഇതൊട്ടും സുഖിച്ചിട്ടില്ല. അവരും ശക്തമായി ഇതിനെതിരെ കാമ്പയിനുകൾ നടത്തുന്നുണ്ട്.
രാജാരവി വർമ്മയെ തോൽപ്പിക്കുന്ന രീതിയിൽ അദ്ദേഹത്തിന്റെ ശൈലിയിൽ തന്നെയുള്ള ചിത്രങ്ങൾ ഇത്തരം എൻജിനുകൾ നിമിഷ നേരം കൊണ്ട് സൃഷ്ടിക്കുന്നത് നിങ്ങളും കണ്ടിരിക്കും. ഇതെല്ലാം ഒരു യന്ത്രത്തിന് എങ്ങനെ സാധിക്കുന്നു എന്നത് പലർക്കുമുണ്ടാവുന്ന ഒരു സംശയമാണ്. സത്യത്തിൽ ഇതെല്ലാം ശൂന്യതയിൽ നിന്ന് സൃഷ്ടിക്കുന്നതല്ല. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ കൃത്രിമമായി ഉണ്ടാക്കിയെടുക്കുന്നതാണ്. ഒരുപാടു ഡാറ്റ പരിശോധിച്ചും പഠിച്ചും സങ്കീർണ്ണമായ അൽഗോരിതങ്ങൾ ഉപയോഗിച്ചുമാണ് ഇത് സാധിക്കുന്നത്. ഏതൊരു AI എഞ്ചിന്റെയും മികവ് അതിന്റെ എങ്ങനെയാണു പരിശീലിപ്പിച്ചിരിക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും. അതുകൊണ്ടു തന്നെ ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും അപ്ലോഡ് ചെയ്യപ്പെടുന്ന ലക്ഷക്കണക്കിന് ചിത്രങ്ങൾ എവിടെ, എങ്ങനെയാണു ഉപയോഗിക്കപ്പെടാൻ പോകുന്നതെന്നതും ഗൗരവമുള്ള വിഷയമാണ്. ആറേഴു വർഷം മുമ്പ് ഫേസ്ബുക്ക് ഇതുപോലെ ഒരു “10 Year Challenge” കൊണ്ടുവന്നിരുന്നു. ഫേസ്ബുക്ക് ഉപയോഗിക്കുന്നവർക്ക് അവരുടെ പത്തു വർഷം മുമ്പുള്ള ഫോട്ടോയും ഇപ്പോളത്തെ ഫോട്ടോയും അപ്ലോഡ് ചെയ്യാനുള്ള ഒരു ചാലഞ്ച് ആയിരുന്നു ഇത്. ഒരു തമാശയായും പത്തുവർഷം കൊണ്ട് തങ്ങൾക്കുണ്ടായ മാറ്റം പങ്കു വയ്ക്കുക എന്ന ആവേശത്തിലും കോടിക്കണക്കിനു ചിത്രങ്ങളാണ് അന്ന് ഫേസ്ബുക്കിൽ ഷെയർ ചെയ്യപ്പെട്ടത്. ഇപ്പോളത്തെ ഈ Ghibli തരംഗവും ഇങ്ങനെ സൃഷ്ടിക്കപ്പെട്ട ഒന്നാണോ എന്നെനിക്ക് സംശയമുണ്ട്. ഈ മോഡലിനെ പഠിപ്പിച്ചെടുക്കാൻ ഇതിലും നല്ല ഡാറ്റ ഇനി കിട്ടാനില്ല. സാങ്കേതികമായി അന്നത്തെ എൻജിനുകളും അൽഗോരിതങ്ങളും ഒരുപാടു മാറിയിട്ടുണ്ട്. എന്നാലും പുറകിലെ യുക്തി ഇത് തന്നെയാണ്.

1 Comment
Originalനെ വെല്ലുന്ന Duplicate! അതാണ് AI സമ്മാനിക്കുന്നത്. സൃഷ്ടാവിന്റെ കഴിവ് ഒരു യന്ത്രത്തിനുമില്ല എന്നറിയുക