എഡ്മിന്റൻ: ഐസ് ഹോക്കി ലോകത്ത് പുതു ചരിതമെഴുതാൻ ഒരുങ്ങുകയാണ് എഡ്മിന്റൻ ഓയ്ലേഴ്സ്. 2025-ലെ സ്റ്റാൻലി കപ്പ് ഫൈനലിൽ ഫ്ലോറിഡ പാന്തേഴ്സിനെ നേരിടാൻ ഒരുങ്ങുന്ന ഓയ്ലേഴ്സ്, തുടർച്ചയായ രണ്ടാം തവണയാണ് കലാശക്കളിക്ക് യോഗ്യത നേടിയിരിക്കുന്നത്. വെസ്റ്റേൺ കോൺഫറൻസ് ഫൈനലിൽ ഡാലസ് സ്റ്റാർസിനെ 4-1ന് പരാജയപ്പെടുത്തിയാണ് എഡ്മിന്റൻ ഈ നേട്ടം കൈവരിച്ചത്.
കോന്നർ മക്ഡേവിഡിന്റെ നേതൃത്വത്തിൽ, ടീമിന്റെ മിന്നുന്ന പ്രകടനമാണ് ഈ വിജയത്തിന് പിന്നിൽ. ഗെയിം 5-ൽ 6-3ന്റെ വിജയത്തിൽ, ക്യാപ്റ്റൻ മെക്ഡേവിഡ് ഒരു ഗോളും ഒരു അസിസ്റ്റും വഴി നിർണായക സംഭാവന നൽകി. 40-കാരനായ കോറി പെറിയും ഒരു ഗോൾ നേടി. ലിയോൺ ഡ്രൈസൈറ്റൽ, മാറ്റിയാസ് ജാൻമാർക്ക്, ജെഫ് സ്കിന്നർ, ഏവാൻഡർ കെയ്ൻ, കാസ്പെരി കപാനെൻ എന്നിവരും ഗോളുകൾ സ്വന്തമാക്കി. ഗോൾകീപ്പർ സ്റ്റുവർട്ട് സ്കിന്നറിന്റെ മികച്ച പ്രകടനവും ടീമിന്റെ വിജയത്തിൽ നിർണായകമായി.
കഴിഞ്ഞ വർഷം ഫ്ലോറിഡ പാന്തേഴ്സിനോട് ഏഴ് മത്സരങ്ങളുടെ പരമ്പരയിൽ 4-3ന് പരാജയം രുചിച്ച ഓയ്ലേഴ്സ്, ഇത്തവണ പ്രതികാരം ചെയ്യാനുള്ള ഒരുക്കത്തിലാണ്. 1990-ന് ശേഷം ആദ്യമായി സ്റ്റാൻലി കപ്പ് നേടാനുള്ള അവസരമാണ് ടീമിന് മുന്നിലുള്ളത്. ജൂൺ 4-ന് എഡ്മിന്റനിലെ റോജേഴ്സ് പ്ലേസിൽ ആരംഭിക്കുന്ന ഫൈനലിന്റെ ആദ്യ മത്സരത്തിനായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
32 വർഷത്തിനിടെ കാനഡയിൽ നിന്നുള്ള ഒരു ടീമിനും സ്റ്റാൻലി കപ്പ് നേടാനായിട്ടില്ല. 1993-ൽ മോൺട്രിയൽ കനേഡിയൻസ് അവസാനമായി കപ്പ് ഉയർത്തിയതിന് ശേഷം, ഓയ്ലേഴ്സിനാണ് ഈ അസുലഭ അവസരം തുറന്നു കിട്ടിയിരിക്കുന്നത്. ടീമിന്റെ ആരാധകരും അത്യന്തം ആവേശത്തിലും പ്രതീക്ഷയിലുമാണ്.