ഹീമോഫിലിയ എന്ന രോഗത്തെക്കുറിച്ച് നാം കേട്ടിട്ടുണ്ടാകും. യൂറോപ്പിലെ രാജകുടുംബത്തിൽ വിക്ടോറിയ രാജ്ഞി ഉൾപ്പെടെ ഉള്ളവരെ ബാധിച്ചതുകൊണ്ട് ഈ രോഗം പത്തൊമ്പതാം നൂറ്റാണ്ടു മുതൽ ‘രാജകീയ രോഗം’ എന്നും അറിയപ്പെടുന്നു. എല്ലാ മേഖലകളിലും പ്രകടമായിരുന്ന യൂറോപ്യൻ സാമ്രാജ്യത്വ അധീശത്വത്തിന്റെ പ്രതീകമായും ഈ വിളിപ്പേരിനെ വിലയിരുത്താം.
ഹീമോഫിലിയ എന്നാൽ എന്ത്?
രക്തം കട്ടപിടിക്കാൻ ആവശ്യമായ പദാർത്ഥങ്ങളുടെ അപര്യാപ്തത മൂലം രക്തസ്രാവം സാധാരണയിലും കൂടുതൽ സമയം നീണ്ടുനിൽക്കുന്ന അവസ്ഥക്ക് കാരണമാകുന്ന ഒരു ജനിതക രോഗമാണ് ഹീമോഫിലിയ.
രോഗികളിൽ അധികവും പുരുഷന്മാർ
ഹീമോഫിലിയ രോഗം പ്രകടമായി കാണപ്പെടുന്നത് ബഹുഭൂരിപക്ഷവും പുരുഷന്മാരിലാണ്. സ്ത്രീകളിൽ വിരളമായി ഹീമോഫിലിയയുടെ ലക്ഷണങ്ങൾ ലഘുവായി കാണപ്പെടാം.
ഹീമോഫിലിയ: മൂന്നു വിവിധ തരങ്ങൾ
ഹീമോഫിലിയ എ: ഫാക്ടർ 8 എന്ന പദാർത്ഥത്തിന്റെ അപര്യാപ്തത ഹീമോഫിലിയ എ ക്ക് കാരണമാകുന്നു
ഹീമോഫിലിയ ബി: ഹീമോഫിലിയ ബി യിലേക്ക് നയിക്കുന്നത് ഫാക്ടർ 9 ന്റെ കുറവാണ്
ഹീമോഫിലിയ സി: ഫാക്ടർ 11 ന്റെ അപര്യാപ്തത മൂലം ഹീമോഫിലിയ സി ഉടലെടുക്കുന്നു
ലക്ഷണങ്ങൾ
അസാധാരണവും അമിതവുമായ രക്തസ്രാവമാണ് ഹീമോഫിലിയയുടെ പ്രധാന ലക്ഷണം. പല രോഗികളിലും സന്ധികളിൽ ആന്തരിക രക്തസ്രാവം ഉണ്ടാകാം.
ഹീമോഫിലിയ മാരകം ആകുന്നവരിൽ അകാരണമായ രക്തസ്രാവം കാണപ്പെടാറുണ്ട്. ഇത്തരം രോഗികളിൽ തലച്ചോറിൽ രക്തസ്രാവം ഉണ്ടാകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.
ഹീമോഫിലിയ ഗുരുതരമാകുമോ?
ചില വ്യക്തികളിൽ ഹീമോഫിലിയ ഗുരുതരമാകാനും ജീവന് തന്നെ ഭീഷണിയാകുന്ന തരത്തിൽ രക്തസ്രാവം ഉണ്ടാകാനും സാധ്യതയുണ്ട്.
രോഗനിർണ്ണയം
ഹീമോഫിലിയ രോഗ ലക്ഷണങ്ങളും രോഗിയുടെ പൂർവ്വികരിലെ ഹീമോഫിലിയ രോഗ സാനിധ്യവും രോഗനിർണ്ണയത്തിൽ സുപ്രധാനമാണ്.
പ്രോത്രോംബിൻ ടൈം ടെസ്റ്റ്, പാർഷ്യൽ ത്രോംബോപ്ലാസ്റ്റിൻ ടൈം ടെസ്റ്റ് എന്നീ പരിശോധനകൾ ഹീമോഫിലിയ രോഗനിർണ്ണയത്തിൽ നിർണ്ണായക പങ്ക് വഹിക്കുന്നു. അതത് സവിശേഷ ക്ലോട്ടിംഗ് ഫാക്ടറിന്റെ രക്തത്തിൻലെ അളവ് ഹീമോഫിലിയ ഏത് തരം ആണ് എന്ന് നിർണ്ണയിക്കാൻ സഹായകമാകും.
ചികിത്സ
ക്ലോട്ടിംഗ് ഫാക്ടറുകളുടെ കുറവ് പരിഹരിക്കുവാനായി മനുഷ്യശരീരത്തിലെ സമ്പുഷ്ടീകരിച്ച പ്ലാസ്മയോ കൃത്രിമമായി നിർമ്മിച്ച ക്ലോട്ടിംഗ് ഫാക്ടറുകളോ ഉപയോഗിക്കാറുണ്ട്.
പല രോഗികളിലും ജനിതകചികിത്സ ഹീമോഫിലിയ നിയന്ത്രിക്കുന്നതിൽ ഫലപ്രദമാകാറുണ്ട്.
രക്തസ്രാവവും വേദനയും നിയന്ത്രിക്കാനുള്ള മരുന്നുകളും ഹീമോഫിലിയ ചികിത്സക്കായി ഉപയോഗിച്ചുവരുന്നു.
ഹീമോഫിലിയയുമായി ജീവിക്കുമ്പോൾ…
ആരോഗ്യകരമായ ജീവിതം ഉറപ്പാക്കാൻ ഹീമോഫിലിയ രോഗികൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്:
- പരിക്കേൽക്കാൻ സാധ്യതയുള്ള തരത്തിലുള്ള കായികവിനോദങ്ങൾ ഒഴിവാക്കുക, സുരക്ഷിതമായ വ്യായാമമുറകളിൽ ഏർപ്പെടുക
- രക്തം കട്ടപിടിക്കാതിരിക്കാൻ ഉപയോഗിക്കുന്ന മരുന്നുകൾ ഒഴിവാക്കുക
- ശരീരഭാരം ആരോഗ്യകരമായി നിലനിർത്തുക
- കടുത്ത തലവേദന, കാഴ്ചമങ്ങൾ, സന്ധിവേദന തുടങ്ങിയവ ആന്തരികരക്തസ്രാവത്തിന്റെ ലക്ഷണങ്ങളാകാം. അതിനാൽ, ഇത്തരം ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ അടിയന്തിരമായി ചികിത്സ തേടുക
ഹീമോഫിലിയ സഹായ സംഘങ്ങൾ
ഹീമോഫിലിയ രോഗികളുടെയും പരിചാരകരുടെയും സഹായത്തിനായി വിവിധ സംഘനടനകൾ പ്രവർത്തിക്കുന്നു. ഹീമോഫിലിയ ഫെഡറേഷൻ (ഇന്ത്യ) (ഫോൺ നമ്പർ: 011 4155 2819), ഹീമോഫിലിയ സൊസൈറ്റി (യു കെ) (ഫോൺ നമ്പർ: +44 20 7939 0780), കനേഡിയൻ ഹീമോഫിലിയ സൊസൈറ്റി (ഫോൺ നമ്പർ: 514-848-0503) എന്നീ സംഘടനകൾ അവയിൽ പ്രധാനമാണ്.