ടൊറോന്റോ | ജൂലൈ 5, 2025 — സ്ക്രാബറോയിലെ സെന്റ് തോമസ് സീറോ മലബാർ കത്തോലിക്കാ ഫൊറോനാ പള്ളിയിൽ നടന്ന വിശുദ്ധ തോമാശ്ലീഹായുടെ തിരുനാളാഘോഷത്തിന്റെ ഭാഗമായി, 101 കലാകാരികൾ ചേർന്ന് അവതരിപ്പിച്ച മർഗംകളി ഹൃദയ സ്പർശിയായി.
ഈ ദൃശ്യവിരുന്ന് കാനഡയിലെ ക്രൈസ്തവ ചരിത്രത്തിലെ പ്രധാനപ്പെട്ട നേട്ടമായി വിലയിരുത്തപ്പെടുന്നു. വിശുദ്ധ തോമാശ്ലീഹായുടെ ദൗത്യവും ജീവിതവും അവതരിപ്പിച്ച മർഗംകളിയിൽ പാരമ്പര്യവും വിശ്വാസവും കലാസൗന്ദര്യവും പരസ്പരം അനുയോജിച്ച് കാഴ്ചവെച്ചു.

പാരമ്പര്യ വേഷധാരികളായി അരങ്ങേറ്റം കുറിച്ച 101 വനിതകൾക്ക് പ്രേക്ഷകർ കൈയടിയോടെ ആശംസകൾ നേർന്നു. കേരളത്തിന്റെ വിശുദ്ധ മണ്ണിൽ നിന്നുയർന്ന ഈ കലാരൂപം കാനഡയിലെ വിശ്വാസ ഹൃദയങ്ങളിൽ അരങ്ങേറ്റം കുറിച്ചു.
“ഇത് ഒരു കലാപരിപാടി മാത്രമല്ല, നമ്മുടെ ആത്മീയ സംസ്കാരത്തെ കൈമാറുന്ന ആത്മീയ അനുഭവമായിരുന്നു,” എന്ന് പ്രേഷകരിൽ ഒരാൾ കേരളസ്കോപ്പിനോട് പറഞ്ഞു.
രണ്ടാം തലമുറ മലയാളി യുവാക്കൾക്കും കുട്ടികൾക്കും തങ്ങളുടെ വേരുകളിലേക്കുള്ള തിരിച്ചുവരവിന്റെ വാതായനമായിരുന്നു ഈ മർഗംകളി.