ഓട്ടവ, കാനഡയിലെ ഓരോ പൗരനും സ്വയം പ്രതിരോധത്തിനുള്ള “ന്യായമായ” ആവശ്യം വ്യക്തമായി ക്രിമിനൽ കോഡിൽ നിർവചിക്കണമെന്ന് കൺസർവേറ്റീവ് പാർട്ടി നേതാവ് പിയർ പൊലിയേവ് ആവശ്യപ്പെട്ടു. വീട്ടിൽ അനധികൃതമായി കടന്നു കയറി ജീവനും സ്വത്തിനും ഭീഷണിയാകുന്നവർക്കെതിരെ സ്വയം പ്രതിരോധിക്കുന്നതിനുള്ള അവകാശം തികച്ചും ന്യായമായി കണക്കാക്കപ്പെടണമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ഒന്റാറിയോയിലെ ബ്രാംപ്ടണിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ഇത്തരത്തിലുള്ള ഒരു മാറ്റത്തിന് സർക്കാർ തയ്യാറാകാത്തപക്ഷം, തന്റെ പാർട്ടി ഈ വർഷം ശരത്കാല സഭാ സമ്മേളനം നടക്കുന്ന അവസരത്തിൽ ഒരു സ്വകാര്യ ബിൽ അവതരിപ്പിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
ഒന്റാറിയോയിലെ ലിൻഡ്സിയിൽ ഓഗസ്റ്റ് 18-ന് നടന്ന സംഭവ വികാസങ്ങളെ തുടർന്നാണ് കുറച്ചുനാളുകളായി ചർച്ചകളിൽ നിലനിന്നിരുന്ന ഈ ആവശ്യം വീണ്ടും ഉയർന്നുവന്നത്. 44 വയസ്സുള്ള ജെറമി ഡേവിഡ് മക്ഡോണൽൾഡിന്റെ അപ്പാർട്ട്മെന്റിൽ മൈക്കൽ കൈൽ ബ്രീൻ എന്നൊരാൾ ഒരു ക്രോസ്ബോയുമായി അതിക്രമിച്ചു കടന്നതിനെ തുടർന്ന്, ഉണ്ടായ ഏറ്റുമുട്ടലിൽ മക്ഡൊണാൾഡിനെതിരെ ആക്രമണത്തിന് കേസെടുത്തിരുന്നു. ബ്രീനിന് ഗുരുതരമായ പരിക്കുകൾ ഏറ്റതിനാൽ അദ്ദേഹത്തെ ടൊറോന്റോയിലെ ആശുപത്രിയിലേക്ക് എയർലിഫ്റ്റ് ചെയ്ത് ഉടൻ മാറ്റിയിരുന്നു. ബ്രീനിനെതിരെ വീടിനുള്ളിൽ അനധികൃതമായി കടന്നുകയറൽ, ആയുധം അപകടകരമായ ഉദ്ദേശത്തോടെ കൈവശം വയ്ക്കൽ, 5,000 ഡോളറിൽ താഴെ മൂല്യമുള്ള വസ്തുക്കൾക്ക് നാശനഷ്ടം വരുത്തൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
നിലവിലെ ക്രിമിനൽ കോഡ് പ്രകാരം, ഒരാൾക്ക് സ്വയം പ്രതിരോധിക്കാൻ അനുവാദമുണ്ട് എന്നിരുന്നാലും പ്രതിരോധ സാഹചര്യങ്ങൾ ന്യായമായിരിക്കണം. ഇത് നിർണയിക്കാൻ ഒൻപത് ഘടകങ്ങൾ പരിഗണിക്കണമെന്ന് നിയമം പറയുന്നത്. അതായത്, ഭീഷണിയുടെ സ്വഭാവം, മറ്റ് പ്രതികരണ മാർഗങ്ങൾ ഉണ്ടായിരുന്നോ, ആയുധം ഉപയോഗിച്ചിട്ടുണ്ടോ, ഉൾപ്പെട്ടവരുടെ വലുപ്പം, പ്രായം, ലിംഗഭേദം തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്ന ഘടകങ്ങളാണ്. എന്നാൽ, ഈ ഘടകങ്ങൾ വളരെ സങ്കീർണമാണെന്നും, വീട്ടിൽ അതിക്രമിച്ചു കടക്കുന്നവനെ പ്രതിരോധിക്കുമ്പോൾ, ജീവനും സ്വത്തിനും ഭീഷണിയാകുന്ന സമയത്ത് ഇത്രയധികം കാര്യങ്ങൾ ചിന്തിക്കാൻ സമയം ലഭിക്കില്ലെന്നും പൊലിയേവ് വാദിക്കുന്നു. “നിന്റെ വീട് നിന്റെ കോട്ടയാണ്. നിന്റെ കുടുംബത്തെ സംരക്ഷിക്കുക എന്നതാണ് ഏക ലക്ഷ്യം,” അദ്ദേഹം പറഞ്ഞു.
പൊലിയേവ് നിർദ്ദേശിക്കുന്ന ഭേദഗതി
ക്രിമിനൽ കോഡിലെ 34.2 വകുപ്പിൽ മാറ്റം വരുത്തി, “ഒരാൾ നിങ്ങളുടെ വീട്ടിൽ നിയമവിരുദ്ധമായി കടന്നുവരികയും, തൻ്റെയും കുടുംബത്തിൻ്റെയും ജീവനോ സ്വത്തിനോ ഭീഷണിയാണെന്ന് ന്യായമായ ബോധ്യമുണ്ടെങ്കിൽ, നാം സ്വയം പ്രതിരോധത്തിലേക്കായി ചെയ്യുന്നഎല്ലാ കാര്യങ്ങളും ന്യായവും നിയമപരവുമാണെന്ന് കണക്കാക്കപ്പെടുന്നത്” എന്ന് വ്യക്തത വരുത്തേണ്ടതുണ്ട്. ഈ നിർദ്ദേശം, വീടിനുള്ളിൽ ഭീഷണി നേരിടുന്നവർക്ക് കൂടുതൽ നിയമപരമായ സംരക്ഷണം നൽകാൻ പര്യാപ്തമായിരിക്കുമെന്നും അദ്ദേഹം വാദിച്ചു.
ലിൻഡ്സിയിലെ സംഭവം, സ്വയം പ്രതിരോധ മാർഗ്ഗങ്ങളെക്കുറിച്ചും നിയമങ്ങളെക്കുറിച്ചുള്ള പൊതുജന ചർച്ചകൾക്ക് തീവ്രത കൂട്ടിയിട്ടുണ്ട്. കവാർത്ത ലേക്സ് പോലീസ് മേധാവി കിർക്ക് റോബർട്ട്സണിന്റെ അഭിപ്രായത്തിൽ ഈ സംഭവം ജനങ്ങളുടെ ശ്രദ്ധയും “വൈകാരിക” പ്രതികരണങ്ങളും ഉയർത്തിയിട്ടുണ്ട് എന്നുള്ളതാണ്. എന്നാൽ, ചില പ്രതികരണങ്ങൾ “അന്യായവും തെറ്റിദ്ധാരണാജനകവുമാണ്” എന്നും അദ്ദേഹം വ്യക്തമാക്കി. ഒന്റാറിയോ പ്രീമിയർ ഡഗ് ഫോർഡ്, ഈ സംഭവത്തിന്റെ പേരിൽ അപ്പാർട്ട്മെന്റ് താമസക്കാരനെതിരെ കേസെടുത്ത തീരുമാനത്തെ അതിശക്തമായി വിമർശിച്ച്, “നമ്മുടെ നിയമവ്യവസ്ഥയിൽ എന്തോ തകരാറുണ്ട്” എന്നാണ് അഭിപ്രായപ്പെട്ടു.
ഇതിനുമുൻപും ഒന്റാരിയൊ പ്രീമിയർ ഡഗ് ഫോർഡ് കാനഡയിൽ കാസിൽ നിയമം പ്രാവർത്തികമാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പറഞ്ഞിരുന്നു.
2013-ൽ ക്രിമിനൽ കോഡിൽ സ്വയം പ്രതിരോധ വകുപ്പുകൾ വ്യക്തമാക്കാൻ ഭേദഗതി വരുത്തിയിരുന്നെങ്കിലും, നിയമം ഇപ്പോഴും “വ്യക്തതയില്ലാതെ തുടരുകയാണ്” എന്ന് ഒന്റാറിയോയിലെ അഭിഭാഷകനായ എഡ്വേർഡ് ബർലൂ അഭിപ്രായപ്പെട്ടു. പോലീസിന്റെയും പ്രോസിക്യൂട്ടർമാരുടെയും വ്യക്തിപരമായ വീക്ഷണങ്ങളും വികാരങ്ങളും അനുസരിച്ചാണ് ഈ നിയമം പലപ്പോഴും പ്രാവർത്തികമാക്കപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിർദ്ദേശിക്കപ്പെട്ട ഈ നിയമഭേദഗതി, കനേഡിയൻ പൗരന്മാരുടെ സ്വയം പ്രതിരോധ അവകാശങ്ങളെ ശക്തിപ്പെടുത്താനും, വീട്ടിൽ ഭീഷണി നേരിടുന്നവർക്ക് കൂടുതൽ നിയമപരമായ പരിരക്ഷ നൽകും എന്നുള്ള ഒരു ആത്മവിശ്വാസം ജനങ്ങൾക്ക് നൽകാനും ലക്ഷ്യമിടുന്നു. എന്നാൽ, ഈ നിർദ്ദേശം നിയമമായി മാറ്റുന്നതിന് മുമ്പ്, വിശദമായ ചർച്ചകളും നിയമപരമായ വെല്ലുവിളികളും നേരിടേണ്ടിവരുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.
അതേ സമയം ഇത്തരം നിയമങ്ങൾ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതകൾ കൂടി വേണ്ടവിധം പരിഗണിച്ച് മാത്രമേ നിയനിർമാണത്തിനു മുതിരാവൂ എന്ന് ഒരു വിഭാഗം ആളുകൾ വാദിക്കുന്നുണ്ട്.
