മിസ്സിസാഗ, സെപ്റ്റംബർ 18: സിറോ-മലബാർ കത്തോലിക്കാ സഭയുടെ കാനഡയിൽ സ്ഥാപിതമായ മിസ്സിസാഗ രൂപതയുടെ പത്താം വാർഷികാഘോഷങ്ങൾക്ക് ശനിയാഴ്ച സെൻ്റ് അൽഫോൻസാ സീറോ മലബാർ കത്തീഡ്രൽ ദേവാലയത്തിൽ വിവിധ പരിപാടികളോടെ സമാപനമാകും. സെപ്റ്റംബർ 20-ന് ശനിയാഴ്ച രാവിലെ 9 മണിക്ക് സെന്റ് അൽഫോൻസാ സിറോ-മലബാർ കത്തോലിക്കാ കത്തീഡ്രലിൽ (മിസ്സിസാഗ) സിറോ-മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലിന്റെ മുഖ്യ കാർമികത്വത്തിൽ നടക്കുന്ന വിശുദ്ധ കുർബാനയോട് കൂടി സമാപന പരിപാടികൾക്ക് തുടക്കമാവും.
കാനഡയിലുടെനീളമുള്ള സീറോ മലബാർ സഭാ വിശ്വാസികളെ ഒരു കുടക്കീഴിൽ കൊണ്ടുവന്ന് അവരുടെ ആത്മീയവും സാമൂഹികവുമായ ഉന്നമനം ഉറപ്പുവരുത്തുന്നതിന് പത്ത് വർഷം മുൻപ് 2015 സെപ്റ്റംബറിൽ ആണ് മിസ്സിസാഗ രൂപത സ്ഥാപിതമായത്. രൂപതയിലെ വിശ്വാസികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ സമാപന ചടങ്ങിൽ മുഖ്യാതിഥികളായി എത്തുന്ന ടൊറൻ്റോ അതിരൂപതയുടെ ആർച്ച് ബിഷപ്പ് കർദിനാൾ ഫ്രാൻസിസ് ലിയോ,
ചിക്കാഗോ രൂപതയുടെ പ്രഥമ മെത്രാൻ മാർ ജേക്കബ് അങ്ങാടിയാത്ത്, ടൊറൻ്റോ യുക്രെയ്ൻ കാത്തലിക് രൂപത അധ്യക്ഷൻ മാർ ബ്രയാൻ ബയ്ടാ തുടങ്ങയവർക്കൊപ്പം മിസ്സിസാഗ രൂപതാധ്യക്ഷൻ മാർ ജോസ് കല്ലുവേലിയും സഹകാർമികരായി ശ്രേഷ്ഠ മെത്രാപ്പോലീത്ത മാർ റാഫേൽ തട്ടിലിനോടൊപ്പം വിശ്വാസികൾക്കായി ദിവ്യബലി അർപ്പിക്കും. വിശുദ്ധ കുർബാനയ്ക്കും അതിനുശേഷം നടക്കുന്ന സമാപന സമ്മേളനത്തിലും അമ്പതോളം വൈദികരും കാനഡയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള രാഷ്ട്രീയ സാമൂഹിക സാംസ്കാരിക നേതാക്കന്മാരും വിവിധ ഇടവകകളിൽ നിന്നുള്ള പ്രതിനിധികളും പങ്കെടുക്കും. തദവസരത്തിൽ രൂപതയുടെ പത്ത് വർഷത്തെ പ്രവർത്തനങ്ങളുടെ സംക്ഷിപ്തമായ ഒരു അവതരണവും തുടർന്ന് സ്നേഹവിരുന്നും ക്രമീകരിച്ചിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചിട്ടുണ്ട്.
കാനഡയിലെ ചിതറി കിടന്നിരുന്ന സീറോ മലബാർ കത്തോലിക്കാ സമൂഹത്തെ അവരുടെ ഉന്നമനം ലക്ഷ്യമാക്കി ഒന്നിപ്പിച്ച് ഒരുമയോടെ തനതായ പൗരസ്ത്യ സുറിയാനി സഭാപാരമ്പര്യത്തിൽ മുൻപോട്ടു കൊണ്ടുപോകുവാൻ ഈ രൂപതയുടെ ഉദയം കരുത്ത് പകർന്നിട്ടുണ്ടെന്ന് രൂപത അധികൃതർ ചൂണ്ടിക്കാട്ടുന്നു. 2015-ൽ സ്ഥാപിതമായപ്പോൾ മുതൽ, വിശ്വാസത്തിന്റെ വിത്ത് വിതച്ച്, വിശ്വാസികളെ ഏകോപിപ്പിച്ച് മുൻപോട്ടു നയിക്കുന്നതിന് രൂപത അധ്യക്ഷൻ മാർ ജോസ് കല്ലുവേലിയുടെ നേതൃപാടവം എടുത്തുപറയേണ്ടതാണെന്ന് സെൻ്റ് അൽഫോൻസാ സീറോ മലബാർ കത്തീഡ്രൽ ഇടവക വികാരി ഫാദർ അഗസ്റ്റിൻ കല്ലുങ്കത്തറയിൽ കേരളസ്കോപ്പ് ന്യൂസിനോട് പറഞ്ഞു.
“ഈ പത്ത് വർഷങ്ങൾ രൂപതയുടെ വളർച്ചാകാലമായിരുന്നു. ദശവത്സര ആഘോഷത്തിന്റെ സമാപനത്തോടെ പുതിയ യാത്രയ്ക്ക് തുടക്കമാകും,” എന്ന് രൂപതാധ്യക്ഷൻ മാർ ജോസ് കല്ലുവേലിൽ പറഞ്ഞു
ആഘോഷങ്ങളുടെ ഭാഗമായി, സെപ്റ്റംബർ 13-ന് നടന്ന ‘സർഗസന്ധ്യ 2025’ രൂപതയിലെ വിവിധ ഇടവകകളിൽ നിന്നുള്ള വിശ്വാസികൾക്ക് മുന്നിൽ ഒരു ദൃശ്യ വിസ്മയം തീർത്തത് പോലെ ഈ സമാപന ആഘോഷങ്ങളും രൂപതയിലെ എല്ലാ ഇടവകകളെയും ഓരോ വിശ്വാസിയേയും അതിലുപരി പുതുതലമുറയെ സഭയുടെ പാരമ്പര്യത്തിൽ കീഴിൽ അണി ചേർക്കുന്നതിലേക്ക് സാക്ഷ്യം വഹിക്കുന്നതിനായി ഓരോരുത്തരെയും മിസ്സിസ്സാഗ സെൻറ് അൽഫോൻസാ സീറോ മലബാർ ഇടവക ദേവാലയത്തിലേക്ക് പ്രത്യേകം ക്ഷണിക്കുന്നതായി രൂപത വികാരി ജനറാൾ പെരിയ ബഹുമാനപ്പെട്ട പത്രോസ് ചമ്പക്കര പത്രക്കുറിപ്പിലൂടെ അറിയിച്ചു. കാനഡയിലെ മലയാളി സമൂഹത്തിന്റെ സാംസ്കാരിക-ആത്മീയ പൈതൃകത്തെ പ്രതിഫലിപ്പിക്കുന്ന ഈ ചടങ്ങിൽ, നൂറുകണക്കിന് വിശ്വാസികൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ.
