മാനസികാരോഗ്യ പ്രശ്നങ്ങൾ അനുഭവിക്കുന്നവർ ഒരിക്കലെങ്കിലും കേട്ടിരിക്കാൻ സാധ്യതയുള്ള ചില ചോദ്യങ്ങളുണ്ട്. അതിലാദ്യത്തേത്, “ജീവിതമാകുമ്പോൾ പലതരത്തിലുള്ള പ്രശ്നങ്ങളുണ്ടാകുന്നതൊക്കെ സ്വാഭാവികമല്ലേ?  അതിനൊക്കെ ഡിപ്രഷൻ എന്ന് പറഞ്ഞാലോ? അങ്ങിനെയാണെങ്കിൽ ഞാനൊക്കെ എത്ര ഡിപ്രഷനടിക്കണം?” മറ്റൊരു ചോദ്യം, “വെറുതെ ഓരോന്ന് ആലോചിച്ചുകൂട്ടിയിട്ടല്ലേഇങ്ങനെയാകുന്നത്ഒന്നും ആലോചിക്കാതിരിക്കുക. നമ്മളേക്കാൾ പ്രശ്നങ്ങൾഅനുഭവിക്കുന്നവരെക്കുറിച്ച് ആലോചിച്ചാൽ ഒരു ഡിപ്രഷനും വരില്ല.”

എന്നാൽ യാഥാർത്ഥ്യം ഇതല്ല. പ്രശ്നങ്ങൾ അനുഭവിക്കുന്നതിനാലോ ചിന്തകളാലോ മാത്രം ഒരു വ്യക്തിക്ക് ഡിപ്രഷൻ ഉണ്ടാകുന്നില്ല. അങ്ങിനെയാണെങ്കിൽ പ്രശ്നങ്ങളും ചിന്തകളുമുള്ള എല്ലാവർക്കും ഡിപ്രഷൻ വരേണ്ടതല്ലേ? എന്നാൽ, എന്തുകൊണ്ട് എല്ലാവർക്കും വരാതെ ചിലർക്കു മാത്രം ഡിപ്രഷൻ വരുന്നു?

ഈ ചോദ്യങ്ങൾക്കെല്ലാമുള്ള ഉത്തരമാണ് ജൈവ ദുർബലത അഥവാ ജൈവിക ദുർബലത (Biological Vulnerability or Biologically Vulnerable).

എന്താണ് ജൈവ ദുർബലത/ ജൈവിക ദുർബലത (Biological Vulnerability/ Biologically Vulnerable) ?

ചില വ്യക്തികൾക്ക് ജന്മനാ (ജനിതകമായി) അല്ലെങ്കിൽ ജീവിതത്തിൽ ഉണ്ടാകുന്ന ചില ജൈവിക/രാസപദാർത്ഥ മാറ്റങ്ങൾ മൂലം ചില ആരോഗ്യപ്രശ്നങ്ങൾ എളുപ്പത്തിൽ ബാധിക്കാൻ സാധ്യത കൂടുതലായിരിക്കും. ഇത്തരക്കാരിൽ, ശാരീരികാരോഗ്യ പ്രശ്നങ്ങളും, മാനസികാരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാനുള്ള സാധ്യത സാധാരണയിലും കൂടുതലായിരിക്കും.

മാനസികാരോഗ്യവും(Mental Health) മസ്തിഷ്‌കവും(Brain) തമ്മിലുള്ള ബന്ധമെന്ത് ?

നമ്മുടെ മാനസികാരോഗ്യത്തെ നിയന്ത്രിക്കുന്നത് പ്രധാനമായും നാഡീ വ്യവസ്ഥയുടെ കേന്ദ്രഭാഗമായ മസ്തിഷ്‌കം (Brain) ആണ്. അതായത്, നാഡീകോശങ്ങൾ (Neurons), ഹൈപ്പോത്തലാമസ്, ലിമ്പിക് സിസ്റ്റം, ബ്രെയിൻസ്റ്റം, ബേസൽ ഗാംഗ്ലിയ തുടങ്ങിയവ ഉത്പാദിപ്പിക്കുന്ന നാഡീരാസപദാർത്ഥങ്ങൾ (NeuroChemicals), ഹോർമോണുകൾ എന്നിവയും ജനിതക ഘടകങ്ങളും (Genes) ചേർന്നാണ് മാനസികാരോഗ്യത്തെനിയന്ത്രിക്കുന്നത്.

എന്താണ് മാനസിക ജൈവ ദുർബലത (Biological mental vulnerability/Biopsychological vulnerability) ?

മസ്തിഷ്‌കത്തിന്റെ പ്രവർത്തനത്തിലോ ജനിതക ഘടകങ്ങളിലോ ഉള്ള ചില സവിഷേതകൾ കാരണം, ചില വ്യക്തികൾക്ക്, ചില മാനസികാരോഗ്യപ്രശ്നങ്ങൾ വരാനുള്ള സാധ്യത കൂടുതലാകുന്ന അവസ്ഥയാണ് മാനസിക ജൈവ ദുർബലത. മസ്തിഷ്‌കത്തിൽ ഉത്പാദിപ്പിക്കുന്ന നാഡീരാസപദാർത്ഥങ്ങൾ (ഉദാ: സെറോട്ടോണിൻ, ഡോപമൈൻ, നോർ-അഡ്രിനാലിൻ) എന്നിവയിൽ അസന്തുലിതാവസ്ഥ വരുമ്പോൾ മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത വർധിക്കും. ജൈവ ദുർബലതയുള്ള വ്യക്തികളിൽ ഇത്തരത്തിലുള്ളഅസന്തുലിതാവസ്ഥകൾ സുലഭമാണ്.

ഇത്തരക്കാർക്ക് ഡിപ്രഷൻ (Depression), ആൻക്സൈറ്റി ഡിസോർഡർ (Anxiety Disorder), ബൈപോളർ ഡിസോർഡർ (Bipolar Disorder), സ്കിത്സോഫ്രിനിയ (Schizophrenia), PTSD (Post-Traumatic Stress Disorder), OCD (Obsessive Compulsive Disorder), ADHD (Attention Deficit Hyperactivity Disorder) തുടങ്ങിയ മാനസികാരോഗ്യപ്രശ്നങ്ങൾ ബാധിക്കാനുള്ള  സാധ്യത കൂടുതലാണ്.

മാനസികാരോഗ്യപ്രശ്നനങ്ങൾ രൂപപ്പെടുന്നതിനുള്ള ഒരു പ്രധാന ഘടകം ജൈവ ദുർബലത ആണെന്നിരിക്കിലും, ജീവിതസമ്മർദ്ദം, ബാല്യകാലാനുഭവങ്ങൾ, കുടുംബാന്തരീക്ഷം, ട്രോമ, സാമൂഹികബന്ധങ്ങൾ എന്നീ ഘടകങ്ങളെക്കൂടി അടിസ്ഥാനമാക്കിയാണ്  മാനസികാരോഗ്യ പ്രശ്നങ്ങൾ രൂപപ്പെടുന്നത്. എന്നാൽ, ജൈവ ദുർബലതയുള്ളവർക്കു ഈ ഘടകങ്ങൾ കുറഞ്ഞ തോതിൽ വന്നാലും രോഗാവസ്ഥയിലേക്ക് നീങ്ങാൻ സാധ്യത കൂടുതലാണ്.

മുൻവിധികളോടു കൂടിയുള്ള നമ്മുടെ ചില ഉപദേശങ്ങളും ഉപമകളും മാനസികാരോഗ്യ പ്രശ്നങ്ങൾ അനുഭവിക്കുന്നവരിൽ ഉണ്ടാക്കിയേക്കാവുന്ന ട്രോമ വളരെ വലുതാണ്. അതുകൊണ്ടുതന്നെ, അവരെ മുൻവിധികളോടു കൂടെ കാണാതെ, അവർ അനുഭവിക്കുന്നത് മറ്റെല്ലാ രോഗങ്ങളേയും പോലെ ചികിത്സിച്ചു മാറ്റാവുന്ന/നിയന്ത്രണവിധേയമാക്കാവുന്ന (treatable/manageable) ഒരു രോഗമാണെന്ന് മനസ്സിലാക്കി, അവരെ ചേർത്തുപിടിക്കാനും, അവർക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കാനും നമുക്ക് ശ്രമിക്കാം. അതോടൊപ്പം, തങ്ങളുടെ പ്രശ്നങ്ങളെ കൃത്യമായി തുറന്നുപറയാനുള്ള സാഹചര്യം അവർക്കൊരുക്കികൊടുക്കാനും, അവരെ കേൾക്കാനും നമുക്ക് കഴിയട്ടെ.

Share.

Reshma M ഒരു പ്രൊഫഷണൽ സോഷ്യൽ വർക്കർ ആണ്. കേരളത്തിലെ മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ട് സ്വദേശിനി.

Leave A Reply Cancel Reply

Exit mobile version
Privacy Overview

This website uses cookies so that we can provide you with the best user experience possible. Cookie information is stored in your browser and performs functions such as recognising you when you return to our website and helping our team to understand which sections of the website you find most interesting and useful.

Strictly Necessary Cookies

Strictly Necessary Cookie should be enabled at all times so that we can save your preferences for cookie settings.