സാമൂഹ്യ മാധ്യമങ്ങൾ സർവസാധാരണമായ ഈ കാലത്ത്, അതിന്റെ ഏറ്റവും ദുര്ബലരായ (most vulnerable) ഉപയോക്താക്കളായ കൗമാരക്കാരെ കുരുക്കാൻ ലക്ഷ്യമിട്ട് അതിഭീതിതായ തരത്തിൽ സെക്സ്റ്റോർഷൻ (ലൈംഗിക ഭീഷണി) കേസുകൾ വർദ്ധിക്കുന്നു. അന്താരാഷ്ട്ര ക്രിമിനൽ സംഘങ്ങൾ നേതൃത്വം നൽകുന്ന ഈ തട്ടിപ്പുകളിലൂടെ പ്രധാനമായും വലയിലാകുന്നത് കൗമാരക്കാരായ ആൺകുട്ടികളും പെൺകുട്ടികളുമാണ്. കുട്ടികളുടെ വിശ്വാസം നേടിയെടുത്ത ശേഷം സ്വകാര്യ ചിത്രങ്ങൾ പങ്കിടാൻ പ്രേരിപ്പിക്കുന്നതാണ് തട്ടിപ്പുകാരുടെ പ്രധാന രീതി. പിന്നീട്, ഇവരെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയോ കൂടുതൽ ചിത്രങ്ങൾ ആവശ്യപ്പെടുകയോ ചെയ്യുന്നു. പലപ്പോഴും തട്ടിപ്പിന് ഇരയാകുന്നവർ ആത്മഹത്യയിൽ അഭയം കണ്ടെത്തുന്ന സംഭവങ്ങൾ നിരവധിയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ചെറുപ്പക്കാർക്കിടയിൽ ഏറ്റവും പ്രചാരത്തിലിരിക്കുന്ന ഇൻസ്റ്റാഗ്രാം, സ്നാപ്ചാറ്റ്, ടിക്ടോക്ക് പോലുള്ള സോഷ്യൽ മീഡിയ തട്ടിപ്പുകാരുടെ പ്രധാന മാധ്യമമായി മാറിയതായി വിവിധ അന്വേഷണ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. നിരവധി ആണ്കുട്ടികളും ഇത്തരത്തിൽ ഇരകളായി തീരുന്നതായാണ് ഒരു പ്രധാന കണ്ടെത്തൽ. സി.ബി.സി ന്യൂസിന്റെ ‘മാർക്കറ്റ്പ്ലേസ്’ നടത്തിയ അന്വേഷണ റിപ്പോർട്ട് “ദ സെക്സ്റ്റോർഷൻ നെറ്റ്വർക്ക്” (ഒക്ടോബർ 2) അനുസരിച്ച്, പ്രധാനമായും പടിഞ്ഞാറൻ ആഫ്രിക്കയിലും തെക്കുകിഴക്കൻ ഏഷ്യയിലും കേന്ദ്രീകരിച്ചിട്ടുള്ള വ്യാജ പ്രൊഫൈലുകളിലൂടെയാണ് കൗമാരക്കാരെ ചതിയിൽ പെടുത്തി ഇത്തരത്തിൽ ഭീഷണിപ്പെടുത്തുന്നത്. പ്രിൻസ് എഡ്വേർഡ് ഐലൻഡിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട ചില കേസുകളുടെ പശ്ചാത്തലത്തിൽ ആരംഭിച്ച അന്വേഷണത്തിൽ, നഗ്ന ചിത്രങ്ങൾ പങ്കിട്ടതിനുശേഷം കാനഡയിലെ വിവിധ പ്രദേശങ്ങളിലെ ആണ്കുട്ടികൾ ബ്ലാക്ക്മെയിലിംഗിന് ഇരയായിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിൽ ഭീഷണികൾ ലഭിച്ച് മണിക്കൂറുകൾക്കകം ചിലർ ആത്മഹത്യക്ക് ശ്രമിച്ചു എന്നുള്ളതാണ് വസ്തുത. അന്വേഷണത്തിന്റെ ഭാഗമായി സി.ബി.സി സംഘം, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെ സുരക്ഷാ സംവിധാനങ്ങൾ പരിശോധിച്ചപ്പോൾ, സുരക്ഷാക്രമീകരണങ്ങൾ പലപ്പോഴും പരാജയപ്പെടുന്നതായി കണ്ടെത്തി. ഇതിന് പിന്നാലെ, കനേഡിയൻ ജസ്റ്റിസ് മിനിസ്റ്റർ ഇത്തരത്തിലുള്ള സുരക്ഷാ പ്രശ്നങ്ങൾ ഒഴിവാക്കുവാൻ കർശന നിയമപരിഷ്കാരങ്ങൾ വരുത്തുമെന്ന് പ്രഖ്യാപിച്ചു.
കാനഡയിലെ വിവിധ പ്രവിശ്യകളിൽ പോലീസും കുട്ടികളുടെ സംരക്ഷണ സംഘടനകളും, ഇത്തരത്തിലുള്ള ചതിക്കുഴികൾക്കെതിരെ ശ്രദ്ധിക്കണമെന്നുള്ള മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. ബ്രിട്ടീഷ് കൊളംബിയയിലെ ക്രാൻബ്രൂക്ക് RCMP, ഇക്കഴിഞ്ഞ മാർച്ച് മാസം നൽകിയ മുന്നറിയിപ്പ് പ്രകാരം, 12 വയസ്സിൽ താഴെ പ്രായമുള്ള പെൺകുട്ടികളെ ലക്ഷ്യമിട്ട് നടന്നുവരുന്ന ഓൺലൈൻ ബ്ലാക്ക്മെയിലിംഗ് കേസുകളുടെ വർദ്ധനവ് എടുത്തു പറയുകയുണ്ടായി. മാനിറ്റോബയിലെ ശിശു സംരക്ഷണ പ്രവർത്തകർ (child protection workers) സെപ്റ്റംബറിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ, മൊബൈൽ ആപ്പുകളിലെ ലൊക്കേഷൻ-ഷെയറിംഗ് സവിശേഷതകൾ, അവ ഉപയോഗിക്കുന്ന കുട്ടികളുടെ തത്സമയ സ്ഥാനം കണ്ടെത്താനും അവരെ ഭീഷണിപ്പെടുത്തി ചതിയിൽ പെടുത്തുന്നതിനുള്ള ഒരു ഉപാധിയായി മാറിയിരിക്കുന്നു എന്ന് ചൂണ്ടിക്കാട്ടുകയുണ്ടായി.
സ്റ്റാറ്റിസ്റ്റിക്സ് കാനഡ പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2014 മുതൽ 2025 വരെ 17 വയസ്സിന് താഴെ മാത്രം പ്രായമുള്ള കുട്ടികളെ ഉൾപ്പെടുത്തിയുള്ള ഓൺലൈൻ ലൈംഗിക ചൂഷണ കേസുകൾ (Luring, Extortion) മുമ്പ് റിപ്പോർട്ട് ചെയ്യപ്പെട്ടതിനേക്കാൾ മൂന്നു മടങ്ങ് വർദ്ധിച്ചതായി ചൂണ്ടിക്കാണിക്കുന്നത്. AI–generated ഡീപ്പ്ഫേക്ക് പോലുള്ള പുതിയ സാങ്കേതിക വിദ്യകൾ ഇത്തരത്തിൽ ചൂഷണം ചെയ്യുന്നവർക്ക് കൂടുതൽ സുരക്ഷിത കവചം ഒരുക്കുന്നതായി പബ്ലിക് സേഫ്റ്റി കാനഡ മുന്നറിയിപ്പ് നൽകുന്നു.
ഈ പ്രതിഭാസം, കാനഡയിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ല. അമേരിക്കയിൽ Thorn പുറത്തിറക്കിയ “The State of Sextortion”(ജൂൺ 2025) റിപ്പോർട്ട് പ്രകാരം, കഴിഞ്ഞ വർഷം FBI–ക്ക് 12,000-ത്തിലധികം പരാതികൾ ലഭിച്ചതായി വെളിപ്പെടുത്തിയിട്ടുണ്ട്. ശരാശരി ഇരകളിൽ നിന്ന് 1,200 ഡോളർ വരെ ഇത്തരത്തിലുള്ള തട്ടിപ്പുകാർ പിരിച്ചെടുത്തതായി റിപ്പോർട്ടുകൾ പറയുന്നു. NCMEC (നാഷണൽ സെന്റർ ഫോർ മിസ്സിംഗ് & എക്സ്പ്ലോയിറ്റഡ് ചിൽഡ്രൻ) റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളിൽ 300% വർധനവ് രേഖപ്പെടുത്തിയതായും ഇതിനെ “ജാഗ്രതാ മുന്നറിയിപ്പായി” കണക്കാക്കണമെന്നും ജനങ്ങളെ ഉത്ബോധിപ്പികുന്നുണ്ട്.
ബ്രിട്ടനിൽ Internet Watch Foundation (IWF) 2024-ൽ കുട്ടികളെ ലക്ഷ്യമിട്ടുള്ള സെക്സ്റ്റോർഷൻ പരാതികൾ ഏകദേശം എട്ടുമടങ്ങ് വർധിച്ചതായി കണ്ടെത്തി എന്നുള്ളത് ഇതിൻറെ വ്യാപ്തി വർദ്ധിപ്പിക്കുന്നതാണ്. നൈജീരിയ കേന്ദ്രീകരിച്ചാണ് കൂടുതൽ തട്ടിപ്പ് സംഘങ്ങൾ പ്രവർത്തിക്കുന്നതെന്നും, യൂറോപ്യൻ-അമേരിക്കൻ ചെറുപ്പക്കാരെ ഇരയാക്കുന്നതായും BBC നടത്തിയ അന്വേഷണ റിപ്പോർട്ടും വെളിപ്പെടുത്തിയിട്ടുണ്ട്.
കുട്ടികൾ എടുക്കേണ്ട മുൻകരുതലുകൾ
- ചിത്രങ്ങൾ പങ്കിടുന്നതിന് മുൻപ് ചിന്തിക്കുക: വിശ്വസിക്കുന്ന ആളാണെന്ന് തോന്നിയാലും സ്വകാര്യ ചിത്രങ്ങൾ ഒരിക്കലും പങ്ക് വയ്ക്കാതിരിക്കുക.
- റെഡ് ഫ്ലാഗുകൾ തിരിച്ചറിയുക: സംഭാഷണം പെട്ടെന്ന് സ്വകാര്യ/ലൈംഗിക വിഷയങ്ങളിലേക്ക് വഴിമാറുകയാണെങ്കിൽ ഉടൻ ബ്ലോക്ക് ചെയ്ത് റിപ്പോർട്ട് ചെയ്യുക.
- സഹായം തേടുക: സംഭവങ്ങൾ മറച്ചുവയ്ക്കാതെ വിശ്വസ്തരായ മുതിർന്നവരോട് പറയുക. Cybertip.ca പോലുള്ള സേവനങ്ങൾ ഉപയോഗിച്ച് പേരുവിവരങ്ങൾ വെളിപ്പെടുത്താതെ തന്നെ സഹായം തേടുന്നതിനു ഇത്തരം പ്ലാറ്റ്ഫോമുകൾ ഉപകരിക്കും.
മാതാപിതാക്കൾക്കു എന്ത് ചെയ്യാൻ കഴിയും?
- കുട്ടികളുമായി തുറന്ന സംഭാഷണങ്ങളിൽ ഏർപ്പെടുക: ഓൺലൈൻ ഭീഷണികളെ കുറിച്ച് കുട്ടികളുമായി കുറ്റപ്പെടുത്തലില്ലാതെ സംസാരിക്കുക.
- സാങ്കേതിക ഉപകരണങ്ങൾ ഉപയോഗിക്കുക: Parental Control, പ്രൈവസി സെറ്റിംഗ്സ്, റിപോർട്ടിംഗ് ഫീച്ചറുകൾ എന്നീ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുക.
- വേഗത്തിൽ പ്രവർത്തിക്കുക: തെളിവുകൾ സൂക്ഷിക്കുക (സ്ക്രീൻഷോട്ട്, ചാറ്റുകൾ), എന്നാൽ തട്ടിപ്പുകാരുമായി നേരിട്ട് ഇടപെടരുത്. പോലീസിനെയും ബന്ധപ്പെട്ട സഹായകേന്ദ്രങ്ങളെയും ബന്ധപ്പെടുക.
സെക്സ്റ്റോർഷൻ സംഭവങ്ങൾ വെറും ഒരു വാർത്താ തലക്കെട്ട് മാത്രമല്ല,ഒരു സമൂഹമെന്ന നിലയിൽ നമുക്കൊരുത്തർക്കും ഉണർന്നു പ്രവർത്തിക്കാനുള്ള വിളിയാണ്. സർക്കാരുകളും ടെക് കമ്പനികളും പരിഹാരങ്ങൾ തേടുന്നുവെങ്കിലും, സമൂഹങ്ങളും കുടുംബങ്ങളും കൂടി പ്രവർത്തിച്ചാൽ മാത്രമേ അടുത്ത തലമുറയെ ഈ ഡിജിറ്റൽ വിപത്തിൽ നിന്ന് സംരക്ഷിക്കാൻ കഴിയൂ.
സെക്സ്റ്റോർഷൻ സംഭവങ്ങൾ വെറും ഒരു വാർത്താ തലക്കെട്ട് മാത്രമല്ല,ഒരു സമൂഹമെന്ന നിലയിൽ നമുക്കൊരുത്തർക്കും ഉണർന്നു പ്രവർത്തിക്കാനുള്ള വിളിയാണ്. സർക്കാരുകളും ടെക് കമ്പനികളും പരിഹാരങ്ങൾ തേടുന്നുവെങ്കിലും, സമൂഹങ്ങളും കുടുംബങ്ങളും കൂടി പ്രവർത്തിച്ചാൽ മാത്രമേ അടുത്ത തലമുറയെ ഈ ഡിജിറ്റൽ വിപത്തിൽ നിന്ന് സംരക്ഷിക്കാൻ കഴിയൂ.
കൂടുതൽ വിവരങ്ങൾക്ക്:

1 Comment
Posting images and videos of your children must be avoided as much as possible. Over exposure of the children is never recommended to ensure that they are not misused. Always distort or add noise to the images posted.
Never disclose any details of your children on the social media – the school/ grade, activities they are involved in, details of their friends, hobbies, likes & dislikes, routine, etc. The criminals gather all their information from these posts.