ഇരുപത്തിയേഴ് വർഷങ്ങൾക്ക് ശേഷം ഡൽഹിയിൽ ബിജെപി അധികാരത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ഫെബ്രുവരി 5-ന് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 70-ൽ 48 സീറ്റുകൾ നേടിയാണ് ബിജെപിയുടെ വിജയം. പത്തു വർഷമായി ഡൽഹി ഭരിച്ചിരുന്ന ആം ആദ്മി പാർട്ടി (എഎപി) 22 സീറ്റുകളിൽ ഒതുങ്ങി. 2020-ലെ 62 സീറ്റുകളിൽ നിന്നുള്ള വൻ ഇടിവാണിത്. കോൺഗ്രസിന് തുടർച്ചയായ മൂന്നാം തവണയും ഒരു സീറ്റുപോലും നേടാനായില്ല.
എഎപി നേതാക്കൾക്കെതിരായ അഴിമതി ആരോപണങ്ങളും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള മികച്ച ഏകോപനം ഉറപ്പാക്കുമെന്ന വാഗ്ദാനവുമായിരുന്നു ബിജെപിയുടെ പ്രചാരണത്തിന്റെ മുഖ്യ വിഷയങ്ങൾ. പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വിജയത്തെ വികസനത്തിനുള്ള ജനവിധിയായി വിശേഷിപ്പിച്ചു.

പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ ചടങ്ങ് പ്രധാനമന്ത്രി മോദിയുടെ അമേരിക്കൻ സന്ദർശനത്തിനു ശേഷം, ഫെബ്രുവരി 15-ന് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ ബിജെപി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ന്യൂ ഡൽഹിയിൽ എഎപി നേതാവ് അരവിന്ദ് കേജ്രിവാളിനെ 4,000 വോട്ടുകൾക്ക് തോൽപ്പിച്ച പർവേഷ് വർമ്മയാണ് മുൻപന്തിയിൽ.
എഎപിയുടെ പരാജയത്തിന് പല കാരണങ്ങളുണ്ട്. പത്തു വർഷത്തെ ഭരണത്തിനു ശേഷമുള്ള ഭരണവിരുദ്ധ വികാരം, അഴിമതി ആരോപണങ്ങൾ, നേതൃത്വത്തിന്റെ പരാജയം, തന്ത്രപരമായ പിഴവുകൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. സൗജന്യ വൈദ്യുതി, വെള്ളം തുടങ്ങിയ ക്ഷേമ പദ്ധതികൾ നടപ്പാക്കിയിട്ടും എഎപിക്ക് ഈ വെല്ലുവിളികളെ അതിജീവിക്കാനായില്ല.
ബിജെപി സർക്കാർ രൂപീകരിക്കാനൊരുങ്ങുമ്പോൾ, എഎപിയുടെ ജനപ്രിയ ക്ഷേമ പദ്ധതികൾ തുടരുമോ എന്ന ചോദ്യം നിലനിൽക്കുന്നു. നിലവിലുള്ള പദ്ധതികൾ തുടരുമെന്നും എന്നാൽ കൂടുതൽ കാര്യക്ഷമതയോടെയും അഴിമതി രഹിതമായും പദ്ധതികൾ നടപ്പാക്കുമെന്നും ബിജെപി വോട്ടർമാർക്ക് ഉറപ്പു നൽകിയിട്ടുണ്ട്.

എഎപിയെ സംബന്ധിച്ചിടത്തോളം ഈ തിരഞ്ഞെടുപ്പ് ഒരു വഴിത്തിരിവാണ്, ഈ വൻ തിരിച്ചടിക്കു ശേഷം പാർട്ടി അതിന്റെ രാഷ്ട്രീയ അടിത്തറ പുനർനിർമ്മിക്കേണ്ടതുണ്ട്. ക്ഷേമപ്രവർത്തനങ്ങൾക്കപ്പുറം കൃത്യമായ രാഷ്ട്രീയ നയം ഇല്ല എന്നുള്ളതാണ് എ എ പി യുടെ പ്രധാന ന്യൂനത. അരവിന്ദ് ഖേജ്രിവാൾ എന്ന ഒറ്റയാൾ നേതൃത്വത്തെ കൂടുതൽ ആശ്രയിക്കുന്നതും ഖേജ്രിവാളിൽ അധികാരം കേന്ദ്രീകരിക്കപ്പെടുന്നതും ആം ആദ്മി പാർട്ടിയുടെ സാധ്യതകളെ മുരടിപ്പിക്കുന്നു. കൂടാതെ നിലപാടുകളിലെ അസ്ഥിരതയും പലപ്പോഴും ബിജെപി നയങ്ങളോട് ചേർന്ന് നിൽക്കുന്ന നിലപാടുകളും പാർട്ടിയെ ബി ജെ പി യുടെ ബി ടീം എന്ന വിശേഷണത്തിന് അർഹമാക്കിയിട്ടുണ്ട്. ഈ വിമർശനങ്ങളെ പാർട്ടി എങ്ങനെ ഉൾക്കൊള്ളുമെന്നും ഒരു ആത്മപരിശോധനയിലൂടെ സ്വയം നവീകരണത്തിന് വിധേയമാകുമോ എന്നതും എ എ പിയുടെ ഭാവി തീരുമാനിക്കുന്നതിൽ നിർണ്ണായകമാണ്.

കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളിലും രാജ്യ തലസ്ഥാനത്ത് ഒരു സ്ഥാനാർഥിയെ പോലും ജയിപ്പിക്കാൻ കഴിഞ്ഞില്ല എന്നത് കോൺഗ്രസ് പാർട്ടിയെ സംബന്ധിച്ചിടത്തോളം ശുഭസൂചനയല്ല. ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങി ചെല്ലാനോ, അവരുടെ പ്രശ്നങ്ങൾ പഠിക്കാനോ, തങ്ങളുടെ ആശയങ്ങൾ അവരുമായി സംവദിക്കുന്നതിനോ കോൺഗ്രസിന് കഴിഞ്ഞിട്ടില്ല. മൂന്നാം തവണയും കേന്ദ്രം ഭരിക്കുന്ന കേന്ദ്ര സർക്കാരിനെതിരെയും, കഴിഞ്ഞ പത്ത് വർഷം ദില്ലി ഭരിച്ച ആം ആദ്മി പാർട്ടിക്കെതിരെയോ സ്വഭാവികമായി ഉണ്ടായേക്കാവുന്ന ഭരണവിരുദ്ധവികാരം പോലും വോട്ടാക്കി മാറ്റാൻ കോൺഗ്രസിനായില്ല എന്നത് പാർട്ടി നേതൃത്വത്തെ ചിന്തിപ്പിക്കേണ്ടതും തിരുത്തൽ നടപടികൾക്ക് പ്രേരിപ്പിക്കേണ്ടതുമാണ്.

Share.
Leave A Reply Cancel Reply

Exit mobile version
Privacy Overview

This website uses cookies so that we can provide you with the best user experience possible. Cookie information is stored in your browser and performs functions such as recognising you when you return to our website and helping our team to understand which sections of the website you find most interesting and useful.

Strictly Necessary Cookies

Strictly Necessary Cookie should be enabled at all times so that we can save your preferences for cookie settings.