ഹെൽത്ത് ഇൻഷുറൻസ് – നമ്മുടെ നാട്ടിൽ ഇപ്പോൾ അതിന്റെ ആവശ്യത്തെക്കുറിച്ച് പൊതുവെ അവബോധം കൂടി വരികയാണ്. മുൻപൊക്കെ പണക്കാർ മാത്രം എടുത്തിരുന്ന ഒന്ന് എന്ന നിലയിൽ നിന്ന് അവരെക്കാൾ ആവശ്യം പണമില്ലാത്തവർക്ക് ആണ് എന്നതിനാൽ ഹെൽത്ത് ഇൻഷുറൻസ് ആവശ്യത്തിലേക്കായി ചെറിയ ഒരു തുക നീക്കി വയ്ക്കാൻ തയ്യാറാകുന്നവരുടെ എണ്ണം കൂടി വരുന്നു.  പക്ഷെ ശരിക്കും പറഞ്ഞാൽ ഹെൽത്ത് ഇൻഷുറൻസുമായി ബന്ധപ്പെട്ടുള്ള പരാതികളും ചതിക്കുഴികളും അതനുസരിച്ച് കൂടിക്കൊണ്ടിരിക്കുകയാണ്. വലിയ മത്സരം ഉള്ള മേഖല ആയതിനാൽ ഏജന്റുമാർ അവരുടെ ടാർഗറ്റ് തികയ്ക്കാനായി മോഹന വാഗ്ദാനങ്ങൾ നൽകി ആൾക്കാരെ വലയിൽ ആക്കും. പിന്നീട്  ഒരു അസുഖം വന്ന് ഹെൽത്ത് ഇൻഷൂറൻസ് ഉണ്ടല്ലോ എന്ന  ധൈര്യത്തിൽ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തുമ്പോൾ ആയിരിക്കും കാര്യം മനസ്സിലാകുക- ഒന്നുകിൽ ആ ആശുപത്രിയിൽ പ്രസ്തുത ഇൻഷൂറൻസ് കമ്പനിയുടെ “ക്യാഷ് ലെസ്”  സർവീസ് ലഭ്യമല്ല എന്ന വിവരം  (അതായത് ചികിത്സക്ക് രോഗി സ്വതം പോക്കറ്റിൽ നിന്ന് കാശ് അടക്കേണ്ടി വരികയും പിന്നീട് ക്ലെയിം ചെയ്യാൻ മാത്രമേ പറ്റൂ എന്ന അവസ്ഥ). അല്ലെങ്കിൽ ഏത് അസുഖവുമായാണോ വന്നത് ആ അസുഖത്തിന് ക്ലെയിം ലഭിക്കുകയില്ല എന്നത്. ഇനി എല്ലാം ശരിയാണെങ്കിൽ അവിടെ ഓരോ വിഭാഗത്തിനുമായി ചെലവാക്കിയ തുകയുടെ ചെറിയ ഒരു ശതമാനം മാത്രമേ തിരിച്ച് കിട്ടൂ, ബാക്കി സ്വന്തം പോക്കറ്റിൽ നിന്ന് അടക്കേണ്ടി വരും എന്ന വിവരം. ഏജന്റുമാർ വഴി  വലയിൽ വീണവർ  ഇതൊക്കെ  അറിഞ്ഞ് ബോദ്ധ്യപ്പെട്ടു എന്ന എഴുതി ഒപ്പിട്ട്  കൊടുത്തതിനു ശേഷം ആയിരിക്കും പോളിസി എടുക്കുന്നത്  . ഇൻഷൂറൻസ്  കമ്പനിക്ക് അനുകൂലമായ രീതിയിൽ കാര്യങ്ങൾ വരുന്ന രീതിയിൽ പത്ത് പേജ് കണ്ടീഷനുകൾ മനസ്സിലാകാത്ത ഭാഷയിൽ  “കുനു കുനാ” എന്ന അക്ഷരത്തിൽ എഴുതിയിട്ടുണ്ടാകും എന്നതിനാൽ ആരും അതൊന്നും വായിച്ച് മനസ്സിലാക്കാതെ പറയുന്നിടത്ത് ഒപ്പിട്ട് കൊടുക്കുകയാണ് പതിവ്. പക്ഷെ ക്ലെയിം റിജെക്ട് ആകുമ്പോൾ ഈ ഏജന്റ് കിടന്നിടത്ത് പൂട പോലും ഉണ്ടാകില്ല. അവൻ പുതിയ ആളെ ചാക്കിടാൻ ഉള്ള തിരക്കിൽ ആയിരിക്കും. 

 ഹെൽത്ത് ഇൻഷൂറൻസ് പോളിസി എടുക്കുന്നതിനു മുൻപ് ശ്രദ്ധിക്കേണ്ട ചില അടിസ്ഥാന വിവരങ്ങൾ :

1 .    ഏതെല്ലാം അസുഖങ്ങൾ, ചികിത്സകൾ തുടങ്ങിയവ ഈ പറഞ്ഞ ഇൻഷുറൻസിൽ കവർ ആകുന്നില്ല എന്ന കാര്യം വ്യക്തമായി ചോദിച്ച് മനസ്സിലാക്കണം, അത് ഡോക്യുമെന്റുകളിൽ എവിടെ ആണ് എന്നത് നോക്കി മനസ്സിലാക്കണം. 

2 . നിലവിൽ ഉള്ള അസുഖങ്ങൾ മുൻപ് ചിക്തിസ തേടിയിട്ടുള്ള അസുഖങ്ങൾ തുടങ്ങിയവ പോളിസി എടുക്കുന്നതിനു മുൻപ് തീർച്ചയായും ഡിക്ലയർ ചെയ്യണം. അല്ലെങ്കിൽ ഈ ഒരൊറ്റ കാരണം പറഞ്ഞ് അവർ ക്ലെയിം റിജക്റ്റ് ചെയ്യും. ചെറിയ പനി, ജലദോഷം തുടങ്ങിയവ അല്ല ഉദ്ദേശിച്ചത്. മറിച്ച് ആശുപത്രി വാസം ഒക്കെ വേണ്ടി വന്നിട്ടുള്ള അസുഖങ്ങൾ. അമിതവണ്ണം (obesity), പ്രമേഹം  തുടങ്ങിയ  ലൈഫ് സ്റ്റൈൽ ഡിസീസ് എന്ന പേരിൽ അറിയപ്പെടുന്ന  അസുഖങ്ങളും വെളിപ്പെടുത്തണം. 

3 .  മിക്ക ഇൻഷൂറൻസ് പ്ലാനുകളിലും നിലവിൽ ഉള്ള അസുഖങ്ങൾക്കും ചില പ്രത്യേക അസുഖങ്ങൾക്കും എല്ലാം പോളിസി തുടങ്ങിയതിനു ശേഷം രണ്ട് വർഷത്തെ ലോക്കിംഗ് പീരീഡ് കഴിഞ്ഞതിനു ശേഷമേ പ്രസ്തുത അസുഖവുമായി ബന്ധപ്പെട്ടുള്ള ചികിത്സകൾക്ക് ക്ലെയിം ലഭിക്കൂ . ഇങ്ങനെ ഒരു വള്ളി ഇതിൽ ഉള്ളതിനാൽ ഏത് അസുഖത്തിന് ചികിത്സ തേടിയാലും കമ്പനിക്കാർ അതിനെ “നിലവിലുള്ള രോഗങ്ങൾ” എന്ന പട്ടികയിൽ ഉള്ളവയുമായി അതിനെ ബന്ധിപ്പിച്ചുകൊണ്ട് ക്ലെയിം റിജെക്റ്റ് ചെയ്യുന്നത് സർവ്വ സാധാരണമാണ്. 

4  മുഴുവൻ ആശുപത്രി ബില്ലും ഇൻഷുറൻസ് വഴി തിരിച്ച് കിട്ടുമെന്ന് പ്രതീക്ഷിക്കരുത്. പൊതുവെ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന  “കൺസ്യൂമബിൾസ്” എന്ന വിഭാഗത്തിൽ പെടുന്ന സൂചി, സിറിഞ്ച്, മാസ്ക്, തുടങ്ങിയവക്ക് ഒന്നും ക്ലെയിം ലഭിക്കാറില്ല. പിന്നെ വിവിധ ടെസ്റ്റുകൾ, ഐസിയു ബെഡ്, റൂം ചാർജ് എന്ന് വേണ്ട ഓരോ ഉപ വിഭാഗങ്ങൾക്കും പരമാവധി പരിധി ഉണ്ടായിരിക്കും. അതൊക്കെ എത്രയാണെന്ന്  വ്യക്തമായി അറിഞ്ഞിരിക്കണം. 

5  മിക്ക ഇൻഷുറൻസ് പോളിസികളിലും ആശുപത്രി വാസം തുടങ്ങിയ ദിവസം മുതൽ  മാത്രമേ ക്ലെയിം ലഭിക്കൂ. അതായത് അഡ്മിറ്റ് ആകുന്നതിനു മുൻപ് ഉള്ള ടെസ്റ്റുകൾ, മരുന്ന്  തുടങ്ങിയവയൊന്നും പോളിസിയുടെ പരിധിയിൽ വരില്ല. “പ്രീ -ഹോസ്‌പിറ്റലൈസേഷൻ” ഫീച്ചർ പോളിസിയിൽ ഉണ്ടെങ്കിൽ മാത്രം ഇതിനു കൂടി ക്ലെയിം ലഭിക്കും. അത് പോലെ തന്നെ ആണ്  ആശുപത്രി വാസത്തിനു ശേഷം ഉള്ള പോസ്റ്റ് ഹോസ്‌പിറ്റലൈസേഷൻ ചികിത്സാ ചെലവും. 

6  ഒരു പോളിസി വർഷത്തിൽ ഒരിക്കൽ ക്ലെയിം ചെയ്ത കഴിഞ്ഞാൽ പിന്നെ മുഴുവൻ തുകയും അതെ വർഷത്തിൽ മറ്റൊരു അവസരത്തിൽ ചികിത്സ തേടേണ്ടി വന്നാൽ ലഭിക്കുന്ന തരത്തിൽ ഉള്ള “റെസ്റ്റോറേഷൻ” ഫീച്ചർ എടുക്കുന്ന പോളിസിയിൽ ഉണ്ടോ എന്ന് ഉറപ്പ് വരുത്തുക. അത് ഇല്ലെങ്കിൽ രണ്ടാമത് അതെ വർഷം ആശുപത്രിയിൽ അഡ്മിറ്റ് ആവുകയാണെങ്കിൽ മുഴുവൻ തുകക്ക് ഉള്ള  ക്ലെയിം ലഭിക്കില്ല. 

7  ഇൻഷുറൻസ് പോളിസിയിൽ “കോ -പേയ്‌മെന്റ് “ നിബന്ധനകൾ വല്ലതും ഉണ്ടോ എന്ന് പരിശോധിക്കുക. അതായാത് ഹോസ്പിറ്റൽ ചെലവിന്റെ ഒരു നിശ്ചിത ശതമാനം പോളിസി ഉടമ നിർബന്ധമായും വഹിക്കണം എന്ന നിബന്ധന. 

8   പല ആധുനിക ചികിത്സാ രീതികളും ഇൻഷുറൻസ്  പോളിസിയിൽ കവർ ആകണമെന്നില്ല. അതായത് റോബോട്ടിക് സർജറി, സ്റ്റെം സെൽ ചികിത്സ തുടങ്ങിയവ ഉദാഹരണങ്ങൾ. അത്തരം കാര്യങ്ങൾ പോളിസി രേഖകളിൽ വ്യക്തമായി എഴുതിയിട്ടുണ്ടാകും. 

9  നോ ക്ലെയിം ബോണസ് വ്യവസ്ഥകൾ എന്തെല്ലാമാണെന്ന് നോക്കുക. അതായത് ഒരു വർഷം ക്ലെയിം ചെയ്യേണ്ട രീതിയിൽ അസുഖങ്ങൾ ഒന്നും വന്നില്ല എങ്കിൽ അടുത്ത വര്ഷം അതിനുള്ള ബോണസ് ആയി ഒന്നുകിൽ പ്രീമിയത്തിൽ കുറവ് അല്ലെങ്കിൽ ഇൻഷുറൻസ് തുകയിൽ ഉള്ള വർദ്ധനവ് എന്നിവയിൽ ഏതെങ്കിലും ആയിരിക്കും ഉണ്ടാവുക. 

10 . ആയുർവ്വേദം, ഹോമിയോ, സിദ്ധ, യുനാനി തുടങ്ങിയ ആയുഷ് ചികിത്സാ രീതികൾ ഇൻഷുറൻസിൽ കവർ ആകുന്നുണ്ടോ എന്ന് നോക്കുക. അതിൽ തന്നെ ഏതെല്ലാം ചികിത്സകൾക്ക് ഏതെല്ലാം അസുഖങ്ങൾ ആണ് പരിധിയിൽ വരുന്നതെന്ന് മനസ്സിലാക്കുക. 

11  ഹെൽത്ത് ചെക്കപ്പ് സൗകര്യം – പല ഹെൽത്ത് ഇൻഷുറൻസ് പോളിസികളും സൗജന്യമായി വർഷത്തിൽ ഒരിക്കൽ വിവിധ രക്ത പരിശോധനകളും സ്കാനിംഗും എക്സ് റേയും ഒക്കെ ഉൾപ്പെട്ട ഹെൽത്ത് ചെക്കപ്പ് പാക്കേജുകൾ നൽകാറുണ്ട്. അത് ലഭ്യമാണോ എന്നും എന്തെല്ലാം പരിശോധനകൾ അതിൽ ഉൾപ്പെടുന്നു എന്നും മനസ്സിലാക്കുക.  

12  ഇനി ഏറ്റവും പ്രധാനപ്പെട്ടത് ഏത് കമ്പനികളുടെത് സെലക്റ്റ് ചെയ്യണം എന്നതാണ്.  വിവിധ ഇൻഷൂറൻസ് കമ്പനികളുടെ വിവിധ പ്ലാനുകൾ  താരതമ്യം ചെയ്യാൻ കഴിയുന്ന പോളിസി ബസാർ പോലെ ഉള്ള  വെബ് സൈറ്റുകൾ ലഭ്യമാണ്.  പക്ഷെ പലപ്പോഴും ഈ സേവനം ലഭിക്കാനായി ഫോൺ നമ്പർ നൽകേണ്ടി വരും. ഫോൺ നമ്പർ നൽകിയാൽ നിങ്ങൾക്ക് പിന്നെ ഇരിക്കപ്പൊറുതി ഉണ്ടാകില്ല എന്നതിനാൽ സാധാരണ ഉപയോഗിക്കുന്ന ഫോൺ നമ്പർ നൽകാതിരിക്കാൻ ശ്രദ്ധിക്കുക.  

13.  ഇന്റർനെറ്റിൽ ഒന്ന് സെർച്ച് ചെയ്ത പൊതുവെ ഏത് കമ്പനിയുടേ ഏത് പോളിസി ആണ് നല്ലത്, ഏത് കമ്പനിയുടെ ആണ് ഏറ്റവും മോശം , ഏത് കമ്പനിയുടെ ഏജന്റുമാരെ ഒരിക്കലും അടുപ്പിക്കരുത്, ഏത് കമ്പനിയുടെ ആണ് സെറ്റിൽമെന്റ് വളരെ വേഗത്തിൽ ലഭ്യമാകുന്നത് തുടങ്ങിയ കാര്യങ്ങൾ അറിഞ്ഞ് വയ്ക്കുക. 

14.  ഒരു വ്യക്തിക്ക് മാത്രം ബാധകമായ പ്ലാനുകളും ചെറിയ പ്രീമിയം വ്യത്യാസത്തിൽ  കുടുംബത്തിലെ മറ്റ് അംഗങ്ങൾക്ക് കൂടി കവറേജ് ലഭിക്കുന്ന ഫ്‌ളോട്ടർ പോളിസികളും ആവശ്യാനുസരണം നോക്കി എടുക്കുക .  ഫ്‌ളോട്ടർ പോളിസി എടുക്കുമ്പോൾ സീനിയർ സിറ്റിസൻസിനെ ചേർക്കുന്നത്  അവർക്കായി പ്രത്യേകം പോളിസി എടുക്കുന്നതുമായി താരതമ്യപ്പെടുത്തി മാത്രം ചെയ്യുക .  

15. ഒരു ഇൻഷൂറൻസ് കമ്പനിയുടെ സേവനങ്ങൾ ഇഷ്ടമല്ല എന്ന് തോന്നുകയാണെങ്കിൽ മറ്റൊരു കമ്പനിയിലേക്ക് പോളിസി മാറ്റാൻ ഉള്ള പോർട്ടബിലിറ്റി സംവിധാനം ഉപയോഗപ്പെടുത്തിയാൽ പലപ്പോഴും ലോക്കിംഗ് പീരീഡ്‌ പ്രശ്നങ്ങൾ ഒഴിവാക്കാനാകും. പോളിസി കാലാവധി തീരുന്നതിനു രണ്ട് മാസം മുൻപ് എങ്കിലും ഇതിനായി അപേക്ഷിക്കേണ്ടി വരും. 

ഇത്രയൊക്കെ ആണ് പൊതുവായി പറയാനുള്ളത്.

ഹെൽത്ത് ഇൻഷൂറൻസ് പോളിസി ഏറ്റവും ചെറിയ പ്രായത്തിൽ എടുക്കുന്നുണ്ടെങ്കിൽ അത് ഏറ്റവും നല്ലതാണ്. പക്ഷെ  വളരെ നന്നായി റിസർച്ച് ചെയ്യാതെ ആരെങ്കിലും പറയുന്നത് കേട്ട് ഏതെങ്കിലും ഒരു ഹെൽത്ത് ഇൻഷൂറൻസ് പോളിസി എടുക്കരുത്.  

ഹെൽത്ത് ഇൻഷുറൻസ് പോളിസി ഏറ്റവും ചെറിയ പ്രായത്തിൽ എടുക്കുന്നുണ്ടെങ്കിൽ അത് ഏറ്റവും നല്ലതാണ്. പക്ഷെ  വളരെ നന്നായി റിസർച്ച് ചെയ്യാതെ ആരെങ്കിലും പറയുന്നത് കേട്ട് ഏതെങ്കിലും ഒരു ഹെൽത്ത് ഇൻഷുറൻസ് പോളിസി എടുക്കരുത്.  

Share.
Leave A Reply Cancel Reply

Exit mobile version
Privacy Overview

This website uses cookies so that we can provide you with the best user experience possible. Cookie information is stored in your browser and performs functions such as recognising you when you return to our website and helping our team to understand which sections of the website you find most interesting and useful.

Strictly Necessary Cookies

Strictly Necessary Cookie should be enabled at all times so that we can save your preferences for cookie settings.