മയാമി: ഫ്ലോറിഡയിലെ മയാമിയിൽ കഴിഞ്ഞ 70 വർഷമായി വിനോദസഞ്ചാരികളുടെ പ്രധാന ആകർഷണകേന്ദ്രമായിരുന്ന പ്രശസ്ത സമുദ്ര ജീവി പ്രദർശനകേന്ദ്രം മയാമി സീക്വേറിയം അടച്ചുപൂട്ടി. 1955-ൽ പ്രവർത്തനമാരംഭിച്ച ഈ സീക്വേറിയം, അമേരിക്കയിലെ ഏറ്റവും പഴക്കമുള്ള സമുദ്ര പാർക്കുകളിലൊന്നായിരുന്നു. ഡോൾഫിനുകൾ, ഓർക്കകൾ (കൊലയാളി തിമിംഗലങ്ങൾ), സീ ലയണുകൾ, സ്രാവുകൾ, തുടങ്ങി കടലിൻ്റെ അടിത്തട്ടിൽ വസിക്കുന്ന വിവിധ ജീവജാലങ്ങളുടെ പ്രദർശനങ്ങളും പ്രകടനങ്ങളും ഇവിടത്തെ പ്രധാന ആകർഷണമായിരുന്നു. വിർജീനിയ കീയിൽ സ്ഥിതിചെയ്യുന്ന ഈ പാർക്ക്, ഓരോ വർഷവും കുട്ടികളും കുടുംബങ്ങളും ഉൾപ്പെടെ ലക്ഷക്കണക്കിന് വിനോദ സഞ്ചാരികളെ ആകർഷിച്ചിരുന്നു. എന്നാൽ കഴിഞ്ഞ കുറെ വർഷങ്ങളായി മൃഗപരിപാലന ക്ഷേമ പ്രശ്നങ്ങൾ കാരണം വിവാദങ്ങളുടെ കേന്ദ്രമായി മയാമി സീക്വേറിയം വാർത്തകളിൽ ഇടം പിടിച്ചിരുന്നു.
എന്തായിരുന്നു സീക്വേറിയം?
മയാമി സീക്വേറിയം 1955-ൽ പ്രവർത്തനം ആരംഭിച്ച ഒരു സമുദ്ര ജീവി പാർക്കായിരുന്നു. അമേരിക്കയിലെ ആദ്യകാല ഓഷ്യനേറിയങ്ങളിലൊന്നായി ഇത് അറിയപ്പെട്ടിരുന്നു. ഡോൾഫിൻ ഷോകൾ, ഓർക്കകളുടെ പ്രകടനങ്ങൾ (പ്രത്യേകിച്ച്, 2023-ൽ മരണപ്പെട്ട ലോലിത എന്ന ഓർക്കയുടെ പ്രകടനം എടുത്തു പറയേണ്ടതാണ്), സീലയണുകളുടെ അഭ്യാസങ്ങൾ, അക്വേറിയം എന്നിവ ആയിരുന്നു ഈ കേന്ദ്രത്തിലെ പ്രധാന ആകർഷണങ്ങൾ. സമുദ്ര സംരക്ഷണത്തെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കാൻ ലക്ഷ്യമിട്ടു വിദ്യാഭ്യാസപരമായ പല പ്രവർത്തനങ്ങളും ഈ പാർക്കിൻ്റെ മേൽനോട്ടത്തിൽ നടത്തിയിരുന്നു, എന്നിരുന്നാലും, ജീവജാലങ്ങളുടെ സ്വതന്ത്ര വിഹാരത്തെ തടസ്സപ്പെടുത്തി മാനുഷിക നിയന്ത്രണത്തിൽ സംരക്ഷിക്കപ്പെടുന്നത് സംബന്ധിച്ച വിവാദങ്ങൾ ഈ പാർക്കിനെ വർഷങ്ങളായി പിന്തുടർന്നു.

എന്തുകൊണ്ട് അടച്ചുപൂട്ടി?
മൃഗസംരക്ഷണ പരിപാലന പ്രശ്നങ്ങളുടെ പേരിലും ജീവജാലങ്ങളുടെ അകാരണമായ മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് മൂലവും യു.എസ്. ഡിപ്പാർട്ട്മെന്റ് ഓഫ് അഗ്രികൾച്ചറിന്റെ (USDA) നോട്ടീസുകൾ കഴിഞ്ഞ വർഷങ്ങളിൽ പലതവണ സീക്വേറിയം അധികൃതർ കൈപ്പറ്റേണ്ടിവന്നത് മൂലം ഈ പാർക്ക് വാർത്തകളിൽ ഇടംപിടിച്ചു തുടങ്ങിയിരുന്നു. പീറ്റ (PETA) പോലുള്ള ജീവിജാല അവകാശ സംഘടനകൾ ദശകങ്ങളായി പാർക്കിനെതിരെ പ്രതിഷേധവുമായി രംഗത്ത് വരികയും, ജീവികളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തുകൊണ്ടിരുന്നു. 2024 മാർച്ചിൽ, മൃഗസംരക്ഷണ അവകാശ ലംഘനങ്ങൾ ചൂണ്ടിക്കാട്ടി മയാമി-ഡേഡ് കൗണ്ടി, പാർക്കിന്റെ ലീസ് റദ്ദാക്കി. ജീവികളെ പരിചരിക്കുന്നതിലെ പാളിച്ചകൾ അപര്യാപ്തമായ സൗകര്യങ്ങൾ, മെഡിക്കൽ കെയർ ഇല്ലായ്മ തുടങ്ങിയവയായിരുന്നു ലൈസൻസ് റദ്ദാക്കലിലേക്ക് വിരൽ ചൂണ്ടിയ പ്രധാന കാരണങ്ങൾ. തുടർന്ന്, 2025-ൽ കമ്പനി ബാങ്ക്രപ്റ്റ്സി ഫയൽ ചെയ്തതോടെ, പ്രവർത്തനം തുടരാൻ കഴിയാതെ വന്നു.

അടച്ചുപൂട്ടൽ എന്ന് മുതൽ?
സീക്വേറിയം 2025 ഒക്ടോബർ 12-ന് ഔദ്യോഗികമായി അടച്ചുപൂട്ടി. ഒക്ടോബർ 7-ന് പാർക്ക് അടച്ചുപൂട്ടൽ പ്രഖ്യാപിച്ചതിനുശേഷം തുടർദിവസങ്ങളിൽ സന്ദർശകർക്കായി തുറന്നിരുന്നു. മൃഗജീവി സംരക്ഷണ അവകാശ പ്രവർത്തകർ ഈ അടച്ചുപൂട്ടലിനെ സ്വാഗതം ചെയ്തു. എന്നാൽ ബാക്കിയുള്ള ജീവികളുടെ ഭാവി സംബന്ധിച്ച ആശങ്കകൾ ഉയർത്തി ഇപ്പോഴും ഒരു ചോദ്യചിഹ്നമായി നിലകൊള്ളുന്നു.
ഓർക്കകൾ എന്ന ഡോൾഫിനുകൾ എങ്ങനെ “കൊലയാളി തിമിംഗലങ്ങൾ” എന്ന് വിളിക്കപ്പെട്ടു?
ഓർക്കകൾ വലിയ തിമിംഗലങ്ങളെ (ഉദാഹരണത്തിന്, ഗ്രേ തിമിംഗലങ്ങളോ/ഹമ്പ്ബാക്ക് തിമിംഗലങ്ങളോ) കൂട്ടമായി വേട്ടയാടുന്നത് കണ്ടപ്പോൾ പുരാതന നാവികർ, പ്രത്യേകിച്ച് സ്പാനിഷ് തിമിംഗല വേട്ടക്കാർ, നൽകിയതാണ് ഈ പേര്. അവർ ഇവയെ “അസസിൻ തിമിംഗലങ്ങൾ” (ballena asesina) അല്ലെങ്കിൽ “തിമിംഗല കൊലയാളികൾ” (asesino de ballenas) എന്ന് വിളിച്ചു. കാലക്രമേണ, ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യപ്പെട്ടപ്പോൾ, പേര് “killer whale” ആയി മാറി. 18-ഉം 19-ഉം നൂറ്റാണ്ടുകളിൽ ഈ പേര് സ്ഥിരീകരിക്കപ്പെട്ടു. ശാസ്ത്രീയനാമമായ Orcinus orca യിൽ, “Orcinus” എന്നത് ലാറ്റിൻ ഭാഷയിൽ “മരണത്തിന്റെ ലോകത്തിന്റെ” അല്ലെങ്കിൽ “ഓർക്കസ് ദേവന്റെ” എന്ന അർത്ഥമാണുള്ളത്. ഒർക്കകൾ ശാസ്ത്രീയമായി ഡോൾഫിനുകളാണ്. പക്ഷേ, അവയുടെ വലിപ്പം—10 മീറ്റർ വരെ നീളവും 10 ടൺ ഭാരവും— നാവികരാൽ അവയെ തിമിംഗലങ്ങളായി താരം തിരിക്കാൻ ഇടയാക്കി.

