ടൊറോന്റോ: കാനഡയിലെ ഒന്റാറിയോ പ്രവിശ്യാ സർക്കാർ നിയന്ത്രിത തൊഴിലുകളിൽ ജോലി ചെയ്യുന്നവർക്ക് രാജ്യത്തുടനീളം ജോലി തേടുന്നതിനുള്ള ഇന്റർ- പ്രവിശ്യാ തടസ്സങ്ങൾ നീക്കി കാര്യങ്ങൾ കൂടുതൽ സുഗമമാക്കുമെന്ന് പ്രഖ്യാപിച്ചു. തൊഴിൽ ദിനത്തോടനുബന്ധിച്ച്, സെപ്റ്റംബർ ഒന്നിന് നടത്തിയ ഈ പ്രഖ്യാപനം, എഞ്ചിനീയർമാർ, ആർക്കിടെക്ടുകൾ, ഇലക്ട്രീഷ്യന്മാർ തുടങ്ങിയ 50-ലധികം “അവശ്യ” തൊഴിലുകളിൽ ജോലി ചെയ്യുന്നവർക്ക് ഒന്റാറിയോയിൽ ജോലി ലഭിക്കുന്നതിനുള്ള തടസ്സങ്ങൾ മാറുന്നതിനായി ഒന്റാറിയോ ഗവൺമെൻ്റ് മറ്റ് പ്രവിശ്യകളും ടെറിട്ടറികളുമായി കരാറുകൾ ഒപ്പ് വച്ചു.
2026 ജനുവരി 1 മുതൽ, നിയന്ത്രിത തൊഴിലുകളിൽ ജോലി ചെയ്യുന്നവർക്ക് അവരുടെ യോഗ്യതകൾ റെഗുലേറ്ററി അതോറിറ്റി സ്ഥിരീകരിച്ച് 10 ദിവസത്തിനുള്ളിൽ ഒന്റാറിയോയിൽ ജോലി ആരംഭിക്കാൻ കഴിയും. നിലവിലെ സംവിധാനത്തിൽ, യോഗ്യതയുള്ള തൊഴിലാളികൾക്ക് ജോലി ആരംഭിക്കുന്നതിന് മാസങ്ങളോളം കാത്തിരിക്കേണ്ടി അവസ്ഥയാണുണ്ടായിരുന്നത്. ഈ കരാറുകൾ ഒന്റാറിയോയിലെ തൊഴിലാളികൾക്ക് മറ്റ് പ്രവിശ്യകളിലും ടെറിട്ടറികളിലും ജോലി ലഭിക്കുന്നതിന് സഹായകമാകുന്ന നടപടികളും ഉൾക്കൊള്ളുന്നുവെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
“ഈ ചരിത്രപരമായ നടപടികൾ വഴി, താല്പരരായ തൊഴിലാളികൾക്കും ബിസിനസുകൾക്കും അവരുടെ കഴിവിനനുസരിച്ച് കൂടുതൽ അവസരങ്ങൾ കാനഡയിൽ ഉടനീളം സൃഷ്ടിക്കപ്പടുകയും, അതുവഴി പ്രവിശ്യയും രാജ്യവും ഉറ്റുനോക്കുന്ന വികസന പദ്ധതികളുടെ ദ്രുതഗതിയിലുള്ള വളർച്ചയുമാണ് ഞങ്ങളുടെ ലക്ഷ്യം,” ഒന്റാറിയോ തൊഴിൽ, കുടിയേറ്റ, പരിശീലന, നൈപുണ്യ വികസന മന്ത്രി ഡേവിഡ് പിച്ചീനി പറഞ്ഞു. “തൊഴിലാളികളെ സംരക്ഷിക്കുകയും അവർക്ക് മെച്ചപ്പെട്ട ജോലികൾ ലഭ്യമാക്കുകയും കൂടുതൽ ശക്തവും മത്സരാധിഷ്ഠിതവുമായ സമ്പദ്വ്യവസ്ഥ നിർമ്മിക്കുകയും ചെയ്യുന്നതിൽ കാനഡ എന്നും മുൻനിരയിലാണ്” അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ മാറ്റങ്ങൾ തൊഴിലാളികൾക്ക് വേഗത്തിലുള്ള ജോലി ലഭ്യത ഉറപ്പാക്കുകയും, കാനഡയുടെ സമ്പദ്വ്യവസ്ഥയെ വളർത്തുന്നതിന് സഹായിക്കുകയും ചെയ്യുമെന്ന് പ്രൊഫഷണൽ എഞ്ചിനീയർമാരുടെ ഒന്റാറിയോയുടെ സി.ഇ.ഒ. ജെന്നിഫർ ക്വാഗ്ലിയേറ്റ പറഞ്ഞു. “എഞ്ചിനീയർമാർക്ക് രാജ്യത്തുടനീളം സ്വതന്ത്രമായി ജോലി ചെയ്യാനുള്ള സ്വാതന്ത്ര്യം നൽകുന്നത് കാനഡയുടെ സമ്പദ്വ്യവസ്ഥയെ വളർത്താൻ സഹായിക്കും. ഇത് ഒന്റാറിയോയിലെ അത്യാവശ്യ പ്രോജക്ടുകൾക്കും സംരംഭങ്ങൾക്കും ഗുണം ചെയ്യും,” എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഈ നടപടികൾ 2025-ലെ Protect Ontario through Free Trade within Canada Act എന്ന നിയമത്തിന്റെ ഭാഗമായാണ് നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. 2023-ൽ ഒന്റാറിയോ 14 നിയന്ത്രിത തൊഴിലുകളിലും 23 നിർബന്ധിത ട്രേഡുകളിലുമായി ഏകദേശം 3,000 തൊഴിൽ മൊബിലിറ്റി അപേക്ഷകൾ പ്രോസസ്സ് ചെയ്തിരുന്നു. ഈ പുതിയ കരാറുകൾ തൊഴിലാളികൾക്ക് അവസരങ്ങൾ വർധിപ്പിക്കുകയും, രാജ്യത്തെ പ്രധാന പദ്ധതികൾക്ക് ആവശ്യമായ തൊഴിൽ ലഭ്യത ഉറപ്പാക്കുകയും ചെയ്യും.
