ഉയരുന്ന അൾട്രാവയലറ്റ് സൂചികയുമായി (UV index) ബന്ധപ്പെട്ട വാർത്തകൾ അടുത്തിടെയായി മാധ്യമങ്ങളിൽ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടാറുണ്ട്.

എന്നാൽ, അൾട്രാവയലറ്റ് രശ്‌മികൾ (UV rays) ആരോഗ്യത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്നും ഉയർന്ന അൾട്രാവയലറ്റ് സൂചിക സൃഷ്‌ടിച്ചേക്കാവുന്ന ആരോഗ്യപ്രശ്‌നങ്ങൾ എങ്ങനെ ഒഴിവാക്കാം എന്ന് നമുക്ക് വ്യക്തമായ ധാരണ ഉണ്ടാകേണ്ടതുണ്ട്.

അൾട്രാവയലറ്റ് രശ്‌മികൾ

പ്രകാശത്തേക്കാൾ തരംഗദൈർഘ്യം (wave length) കുറഞ്ഞ വൈദ്യുതകാന്തിക തരംഗങ്ങളാണ് (electromagnetic waves) അൾട്രാവയലറ്റ് രശ്‌മികൾ.

തരംഗദൈർഘ്യം അടിസ്ഥാനമാക്കി അൾട്രാവയലറ്റ് രശ്‌മികളെ മൂന്നായി തരം തിരിച്ചിരിക്കുന്നു: അൾട്രാവയലറ്റ് എ യും അൾട്രാവയലറ്റ് ബി യും അൾട്രാവയലറ്റ് സി യും.

ഇതിൽ അൾട്രാവയലറ്റ് സി രശ്‌മികൾക്കാണ് തരംഗദൈർഘ്യം ഏറ്റവും കുറവ്. ഭൂമിയുടെ പ്രതലത്തിൽ എത്തുന്നതിനു വളരെ മുമ്പ് തന്നെ ഇത്തരം രശ്‌മികൾ അന്തരീക്ഷത്തിൽ പൂർണ്ണമായും ആഗിരണം ചെയ്യപ്പെടുന്നു. അതുകൊണ്ട് തന്നെ, അൾട്രാവയലറ്റ് സി രശ്‌മികൾ ആരോഗ്യപ്രശ്‌നങ്ങൾക്ക് നേരിട്ട് കാരണമാകുന്നില്ല.

അൾട്രാവയലറ്റ് എ രശ്‌മികൾക്ക് ബി രശ്‌മികളെക്കാൾ തരംഗദൈർഘ്യം കൂടുതലാണ്. ഉയർന്ന തരംഗദൈർഘ്യം നമ്മുടെ ത്വക്കിന്റെയും കണ്ണുകളുടെയും കോശങ്ങൾക്കുള്ളിലേക്ക് തുളച്ചുകയറാൻ എ രശ്‌മികളെ സഹായിക്കുന്നു. എന്നാൽ, കൂടുതൽ ഊർജ്ജമുള്ളത് ബി രശ്‌മികൾക്കാണ്. ഈ രണ്ടുതരം രശ്‌മികളും ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകാം.

അൾട്രാവയലറ്റ് സൂചിക എന്നാൽ എന്ത്?

ഒരു സ്ഥലത്ത് ഒരു പ്രത്യേക സമയത്ത് സൂര്യാതപത്തിന് (sun burn) കാരണമാകാൻ ഇടയാക്കാവുന്ന അൾട്രാവയലറ്റ് രശ്‌മികളുടെ തോത് അളക്കുന്ന ഒരു അന്താരാഷ്ട്ര സൂചികയാണ് അൾട്രാവയലറ്റ് സൂചിക.

അൾട്രാവയലറ്റ് സൂചിക ഉയരുന്നത് എങ്ങനെ, എപ്പോൾ?

അന്തരീക്ഷത്തിലെ ഓസോൺ പാളിയിൽ ഉണ്ടാകുന്ന വിള്ളലുകളാണ് അൾട്രാവയലറ്റ് സൂചിക ഉയരുന്നത്തിന് കാരണമാകുന്നത്.

വ്യാവസായിക മേഖലകളിലെ നിർമ്മാണശാലകളിൽ നിന്നും മനുഷ്യവാസമേഖലകളിൽ ഉപയോഗിക്കുന്ന എയർ കണ്ടീഷണർ, ഫ്രിഡ്‌ജ്‌ മുതലായ ഉപകങ്ങളിൽ നിന്നും വൻ തോതിൽ പുറന്തള്ളപ്പെടുന്ന ക്ലോറോഫ്ലൂറോകാർബണുകൾ ആണ് ഓസോൺ പാളിയുടെ വിള്ളലുകൾക്ക് പ്രധാന കാരണം.

സാധാരണയായി മാർച്ച്-ഏപ്രിൽ മാസങ്ങൾ മുതൽ ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങൾ വരെയാണ് അൾട്രാവയലറ്റ് സൂചിക ഉയർന്ന തോതിൽ രേഖപ്പെടുത്താറുള്ളത്.

അൾട്രാവയലറ്റ് സൂചിക പ്രവചിക്കാനാകുമോ?

ആകാശത്തിലെ മേഘാവൃത അവസ്ഥയുടെ ശതമാനക്കണക്ക്, ഓസോൺ അളവ്, സൂര്യന്റെ സ്ഥാനം, ഓരോ സ്ഥലത്തിനും സമുദ്രനിരപ്പിൽ നിന്നുള്ള ശരാശരി ഉയരം തുടങ്ങിയവ അടിസ്ഥാനമാക്കി വിവിധ കമ്പ്യൂട്ടർ മോഡലുകളുടെ സഹായത്തോടെ ഓരോ സ്ഥലത്തെയും അൾട്രാവയലറ്റ് സൂചിക പ്രവചിക്കപ്പെടുന്നു. ഇത്തരം പ്രവചനങ്ങൾ വിവിധ സർക്കാരുകളുടെയും സ്വകാര്യ സ്ഥാപനങ്ങളുടെയും കാലാവസ്ഥാ വെബ്സൈറ്റുകയിൽ ലഭ്യമാണ്.

ഉയർന്ന അൾട്രാവയലറ്റ് സൂചിക ശരീരത്തിന്റെ ഏതൊക്കെ അവയവങ്ങളെ/സംവിധാനങ്ങളെ എങ്ങനെയൊക്കെ ബാധിക്കുന്നു?

ത്വക്ക്

ഉയർന്ന അൾട്രാവയലറ്റ് സൂചിക കാരണം ത്വക്കിൽ ഇരുണ്ട പാടുകൾ, അലർജി മൂലം ഉണ്ടാകുന്ന പ്രശ്‌നങ്ങൾ, പൊള്ളൽ, ചുളിവുകൾ തുടങ്ങി അർബുദം വരെ ഉണ്ടാകുവാൻ ഇടയുണ്ട്.

കണ്ണുകൾ

തരംഗദൈർഘ്യം കൂടുതൽ ആയതുകൊണ്ടുതന്നെ കണ്ണുകളുടെ ആരോഗ്യത്തെ കൂടുതൽ പ്രതികൂലമായി ബാധിക്കുന്നത് അൾട്രാവയലറ്റ് എ രശ്‌മികളുടെ അതിപ്രസരമാണ്.

കണ്ണുകളിൽ വീക്കം, ശോഷണം, തിമിരം, അർബുദം മുതലായ ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾക്ക് ഉയർന്ന തോതിലുള്ള അൾട്രാവയലറ്റ് രശ്‌മികൾ കാരണമാകാം.

അൾട്രാവയലറ്റ് രശ്‌മികൾ മൂലം കണ്ണുകളുടെ ആരോഗ്യം മോശമാകുവാനുള്ള സാധ്യത മുതിർന്നവരിൽ അപേക്ഷിച്ച് കുട്ടികളിൽ പലമടങ്ങ് അധികമാണ്. അതിനാൽ, കുട്ടികൾക്ക് അൾട്രാവയലറ്റ് രശ്‌മികൾ ഏൽക്കുന്നത് തടയാൻ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്.

രോഗപ്രതിരോധ സംവിധാനം (immune system)

ശരീരത്തിന്റെ രോഗപ്രതിരോധശേഷിയെ ഉയർന്ന അളവിലുള്ള അൾട്രാവയലറ്റ് രശ്‌മികൾ ദുർബലമാക്കുന്നു. ഇത്, മറ്റു പല രോഗങ്ങൾക്കും വഴിതെളിക്കാം.

എങ്ങനെ ഉയർന്ന അൾട്രാവയലറ്റ് സൂചികയുള്ള വെയിലിൽ നിന്ന് രക്ഷ നേടാം?

രാവിലെ പത്തുമണിക്കും വൈകുന്നേരം നാലുമണിക്കും ഇടയിലുള്ള സമയത്താണ് സാധാരണയായി അൾട്രാവയലറ്റ് സൂചിക ഏറ്റവും കൂടുതൽ. ഈ സമയങ്ങളിൽ നേരിട്ട് വെയിൽ ഏൽക്കുന്നത് കഴിവതും ഒഴിവാക്കാം.

ചർമ്മത്തിന്റെ സംരക്ഷണത്തിനായി ശരീരം പൂർണ്ണതോതിൽ ആവരണം ചെയ്യുന്ന, എന്നാൽ വായുസഞ്ചാരം സാധ്യമായ വസ്ത്രങ്ങൾ ധരിക്കാൻ ശ്രമിക്കാം.

വെയിലേൽക്കാതിരിക്കാൻ കുട ഉപയോഗിക്കാം. കൂടാതെ, തൊപ്പി, സൺഗ്ലാസ്സുകൾ തുടങ്ങിയവ ഉപയോഗിക്കുന്നത് കണ്ണുകളിൽ അൾട്രാവയലറ്റ് രശ്‌മികൾ ഏൽക്കുന്നത് തടയാൻ സഹായകമാകും.

അൾട്രാവയലറ്റ് രശ്‌മികളിൽ നിന്ന് സംരക്ഷണമേകാൻ വിവിധതരം സൺസ്‌ക്രീനുകളും വിപണിയിൽ ലഭ്യമാണ്. സൺ പ്രൊട്ടക്ഷൻ ഫാക്ടർ (SPF) 30 ന് മുകളിൽ ഉള്ള സൺസ്‌ക്രീനുകൾ ത്വക്കിന്‌ അൾട്രാവയലറ്റ് രശ്‌മികളിൽ നിന്ന് 97 ശതമാനമെങ്കിലും സംരക്ഷണമേകും എന്ന് ചില പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, സൺസ്‌ക്രീനുകൾ ചിലർക്കെങ്കിലും മറ്റ് ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കാൻ സാധ്യതയുള്ളതിനാൽ ത്വക്കുരോഗവിദഗ്‌ദരുടെ നിർദ്ദേശപ്രകാരം മാത്രം ഉപയോഗിക്കുന്നതാണ് ഉത്തമം.

മൃഗങ്ങളുടെ ആരോഗ്യത്തെ അൾട്രാവയലറ്റ് രശ്‌മികൾ സ്വാധീനിക്കുമോ?

ഉയർന്ന അൾട്രാവയലറ്റ് സൂചിക മൃഗങ്ങളിലും ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കാം. അതിനാൽ തന്നെ, വർധിച്ച അൾട്രാവയലറ്റ് സൂചിക പ്രവചിക്കപ്പെടുകയോ രേഖപ്പെടുത്തുകയോ ചെയ്യുമ്പോൾ വെയിലിൽ നിന്ന് മൃഗങ്ങൾക്ക് സുരക്ഷ ഒരുക്കാം.

അൾട്രാവയലറ്റ് രശ്‌മികൾ ഏതെങ്കിലും തരത്തിൽ ഉപകാരപ്രദമാണോ?

ശരീരത്തിനാവശ്യമായ വൈറ്റമിൻ ഡി ഉൽപ്പാദിപ്പിക്കുന്നതിൽ അൾട്രാവയലറ്റ് രശ്‌മികൾക്ക് പങ്കുവഹിക്കാൻ സാധിക്കും. എന്നാൽ, അൾട്രാവയലറ്റ് സൂചികയും മറ്റു അനുബന്ധ വിഷയങ്ങളും സംബന്ധിച്ച്‌ വിദഗ്‌ധരുടെ അഭിപ്രായം തേടിയ ശേഷം മാത്രം ഇതിനായി നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരിഗണിക്കാം. ചൂടും അൾട്രാവയലറ്റ് സൂചികയും കുറവായതിനാൽ രാവിലെയും വൈകിട്ടുമുള്ള സൂര്യപ്രകാശം പൊതുവെ സുരക്ഷിതമാണെന്ന് അനുമാനിക്കാം.

അൾട്രാവയലറ്റ് സി രശ്‌മികൾ പലവിധത്തിലുള്ള ഉപകരണങ്ങൾ അണുവിമുക്തമാക്കുവാൻ ഫലപ്രദമായി ഉപയോഗിച്ചുവരുന്നു. സ്വാഭാവികമായി സി രശ്‌മികൾ ഭൂമിയുടെ പ്രതലത്തിലേക്ക് എത്തുന്നില്ലെങ്കിലും ഇത്തരം ആവശ്യങ്ങൾക്കായി ഇവ വാണിജ്യാടിസ്ഥാനത്തിൽ ഉൽപ്പാദിപ്പിക്കപ്പെടുന്നു.

അൾട്രാവയലറ്റ് സൂചിക ഉയരുന്നത് ചെറുക്കാനുള്ള ദീർഘകാല നടപടികൾ

അൾട്രാവയലറ്റ് സൂചിക ഉയരുന്നത് തടയാൻ ക്ലോറോഫ്ലൂറോകാർബണുകൾ അന്തരീക്ഷത്തിൽ പെരുകുന്നത് നിയന്ത്രിക്കുന്നതിനും, അതുവഴി ഓസോൺ പാളിയിൽ കൂടുതൽ വിള്ളലുകൾ വീഴുന്നത് തടയുന്നതിനും ഉള്ള കൂട്ടായ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്.

Share.

ലേഖകൻ ഒരു പൊതുജനാരോഗ്യ വിദഗ്ദനാണ്. കഴിഞ്ഞ പത്ത് വർഷത്തിലേറെയായി ആരോഗ്യ ദുരന്തനിവാരണ മേഖലകളിൽ പ്രവർത്തിച്ചു വരുന്നു

1 Comment

  1. സൂര്യനിൽ നിന്നും ടാനിംഗ് ബെഡുകൾ പോലുള്ള കൃത്രിമ ഉപകരണങ്ങളിൽ നിന്നുമുള്ള അൾട്രാവയലറ്റ് (UV) പ്രസരണം മൂലം മനുഷ്യ ശരീരത്തിന് ദീർഘകാല ദോഷങ്ങൾക്കു സാധ്യത കൂടും. ഇതിൽ ചർമ്മ ക്യാൻസർ, പ്രായം കവിഞ്ഞ വൃദ്ധാവസ്ഥയുടെ ലക്ഷണങ്ങൾ, കണ്ണിനുണ്ടാകുന്ന പ്രശ്നങ്ങൾ, പ്രതിരോധശേഷിയുടെ കുറവ് തുടങ്ങിയവ ഉൾപ്പെടുന്നു.

    ഇന്ത്യൻ സൈനികർ വിന്യസിക്കപ്പെട്ടിരിക്കുന്ന കാശ്മീർ, കാർഗിൽ, ലേഹ്, ലഡാക്, സിയാച്ചിൻ ഗ്ലേസിയർ, സിക്കിം മുതലായ പ്രദേശങ്ങളിൽ – 8,000 മുതൽ 23,000 അടി സമുദ്രനിരപ്പിന് മുകളിൽ – UV പ്രസരണം വലിയതോതിൽ കാണപ്പെടുന്നു.
    COVID19 കാലത്തിൽ മേൽപറഞ്ഞ ഇടങ്ങളിൽ വിന്യസിക്കപ്പെട്ട സൈനികരിൽ രോഗം നന്നേ കുറവായിരുന്നു – ഇവിടെ UV പ്രസരണം അധികമായതിനാൽ.

Leave A Reply Cancel Reply

Exit mobile version
Privacy Overview

This website uses cookies so that we can provide you with the best user experience possible. Cookie information is stored in your browser and performs functions such as recognising you when you return to our website and helping our team to understand which sections of the website you find most interesting and useful.

Strictly Necessary Cookies

Strictly Necessary Cookie should be enabled at all times so that we can save your preferences for cookie settings.