‘She was my shelter and my storm ’

അരുന്ധതി റോയി അമ്മയെക്കുറിച്ചെഴുതുമ്പോൾ ഒന്നും മറച്ചുവയ്ക്കുന്നില്ല. മിസിസ് റോയിയുടെ ബലവും ദൗർബല്യവും ചായക്കൂട്ടുകളില്ലാതെ വിവരിക്കുന്നു ഏറ്റവും പുതിയ പുസ്തകത്തിൽ. എത്രയേറെ ദുരനുഭവങ്ങൾ ഉണ്ടായിട്ടും അനുകമ്പയോടും ആർദ്രതയോടെയും അഭിമാനത്താൽ വിജൃംഭണത്തോടെയുമാണ് മകൾ അവരെക്കുറിച്ചെഴുതുന്നത്. മദർ മേരി കംസ് ടു മി എന്ന ഓർമ്മക്കുറിപ്പുകളിൽ മേരി അരുന്ധതിയുടെയും സഹോദരന്റെയും വ്യക്തിത്വത്തിൽ ഏല്പിച്ച മുറിപ്പാടുകളെ തുറന്നു കാണിക്കുമ്പോഴും മേരിയില്ലെങ്കിൽ താനില്ല എന്ന യാഥാർത്ഥ്യമാണ് അരുന്ധതിയെ അഭിമുഖീകരിക്കുന്നത്. ആത്മകഥയെന്നു വേണമെങ്കിൽ വിശേഷിപ്പിക്കാവുന്ന മദർ മേരി കംസ് ടു മി എന്ന പുസ്തകം അരുന്ധതിയുടെ ജീവിതത്തെ പ്രകോപിപ്പിക്കുകയും ഒരർത്ഥത്തിൽ നിർണ്ണയിക്കുകയും ചെയ്ത ഉരുക്കുവനിത മേരി റോയിയുടെ ജീവിതത്തെ കേന്ദ്രീകരിച്ചാണ് രചിച്ചിട്ടുള്ളത്. അവർ എല്ലാ അർത്ഥത്തിലും ഒരു ചരിത്ര വനിതയായിരുന്നു. മിസിസ് റോയി അസാധാരണമായ വ്യക്തിപ്രഭാവമുള്ള ഒരു സ്ത്രീയായിരുന്നു. ഉഗ്രശാസനക്കാരി, പൊട്ടിത്തെറിപ്പുകാരി, ലക്ഷ്യപ്രാപ്തിക്കായി അചഞ്ചലയായി നിലകൊള്ളുന്നവൾ, വളരെ പ്രശസ്തമായ ഒരു പള്ളിക്കൂടത്തിന്റെ സ്ഥാപക,അലസനും മദ്യപനുമായ ബംഗാളി ബൂർഷ്വാ പാരമ്പര്യമാളുന്ന ഭർത്താവിനെ ഒരു ‘നതിംഗ് മാൻ ‘ എന്നു വിളിച്ച് ജീവിതത്തിൽ നിന്ന് ആട്ടിപ്പായിച്ചവൾ,( ജീവിതാന്ത്യം വരെ, അയാൾ ജീവിച്ചിരുപ്പുണ്ടോ എന്നന്വേഷിക്കുക പോലും ചെയ്യാത്തവൾ) ട്രാവൻകൂർ പിന്തുടർച്ചാവകാശ നിയമത്തെ സുപ്രീം കോടതിയിൽ പോയി വെല്ലുവിളിച്ച് ക്രിസ്ത്യൻ സമുദായത്തിൽ സ്ത്രീക്കും പുരുഷനും പിതൃസ്വത്തിൽ തുല്യാവകാശം ഉണ്ടെന്ന വിധി സമ്പാദിച്ച് മത നേതൃത്വത്തെയും യാഥാസ്ഥിതിക വൃത്തത്തെയും ഞെട്ടിപ്പിച്ചവൾ, ഇഷ്ടപ്പെടാത്ത കാര്യം കണ്ടാൽ കളക്ടറായാലും പൊന്നു തമ്പുരാനായാലും വക വയ്ക്കാതെ ആക്രോശിക്കുന്നവൾ – ഇങ്ങനെയുള്ള മിസിസ് റോയിയുടെ ജീവിതവും പ്രവർത്തനമണ്ഡലവും അയ്മനം കുടുംബത്തിന്റെ കഥയും കലർപ്പില്ലാതെ ആവിഷ്കരിക്കുകയാണ് അരുന്ധതി തന്റെ പുതിയ പുസ്തകത്തിൽ. മിസിസ് റോയി തന്നെയാണ് ഈ ഗ്രന്ഥത്തിന്റെ പ്രഭവകേന്ദ്രവും ഭ്രമണകേന്ദ്രവും.

ട്രാവൻകൂർ പിന്തുടർച്ചാവകാശ നിയമത്തെ സുപ്രീം കോടതിയിൽ പോയി വെല്ലുവിളിച്ച് ക്രിസ്ത്യൻ സമുദായത്തിൽ സ്ത്രീക്കും പുരുഷനും പിതൃസ്വത്തിൽ തുല്യാവകാശം ഉണ്ടെന്ന വിധി സമ്പാദിച്ച് മത നേതൃത്വത്തെയും യാഥാസ്ഥിതിക വൃത്തത്തെയും ഞെട്ടിപ്പിച്ചവൾ, ഇഷ്ടപ്പെടാത്ത കാര്യം കണ്ടാൽ കളക്ടറായാലും പൊന്നു തമ്പുരാനായാലും വക വയ്ക്കാതെ ആക്രോശിക്കുന്നവൾ – ഇങ്ങനെയുള്ള മിസിസ് റോയിയുടെ ജീവിതവും പ്രവർത്തനമണ്ഡലവും അയ്മനം കുടുംബത്തിന്റെ കഥയും കലർപ്പില്ലാതെ ആവിഷ്കരിക്കുകയാണ് അരുന്ധതി തന്റെ പുതിയ പുസ്തകത്തിൽ.

അരുന്ധതി റോയ്

മിസിസ് റോയി അവരുടെ അമ്മയുടെ കർക്കശ സ്വഭാവത്തിൽ നിന്ന് രക്ഷപ്പെടാൻ ആദ്യം കണ്ട പുരുഷനെ വിവാഹം ചെയ്യുന്നു. ബംഗാളിയായ മൈക്കിൾ റോയി പക്ഷേ, അലസനും മുഴുക്കുടിയനുമായി മാറുന്നതാണ് മേരിക്കു കാണാൻ കഴിഞ്ഞത്. ആ ബന്ധം അതോടെ മുറിച്ചെറിഞ്ഞു. കുട്ടികളെ വളർത്താൻ ഒരുപാട് പാടുപെട്ടു. ഊട്ടിയിൽ പൈതൃകമായി ഉണ്ടായിരുന്ന ഒരു പഴയ കെട്ടിടത്തിൽ താമസ്സമാക്കുന്നു. മിസിസ് റോയിയുടെ വ്യക്തി പ്രഭാവവും പ്രതിഭാശക്തിയും പോരാട്ട വീര്യവുമാണ് അരുന്ധതിയുടെ ഓർമ്മക്കുറിപ്പുകളിൽ പ്രധാനമായും കടന്നുവരുന്നത്.ജീവിതമേൽപ്പിച്ച തിക്താനുഭവങ്ങളും ദാരിദ്ര്യവും അവരുടെ വ്യക്തിത്വത്തെ കൂടുതൽ പരുക്കനാക്കി മാറ്റി. കുടുംബത്തിൽ അവർ ഏകഛത്രാധിപതിയായി വിരാജിക്കുകയായിരുന്നു.അവരുടെ കലിതുള്ളലിൽ ഭയന്നു പോയ ബാല്യമായിരുന്നു അരുന്ധതിക്കും സഹോദരനുമുണ്ടായിരുന്നത്. മിസിസ് റോയിയുടെ നാവിൽ നിന്ന് നീ എന്റെ കഴുത്തിലെ തിരികല്ലാണ് എന്ന കഠിനവാക്ക് എത്ര തവണ അരുന്ധതി ബാല്യത്തിൽ കേട്ടിരിക്കണം! ചെറിയ അനിഷ്ടങ്ങളെ തുടർന്ന് ഗെറ്റൗട്ട് ഓഫ് മൈ ഹൗസ്, ഗെറ്റൗട്ട് ഓഫ് മൈ ലൈഫ് എന്നീ അലർച്ചകൾ ആ കുഞ്ഞുങ്ങളെ എത്ര മാത്രം അരക്ഷിതത്വത്തിലും ഭയത്തിലും കൊണ്ടെത്തിച്ചിരിക്കണം ! എന്നാൽ മിസിസ് റോയിയെ ശരിക്കു മനസ്സിലാക്കി കഴിയുമ്പോൾ അവരെ അങ്ങനെയങ്ങ് കുറ്റപ്പെടുത്താനാവുമോ? ഈ ചോദ്യമാണ് അരുന്ധതിയുടെ വാക്കുകളിൽ ഗോപ്യമായി നിറയുന്നത് . ഏതൊക്കെയോ കിറുക്കുകൾ കൂടിക്കുഴഞ്ഞ പ്രതിഭയായിരുന്നു മിസിസ് റോയിക്കുണ്ടായിരുന്നത്. അവരുടെ നിശ്ചയദാർഢ്യവും തീരുമാനിച്ചുറച്ച കാര്യം സഫലമാക്കുന്നതിന് ചെയ്ത അധ്വാനവും വിദ്യാഭ്യാസത്തെ സംബന്ധിച്ച് അവർക്കുണ്ടായിരുന്ന ഉന്നതമായ കാഴ്ചപ്പാടും സ്ത്രീപുരുഷ സമത്വത്തെക്കുറിച്ച് അവർ വച്ചുപുലർത്തിയിരുന്ന നിലപാടും ആണ് ഇന്നും കേരളീയ സമൂഹത്തിൽ അവരുടെ പേരിന് കിട്ടുന്ന അംഗീകാരത്തിനു ഹേതു. അവർക്ക് എന്തെല്ലാം സ്വഭാവ ദൗർബല്യങ്ങളുണ്ടായിരുന്നെങ്കിലും ആ അസാധാരണമായ കാഴ്ചപ്പാട് (vision) ഇന്നും കേരള സമൂഹത്തിൽ റദ്ദ് ചെയ്യപ്പെട്ടിട്ടില്ല. അവർ ഒരു വിഷനറി ആയിരുന്നു. ചില കാര്യങ്ങളിൽ കടുംപിടുത്തമുണ്ടായിരുന്നു. അവരോട് അടുപ്പമുള്ളവരിൽ പോലും നിർദ്ദയമായ സമീപനം കൊണ്ട് ഭീകരത സൃഷ്ടിച്ചു. മറിച്ചൊരു വശമുണ്ടായിരുന്നു മിസിസ് റോയിക്ക്. തിരിച്ചു വ്യത്യാസമില്ലാതെ അവരുടെ പള്ളിക്കൂടത്തിലെത്തിയ കുഞ്ഞുങ്ങൾക്ക് ഏറ്റവും മെച്ചപ്പെട്ട വിദ്യാഭ്യാസം നൽകി. പ്രകൃതിയെ പ്രണയിച്ചു. സകല കലകളിലും താത്പര്യം കാട്ടി. വിദ്യാർത്ഥികളുടെ സർവതോമുഖമായ വികാസം ലക്ഷ്യമാക്കി ഒരു കരിക്കുലം അവർ സ്വീകരിച്ചു. അവർ സ്കൂളും കരിക്കുലവും പ്രിൻസിപ്പാളും വിദ്യാർത്ഥികളുടെ സംരക്ഷകയും എല്ലാമായിരുന്നു. മേരിയുടെ സ്കൂളിന്റെ യശസ്സ് ഇന്ത്യയെമ്പാടും വ്യാപിച്ചു. ഇതേ വ്യക്തി തന്നെ ബാലിശമായ പ്രതികരണങ്ങളിൽ ഏർപ്പെട്ടു. ഒരിക്കൽ കൊടുത്ത സമ്മാനങ്ങൾ ഇഷ്ടക്കേടിന്റെ പേരിൽ തിരികെ ആവശ്യപ്പെട്ടു. എല്ലാ വൈരുധ്യങ്ങൾക്കിടയിലും മിസിസ് റോയി വലിയൊരു പ്രതിഭാസമായി തുടർന്നു. പുറമേ പരുക്കനായിരുന്ന ആ സ്ത്രീയുടെ അകം പക്ഷേ, അലിവുള്ളതായിരുന്നു. പെട്ടെന്ന് പ്രകോപിതയാവുന്ന ഒരു ശുദ്ധഗതിക്കാരിയായിരുന്നു അവർ. തന്റെ സങ്കല്പങ്ങൾക്കു നിരക്കാത്ത കാര്യങ്ങളോട് ആജന്മവിമുഖത കാണിക്കുന്നതിനും ആരെയും തന്റെ വരുതിക്കുള്ളിൽ നിർത്തുന്നതിനും അവർക്കു കഴിവുണ്ടായിരുന്നു. അരുന്ധതിയോട് പുറമേക്ക് വിരോധം കാണിച്ചിരുന്നെങ്കിലും അകമേ സ്നേഹമുള്ള പ്രകൃതമായിരുന്നു. വീടു വിട്ടു പോയി ഏഴു വർഷങ്ങൾക്കു ശേഷം അരുന്ധതി ആദ്യമായി അമ്മയെ കാണുന്ന രംഗം വിവരിക്കുന്നത് ഹൃദയസ്പർശിയായ അനുഭവമാണ്. ഒരു മണിക്കൂറിനുള്ളിൽ അവർ വീണ്ടും തെറ്റുന്നു. പിറ്റേന്ന് മകളുടെ വാതിൽക്കൽ മേരി റോയി എത്തുന്നു. അവൾക്ക് പഴയ ഒരു ടൈപ്പ് റൈറ്റർ കൊണ്ടുവന്നിട്ടുണ്ട്. അരുന്ധതിക്ക് ഹൃദയം നിറഞ്ഞു. പക്ഷേ, സ്നേഹ പ്രകടനം നിയന്ത്രിച്ചു. നന്ദി പറയുക മാത്രം ചെയ്തു. നിങ്ങളുടെ മകളുടെയുള്ളിൽ ഒരുഴുത്തുകാരിയുണ്ടെന്ന് അംഗീകരിച്ചതിൽ നന്ദി എന്നായിരുന്നു ആ നന്ദിപ്രകടനത്തിന്റെ അർത്ഥം. ഈ വൈകാരിക മുഹൂർത്തങ്ങളെ അടക്കിപ്പിടിച്ച മനസ്സോടെ വിവരിക്കുമ്പോൾ നമ്മുടെ വായന സാർഥകമാവുന്നു. കാരണം വൈകാരികതയുടെ മെലോഡ്രാമ എവിടെയുമില്ല.പുരുഷന്മാരോടുള്ള വെറുപ്പു കൊണ്ടാവാം തന്റെ പുത്രനോട് അവർ നിർദ്ദയം പെരുമാറി.

പതിനാറു വയസ്സിൽ അമ്മ മേരി റോയിയെ വിട്ടു പോയത് അവരോട് സ്നേഹമില്ലാത്തതു കൊണ്ടല്ല; മറിച്ച് ഉള്ള സ്നേഹം നഷ്ടപ്പെടാതിരിക്കാനായിരുന്നു എന്ന് അരുന്ധതി എഴുതുന്നുണ്ട്. മിസിസ് റോയിയെ അരുന്ധതിക്ക് പൂർണ്ണമായും മനസ്സിലായില്ല. അവർക്ക് ഭ്രാന്താണെന്ന് അവൾ ചിന്തിച്ചിട്ടുണ്ട്. എന്നാൽ അടുത്തു നിന്നുള്ള കാഴ്ചയല്ല, അകന്നു നിന്നുള്ള കാഴ്ചയിൽ ഉണ്ടാവുക. അകന്നു നിന്നു നോക്കുമ്പോൾ അവരുടെ അസാധാരണമായ പ്രതിഭ, ഉദാരത, ക്രൂരത, കിറുക്ക് (eccentricity) വന്യവും പ്രവചനാതീതവുമായ വ്യക്‌തിത്വം ഇവയാണ് അരുന്ധതിക്ക് ഓർത്തെടുക്കാൻ കഴിയുന്നത്.

മിസിസ് റോയിയുടെ ക്ഷിപ്രകോപവും അലറലും ഒക്കെ അരുന്ധതിയുടെയുംസഹോദരന്റെയും ബാല്യം നരകസമാനമാക്കിത്തീർക്കുന്നുണ്ടെങ്കിലും പിന്തിരിഞ്ഞു നോക്കുമ്പോൾ അരുന്ധതിക്ക് അമ്മ മേരിയോട് ഉള്ളിൽ സ്നേഹമായിരുന്നു. മേരി റോയിക്ക് ജീവിതകാലം മുഴുവൻ കലശലായ വലിവ് രോഗം ആയിരുന്നു. ആസ്‌ത് മ വരുന്ന സമയങ്ങളിൽ ശ്വാസം എടുക്കാൻ പണിപ്പെടുന്ന റോയിക്ക് താൻ അമ്മയ്ക്കു വേണ്ടി ശ്വസിക്കും എന്ന ചിന്തയായിരുന്നു. അരുന്ധതി അമ്മയ്ക്കു വേണ്ടി ശ്വസിച്ചു. അവരുടെ ശ്വാസകോശമായി മാറി. അവരുടെ ശരീരമായി. അമ്മയോട് താദാത്മ്യം പ്രാപിക്കുന്ന ബാലിക അരുന്ധതിയെ ഇവിടെ കാണാം.

കുട്ടിക്കാലത്ത് പ്രോഗ്രസ് റിപോർട്ട് വന്നപ്പോൾ സഹോദരൻ ലളിത് കുമാർ ക്രിസ്റ്റഫർ റോയിയെ മേരി ഒരു തടിക്കഷണം ഒടിയുന്നതുവരെ മർദ്ദിക്കുന്നത് കണ്ട് അരുന്ധതി കണ്ണടച്ചു ഉറക്കം നടിച്ചു കിടന്നു. അന്നു തന്നെ അരുന്ധതിയുടെ റിപോർട്ട് കണ്ട് മേരി,നിനക്ക് ബ്രില്യന്റായ റിപോർട്ടാണ് എന്നുപറയുമ്പോൾ അരുന്ധതിക്കു വല്ലായ്മ തോന്നി. അരുന്ധതിഎഴുതുന്നു:” എനിക്ക് നാണക്കേട് തോന്നി. എനിക്ക് എന്നോടു തന്നെ വെറുപ്പു തോന്നി. അന്നുമുതൽ എന്റെ എല്ലാ വ്യക്തിപരമായ നേട്ടങ്ങളും വരാൻ പോകുന്ന ദുഷ്കരമായ എന്തോ ഒന്നിനെക്കുറിച്ചുള്ള ചിന്തയാണ് എന്നിലുളവാക്കിയിരുന്നത്. ആരെങ്കിലും വിജയാശംസകളറിയിക്കുമ്പോൾ, അഭിനന്ദിക്കുമ്പോൾ മറ്റൊരാൾ, നിശബ്ദനായ മറ്റൊരാൾ മറ്റേ മുറിയിൽ തല്ലുകൊള്ളുന്നതായി എനിക്ക് എപ്പോഴും തോന്നും” p.43.

അസമിൽ മിക്കി റോയിക്ക് തൊഴിൽ നഷ്ടപ്പെടുകയും അയാളുടെ മദ്യപാനശീലം കലശലാവുകയും ചെയ്ത സാഹചര്യത്തിലാണ് ആ ബന്ധം ഉപക്ഷിച്ച് രണ്ടു കുട്ടികളുമായി മിസിസ് റോയി ഊട്ടിയിലെത്തുന്നത്. അവിടെ അമ്മയുടെ വല്യപ്പൻ വക ആൾത്താമസമില്ലാതെ കിടന്നിരുന്ന ഹോളിഡേ കോട്ടേജിൽ താമസമാക്കി. കുറച്ചു മാസത്തെ അഭയാർത്ഥി ജീവിതത്തിനിടയിൽ മുത്തശ്ശിയും അവരുടെ മകൻ ജോർജ് ഐസക്കും മിസിസ് റോയിയെയും മക്കളെയും ഒഴിപ്പിക്കാനെത്തുന്നതോടെ അവർ അയ്മനത്തെ തറവാട്ടിലെത്തുന്നു. അയ്മനം വീട്ടുകാർ തമ്മിൽ തമ്മിൽ എന്നും ശണ്ഠയായിരുന്നു. അരുന്ധതി അവരെ അയ്മനം കോസ്മോപോളിറ്റൻസ്എന്നാണ് വിളിക്കുന്നത്. അവിടെ മേരി സ്കൂൾ സ്ഥാപിക്കുകയും വളരെ എളിയ തോതിൽ അതിന്റെ പ്രവർത്തനം നടന്നുവരികയും ചെയ്തു. മേരിയെയും കുട്ടികളെയും അരുന്ധതി വിളിക്കുന്നത് മിസിസ് മേരി ആൻഡ് ഫിഫ്റ്റീൻ ഡോർഫ്സ് എന്നായിരുന്നു.

എങ്ങും പോകാനിടമില്ലാത്ത റോയിയെയും മക്കളെയും ഐസക്ക് അമ്മാവൻ ഇറക്കിവിടുമ്പോൾ അത് തന്റെ വീടിന്റെ അടിത്തറ തോണ്ടുകയായിരുന്നുവെന്ന് അന്ന് മനസ്സിലാക്കിയില്ല.ഈ സാഹചര്യത്തിലാണ് മിസിസ് റോയി പിന്തുടർച്ചാവകാശ നിയമത്തിനെതിരെ സുപ്രീം കോടതിയിൽ കേസ് ഫയൽ ചെയ്തത്. കോടതി വിധിയിലൂടെ സ്ത്രീകൾക്ക് തുല്യാവകാശം സിദ്ധിച്ചപ്പോൾ അതൊരു സുപ്രധാന വിധിയായി. അതുളവാക്കിയ സാമൂഹിക ചലനം ഊഹിക്കാൻ കഴിയുന്നതിനുമപ്പുറമായിരുന്നു.

ട്രാവൻകൂർ ക്രിസ്ത്യൻ പിന്തുടർച്ചാവകാശ നിയമപ്രകാരം കുടുംബ സ്വത്തിൽ സ്ത്രീകൾക്ക് അവകാശമില്ലായിരുന്നു. എങ്ങും പോകാനിടമില്ലാത്ത റോയിയെയും മക്കളെയും ഐസക്ക് അമ്മാവൻ ഇറക്കിവിടുമ്പോൾ അത് തന്റെ വീടിന്റെ അടിത്തറ തോണ്ടുകയായിരുന്നുവെന്ന് അന്ന് മനസ്സിലാക്കിയില്ല.ഈ സാഹചര്യത്തിലാണ് മിസിസ് റോയി പിന്തുടർച്ചാവകാശ നിയമത്തിനെതിരെ സുപ്രീം കോടതിയിൽ കേസ് ഫയൽ ചെയ്തത്. കോടതി വിധിയിലൂടെ സ്ത്രീകൾക്ക് തുല്യാവകാശം സിദ്ധിച്ചപ്പോൾ അതൊരു സുപ്രധാന വിധിയായി. അതുളവാക്കിയ സാമൂഹിക ചലനം ഊഹിക്കാൻ കഴിയുന്നതിനുമപ്പുറമായിരുന്നു. മുത്തശ്ശിയും ഐസക്ക് അമ്മാവനും ഭാര്യ സൂസിയും വീട്ടുവിട്ടിറങ്ങി താത്കാലിക ഷെഡിലേക്ക് താമസ്സം മാറ്റേണ്ടിവന്നു.

ഇതിനിടയിൽ അമ്മയുടെ ആക്രോശങ്ങളും ശാപവാക്കുകളും സഹിക്കവയ്യാതെ അരുന്ധതി വീടുവിട്ടു പോവുന്നു. ദൽഹിയുടെ തെരുവിൽ അരുന്ധതി ജീവിതം പഠിച്ചു. ആർക്കിടെക്റ്റ് പഠനം പൂർത്തിയാക്കി. കുറച്ചു നല്ല സുഹൃത്തുക്കളായിരുന്നു അരുന്ധതിയുടെ ബലം. ഏഴുവർഷം മകൾ ജീവിച്ചിരുപ്പുണ്ടോ എന്ന് അമ്മ അന്വേഷിച്ചില്ല. മകൾ അമ്മയെ കാണാൻ പോയുമില്ല. മാസ്സി സാഹിബ് എന്ന സിനിമയിൽ അരുന്ധതി നായികയുടെ റോളിൽ അഭിനയിച്ചു. സിനിമാരംഗത്ത് പ്രദീപിനും ഗോലക്കിനുമൊപ്പം നിലയുറപ്പിച്ചു. അരുന്ധതി തിരക്കഥയെഴുതിയ സിനിമയ്ക്ക് നാഷണൽ അവാർഡ് ലഭിച്ചു. ദ ഗോഡ് ഓഫ് സ്മോൾ തിങ്സ് എന്ന നോവൽ എങ്ങനെ പ്രസിദ്ധീകരിക്കുമന്ന് ആശങ്കപ്പെട്ടിരിക്കുന്ന സമയത്ത് അതിന്റെ കൈയെഴുത്തു പ്രതി വായിച്ച് പ്രസിദ്ധീകരണാവകാശത്തിനായി പ്രസാധകർ വരി നിന്ന കാര്യമൊക്കെ ഓർമ്മക്കുറിപ്പുകളിൽ വിവരിക്കുന്നുണ്ട്. ബുക്കർ പുരസ്കാരം ദ ഗോഡ് ഓഫ് സ്മോൾ തിങ്സിന് ലഭിക്കുന്നു. ഇക്കാര്യങ്ങളൊക്കെ അരുന്ധതി വിവരിക്കുന്നത് എന്തോ വലിയ കാര്യങ്ങളെന്ന മട്ടിലല്ല. യാതൊരുവിധ നാട്യങ്ങളുമില്ലാതെ അതൊക്കെ ഓർമ്മിച്ചെടുക്കുകയും എഴുതുകയും ചെയ്യുന്നു ഇവിടെ.

ഡൽഹിയിലെ ജീവിതത്തെക്കുറിച്ച് അരുന്ധതി ഇങ്ങനെ പറയുന്നുണ്ട് : ‘എന്നെ ജയിലിൽ നിന്നോ ഗുരുതരമായ അപകടത്തിൽ നിന്നോ രക്ഷിച്ചത് വലിയ സ്വഭാവ ബലം കൊണ്ടോ കലാപരമായ ആഗ്രഹം കൊണ്ടോ ആയിരുന്നില്ല. വെറും യാദൃച്ഛികതയും പെട്ടെന്ന് എടുത്ത ചില തീരുമാനങ്ങളുടെയും ഫലമായിരുന്നു അവയൊക്കെ. ’

മിക്കി റോയി എന്ന മൈക്കിൾ റോയിയെ ഏറെക്കാലത്തിനു ശേഷം ലളിത് കുമാർ ക്രിസ്റ്റഫർ റോയിയും അരുന്ധതിയും കണ്ടെത്തുന്നു. സംസാരത്തിനിടയിൽ, ഒരിക്കൽ അരുന്ധതിയെ ജംഗിൾ ക്ലബ്ബിലേക്കുള്ള യാത്രയ്ക്കിടയിൽ കാറിൽ നിന്നിറക്കി വിട്ട കാര്യം ഓർമ്മിപ്പിക്കുന്നു. അരുന്ധതി ഉപഹാസ രൂപേണ എഴുതുന്നു, മിസ്റ്റർ ആൻഡ് മിസിസ് റോയിമാർക്ക് തമ്മിൽ ഒരു കാര്യത്തിൽ മാത്രം പൊരുത്തമുണ്ട്. അപരിചിത സ്ഥലങ്ങളിലും കാട്ടിൻ നടുവിലും മകളെ കാറിൽ നിന്ന് തൊഴിച്ചു പുറത്താക്കുന്ന കാര്യത്തിൽ !

മദർ മേരി കംസ് ടു മി പേര് സൂചിപ്പിക്കുന്നതുപോൽ അരുന്ധതിയുടെ അമ്മ മിസിസ് റോയിയുടെ സാഗയാണ്. അവരുടെ സ്വഭാവത്തിലേക്ക് വെളിച്ചം വീശുന്ന പല സംഭവങ്ങളും പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. “ഞാൻ അവരെ ചുറ്റിപ്പറ്റിയാണ് എന്നെത്തന്നെ നിർമ്മിച്ചത്. അവരെ ഉൾക്കൊള്ളാൻ കഴിയുന്ന ഒരു പ്രത്യേക പരുവത്തിലേക്ക് ഞാൻ വളർന്നു കഴിഞ്ഞിരുന്നു. ഒരിക്കലും അവരെ തോൽപ്പിക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നില്ല. ഒരിക്കലും എനിക്ക് ജയിക്കണമെന്ന് കരുതിയിട്ടുമില്ല. ഒരു രാജ്ഞിയെപ്പോലെ അവർ ഇവിടെ നിന്നും പോകണമെന്ന് ഞാൻ ആഗ്രഹിച്ചു. അങ്ങനെ തന്നെ അവർ നിഷ്ക്രമിച്ചതോടെ എന്റെ ജീവിതം അർത്ഥശൂന്യമായിത്തീർന്നു” (പുറം 368).

മിസിസ് റോയിയുടെ സ്വഭാവദാർഢ്യത്തെ വ്യക്തമാക്കുന്ന ഒരു സംഭവം അരുന്ധതി വിവരിക്കുന്നുണ്ട്. സ്കൂൾ വാർഷികത്തിന് മേരി തന്നെ രചിച്ച ജീസസ് ക്രൈസ്റ്റ് സൂപ്പർസ്റ്റാർ നാടകത്തിന് സ്കൂൾ കോമ്പൗണ്ടിൽ കളിക്കുന്നതിന് അന്നത്തെ കോട്ടയം കളക്ടർ അനുമതി നിഷേധിച്ചതായിരുന്നു അത്. കളക്ടർ രണ്ടു കുട്ടികളെ മേരിയുടെ സ്കൂളിൽ ചേർക്കാൻ ശുപാർശ ചെയ്തിരുന്നു. മേരി അത് അവഗണിച്ചു. അതിന്റെ ഈഗൊയാണ് നാടകത്തിന് അനുമതി നിഷേധിക്കുന്നതിനിടയാക്കിയത്. ആ കളക്ടർ പിന്നീട് സിവിൽ സർവീസിൽ നിന്ന് രാജി വച്ച് ബിജെപിയിൽ ചേർന്നു. കളക്ടറുടെ പേര് പറയുന്നില്ല. എങ്കിലും 1990 ൽ കോട്ടയത്തെ കളക്ടർ ആരായിരുന്നു എന്നത് ആർക്കും അറിയാൻ പാടില്ലാത്ത കാര്യമല്ലല്ലോ. കുട്ടികൾ തന്നെയാണ് ആക്റ്റ് ചെയ്യാൻ തയ്യാറായി നിന്നിരുന്നത്. അവരുടെ മനസ്സിലാണ് വെറും ഈഗൊയുടെ പേരിൽ ആ കളക്ടർ തീകോരിയിട്ടത്. മിസിസ് റോയി അവിടം കൊണ്ടവസാനിപ്പിച്ചില്ല. കോടതിയിൽ പോയി നാടകം കളിക്കാൻ അനുമതി വാങ്ങി. മറ്റൊരു സമയത്ത് അവർ നാടകം കളിക്കുകയും ചെയ്തു.

മിസിസ് റോയിക്ക് മകളോട് ഉള്ളിൽ സ്നേഹവും അഭിമാനവും ഉണ്ടായിരുന്നു. പുറമേയുള്ള പരുക്കൻ പ്രകൃതത്തിനപ്പുറം അവരിൽ സ്നേഹമയിയായ ഒരു അമ്മയുണ്ടായിരുന്നു. അവർ അരുന്ധതിയുടെ എഴുത്തെല്ലാം കൃത്യമായി വായിക്കാറുണ്ടായിരുന്നു. അരുന്ധതിയുടെ പൊളിറ്റിക്കൽ ലേഖനങ്ങൾ കൂടുതലായി പ്രസിദ്ധീകരിച്ചു വന്നിരുന്ന ഔട്ട്ലുക്ക്, ഫ്രണ്ട്ലൈൻ മാസികകൾ അവർ പതിവായി വായിച്ചിരുന്നു. മകൾ നേരിടാൻ പോവുന്ന പ്രതിസന്ധികളെക്കുറിച്ച് മിസിസ് റോയിക്ക് നല്ല ഉൽകണ്ഠയുണ്ടായിരുന്നു. എന്നാൽ അത് ഒരിക്കലും നേരിട്ടു സൂചിപ്പിച്ചില്ല. സഹപ്രവർത്തകരായ അധ്യാപകരോടും ഊട്ടിക്കാലം മുതൽക്കേ കൂടെയുണ്ടായിരുന്ന കുരിസുമ്മാളും അരുന്ധതി അയ്മനത്തു വരുമ്പോൾ അക്കാര്യങ്ങൾ പറഞ്ഞിരുന്നു. അങ്ങനെയാണ് അമ്മ മേരിക്ക് തന്നോടുള്ള സ്നേഹത്തിന്റെ ആഴം അരുന്ധതി അറിയുന്നത്. കോട്ടയത്തു ചെല്ലുമ്പോൾ പൂർവ്വവിദ്യാർത്ഥികളോട് സംസാരിക്കാൻ മേരി ആവശ്യപ്പെടാറുണ്ട്. മിസിസ് റോയിയുടെ വിദ്യാർത്ഥികളിൽ ഏറിയകൂറും സിറിയൻ ക്രിസ്ത്യൻ വിഭാഗത്തിലുള്ളവരായിരുന്നു. അവർ വളരെ സുഖകരമായ ജീവിതം നയിക്കുകയും മക്കളെക്കുറിച്ച് ഉയർന്ന പ്രതീക്ഷകൾ വച്ചുപുലർത്തുകയും ചെയ്തിരുന്നു. തങ്ങളുടെ മക്കൾ ഓക്സ്ഫഡിലോ ഹാർവാർഡിലോ ജോൺ ഹോപ്കിൻസിലോ ആണെന്നു പറയുന്ന മാതാപിതാക്കളെ കേട്ട് തനിക്ക് അല്പം മടുപ്പ് തോന്നാറുണ്ട്. അവരുടെ മകനോ മകളോ അവർ വിശ്വസിക്കുന്ന ഒന്നിനുവേണ്ടി നിലകൊണ്ടതിനാലോ സ്വന്തം കരിയറിനോ കുടുംബത്തിനോ അവരവർക്കു വേണ്ടിയോ അല്ലാത്ത കാര്യങ്ങൾക്കു വേണ്ടി പോരാടിയതിന്റെ പേരിൽ ജയിലിൽ അടയ്ക്കപ്പെട്ടിരിക്കുന്നു എന്ന് അഭിമാനത്തോടെ പറയുന്ന ഒരു രക്ഷിതാവിനെ കാണാൻ താൻ ആഗ്രഹിക്കുന്നു എന്ന് അരുന്ധതി ഒരവസരത്തിൽ സ്കൂളിലെ സീനിയർ വിദ്യാർത്ഥികളോട് പറഞ്ഞത് വലിയ വിവാദമായി. രക്ഷിതാക്കളിൽ നിന്നും പരാതി ഉയർന്നു. മിസിസ് റോയി അവയൊക്കെ കേട്ടിട്ട് അവരോട് തുറന്നടിച്ചു. ഞാനും ഇക്കാര്യത്തിൽ അരുന്ധതിയോട് യോജിക്കുന്നു എന്ന് ! ഒരു സ്കൂൾ പ്രിൻസിപ്പൽ സ്ഥാനത്തിരുന്നു കൊണ്ട് ഇതു പറയണമെങ്കിൽ അവർ എത്ര ധീരയും ഉൽപതിഷ്ണുവുമായിരുന്നു എന്ന് ഊഹിക്കാമല്ലോ.

എല്ലാ അർത്ഥത്തിലും അരുന്ധതി അമ്മ മേരിയുടെ മകളാണ്. ശരിയെന്നു തോന്നുന്ന കാര്യത്തിൽ നിന്ന് അവരെ ആർക്കും പിന്തിരിപ്പിക്കാനാവില്ല. ദേശീയഭ്രാന്തിനോടും സാമ്രാജ്യത്വശക്തികളോടുമാണ് അരുന്ധതിക്ക് യുദ്ധം ചെയ്യേണ്ടിയിരുന്നത്. 9/11 ആക്രമണത്തോടെ ലോകമെങ്ങും നടന്നിരുന്ന ടെററിസ്റ്റ് വിരുദ്ധ നീക്കങ്ങൾ അരുന്ധതി ഉറ്റുനോക്കിക്കൊണ്ടിരുന്നു. കോടതി വിധിയെ സർകാസത്തോടെ സമീപിച്ചതിന് തടവ് അനുഭവിക്കണ്ടെങ്കിൽ ക്ഷമാപണം നടത്താൻ ആവശ്യപ്പെട്ടപ്പോൾ തടവ് വരിക്കാൻ തയ്യാറാണെന്ന് പറഞ്ഞു.ശരിയായ അർത്ഥത്തിൽ അരുന്ധതി ഒരു റിബൽ ആയി ജീവിച്ചു.

എല്ലാ അർത്ഥത്തിലും അരുന്ധതി അമ്മ മേരിയുടെ മകളാണ്. ശരിയെന്നു തോന്നുന്ന കാര്യത്തിൽ നിന്ന് അവരെ ആർക്കും പിന്തിരിപ്പിക്കാനാവില്ല. ദേശീയഭ്രാന്തിനോടും സാമ്രാജ്യത്വശക്തികളോടുമാണ് അരുന്ധതിക്ക് യുദ്ധം ചെയ്യേണ്ടിയിരുന്നത്. 9/11 ആക്രമണത്തോടെ ലോകമെങ്ങും നടന്നിരുന്ന ടെററിസ്റ്റ് വിരുദ്ധ നീക്കങ്ങൾ അരുന്ധതി ഉറ്റുനോക്കിക്കൊണ്ടിരുന്നു. കോടതി വിധിയെ സർകാസത്തോടെ സമീപിച്ചതിന് തടവ് അനുഭവിക്കണ്ടെങ്കിൽ ക്ഷമാപണം നടത്താൻ ആവശ്യപ്പെട്ടപ്പോൾ തടവ് വരിക്കാൻ തയ്യാറാണെന്ന് പറഞ്ഞു. ശരിയായ അർത്ഥത്തിൽ അരുന്ധതി ഒരു റിബൽ ആയി ജീവിച്ചു.

ബെന്നി ഡൊമിനിക്, ലേഖകൻ

എങ്കിലും ഒരു വലിയ കാലത്തിന്റെ അന്ത്യം അരുന്ധതി വിവരിക്കുന്നത് വായിച്ച് നാം ഏറെ അസ്വസ്ഥരാവുക തന്നെ ചെയ്യും.

സുഹൃത്തും ഗുരുതുല്യനുമായ ജോൺ ബെർജറുമായി അരുന്ധതിക്കുണ്ടായിരുന്ന ഹൃദയബന്ധത്തെക്കുറിച്ച് വിവരിക്കുന്നത് വളരെ ഹൃദ്യമായി അനുഭവപ്പെട്ടു. മിസിസ് റോയിയുടെ രോഗം മൂർച്ഛിക്കുന്ന സമയത്ത് അരുന്ധതി കൂടെയുണ്ടായിരുന്നു. അവർ തമ്മിലുള്ള ലൗ ഹെയ്റ്റ് റിലേഷൻഷിപ്പ് ഒടുവിൽ ഏറ്റവും ഹൃദ്യമായ ബന്ധമായി പരിണമിക്കുന്നത് അരുന്ധതി വിവരിക്കുന്നത് വായിച്ച് നാം വികാരാധീനരാവും. എന്നാൽ മിസിസ് റോയിയുടെ മരണത്തെക്കുറിച്ച് അരുന്ധതി എഴുതുന്നത് വൈകാരിക വിക്ഷോഭമില്ലാതെയാണ്. എങ്കിലും ഒരു വലിയ കാലത്തിന്റെ അന്ത്യം അരുന്ധതി വിവരിക്കുന്നത് വായിച്ച് നാം ഏറെ അസ്വസ്ഥരാവുക തന്നെ ചെയ്യും. “ Two days after I got back to Delhi, on the first of September, she changed (was changed ) into fresh clothes, ate a good breakfast, and then lay down on her bed and died. Her face was peaceful. Not a flicker of grimace,not a trace of suffering. It was a perfect death.”

അതെ ആ പ്രക്ഷുബ്ധമായ ജീവിതം ഏറ്റവും പരിപൂർണ്ണമായി തന്നെ അവസാനിച്ചു.

Share.

കോട്ടയം ജില്ലയിൽ ഇടമറുക് സ്വദേശം. ഗവ.ഹയർസെക്കൻഡറി പ്രിൻസിപ്പൽ ആയി വിരമിച്ചു. ആത്മ ശൈലങ്ങളിലെ യാത്രികർ (ലോഗോസ് ബുക്സ് ) ചരിത്രത്തിന്റെ മുറിവുകൾ ( പുസ്തകപ്രസാധക സംഘം) സാഹിത്യനിരൂപണ ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ശിഥിലം എന്നൊരു വിവർത്തന സമാഹാരവും പുറത്ത് വന്നിട്ടുണ്ട്.

Leave A Reply Cancel Reply

Exit mobile version
Privacy Overview

This website uses cookies so that we can provide you with the best user experience possible. Cookie information is stored in your browser and performs functions such as recognising you when you return to our website and helping our team to understand which sections of the website you find most interesting and useful.

Strictly Necessary Cookies

Strictly Necessary Cookie should be enabled at all times so that we can save your preferences for cookie settings.