മിസിസാഗ, കാനഡ: സീറോ-മലബാർ സഭയുടെ മിസിസാഗ രൂപത അതിന്റെ പത്താം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘സർഗസന്ധ്യ 2025’ എന്ന മെഗാ ഇവന്റ് സെപ്റ്റംബർ 13-ന് ഒഷാവയിലെ വിറ്റ്ബിയിലുള്ള കാനഡ ഇവന്റ് സെന്ററിൽ നടക്കും. മിസ്സിസാഗ രൂപതയുടെ കീഴിലുള്ള ഡിവൈൻ അക്കാദമിയുടെ ബാനറിൽ ആഗോള മലയാള നാടക ചരിത്രത്തിലെ ഏറ്റവും ചിലവേറിയതും, ഏകദേശം 350 ഓളം കലാകാരന്മാർ ഒരു വേദിയിൽ ഒന്നിച്ചെത്തുന്നതുമായ നാടകം, ‘ദി ഇറ്റേണിറ്റി’യും, യുവജനങ്ങൾ അണിനിരക്കുന്ന ഇംഗ്ലീഷ് മ്യൂസിക്കൽ ഡ്രാമ ‘ദി റിഡംപ്ഷൻ’ഉം ബൃഹത്തായ രീതിയിൽ തന്നെ അണിയറയിൽ ഒരുങ്ങുന്നു. ആഘോഷങ്ങളോധനുബന്ധിച്ച്, വിവിധ ഇടവകകളിൽ നിന്നുള്ള പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനും വിശ്വാസം, കല, എന്നിവയുടെ സമന്വയത്തിനും വേണ്ടിയുള്ള ഒരുമയുടെ ആഘോഷമെന്നാണ് സംഘാടകർ പരിപാടിയെ വിശേഷിപ്പിക്കുന്നത്.
ഇവന്റിന്റെ പ്രധാന ആകർഷണങ്ങളിലൊന്നായ ‘ദി ഇറ്റേണിറ്റി’ എന്ന മലയാളം ബൈബിൾ സംഗീതനാടകം എഴുതിയിരിക്കുന്നത് ലണ്ടൻ ഒൻ്റാറിയോയിൽ താമസിക്കുന്ന മാത്യു ജോർജ്ജ് ആണ്. തോമസ് വർഗീസിന്റെ നേതൃത്വത്തിലാണ് നാടകത്തിന്റെ നിർമാണനിർവ്വഹണം. ചലച്ചിത്ര- നാടക നടനും സംവിധായകനുമായ ബിജു തയ്യൽചിറയുടെ സംവിധാന മേൽനോട്ടത്തിൽ അരങ്ങേറുന്ന ഈ നാടകം, പരമ്പരാഗത നാടകസങ്കേതങ്ങളിൽ നിന്നും വ്യത്യസ്തമായി, പ്രേക്ഷകരെ സിനിമാറ്റിക് ഡ്രാമയുടെ പുത്തൻ ദൃശ്യ വിസ്മയത്തിലേക്ക് ആനയിക്കുന്ന തരത്തിലാണ് അണിയിച്ചൊരുക്കുന്നത്.
അതേ ദിവസം അരങ്ങേറുന്ന ‘ദി റിഡംപ്ഷൻ’ ബ്രോഡ്വേ സ്റ്റൈലിലുള്ള ഇംഗ്ലീഷ് മ്യൂസിക്കൽ ഡ്രാമയാണ്. മലയാളി സമൂഹത്തിൽ നിന്നുള്ള യുവ പ്രതിഭകൾ അവതരിപ്പിക്കുന്ന ഈ സംഗീത ദൃശ്യാവിഷ്കാരം, പുതുതലമുറയുടെ അഭിനയ പാടവവും നൂതന സാങ്കേതികവിദ്യയും സമജ്ഞസമായി സമ്മേളിക്കുന്ന ദൃശ്യവിസ്മയം പ്രേക്ഷകർക്ക് പ്രദാനം ചെയ്യുമെന്നാണ് സംഘാടകർ വാഗ്ദാനം ചെയ്യുന്നത്.
2015-ലും 2017-ലും ഡിവൈൻ അക്കാദമിയുടെ കീഴിൽ അവതരണ ശൈലികൊണ്ട് പ്രേക്ഷക മനസുകളെ ഉദ്വേഗഭരിതമാക്കിയ സർഗ്ഗസന്ധ്യയുടെ മൂന്നാം പതിപ്പും പ്രേക്ഷകരുടെ മനം നിറയ്ക്കുന്ന ഒന്നായിരിക്കും.
മിസ്സിസാഗ രൂപതാധ്യക്ഷൻ മാർ ജോസ് കല്ലുവേലിയുടെ പ്രാർത്ഥനാശംസകളോടെ “നശ്വരതയിൽ നിന്ന് അനശ്വരതയിലേക്കുള്ള പ്രയാണം” എന്ന സന്ദേശവുമായി നിർമ്മിക്കപ്പെടുന്ന ‘ദി ഇറ്റേണിറ്റി”, ആഗോള നാടക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ (ബിഗ് ബജറ്റ്) നാടകം, ഏറ്റവും കൂടുതൽ അഭിനേതാക്കളെ ഒരു വേദിയിൽ എത്തിക്കുവാൻ ശ്രമിക്കുന്ന ആദ്യ സംരംഭം എന്നീ നിലയിലും ശ്രദ്ധയാകർഷിക്കുമെന്ന് സംഘാടകർ കേരളസ്കോപ്പിനോട് പറഞ്ഞു.
കാനഡയിൽ മിസ്സിസാഗ രൂപതയുടെ കീഴിലുള്ള ഒഷാവ, സ്കാർബറോ, മിസ്സിസാഗ, ഹാമിൽട്ടൺ, ലണ്ടൻ ഒൻ്റാറിയൊ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള മലയാളികളാണ് മാസങ്ങളോളമായി ഇതിൻ്റെ വിജയത്തിനായി പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്. ചരിത്രമാകാൻ പോകുന്ന ഈ മെഗാ ഇവന്റിന്റെ പിന്നണിയിൽ പ്രവർത്തിക്കുന്നവർ എല്ലാവരും തന്നെ മലയാളികൾ ആണെന്നുള്ളത് ഓരോ കനേഡിയൻ മലയാളിക്കും അഭിമാനകരമാണ്.

1 Comment
Good luck!