ജീവിതം മധുരതരം ആക്കാൻ ആഗ്രഹിക്കുന്നന്നവരാണ് നാമെല്ലാവരും. അതിന് മധുരത്തെ കൂട്ട് പിടിക്കുന്നവരും വിരളമല്ല.

വിശേഷ അവസരങ്ങളിൽ മാത്രമല്ല, സാധാരണ ദിവസങ്ങളിൽ പോലും മധുരപലഹാരങ്ങൾ ഭക്ഷണത്തിന്റെ ഭാഗമാക്കുന്നവരാണ് നമ്മളിൽ പലരും. പുറത്ത് പോയി ഒരു ചായക്ക് ഓർഡർ കൊടുക്കുമ്പോഴും ‘മധുരം കൂടുതൽ വേണം’ എന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്.

ധാരാളം മധുരം ഉപയോഗിക്കുന്നതിന്റെ ദൂഷ്യവശങ്ങൾ അറിയാതെ അല്ല പലരും മധുരത്തോട് അഭിനിവേശം പ്രകടിപ്പിക്കുന്നത് എന്നതാണ് മറ്റൊരു യാഥാർഥ്യം.

മധുരം കൂടുതൽ ഉപയോഗിക്കുന്നതുകൊണ്ട് ഉണ്ടാകുന്ന ഏറ്റവും പ്രധാന രോഗം പ്രമേഹം ആയത്കൊണ്ട് തന്നെ പ്രമേഹമാണ് ഇന്നത്തെ പ്രതിപാദ്യവിഷയം. എന്നാൽ, മധുരവും മധുരപലഹാരങ്ങളും ധാരാളമായി കഴിക്കുന്നത് മാത്രമാണോ പ്രമേഹത്തിലേക്ക് നയിക്കുന്നത്?

പ്രമേഹത്തെക്കുറിച്ച് കൂടുതൽ അറിയാം…

പ്രമേഹം എന്ന മഹാവിപത്ത്

നമ്മുടെ ശരീരത്തിലെ ആഗ്നേയഗ്രന്ഥിക്ക് (പാൻക്രിയാസ്) വേണ്ട വിധത്തിൽ ഇൻസുലിൻ ഉൽപ്പാദിപ്പിക്കാൻ കഴിയാതെ വരുന്നത് പ്രമേഹത്തിലേക്ക് വഴിതെളിക്കുന്നു. കൂടാതെ, ഉൽപാദിപ്പിച്ച ഇൻസുലിൻ രക്തത്തിലെ ഗ്ളൂക്കോസ് നിയന്ത്രിക്കാൻ ആവശ്യമായ അളവിലും വിധത്തിലും ഉപയോഗിക്കാൻ ശരീരത്തിന് കഴിയാതെ വരുന്നതും പ്രമേഹത്തിനു കാരണമാകാം. ഇതിൽ ആദ്യത്തെ അവസ്ഥ പൊതുവേ ടൈപ്പ് 1 പ്രമേഹമെന്നും രണ്ടാമത്തേത് ടൈപ്പ് 2 പ്രമേഹമെന്നും അറിയപ്പെടുന്നു.

പ്രമേഹം രക്തത്തിലെ ഗ്ലുക്കോസിന്റെ അളവ് വർദ്ധിക്കുന്നതിന് കാരണമാകുന്നു.

ഗർഭാവസ്ഥയിലും പ്രമേഹം പിടിപെടാം. ഇത് ജസ്റ്റേഷണൽ ഡയബറ്റീസ് എന്നാണ് അറിയപ്പെടുന്നത്.

ലോകാരോഗ്യസംഘടനയുടെ 2022 ലെ കണക്ക് പ്രകാരം ലോകമെമ്പാടുമുള്ള മുതിർന്നവരിൽ 14 ശതമാനം ജനങ്ങൾ പ്രമേഹബാധിതരാണ്. എന്നാൽ, ഇന്ത്യയിൽ ഇത് 20 ശതമാനത്തിൽ അധികമാണ്. ഇതുകൊണ്ട് തന്നെ, ലോകത്തെ പ്രമേഹ തലസ്ഥാനമായി ഇന്ത്യ പരക്കെ അറിയപ്പെടുന്നു.

പ്രമേഹസാധ്യത വർദ്ധിപ്പിക്കുന്ന ഘടകങ്ങൾ ഏതൊക്കെ?

കുടുംബ ചരിത്രം (മാതാപിതാക്കളോ അടുത്ത ബന്ധുക്കളോ പ്രമേഹരോഗികളായി ഉള്ളത്), അമിത ശരീരഭാരം, അലസമായ ജീവിതശൈലി, പുകവലി, അമിത മദ്യപാനം, ഉയർന്ന രക്തസമ്മർദ്ദം, ഉയർന്ന കൊളസ്‌ട്രോൾ തുടങ്ങിയവ പ്രമേഹസാധ്യത വർദ്ധിപ്പിക്കുന്ന ഘടകങ്ങളാണ്.

കൂടാതെ, ഹോർമോൺ വ്യതിയാനങ്ങൾ, ചില മരുന്നുകൾ, പാൻക്രിയാസിനെ ബാധിക്കുന്ന മറ്റു രോഗങ്ങൾ, ജനിതക ഘടകങ്ങൾ എന്നിവയും പ്രമേഹസാധ്യത വർദ്ധിപ്പിച്ചേക്കാം

പ്രമേഹത്തിന്റെ ലക്ഷണങ്ങളും പ്രത്യാഘാതങ്ങളും എന്തെല്ലാം?

പലപ്പോഴും പ്രമേഹത്തിന്റെ ലക്ഷണങ്ങൾ പ്രകടമാകുന്നത് പ്രമേഹം ബാധിച്ച് വർഷങ്ങൾക്ക് ശേഷം ആകാം.

അമിതമായ ദാഹം, ഇടയ്ക്കിടെ ഉണ്ടാകുന്ന മൂത്രശങ്ക, അതിയായ ക്ഷീണം, ശരീരഭാരം ഗണ്യമായി കുറയുന്നത് തുടങ്ങിയ ലക്ഷണങ്ങൾ ആണ് സാധാരണയായി പ്രമേഹരോഗികളിൽ കണ്ടു വരുന്നത്.

കാലാന്തരത്തിൽ, പ്രമേഹം മൂലം ഹൃദയം, കണ്ണുകൾ, വൃക്കകൾ, കാലുകൾ തുടങ്ങിയവയുടെ രക്തക്കുഴലുകൾക്കും ഞരമ്പുകൾക്കും കേടുപാടുകൾ സംഭവിക്കാം. ഇത്, ശരീരത്തിന്റെ മൊത്തത്തിലുള്ള പ്രവർത്തനത്തെ സാരമായി ബാധിക്കുന്നു.

പ്രമേഹം തടയാനാകുമോ?

ടൈപ്പ് 1 പ്രമേഹം ബാധിക്കുന്നതിനു പ്രധാന കാരണം ജനിതക ഘടകങ്ങളാണ്. അതുകൊണ്ട് തന്നെ, ഇത് തടയാൻ നിലവിൽ പരിമിതികളുണ്ട്.

എന്നാൽ, ചിട്ടയായ ജീവിതശൈലീക്രമീകരണങ്ങളിലൂടെ ടൈപ്പ് 2 പ്രമേഹം തടുക്കാനാകും. ഇതിനായി, ചുവടെ പ്രതിപാദിക്കുന്ന നിർദ്ദേശങ്ങൾ പാലിക്കാൻ ശ്രമിക്കുക:

  • ശരീരത്തിന്റെ ഉയരത്തിന് അനുസൃതമായി ശരീരഭാരം ക്രമീകരിക്കുക
  • ദിവസം 30 മിനിറ്റ് എന്ന കണക്കിൽ ആഴ്ചയിൽ 5 ദിവസം മിതമായ വ്യായാമമുറകളിൽ ഏർപ്പെടുക
  • ഭക്ഷണക്രമം ആരോഗ്യകരമാണെന്ന് ഉറപ്പുവരുത്തുക. മധുരം, പൂരിത കൊഴുപ്പ് (സാറ്റുറേറ്റഡ് ഫാറ്റ്) തുടങ്ങിയവ അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ കഴിവതും ഒഴിവാക്കുക
  • പുകവലി ഒഴിവാക്കുക

രോഗനിർണ്ണയവും ചികിത്സയും

രക്തത്തിലെ ഗ്ലുക്കോസിന്റെ അളവ് പരിശോധിക്കുന്നതാണ് പ്രമേഹരോഗനിർണ്ണയത്തിൽ പ്രധാനം. നിലവിലെ ഗ്ലുക്കോസിന്റെ അളവ് നിർണ്ണയിക്കുന്നതിനായി വിവിധ പരിശോധനകൾ ലഭ്യമാണ്.

കൂടാതെ, ഗ്ലൈക്കോസിലേറ്റെഡ്‌ ഹീമോഗ്ലോബിൻ (HbA1c) പരിശോധന വഴി രക്തത്തിലെ ഗ്ലുക്കോസിന്റെ കഴിഞ്ഞ മൂന്നു മാസത്തെ ശരാശരി അളവ് മനസ്സിലാക്കാം.

ടൈപ്പ് 1 പ്രമേഹം ഉള്ളവർക്ക് രോഗനിയന്ത്രണത്തിന് ഇൻസുലിൻ ഉപയോഗിച്ചുള്ള ചികിത്സ അനിവാര്യമാണ്.

ടൈപ്പ് 2 പ്രമേഹബാധിതർക്ക്
ഗുളികകളോ ഇൻസുലിൻ കുത്തിവയ്പ്പോ ആവശ്യമായി വരാം.

മരുന്നുകൾകൊണ്ട് മാത്രം പ്രമേഹചികിത്സ പൂർണ്ണമാകില്ല. ജീവിതശൈലീക്രമീകരണവും പ്രമേഹരോഗനിയന്ത്രണത്തിനും ചികിത്സക്കും അത്യന്താപേക്ഷിതമാണ്.

പ്രമേഹത്തിന്റെ അനന്തരഫലമായി വൃക്കരോഗം, കാഴ്ച്ചക്കുറവ്, കാലിൽ അൾസറുകൾ തുടങ്ങിയവ ബാധിച്ചവർക്ക് അതത് രോഗാവസ്ഥയുമായി ബന്ധപ്പെട്ട സവിശേഷ ചികിത്സകൾ ആവശ്യമായി വന്നേക്കാം.

ഡോക്ടർ നിർദ്ദേശിക്കുന്ന രീതിയിൽ തന്നെ ചികിത്സാരീതികൾ പാലിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തേണ്ടതാണ്. ചികിത്സ മുടക്കുന്നത് പോലെ തന്നെ അപകടകരമാണ് നിർദ്ദേശിച്ച അളവിൽ കൂടുതൽ ചികിത്സ അവലംബിക്കുന്നതും.

പ്രമേഹത്തെക്കുറിച്ചുള്ള ബോധവൽക്കരണം ശക്തമാക്കാം, ഉത്തരവാദിത്തത്തോടെ പ്രമേഹം എന്ന വിപത്തിനെതിരെ നമുക്ക് പോരാടാം.

Share.

ലേഖകൻ ഒരു പൊതുജനാരോഗ്യ വിദഗ്ദനാണ്. കഴിഞ്ഞ പത്ത് വർഷത്തിലേറെയായി ആരോഗ്യ ദുരന്തനിവാരണ മേഖലകളിൽ പ്രവർത്തിച്ചു വരുന്നു

Leave A Reply Cancel Reply

Exit mobile version
Privacy Overview

This website uses cookies so that we can provide you with the best user experience possible. Cookie information is stored in your browser and performs functions such as recognising you when you return to our website and helping our team to understand which sections of the website you find most interesting and useful.

Strictly Necessary Cookies

Strictly Necessary Cookie should be enabled at all times so that we can save your preferences for cookie settings.