ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയുടെ ചരിത്രത്തിൽ ഒരു ഇരുണ്ട അധ്യായം രചിക്കപ്പെട്ട ദിനമായിരുന്നു 1975 ജൂൺ 25. കാരണം, ആ ദിവസമാണ് അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി, “ആഭ്യന്തര അശാന്തി” (internal disturbances) എന്ന കാരണം ചൂണ്ടിക്കാട്ടി ഭരണഘടനയുടെ 352-ാം വകുപ്പ് ഉപയോഗിച്ച് രാജ്യവ്യാപകമായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. പിന്നീട് വന്ന 21 മാസങ്ങൾ ഇന്ത്യൻ ജനാധിപത്യത്തിന്റെ നടുവൊടിച്ച നാളുകൾ ആയിരുന്നു. കടന്നു പോയ ജൂൺ 25, 2025 ആ “ഇരുണ്ട ദിനത്തിന്റെ” 50-ാം വാർഷികമായിരുന്നു. നമ്മിൽ പലരും ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളിലൂടെ ആ ഭീകര ദിനങ്ങളുടെ യാതനകളുടെ ഓർമ പുതുക്കിയിട്ടുണ്ടാവും. എന്നാൽ, ഒന്നോ രണ്ടോ ദിവസം മാത്രം സ്മരിച്ച്, ശേഷം വിസ്മൃതിയിലാവേണ്ടതല്ല ആ കാലഘട്ടത്തിന്റെ പാഠങ്ങൾ എന്ന് നമ്മൾ തിരിച്ചറിയണം. ജനാധിപത്യത്തിന്റെ മൂല്യങ്ങൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും, ഏകാധിപത്യ പ്രവണതകൾക്കെതിരെ എങ്ങനെ ജാഗ്രത പുലർത്തണമെന്നും നിരന്തരം ഓർമിപ്പിക്കുന്നുണ്ട് ഈ ഇരുണ്ട അദ്ധ്യായം പൗരന്മാരായ നമോരോരുത്തരെയും…
ഒന്നോ രണ്ടോ ദിവസം മാത്രം സ്മരിച്ച്, ശേഷം വിസ്മൃതിയിലാവേണ്ടതല്ല ആ കാലഘട്ടത്തിന്റെ പാഠങ്ങൾ എന്ന് നമ്മൾ തിരിച്ചറിയണം. ജനാധിപത്യത്തിന്റെ മൂല്യങ്ങൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും, ഏകാധിപത്യ പ്രവണതകൾക്കെതിരെ എങ്ങനെ ജാഗ്രത പുലർത്തണമെന്നും നിരന്തരം ഓർമിപ്പിക്കുന്നുണ്ട് ഈ ഇരുണ്ട അദ്ധ്യായം പൗരന്മാരായ നമോരോരുത്തരെയും…”
Ads
അടിയന്തരാവസ്ഥയിലേക്ക് നയിച്ച സാഹചര്യങ്ങൾ 1970-കളുടെ തുടക്കം ഇന്ത്യയെ സംബന്ധിച്ച് പ്രക്ഷുബ്ധമായ കാലഘട്ടമായിരുന്നു. 1971-ലെ ബംഗ്ലാദേശ് യുദ്ധവിജയത്തോടെ ഇന്ദിര ഗാന്ധിയുടെ ജനപ്രീതി ഉയർന്നെങ്കിലും, സാമ്പത്തിക സ്ഥിതി തകർച്ചയിലായിരുന്നു. പണപ്പെരുപ്പം, തൊഴിലില്ലായ്മ, ഭക്ഷ്യക്ഷാമം, ഭരണനിർവഹണത്തിലെ അപാകതകൾ എന്നിവ ജനങ്ങളെ അസ്വസ്ഥരാക്കി. 1974-ൽ ഗുജറാത്തിലും ബിഹാറിലും വിദ്യാർത്ഥി പ്രക്ഷോഭങ്ങൾ ഉയർന്നു, ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിൽ ഇവ ദേശീയതലത്തിൽ ഒരു ജനകീയ പ്രസ്ഥാനമായി മാറി. 1974-ൽ തന്നെ അന്നത്തെ പ്രമുഖ ട്രേഡ് യൂണിയൻ നേതാവായ ജോർജ് ഫെർണാണ്ടസിന്റെ ആഹ്വാനപ്രകാരം നടന്ന, 17 ലക്ഷം റെയിൽവേ തൊഴിലാളികൾ പങ്കെടുത്ത, റെയിൽവേ മിന്നൽ പണിമുടക്ക് കേന്ദ്രഗവൺമെന്റിനെ പിടിച്ച്കുലുക്കുക തന്നെ ചെയ്തു. മെച്ചപ്പെട്ട വേതനവ്യവസ്ഥകൾ, സാമൂഹ്യ സുരക്ഷ, സ്ഥിരനിയമനം, 8 മണിക്കൂർ ജോലി സമയം നിജപ്പെടുത്തൽ, വാർഷിക ബോണസ്, ഭക്ഷ്യവിലവർധനവിനെതിരെ സംരക്ഷണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ഈ സമരം. ഇതു ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വ്യാവസായിക സമരമായിരുന്നു. ഈ തൊഴിലാളി സമരം ഇന്ത്യയുടെ രാഷ്ട്രീയഭൂമിക തന്നെ മാറ്റി മറിക്കാൻ പോന്നതായിരുന്നു. 1975-ൽ അലഹബാദ് ഹൈക്കോടതി ഇന്ദിരയുടെ 1971-ലെ തെരഞ്ഞെടുപ്പ് വിജയം ക്രമക്കേടുകൾ ആരോപിച്ച് അസാധുവാക്കിയതോടെ, രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായി. സുപ്രീം കോടതിയിൽ നിന്നും ആശ്വാസം ലഭിക്കാതെ വന്നപ്പോൾ, ഇന്ദിര ഗാന്ധി തന്റെ അധികാരം നിലനിർത്താൻ അടിയന്തരാവസ്ഥ എന്ന അറ്റകൈ പ്രയോഗം തന്നെ നടത്തി. ഇത് അധികാര സംരക്ഷണത്തിന് വേണ്ടി എടുത്ത ഒരു വ്യക്തിഗത തീരുമാനം, ദേശീയ താൽപ്പര്യത്തിന്റെ മറവിൽ നടപ്പാക്കുകയായിരുന്നു. ഇന്ത്യയുടെ “ആഭ്യന്തര ഭീഷണി” ചൂണ്ടിക്കാട്ടിയാണെങ്കിലും, യഥാർത്ഥ ഭീഷണി ഇന്ദിരയുടെ രാഷ്ട്രീയ ഭാവിയ്ക്കായിരുന്നു. ജനാധിപത്യ മൂല്യങ്ങളെ ചവിട്ടിമെതിക്കാൻ, ഭരണഘടനയെ ഒരു ഉപകരണമായി ഉപയോഗിക്കുകയായിരുന്നു.
അടിയന്തരാവസ്ഥയുടെ ഉത്തരവാദിത്തം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന്റെ പ്രാഥമിക ഉത്തരവാദിത്തം ഇന്ദിര ഗാന്ധിയ്ക്കാണ്. എന്നാൽ, ആ ദിനങ്ങളെ ഇത്ര ഭീതിദമാക്കിയതിൽ അവരുടെ മകൻ സഞ്ജയ് ഗാന്ധി വഹിച്ച പങ്ക് വളരെ വലുതാണ്. ഔദ്യോഗിക പദവി ഇല്ലാതിരുന്നിട്ടും, സഞ്ജയ് ഒരു “അധിക-ഭരണഘടനാ അധികാര കേന്ദ്രമായി” പ്രവർത്തിച്ചു. സഞ്ജയ് ഗാന്ധിയുടെ അഞ്ചിന പദ്ധതി (കുടുംബാസൂത്രണം, വൃക്ഷ തൈകൾ നടുക, സ്ത്രീധന വ്യവസ്ഥയുടെ നിർത്തലാക്കൽ, മുതിർന്നവർക്കുള്ള വിദ്യാഭ്യാസം, ജാതി വ്യവസ്ഥയുടെ നിർമാർജനം) ഭരണകൂടത്തിന്റെ 20-ഇന പദ്ധതിയോടൊപ്പം നടപ്പാക്കാൻ കോൺഗ്രസ് നേതൃത്വം നിർബന്ധിതമായി. ഇന്ദിരയുടെ ഉപദേഷ്ടാക്കളും, പ്രത്യേകിച്ച് ബി.കെ. നെഹ്റുവിനെപ്പോലുള്ളവർ, ഒരു പ്രസിഡൻഷ്യൽ ഭരണ വ്യവസ്ഥയ്ക്കായി വാദിച്ചു, പാർലമെന്റിന്റെയും ജുഡീഷ്യറിയുടെയും അധികാരം പരിമിതപ്പെടുത്താൻ ശ്രമിച്ചു. ഈ കൂട്ടായ ശ്രമങ്ങൾ, ജനാധിപത്യസ്ഥാപനങ്ങളെ ദുർബലപ്പെടുത്തി, ഒരു വ്യക്തിയുടെ ഇംഗിതത്തിന് വഴങ്ങുന്ന ഒരു ഭരണകൂടത്തിന് വഴിയൊരുക്കി.
ജനാധിപത്യ മൂല്യങ്ങളുടെ തകർച്ച 1975-77 കാലഘട്ടത്തിൽ, ഇന്ത്യൻ ജനാധിപത്യത്തിന്റെ മൂലക്കല്ലുകളായ സ്വാതന്ത്ര്യം, നീതി, സമത്വം എന്നിവ തകർക്കപ്പെട്ടു. ഭരണഘടനയുടെ 14, 19, 21, 22 വകുപ്പുകൾ—സമത്വം, സ്വാതന്ത്ര്യം, ജീവനും വ്യക്തിഗത സ്വാതന്ത്ര്യത്തിനുമുള്ള അവകാശങ്ങൾ—നിർവീര്യമാക്കപ്പെട്ടു. ഒരു ലക്ഷത്തിലധികം രാഷ്ട്രീയ എതിരാളികളും, പത്രപ്രവർത്തകരും കാരണം കൂടാതെ തടവിലാക്കപ്പെട്ടു. നീതിന്യായ വ്യവസ്ഥയും വിട്ടുവീഴ്ച ചെയ്യപ്പെട്ടു. 1976-ലെ എ.ഡി.എം. ജബൽപൂർ കേസിൽ, സുപ്രീം കോടതി, ജസ്റ്റിസ് എച്.ആർ. ഖന്നയുടെ ഏക വിയോജനം ഒഴികെ, അടിയന്തരാവസ്ഥയിൽ ജീവന്റെ അവകാശം പോലും നിഷേധിക്കാമെന്ന് വിധിച്ചു. ഈ വിധി, ജനാധിപത്യത്തിന്റെ കാവൽക്കാരായ ജുഡീഷ്യറിയുടെ പരാജയത്തിന്റെ തെളിവായി. പാർലമെന്റിന്റെ അധികാരം വർധിപ്പിക്കാനും, ജുഡീഷ്യറിയുടെ അവകാശങ്ങൾ കുറയ്ക്കാനും 38, 42 എന്നീ ഭരണഘടനാ ഭേദഗതികൾ കൊണ്ടുവന്നു.
സഞ്ജയ് ഗാന്ധിയുടെ ക്രൂരതകൾ സഞ്ജയ് ഗാന്ധി, ഔദ്യോഗിക അധികാരമില്ലാതെ തന്നെ, അടിയന്തരാവസ്ഥയുടെ ഏറ്റവും ഭീകരമായ മുഖമായി മാറി. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടന്ന നിർബന്ധിത വന്ധ്യംകരണ പദ്ധതി, 1.1 കോടിയിൽ അധികം ജനങ്ങളെ, പ്രത്യേകിച്ച് ദരിദ്രരെ, ബലമായി വന്ധ്യംകരിച്ചു. പണം, ഭക്ഷണം, ജോലി തുടങ്ങിയ പ്രലോഭനങ്ങൾ നൽകിയും, പോലീസ് ഭീഷണി ഉപയോഗിച്ചും ഈ പദ്ധതി നടപ്പാക്കി. ഉത്തർപ്രദേശിൽ മാത്രം 240-ലധികം അക്രമ സംഭവങ്ങൾ ഈ പദ്ധതിയുമായി ബന്ധപ്പെട്ട് രേഖപ്പെടുത്തപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതോടൊപ്പം, ഡൽഹിയിലെ തുർക്മാൻ ഗേറ്റ് പോലുള്ള മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ, 1.2 ലക്ഷത്തിലധികം നിർമ്മാണങ്ങൾ പൊളിച്ചുനീക്കി, 7 ലക്ഷം പേരെ പുനരധിവാസ കോളനികളിലേക്ക് നിർബന്ധിതമായി മാറ്റി. ഈ “നഗര ശുചീകരണ” പദ്ധതി, സാമൂഹിക ശുദ്ധീകരണമായി വിമർശിക്കപ്പെട്ടു. സഞ്ജയ് ഗാന്ധിയുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ്, ഈ ക്രൂരതകൾ നടപ്പാക്കുന്നതിന് ഒരു സമാന്തര ഭരണവ്യവസ്ഥയായി പ്രവർത്തിച്ചു.
മാധ്യമങ്ങളുടെ പ്രതികരണം ജനാധിപത്യത്തിന്റെ ‘കാവൽനായകളായ’ (watchdogs) മാധ്യമങ്ങൾ, അടിയന്തരാവസ്ഥയിൽ ആദ്യം തന്നെ കൂച്ചുവിലങ്ങുകളിലായി. ജൂൺ 25-ന് രാത്രി, ഡൽഹിയിലെ പത്രമാധ്യമ കേന്ദ്രങ്ങളിലേക്കുള്ള വൈദ്യുതി വിതരണം വിച്ഛേദിക്കപ്പെട്ടു. പിറ്റേന്ന് രാവിലെ, സെൻസർഷിപ്പ് നിയമം നടപ്പാക്കി. പത്രങ്ങൾക്ക് സർക്കാർ അനുമതി ഇല്ലാതെ പ്രസിദ്ധീകരിക്കാൻ കഴിയില്ല എന്ന വ്യവസ്ഥ വന്നു. എന്നിരുന്നാലും, ചില മാധ്യമ സ്ഥാപനങ്ങൾ ധീരമായ പ്രതിരോധം കാഴ്ചവച്ചു. ദി ഇന്ത്യൻ എക്സ്പ്രസ്സ് തങ്ങളുടെ എഡിറ്റോറിയൽ സ്ഥലം അക്ഷരശൂന്യമാക്കി (editorial space was left blank) നിശ്ശബ്ദമായി പ്രതിഷേധിച്ചു. ദി ടൈംസ് ഓഫ് ഇന്ത്യ “ജനാധിപത്യത്തിന്റെ മരണം” എന്ന ഒരു ശോകസന്ദേശം പ്രസിദ്ധീകരിച്ചു, ഫിനാൻഷ്യൽ എക്സ്പ്രസ്സ് രവീന്ദ്രനാഥ് ടാഗോറിന്റെ “Where the Mind is Without Fear” എന്ന കവിത പ്രസിദ്ധീകരിച്ചു. ഈ പ്രതിരോധങ്ങൾ, മാധ്യമങ്ങളുടെ ധൈര്യത്തിന്റെ പ്രതീകങ്ങളായി. എന്നാൽ, ഭൂരിഭാഗം മാധ്യമങ്ങളും ഭയപ്പെട്ടോ, പ്രലോഭനങ്ങളാൽ വഴങ്ങിയോ, സർക്കാർ പ്രചാരണ-ഉപകരണങ്ങളായി മാറി. അടിയന്തിരാവസ്ഥക്കു ശേഷം, അന്ന് പ്രതിപക്ഷസമരമുഖത്തുണ്ടായിരുന്ന, എൽ. കെ. അദ്വാനി മാധ്യമങ്ങളോട് പറഞ്ഞ സുപ്രസിദ്ധ വാചകങ്ങൾ മാധ്യമങ്ങൾ അടിയന്തിരാവസ്ഥക്കാലത്ത് അനുവർത്തിച്ച നയങ്ങളുടെ നേർസൂചകമാണ്: “You were asked only to bend, but you crawled.” (നിങ്ങളോട് കുനിയാൻ മാത്രമാണ് ആവശ്യപ്പെട്ടത്, എന്നാൽ നിങ്ങൾ നിലത്തിഴഞ്ഞു)
“You were asked only to bend, but you crawled.” (നിങ്ങളോട് കുനിയാൻ മാത്രമാണ് ആവശ്യപ്പെട്ടത്, എന്നാൽ നിങ്ങൾ നിലത്തിഴഞ്ഞു)”
എൽ. കെ. അദ്വാനി
ഭാവിയിലെ ഏകാധിപത്യ പ്രവണതകൾക്കുള്ള സൂചനകൾ, പാഠങ്ങൾ 1975-ലെ അടിയന്തരാവസ്ഥ, ജനാധിപത്യത്തിന്റെ ദുർബലതകളെ വെളിവാക്കി. 1977-ലെ തെരഞ്ഞെടുപ്പിൽ, ഇന്ദിരയെ തോല്പിച്ച ജനങ്ങൾ ജനാധിപത്യത്തിന്റെ ആത്മാവിനെ തിരിച്ചുപിടിച്ചു. എന്നാൽ, പലപ്പോഴും ഇന്ത്യൻ ജനാധിപത്യ വ്യവസ്ഥ “അപ്രഖ്യാപിത അടിയന്തരാവസ്ഥ” എന്ന് വിശേഷിപ്പിക്കപ്പെടാവുന്ന വഴികളിലൂടെ ജനാധിപത്യ സർക്കാരുകളിലൂടെ നയിക്കപ്പെടുന്നതിന് നാം സാക്ഷിയാവുന്നുണ്ട്. “Electoral Dictatorship” എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇത്തരം സംവിധാനങ്ങളുടെ മുഖമുദ്ര ജനാധിപത്യ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തുക, പ്രതിഷേധങ്ങളെ ക്രിമിനൽവൽക്കരിക്കുക, പത്രമാധ്യമങ്ങളെ നിശബ്ദമാക്കുക, ജുഡീഷ്യറിയെ ചൊൽപ്പടിയിൽ നിർത്തുക തുടങ്ങിയ രീതികളുടെ അവലംബമാണ്. ഈ പശ്ചാത്തലത്തിൽ, 1975-ന്റെ പാഠങ്ങൾ നിർണായകമാണ്. ജനാധിപത്യ സ്ഥാപനങ്ങൾ—നീതിന്യായ വ്യവസ്ഥ, മാധ്യമങ്ങൾ, തെരഞ്ഞെടുപ്പ് സംവിധാനം… ഇവയെല്ലാം ജനങ്ങളുടെ നിതാന്ത ജാഗ്രതയിലാണ് നിലനിൽക്കുന്നത്. 44-ാം ഭരണഘടനാ ഭേദഗതി, അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത് എളുപ്പമല്ലാതാക്കിയെങ്കിലും, നിയമങ്ങളുടെ ദുരുപയോഗത്തിനെതിരെ നമ്മൾ ജാഗ്രത പുലർത്തിയേ മതിയാവൂ.
ജനാധിപത്യം സംരക്ഷിക്കാൻ പൗരന്മാർക്ക് എന്ത് ചെയ്യാനാവും? 1. ജാഗ്രതയുള്ള പൗരന്മാരാകുക: ജനാധിപത്യം നിലനിൽക്കുന്നത് ജനങ്ങളുടെ ശബ്ദം സജീവമായിരിക്കുമ്പോൾ ആണ്. തെരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്യുക, സർക്കാർ നയങ്ങളെ വിമർശനാത്മകമായി വിലയിരുത്തുക, അധികാര ദുരുപയോഗങ്ങൾക്കെതിരെ ശബ്ദമുയർത്തുക എന്നിവയാണ് ജാഗ്രതയുള്ള പൗരന്മാരുടെ ധർമം. 2. മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കുക: സ്വതന്ത്ര മാധ്യമങ്ങൾ ജനാധിപത്യത്തിന്റെ ജീവവായുവാണ്. വിശ്വസനീയമായ വാർത്താ സ്രോതസ്സുകളെ പിന്തുണയ്ക്കുക, തെറ്റായ വിവരങ്ങൾക്കെതിരെ ജാഗ്രത പുലർത്തുക (Disinformation/ misinfromation എന്നിവ തിരിച്ചറിയുക). 3. നീതിന്യായ വ്യവസ്ഥയെ ശക്തിപ്പെടുത്തുക: ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം ഉറപ്പാക്കാൻ പൗരന്മാർ ഒറ്റക്കെട്ടായി നിന്ന് ആവശ്യപ്പെടണം. നീതിന്യായ വ്യവസ്ഥ, ജനാധിപത്യത്തിന്റെ അവസാന കോട്ടയാണ്. 4. പ്രതിഷേധവും സംഘടനയും: 1975-ൽ, ജയപ്രകാശ് നാരായണന്റെ “ജനാധിപത്യ രക്ഷാ മോർച്ച”യും, അകാലി ദളിന്റെ പ്രതിഷേധങ്ങളും ജനാധിപത്യത്തിന്റെ ആത്മാവിനെ ജ്വലിപ്പിച്ചു. ഇന്നും, സമാധാനപരമായ പ്രതിഷേധങ്ങളും, ജനകീയ സംഘടനകളും, ഏകാധിപത്യത്തിനെതിരെ ശക്തമായ ആയുധമാണ്. 5. വിദ്യാഭ്യാസവും ബോധവത്കരണവും: ജനാധിപത്യത്തിന്റെ മൂല്യങ്ങളെക്കുറിച്ച് പുതിയ തലമുറയെ ബോധവത്കരിക്കുക. 1975-ന്റെ കഥ, നമ്മുടെ ചരിത്ര പാഠപുസ്തകങ്ങളിൽ മാത്രമല്ല, നമ്മുടെ ദൈനംദിന ചർച്ചകളിലും ജീവിക്കണം.
1975-ലെ അടിയന്തരാവസ്ഥ, ജനാധിപത്യം എത്ര ദുർബലമാകാമെന്നും, ജനങ്ങളുടെ ശക്തി എത്ര വലുതാണെന്നും നമ്മെ പഠിപ്പിച്ചു. ജനാധിപത്യം തളികയിൽ വച്ച് കിട്ടുന്ന സമ്മാനമല്ല, അത് നമ്മൾ ഓരോ ദിനവും നേടിയെടുക്കേണ്ട ഒരു ഉത്തരവാദിത്തമാണ്… അത് നാം നമ്മോടും, ജനാധിപത്യസംസ്ഥാപനത്തിനായി യത്നിച്ച പിൻതലമുറയോടും, വരാനിരിക്കുന്ന തലമുറയോടും ചെയ്യേണ്ടുന്ന നീതികൂടിയാണ്…
Tomy Abraham is a Special Correspondent with the Keralascope News.
He is a professional social worker, humanist, and storyteller at heart. He brings a unique perspective to his role as Special Correspondent for Keralascope. Originally from Thodupuzha, Kerala, in India he combines his deep-rooted understanding of community life with an eye for thoughtful journalism.
Beyond his profession, Tomy nurtures his passions for acting and farming—interests that keep him connected to both culture and the land. Currently based in Toronto, Canada, he continues to explore and share the stories that connect the Malayali diaspora with their roots while highlighting issues that matter both locally and globally.
അടിയന്തരവസ്ഥയെ ആർക്കും ന്യായീകരിക്കുവാൻ സാധ്യമല്ല – പക്ഷെ അതിൽനിന്നും നമുക്ക് ഏറെ പാഠങ്ങൾ പഠിക്കുവാനുണ്ട്.
സഞ്ജയ് ഗാന്ധിയുടെ അഞ്ചിന പദ്ധതി – കുടുംബാസൂത്രണം, വൃക്ഷ തൈകൾ നടുക, സ്ത്രീധന വ്യവസ്ഥയുടെ നിർത്തലാക്കൽ, മുതിർന്നവർക്കുള്ള വിദ്യാഭ്യാസം, ജാതി വ്യവസ്ഥയുടെ നിർമാർജനം – ഇവ 1975 മുതൽ പത്ത് വർഷം വരെയെങ്കിലും നടപ്പാക്കിയിരുന്നെങ്കിൽ ഇന്ത്യയുടെ മുഖച്ഛായ തന്നെ മാറുമായിരുന്നു. മേല്പറഞ്ഞ പ്രശ്നങ്ങൾ ഇന്നും ഒരു കീറാമുട്ടിയായി ഇന്ത്യൻ മഹാരാജ്യത്തെ പുറകോട്ടു വലിക്കുന്നു – പുരോഗമനം എത്രത്തോളം ആണെങ്കിലും.
ഇന്ത്യൻ മാധ്യമങ്ങൾ ഇന്ന് അതെ കൂച്ചുവിലങ്ങുകളിൽ തന്നെ – കേന്ദ്ര സർക്കാരിന് സ്തുതി പാടാത്ത മാധ്യമങ്ങൾ നന്നേ കുറവ്! ഭൂരിഭാഗം മാധ്യമങ്ങളും ഭയപ്പെട്ടോ, പ്രലോഭനങ്ങളാൽ വഴങ്ങിയോ, സർക്കാർ പ്രചാരണ-ഉപകരണങ്ങളായി മാറിയിരിക്കുന്നു. നുണകൾ പ്രചരിപ്പിക്കുന്നത് അവരുടെ കർത്തവ്യമായി കാണുന്നു.
1 Comment
അടിയന്തരവസ്ഥയെ ആർക്കും ന്യായീകരിക്കുവാൻ സാധ്യമല്ല – പക്ഷെ അതിൽനിന്നും നമുക്ക് ഏറെ പാഠങ്ങൾ പഠിക്കുവാനുണ്ട്.
സഞ്ജയ് ഗാന്ധിയുടെ അഞ്ചിന പദ്ധതി – കുടുംബാസൂത്രണം, വൃക്ഷ തൈകൾ നടുക, സ്ത്രീധന വ്യവസ്ഥയുടെ നിർത്തലാക്കൽ, മുതിർന്നവർക്കുള്ള വിദ്യാഭ്യാസം, ജാതി വ്യവസ്ഥയുടെ നിർമാർജനം – ഇവ 1975 മുതൽ പത്ത് വർഷം വരെയെങ്കിലും നടപ്പാക്കിയിരുന്നെങ്കിൽ ഇന്ത്യയുടെ മുഖച്ഛായ തന്നെ മാറുമായിരുന്നു. മേല്പറഞ്ഞ പ്രശ്നങ്ങൾ ഇന്നും ഒരു കീറാമുട്ടിയായി ഇന്ത്യൻ മഹാരാജ്യത്തെ പുറകോട്ടു വലിക്കുന്നു – പുരോഗമനം എത്രത്തോളം ആണെങ്കിലും.
ഇന്ത്യൻ മാധ്യമങ്ങൾ ഇന്ന് അതെ കൂച്ചുവിലങ്ങുകളിൽ തന്നെ – കേന്ദ്ര സർക്കാരിന് സ്തുതി പാടാത്ത മാധ്യമങ്ങൾ നന്നേ കുറവ്! ഭൂരിഭാഗം മാധ്യമങ്ങളും ഭയപ്പെട്ടോ, പ്രലോഭനങ്ങളാൽ വഴങ്ങിയോ, സർക്കാർ പ്രചാരണ-ഉപകരണങ്ങളായി മാറിയിരിക്കുന്നു. നുണകൾ പ്രചരിപ്പിക്കുന്നത് അവരുടെ കർത്തവ്യമായി കാണുന്നു.