“എന്നാലും… നീ എന്തിനാ ആ താക്കോലെടുത്ത് ടേബിളിൽ വെച്ചത് ? താക്കോൽ വെക്കേണ്ട സ്ഥാനം നിനക്ക് ഇതുവരെ അറിയത്തില്ലേ?”
ഇങ്ങനെയുള്ള ഒരു ഡസൻ ചോദ്യങ്ങൾ ദിവസവും വിജയകരമായി നേരിടുന്ന മറിയാമ്മ ചേച്ചി ഇത്തവണ ഈ ചോദ്യത്തെയും ചോദ്യകർത്താവായ ഭർത്താവിനെയും വെറുതെ വിട്ടില്ല.
അവർ പ്രതികരിച്ചു… ഗംഭീരമായിത്തന്നെ പ്രതികരിച്ചു…
പതിവില്ലാത്ത പ്രതികരണം പെട്ടെന്ന് പൊട്ടിപ്പുറപ്പെട്ടതിൻ്റെ കാരണം മറ്റൊന്നുമല്ല…
ചേച്ചിക്ക് വിഷാദ ഉന്മാദരോഗത്തിൻ്റെ പ്രശ്നമുണ്ട്.
കടുത്ത സമ്മർദ്ദങ്ങൾ വരുമ്പോൾ ചേച്ചിയുടെ നിയന്ത്രണം വിട്ടു പോകും. വീടുപണിയും അതിൻ്റെ തിരക്കും ഉറക്കമില്ലായ്മയും എല്ലാം ഒത്തുചേർന്നപ്പോൾ പഴയ അസുഖം പതിയെയൊന്നു തലപൊക്കിയതാണ്.
ആദ്യം ഭർത്താവിനോട് തോന്നിയ ദേഷ്യം പിന്നെ മുന്നിൽക്കാണുന്ന പലരോടുമായി. ഉറക്കമിലായ്മ, തുടരെ വർത്തമാനം പറയൽ, അമിതഭക്തി തുടങ്ങിയ പ്രശ്നങ്ങളുമുണ്ട്. പിന്നെയത് ആശുപത്രി തന്നെ മറിച്ചു വെക്കാനുള്ള ദേഷ്യമായി.
എന്നാലും ആള് ഉള്ളുകൊണ്ട് ശുദ്ധയാണ്.
എത്ര ദേഷ്യപ്പെട്ടാലും കൃത്യമായി മരുന്നു കഴിക്കും. കുറച്ചുദിവസം മരുന്നുകൾ കഴിച്ചപ്പോഴേക്കും ആൾ ഏതാണ്ട് സാധാരണ നിലയിലെത്തി.
പഴയ സംസാരവും സ്നേഹപ്രകൃതിയും തിരിച്ചു വന്നു.
ചേടത്തിയുടെ ചേട്ടന് അപ്പോഴും ഒരു കുലുക്കവുമില്ല.
അദ്ദേഹം ഇപ്പോഴും താക്കോൽ വെക്കേണ്ടിടത്ത് താക്കോൽ വെച്ചോയെന്നും,
ചെരിപ്പ് വെച്ചിരിക്കുന്ന ആംഗിൾ ശരിയാണോയെന്നും
സാമ്പാറിലെ മുരിങ്ങക്കഷണത്തിൻ്റെ നീളം കൃത്യമാണോയെന്നും അന്വേഷിച്ചു കൊണ്ടിരിക്കുന്നു.
കടുംപിടുത്തങ്ങളില്ലാത്ത മറിയാമ്മച്ചേച്ചി ആ ചേട്ടനെക്കാളും എത്രയോ ഭാഗ്യവതി…
