വാഷിംഗ്ടൺ: അമേരിക്കൻ ഫെഡറൽ സർക്കാരിന്റെ പ്രവർത്തനങ്ങൾക്കുള്ള താൽക്കാലിക ധന വിനയോഗ ബിൽ സെനറ്റിൽ 11-ാം തവണയും പരാജയപ്പെട്ടു. റിപ്പബ്ലിക്കൻ പാർട്ടി അവതരിപ്പിച്ച ബില്ലിനെ ഡെമോക്രാറ്റുകൾ എതിർത്തതോടെ സർക്കാർ സ്തംഭനാവസ്ഥ തുടർച്ചയായ നാലാം ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. ഈ സ്തംഭനാവസ്ഥ അമേരിക്കൻ ചരിത്രത്തിലെ മൂന്നാമത്തെ ഏറ്റവും ദീർഘമേറിയ ഒന്നായി മാറിയിരിക്കുന്നു.
തിങ്കളാഴ്ച നടന്ന വോട്ടെടുപ്പിൽ 50 – 43 എന്ന വോട്ട് നിലയിലാണ് ബിൽ വീണ്ടും പരാജയപ്പെട്ടത്. ഡെമോക്രാറ്റിക് പാർട്ടിയിലെ രണ്ട് സെനറ്റർമാർ ഇത്തവണ ബില്ലിനെ അനുകൂലിച്ചെങ്കിലും, ഭൂരിപക്ഷം ഡെമോക്രാറ്റുകളും ബില്ലിനെ എതിർക്കുകയാണുണ്ടായത്. റിപ്പബ്ലിക്കൻ നേതൃത്വത്തിലുള്ള ഈ താൽക്കാലിക ഫണ്ടിംഗ് നിർദേശം സർക്കാർ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ ലക്ഷ്യമിട്ടിരുന്നെങ്കിലും, കോൺഗ്രസിലെ ഇരുപാർട്ടികളും തമ്മിലുള്ള അഭിപ്രായഭിന്നതകൾ കാരണം വീണ്ടും പരാജയപ്പെട്ടു.
അടുത്ത വോട്ടെടുപ്പ് ബുധനാഴ്ച നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡൊണാൾഡ് ട്രംപ് അധികാരത്തിലുള്ള ഈ കാലഘട്ടത്തിൽ, ധനകാര്യ ബില്ലിന്മേലുള്ള വിവാദങ്ങൾ സർക്കാരിന്റെ പ്രവർത്തനങ്ങളെ ബാധിക്കുന്നത് ആശങ്കാജനകമായി തുടരുകയാണ്. ഷട്ട്ഡൗൺ കാരണം ലക്ഷക്കണക്കിന് ഫെഡറൽ ജീവനക്കാർക്ക് ശമ്പളം മുടങ്ങിയിരിക്കുകയാണ്, കൂടാതെ പല സേവനങ്ങളും തടസ്സപ്പെട്ടിരിക്കുന്നു.
കോൺഗ്രസിലെ ഡെഡ്ലോക്ക് തുടരുന്ന സാഹചര്യത്തിൽ, ഷട്ട്ഡൗണിന്റെ ദൈർഘ്യം വർധിക്കുന്നത് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെയും പൊതുജനങ്ങളെയും ബാധിക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഒപ്പം അമേരിക്കൻ പ്രസിഡണ്ട് ട്രംപ് മുമ്പോട്ട് വെച്ച സാമ്പത്തിക പരിഷ്കാരങ്ങളോടുള്ള എതിർപ്പുമാണ് ഇത്തരത്തിലുള്ള ഒരു പ്രതിസന്ധിയിലേക്ക് രാജ്യത്തെ എത്തിച്ചിരിക്കുന്നത്.
