ജില്ലയിലെ വൃദ്ധസദനം സന്ദര്‍ശിച്ചപ്പോള്‍ ആ അമ്മയുടെ മുഖത്തെ തേജസ്സ് എന്റെ മനസിനെ വല്ലാതെ സ്പര്‍ശിച്ചു. കൗതുകത്തോടെ ഞാന്‍ ആ അമ്മയോട് ചോദിച്ചു, “എങ്ങനെയാ ഇവിടെയെത്തിയത്…” എന്റെ ചോദ്യം കേട്ടിട്ടാകാം ഒരിറ്റു കണ്ണീരോടെ അവരെന്നെയൊന്ന് നോക്കി…
രാവിലെ തന്നെ സിസ്റ്ററുടെ “എല്ലാവരും ഒന്നെണീറ്റെ; സമയം കുറേ ആയി” എന്ന വിളി കേട്ടാണ് ഓമനയമ്മ ഏതോ ചിന്തയില്‍ നിന്ന് ഞെട്ടി ഉണർന്നത്… കണ്ണ് തുറന്നു നോക്കുമ്പോള്‍ സിസ്റ്റര്‍ ഡെയ്സി സമീപത്തെ കട്ടിലിലെ രമയെ വിളിച്ചെയുന്നേല്പ്പിക്കുന്നതാണ് കണ്ടത്. സിസ്റ്റര്‍ അടുത്ത് വന്നപ്പോള്‍ ഓമനയമ്മ ചോദിച്ചു “എന്റെ കൊച്ചുമോൻ ഇന്നു വരുമോ…?”
രണ്ട് വര്‍ഷം മുമ്പാണ് ഓമനയമ്മ സ്നേഹാലയത്തിലെത്തിയത്. മക്കളും കൊച്ചുമക്കളും ഉണ്ടായിട്ടും വൃദ്ധസദനത്തിലേക്ക് വലിച്ചെറിയപെട്ട ഒരമ്മ… ഒരുപാട് സ്വത്ത് വകകള്‍ ഉണ്ടായിരുന്നെങ്കിലും ഭര്‍ത്താവിന്റെ മദ്യപാനം കുറേയധികം നശിപ്പിച്ചു. ഭര്‍ത്താവിൻെറ മരണ ശേഷം മകന് രമേശന്റെ സംരക്ഷണത്തിലായിരുന്നു ഓമനയമ്മ. ഒരു വര്‍ക്ക്ഷോപ്പ് ജീവനക്കാരനായിരുന്നു രമേശന്. എല്ലാ വീടുകളിലേയും പോലെ കൊച്ചു കൊച്ചു പിണക്കങ്ങളെല്ലാം രമേശന്റെ ഭാര്യ അനിതയും ഓമനയമ്മയും തമ്മില്‍ ഉണ്ടായിരുന്നു. എന്നിരുന്നാലും, അതെല്ലാം മറച്ചുവെച്ച് ഇരുവരുടേയും ദിവസങ്ങള്‍ വര്‍ഷങ്ങളായി കഴിഞ്ഞു പോയി…
ശാരീരിക അവശതകള്‍ ഓമനയമ്മയെയും ബാധിക്കാന്‍ തുടങ്ങിയിരുന്നു. എല്ലാത്തിനും അനിതയെ ആശ്രയിക്കേണ്ടതായി വന്നു. മരുമകള്‍ക്കൊരു ബുദ്ധിമുട്ടാകാതിരിക്കാന്‍ ഓമനയമ്മ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു. ആരോടും പരാതിയും പരിഭവവുമില്ലാതെ കൊച്ചുമക്കളുടെ കൂടെ സമയം ചിലവഴിച്ച് അമ്മയുടെ ഓരോ ദിവസവും കഴിഞ്ഞുപോയി. കൊച്ചുമക്കളോടൊപ്പമുള്ള കളിചിരികളായിരുന്നു ആ അമ്മയുടെ സ്വര്‍ഗം.
അനിതക്ക് അമ്മയുടെ കാര്യങ്ങള്‍ ചെയ്ത് കൊടുക്കാന്‍ ഒട്ടും താല്പര്യമില്ലായിരുന്നു എന്ന് തന്നെ പറയാം. ദിവസങ്ങള്‍ കഴിയും തോറും അനിതക്ക് അമ്മയോടുള്ള അകല്‍ച്ച വർദ്ധിക്കാൻ തുടങ്ങിയിരുന്നു. കുട്ടികളോട് അമ്മയുടെ അടുത്ത് പോകേണ്ടെന്നും അസുഖം വരുമെന്നും പറഞ്ഞ് കുട്ടികളെ അനിത ചീത്ത പറയുമായിരുന്നു. അത് ആ അമ്മയ്ക്ക് താങ്ങാന്‍ കഴിയുന്നതിലുമപ്പുറമായിരുന്നു.
ഭാര്യ അമ്മയെ കുറിച്ചു പരാതികള്‍ പറയുമ്പോള്‍ ആദ്യമെല്ലാം രമേശന് അത് വലിയ കാര്യമാക്കാറില്ലായിരുന്നു… അമ്മയുള്ളതുകൊണ്ട് പുറത്ത് പോയി നല്ലൊരു ഭക്ഷണം കഴിക്കാന്‍ പറ്റില്ലെന്നും, താന്‍ സ്വന്തം വീട്ടില്‍ പോയിട്ട് മാസങ്ങളായെന്നും പറഞ്ഞു അനിത രമേശനെ കുത്തി നോവിക്കാന്‍ തുടങ്ങി. ജീവിതത്തിലെ എല്ലാ സന്തോഷവും അസ്തമിച്ചപോലെയായിരുന്നു അനിതക്ക്… അമ്മയെ കുറിച്ചുള്ള പരാതികള്‍ ദിവസങ്ങളോളം കേട്ട് രമേശന്റെ മനസിലും അമ്മയോടുള്ള സ്നേഹത്തിന് വിള്ളലുകള്‍ വന്നിട്ടുണ്ടായിരുന്നു.
അങ്ങനെയിരിക്കെ ഒരു ദിവസം ഓമനയമ്മയുടെ മകള്‍ രമണിയും മകളും വീട്ടില്‍ വരികയും ഒരു ദിവസം അവിടെ താമസിച്ച് പിറ്റേന്ന് രാവിലെ പോകാന്‍ നേരം രമണി അമ്മ തന്റെ കൂടെ പോരുന്നോ കുറച്ചു ദിവസം എന്റെ കൂടെ താമസിക്കാം എന്നു പറഞ്ഞു. അമ്മക്കും ഒരുപാട് സന്തോഷമായി കുറേ ആയല്ലോ താന്‍ കാരണം മകനും അനിതക്കും ബുദ്ധിമുട്ടാകുന്നു. മോനേ രമേശാ ഞാന്‍ കുറച്ചു ദിവസം രമണിയുടെ കൂടെ പോയി നിൽക്കാം എന്ന് പറഞ്ഞു അമ്മ മകനോടും മരുമകളോടും സമ്മതം ചോദിച്ചു .രമേശന് എതിര്‍പ്പൊന്നും പറഞ്ഞില്ല.അങ്ങനെ അമ്മ രമണിയുടെ കൂടെ കുറച്ച് ദിവസത്തേക്ക് താമസിക്കാന്‍ പോയി.
ഓമനയമ്മ പോയപ്പോള്‍ അനിതക്ക് കുറേയധികം സന്തോഷമായിരുന്നു. സന്തോഷത്താല്‍ അനിതയുടെ നിര്‍ബന്ധത്തിന് വഴങ്ങി അന്നവര്‍ സിനിമക്ക് പോവുകയും പുറത്ത് നിന്ന് ഭക്ഷണം കഴിക്കുകയും ചെയ്തു.
രമണിയോടൊപ്പമുള്ള ജീവിതം അമ്മക്കും ഒരുപാട് സന്തോഷമായി. രമണിയൊരു തയ്യല്‍ ഷോപ്പില്‍ ജോലിയെടുക്കുകയായിരുന്നു. ഭര്‍ത്താവ് കുറച്ച് വര്‍ഷം മുന്‍പേ ഇവരെ ഉപേക്ഷിച്ച് പോവുകയും ചെയ്തിരുന്നു. രമണി, അമ്മക്കുള്ള ഭക്ഷണമെല്ലാം ഉണ്ടാക്കിവെച്ച് ജോലിക്ക് പോകാന്‍ തുടങ്ങി. രമണിക്ക് ഒരു മകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ചെറുമകളും ഓമനയമ്മയുടെ എല്ലാ കാര്യങ്ങളും ശ്രദ്ധിക്കുമായിരുന്നു.
ഏകദേശം ഒരുമാസം കഴിഞ്ഞപ്പോള്‍ അമ്മക്ക് വാര്‍ദ്ധക്യകാല പെന്ഷന് കുറേ മാസങ്ങളായി ലഭിക്കുന്നില്ലെന്ന് രമണിക്ക് മനസിലായി. ജോലി തിരക്കിനിടയില്‍ രമേശന് അത് ശരിയാക്കാന്‍ അമ്മയുടെ കൂടെ പോകാന്‍ സാധിച്ചിട്ടില്ലായിരുന്നു. താന്‍ അത് ശരിയാക്കിത്തരാമെന്ന് പറഞ്ഞ് രമണി വീട്ടില്‍ പോയി അമ്മയുടെ എൈഡന്റിറ്റി കാര്‍ഡും, റേഷന്‍ കാര്‍ഡും നികുതിയടക്കണമെന്ന് പറഞ്ഞു സ്ഥലത്തിന്റെ രേഖകളുമെല്ലാം എടുത്തുകൊണ്ട് വരികയും ചെയ്തു.
പെന്‍ഷന്റെ പേപ്പറുകള്‍ തയ്യാറാക്കാന്‍ ഒരുപാട് പേപ്പറുകളില്‍ ഒപ്പിടേണ്ടതുണ്ടായിരുന്നു. എല്ലാം രമണി തന്നെ ഓടി നടന്ന് ശരിയാക്കി. രണ്ട് മാസങ്ങള്‍ക്ക് ശേഷം രമണി അമ്മയെ കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും കൂട്ടാമെന്ന് പറഞ്ഞു രമേശന്റെ അടുത്ത് കൊണ്ടാക്കുകയും ചെയ്തു.
കുറച്ച് മാസങ്ങള്‍ക്ക് ശേഷം തന്റെ വര്‍ക്ക് ഷോപ്പിലെ ജോലി രമേശന് മതിയാക്കുകയും സ്വന്തമായി ഒരു വര്‍ക്ക് ഷോപ്പ് തുടങ്ങാനാവശ്യമായ കാര്യങ്ങള്‍ നീക്കുകയും ചെയ്തു. വര്‍ക്ക് ഷോപ്പ് തുടങ്ങുന്നതുമായി ബന്ധപ്പെട്ട് 2 മുറി റൂം രമേശന് നോക്കിവെക്കുകയും ചെയ്തിരുന്നു.
അഡ്വാന്‍സ് തുകയായി 1 ലക്ഷം രൂപ കടയുടമക്ക് നല്‍കേണ്ടി വന്നു. അതിനു ഭാര്യയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ രമേശനു വില്കേണ്ടതായി വന്നു.
പണിയായുധങ്ങള്‍ വാങ്ങുന്നതിനും റൂം സജ്ജീകരിക്കുന്നതിനും മറ്റും 3 ലക്ഷത്തോളം രൂപ ഇനിയും രമേശനു ആവശ്യമുള്ളതായി വന്നു. തല്കാലം വീടും സ്ഥലവും പണയപ്പെടുത്താനായി രമേശന് തീരുമാനിച്ചു. അമ്മയോട് അതിനുള്ള സമ്മതമെല്ലാം രമേശന് വാങ്ങി. ആധാരം അലമാരയില്‍ തപ്പിയപ്പോള്‍ കാണാതായപ്പോഴാണ് അത് രമണി അമ്മയുടെ പെന്ഷന് റെഡിയാക്കാന്‍ വീടിന്റെ നികുതിയടക്കണമെന്ന് പറഞ്ഞ് എടുത്ത് കൊണ്ട് പോയ കാര്യം അറിയുന്നത്. രാവിലെ തന്നെ രമേശനും ഭാര്യയും രമണിയുടെ വീട്ടിലേക്ക് പോകാമെന്ന് തീരുമാനിച്ചു കിടന്നു.
പിറ്റേന്ന് രാവിലെ തന്നെ രമണിയുടെ വീട്ടിലെത്തി ഇരുവരും ഒരു ചായയൊക്കെ കുടിച്ച് താന്‍ പുതുതായി തുടങ്ങുന്ന കടയെ കുറിച്ച് രമേശന് രമണിയോട് പറഞ്ഞു. രമണിയ്ക്കും ഒരുപാട് സന്തോഷമായി. നല്ലപോലെ നോക്കി കടയൊക്കെ നടത്തണമെന്ന് രമണി സഹോദരനെ ഉപദേശിച്ചു. പോകാന്‍ നേരം രമേശന് കുറച്ച് പണം കൂടി തനിക്കാവശ്യമുണ്ടെന്നും അതിനു വീടും സ്ഥലവും പണയം വെക്കാനാണുദ്ദേശിക്കുന്നതെന്നും കൂടി രമണിയോട് പറഞ്ഞു. ഇതുകേട്ടപാടെ രമണിയുടെ മുഖമെല്ലാം വിളറിയിട്ടുണ്ടായിരുന്നു. ആധാരം ഇപ്പോ തന്റെ കൈവശമില്ലെന്നും മകളുടെ പഠനാവശ്യത്തിന് പണയം വച്ചെന്നും രമണി മറുപടി പറഞ്ഞു.
രമണിയുടെ മറുപടിയില്‍ രമേശന്റെ പ്രതീക്ഷകളെല്ലാം അസ്തമിച്ചപോലെയായി. ഇരുവരും അതിന്റെ പേരില്‍ കുറേ വഴക്കിടുകയും ചെയ്തു. മേശന് ആധാരം നമുക്ക് പണമടചെടുക്കാം എന്നും അതിനു ശേഷം കൂടുതല്‍ വായ്പക്കായി അപേക്ഷിക്കാമെന്നും രമണിയോട് പറഞ്ഞു നോക്കി. പക്ഷേ രമണിക്കതൊന്നും സമ്മതമല്ലായിരുന്നു. ഇരുവരും തമ്മില്‍ സഹോദര ബന്ധം മറന്ന് വാക്കേറ്റങ്ങള്‍ തന്നെ നടന്നു. സമീപത്തെ വീട്ടുകാരെല്ലാം രമേശന്റെ ഉച്ചത്തിലുള്ള സംസാരം കേട്ട് അവിടെ കൂടിയിരുന്നു.
അവസാനം രമണി ഇരുവരെയും വീട്ടിൽ നിന്നും ആട്ടിയിറക്കി വിട്ടു… സമീപ വീട്ടുകാരെല്ലാം അവിടേക്ക് വരാൻ തുടങ്ങിയപ്പോൾ രമേശനും അനിതയും വീട്ടിൽ നിന്നും ഇറങ്ങി…
വീട്ടിലെത്തിയപാടെ ആധാരം കിട്ടിയോ മകനേ എന്ന് ചോദിച്ച അമ്മയെ രമേശനും അനിതയും ഒരുപാട് ചീത്ത പറഞ്ഞു. സഹോദരിയുടെ പെരുമാറ്റം രമേശനില്‍ സംശയമുണ്ടാക്കിരുന്നു.
ആ സംശയം രമേശനെ രജിസ്റ്റർ ഓഫീസ് വരെ കൊണ്ടെത്തിച്ചു… രജിസ്റ്റാറോഫീസില്‍ ചെന്ന് അന്വേഷണം നടത്തിയപ്പോയാണ് നടുക്കുന്ന ആ സത്യം അറിഞ്ഞത്! വീടും സ്ഥലവുമെല്ലാം രമണിയുടെ പേരിലേക്ക് മാറ്റിയിരിക്കുന്നു.
രമേശന് ദേഷ്യം കൊണ്ടാകെ വിളറിവെളുത്തു. ഉടനെ തന്നെ രമേശന് രമണിയുടെ അടുത്തേക്ക് കോപാകുലനായി ചെല്ലുകയും ‘നിന്നെ ഞാന്‍ കൊല്ലുമെടീ’ എന്ന് പറഞ്ഞ് രമണിയെ ഒരുപാട് മര്‍ദ്ദിക്കുകയും ചെയ്തു. രമണി എങ്ങനെയോ രമേശനെ തള്ളി മാറ്റി അകത്തെ വാതിലടച്ചു രക്ഷപ്പെടുകയും ചെയ്തു.
വീട്ടിലെത്തിയ രമേശന് കാണുന്നത് വീടിന് മുന്പില് വന്നു നില്ക്കുന്ന പോലീസ് ജീപ്പാണ്. രമേശന്റെ ആക്രമണത്തില്‍ ശരീരമാസകലം പരിക്ക് പറ്റിയ രമണി ഹോസ്പിറ്റലില്‍ അഡ്മിറ്റായിരുന്നു. രമണിയുടെ പരാതിയില്‍ രമേശനെ കോടതി രണ്ടായ്ച്ച റിമാണ്ടിലാക്കുകയും ചെയ്തു. തന്റെ മകനെ ജയിലിലാക്കിയതറിഞ്ഞ ആ അമ്മയുടെ മനസ് പിടഞ്ഞു. അമ്മയുടെ ജീവിതം ദിവസങ്ങള്‍ കഴിയും തോറും കൂടുതല്‍ ഇരുട്ടു നിറഞ്ഞതാവുകയായിരുന്നു.
ജയിലില്‍ നിന്നിറങ്ങിയ രമേശന് നേരെ വീട്ടിലേക്ക് ചെല്ലുകയും അമ്മയോട് വഴക്കാവുകയും ചെയ്തു. അമ്മയെ രമണിയുടെ അടുത്താക്കാന്‍ തീരുമാനിക്കുകയും ചെയ്തു. അമ്മ രമേശനോട് തന്നെ അവളുടെ അടുത്താക്കല്ലേ എന്ന് പറഞ്ഞ് ഒരുപാട് കരഞ്ഞു. എല്ലാം മകള്‍ക്ക് കൊടുത്തിട്ട് ഇനി തന്റെ കൂടെ നില്ക്കാൻ പറ്റില്ലെന്നും പറഞ്ഞ് അനിത മുഖം തിരിച്ചു. അടുത്ത ദിവസം തന്നെ അമ്മയെ രമേശന് രമണിയുടെ വീടില് കൊണ്ടു ചെന്നാക്കാന്‍ പുറപ്പെട്ട നേരം ഇനിയൊരിക്കലും തന്റെ മുത്തശ്ശിയെ കാണാന്‍ പറ്റില്ലെന്ന് വിചാരിച്ചിട്ടായിരിക്കണം മൂത്തശ്ശി എന്ന് വിളിച്ചു രമേശന്റെ മകന് ഉണ്ണി കരയുന്നുണ്ടായിരുന്നു. എന്നാല്‍ അതൊന്നും കണ്ടതായി കാണിക്കാതെ രമേശന് അമ്മയെ ഒരു ഓട്ടോയില്‍ കയറ്റി രമണിയുടെ വീടിനു മുന്പില് ഇറക്കി പോന്നു.
ജോലി കഴിഞ്ഞ് വീടെത്തിയ രമണി കാണുന്നത് തന്റെ വീടിന് മുന്പില് തളര്‍ന്ന് കിടക്കുന്ന അമ്മയെയാണ്. മകന് ജയിലിലായതിന് ശേഷം ആ അമ്മ ഭക്ഷണമൊന്നും നല്ല പോലെ കഴിച്ചിട്ടില്ലായിരുന്നു. അമ്മയെ മകള്‍ രമണി താങ്ങി പിടിച്ചു അകത്തേക്ക് കൊണ്ടു പോയി. മകളോട് ഒന്ന് ദേഷ്യപെടാന്‍ ആ അമ്മയുടെ മനസാഗ്രഹിച്ചിരുന്നെങ്കിലും അതിന് സാധിക്കുമായിരുന്നില്ല. തുടന്നുള്ള ദിവസങ്ങളില്‍ രമണിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസ് ഒത്തു തീര്‍പ്പിനായി രമേശന് വീട് വിട്ടിറങ്ങേണ്ടി വന്നു. രമേശനും ഭാര്യയും ഒരു വാടകവീട്ടിലേക്ക് താമസം മാറി.
ആദ്യ ദിവസങ്ങളില്‍ അമ്മയെ മകള്‍ പരിചരിച്ചിരുന്നെങ്കിലും തുടര്‍ന്ന് ഓമനയമ്മ മകള്‍ക്ക് ഒരു ബാധ്യതയാകുകയായിരുന്നു അമ്മയോടുള്ള സ്നേഹത്തിനും ക്രമേണ കുറവുവരാന്‍ തുടങ്ങി. അമ്മയെ ചെറിയ കാര്യങ്ങള്‍ക്ക് വരെ ചീത്ത വിളിക്കാന്‍ തുടങ്ങി. ഒടുവില്‍ അമ്മയെ മകളും കൊച്ചുമകളും ചേര്‍ന്ന് സ്നേഹാലയം എന്ന അഗതി മന്ദിരത്തിലാക്കാന്‍ തീരുമാനിച്ചു. ഒരുപാട് ബുദ്ധിമുട്ടുകള്‍ പറഞ്ഞു അവര്‍ അമ്മയെ സ്നേഹാലയത്തിലാക്കി. പോകാന്‍ നേരം ഓമനയമ്മയുടെ ആഭരണങ്ങള്‍ ഇവിടെ വെക്കാന്‍ പറ്റില്ലെന്നും ആയത് താന്‍ സൂക്ഷിക്കാമെന്നും പറഞ്ഞു മകള്‍ വാങ്ങി. മനസില്ലാ മനസോടെ ഓമനയമ്മ ആഭരണങ്ങള്‍ മകളുടെ അടുത്ത് കൊടുക്കുകയും ചെയ്തു.
സ്നേഹിക്കാന്‍ മാത്രം അറിയാവുന്ന കുറച്ച് മാലാഖമാരായിരുന്നു സ്നേഹാലയത്തില്‍ ഉണ്ടായിരുന്നത്. അമ്മയുടെ എല്ലാ കാര്യങ്ങളും അവര്‍ തികഞ്ഞ സന്തോഷത്തോടെ ചെയ്തു. ഓമനയമ്മ തന്റെ ജീവിത കഥ മുഴുവന്‍ അവരോട് പറഞ്ഞു. പലരുടെയും അനുഭവത്തിലൂടെ കടന്ന് പോകുന്നത് കൊണ്ട് അവര്‍ക്കതൊരു പുതുമയായിരുന്നില്ല. എല്ലാ ദിവസവും കൃത്യ സമയത്ത് ഭക്ഷണം, സംസാരിക്കാന്‍ ഒരുപാട് പേര്… തന്റെ പേരകുട്ടികളോടൊപ്പമുള്ള ജീവിതം ഒഴിച്ചു വെച്ചതൊഴിച്ചാല് തികഞ്ഞ സന്തോഷവതിയായിരുന്നു ഓമനയമ്മ.
ഒരിക്കല്‍ ഓമനയമ്മ സിസ്റ്ററോട് തന്റെ മകനെ കാണണമെന്നുള്ള ആഗ്രഹം അറിയിച്ചു. കൂടാതെ തന്റെ ആഭരണങ്ങള്‍ മകളോട് പറഞ്ഞ് വാങ്ങി തരണമെന്നും പറഞ്ഞു. ഓമനയമ്മയുടെ കഥ കേട്ടതു കൊണ്ട് സിസ്റ്റര്‍ രമണിയെ വിളിച്ചു സ്വര്‍ണ്ണാഭരണങ്ങള്‍ അമ്മ വേണമെന്ന് ആവശ്യപ്പെട്ടതായി അറിയിച്ചു. കുറേ ദിവസങ്ങള്‍ക്ക് ശേഷവും മകള്‍ വരാത്തതിനാല്‍ ഓമനയമ്മക്ക് ഒരുപാട് വിഷമമാവുകയായിരുന്നു.
ഓമന അമ്മയുടെ വിഷമം മനസിലായ സിസ്റ്റര്‍ വീണ്ടു വീണ്ടും അവരെ വിളിച്ചു. വിളിക്കുമ്പോഴൊക്കെ ഒരോരോ കാരണങ്ങള്‍ പറഞ്ഞ് രമണി ഒഴിഞ്ഞു മാറുമായിരുന്നു. ഇനിയും വന്നില്ലെങ്കില്‍ പോലീസില്‍ പരാതി നല്‍കുമെന്ന് പറഞ്ഞപ്പോള്‍ ചെറുമകള്‍ വരികയും സ്വര്‍ണ്ണാഭരണങ്ങള്‍ തിരിച്ചു നല്‍കുകയും ചെയ്തു. മകന്റെ നമ്പര്‍ നല്കാന് സിസ്റ്റര്‍ ഇവരോട് ആവശ്യപ്പെട്ടെങ്കിലും മനസില്ലാ മനസോടെയാണ് രമേശന്റെ ഫോണ്‍ നമ്പർ നല്‍കിയത്. സിസ്റ്റര്‍ രമേശനെ വിളിച്ച് കാര്യം പറയുകയും അമ്മയെ കാണിക്കാൻ രമേശന്റെ മകനെ കൊണ്ട് വരണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അമ്മ വൃദ്ധസദനത്തിലാണെന്ന് മകന് അപ്പോഴാണ് അറിയുന്നത്. തന്റെ സഹോദരിയെ ശപിച്ച് കൊണ്ട് വൃദ്ധമന്ദിരത്തിലേക്ക് വരാമെന്ന് സിസ്റ്ററോട് രമേശന് പറഞ്ഞു.
സ്നേഹാലയത്തിലെത്തി അമ്മയെ കാണാന്‍ വന്ന രമേശനൊപ്പം കൊച്ചുമകനും ഉണ്ടായിരുന്നു. അമ്മയുടെ അടുത്ത് വന്ന മകന് അമ്മയുടെ കാര്യങ്ങളെല്ലാം അന്വേഷിച്ച് താന്‍ ഇപ്പോള്‍ വാടകവീട്ടിലാണെന്നും അവിടെ അമ്മക്ക് നില്കാൻ സ്ഥലമില്ലെന്നും പറഞ്ഞു. കൊച്ചുമകന് അവിടെ കൂറേ അമ്മമാരെ കണ്ടപ്പോള്‍ ആകെ ആശ്ചര്യമായിരുന്നു മുഖത്ത്. പോകാനിറങ്ങിയപ്പോള്‍ അമ്മ തന്റെ കഴുത്തിലിരുന്ന മാല ഊരി കൊച്ചുമകന് കൊടുത്തു. ഇത് നിനക്ക് ഇഷ്ടമുള്ളതുപോലെ ചിലവാക്കാമെന്നും പറഞ്ഞു. കൊച്ചുമകന് മുത്തശ്ശിയുടെ മുഖത്തൊരു ചുംബനം നല്കി അടുത്ത ദിവസം തന്നെ ഞങ്ങള്‍ വാടക വീട്ടില്‍ നിന്ന് താമസം മാറുമെന്നും ഞങ്ങളുടെ പുതിയ വീട്ടിലേക്ക് മുത്തശ്ശിയെ കൊണ്ടുപോകാമെന്നും പറഞ്ഞു മടങ്ങി.
സ്നേഹാലയത്തില്‍ നിന്ന് മകനും കൊച്ചുമകനും തന്നെ വീട്ടിലേക്ക് തിരിച്ച് കൊണ്ട് പോകാമെന്ന് പറഞ്ഞപ്പോള്‍ ആ പടുവൃദ്ധക്ക് ഒരുപാട് സന്തോഷമായി. ഓരോ തവണ ഉറക്കമുണരുമ്പോഴും ആ അമ്മ തന്റെ കൊച്ച് മകന് വന്നോ എന്ന് സിസ്റ്റര്‍മാരോട് ചോദിച്ചു കൊണ്ടേയിരുന്നു… എന്റെ കൊച്ചുമകന് വന്നോ…



