രണ്ടായിരത്തി പതിനെട്ടിലെ ഓസ്കർ അവാർഡിൽ മികച്ച വിദേശ ചിത്രവിഭാഗത്തിൽ മത്സരിച്ച “Campeones” എന്ന സ്പാനിഷ് ചിത്രത്തിന്റെ റീമേക്ക് ആണ് Sitaare Zameen Par. ഓസ്കർ കിട്ടിയില്ലെങ്കിലും മറ്റ് അംഗീകാരങ്ങൾ ഒരുപാടു നേടിയിട്ടുള്ള ഈ ചിത്രത്തിന്റെ മൂലകഥയിൽ നിന്ന് വലിയ വ്യത്യാസമൊന്നും വരുത്താതെയാണ് Sitaare Zameen Par നിർമിച്ചിരിക്കുന്നത്. Shubh Mangal Saavdhan , കല്യാണ സമയൽ സാദം എന്നീ സിനിമകളുടെ സംവിധായകനായ ആർ എസ് പ്രസന്നയുടെ മൂന്നാമത് ചിത്രമാണിത്. ട്രെയിലറിൽ കണ്ടത് പോലെ പെരുമാറ്റദൂഷ്യത്തിനും പോലീസ് ജീപ്പിന് കേടുപാടുകൾ വരുത്തിയതിനും ഒരു ബാസ്കറ്റ് ബാൾ കോച്ചിനെ കോടതി ശിക്ഷിക്കുന്നതും ശിക്ഷയുടെ ഭാഗമായി ഭിന്നശേഷിയുള്ള കുട്ടികളുടെ ഒരു ബാസ്കറ്റ് ബാൾ ടീമിനെ പരിശീലിപ്പിക്കാനുള്ള ചുമതല അയാൾക്ക് ഏൽക്കേണ്ടി വരുന്നതും വളരെയധികം മുൻവിധികളുമായി അവിടെയെത്തുന്ന അയാളെ ആ കുട്ടികൾ തിരികെ പലതും പഠിപ്പിക്കുന്നതും അവർ ഒരുമിച്ചു വിജയിക്കുന്നതുമാണ് സിനിമയുടെ പ്രമേയം.

സമാനമായ കഥകൾ ചർച്ച ചെയ്യുന്ന മുൻ ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി മെലോഡ്രാമാറ്റിക് ആയ രംഗങ്ങളോ തല്ലിപ്പഴുപ്പിച്ച മോട്ടിവേഷണൽ സീനുകളോ ഒന്നും ഈ സിനിമയിലില്ല.”

സമാനമായ കഥകൾ ചർച്ച ചെയ്യുന്ന മുൻ ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി മെലോഡ്രാമാറ്റിക് ആയ രംഗങ്ങളോ തല്ലിപ്പഴുപ്പിച്ച മോട്ടിവേഷണൽ സീനുകളോ ഒന്നും ഈ സിനിമയിലില്ല. അതിനുള്ള എല്ലാ സാധ്യതകളും വേണ്ടുവോളമുള്ള ഒരു കഥയാണിതെന്നോർക്കണം. പ്രസാദാത്മകമായ രീതിയിൽ പറഞ്ഞുപോകുന്ന ഈ സിനിമ കാണിച്ചു തരുന്നത് യഥാർത്ഥത്തിൽ ജ്ഞാനികളായ ഒരു കൂട്ടം കുട്ടികളെയാണ്. നോർമൽ എന്ന് സ്വയം കരുതുന്ന നമ്മളാണോ അതോ അവരാണോ ശരിക്കും നോർമൽ എന്ന് ഓരോ പ്രേക്ഷകനെക്കൊണ്ടും ചിന്തിപ്പിച്ചുകൊണ്ടാണ് ചിത്രം അവസാനിക്കുന്നത്. സിനിമയിലെ കഥാപാത്രങ്ങളെ അവതരിപ്പിച്ച കുട്ടികളോട് മാത്രമല്ല അതുപോലുള്ള എല്ലാവരോടും സഹതാപത്തിനു പകരം സ്നേഹം തോന്നിപ്പിക്കും, ഇടയ്ക്കൊക്കെ സന്തോഷം കൊണ്ട് നിങ്ങളുടെ കണ്ണ് നിറയ്ക്കും എന്നതാണ് ഈ സിനിമയുടെ മെറിറ്റും. ഡേവിഡ് മർക്കസ് എഴുതിയ ഒറിജിനൽ സ്റ്റോറിയുടെ മനോഹാരിത ചോർന്നുപോകാതെ ജീവിതത്തിന്റെ പ്രകാശം സ്ഫുരിക്കുന്ന വിധം മനോഹരമായി അവതരിപ്പിച്ചതിന് ചിത്രം നിർമ്മിച്ച ആമിർ ഖാൻ പ്രൊഡക്ഷസിനെയും പ്രസന്നയെയും അഭിനന്ദിക്കാതെ തരമില്ല. മാനസികമായി വളർച്ചകുറവുള്ള കുട്ടികളെ വികൃതമായ രീതിയിൽ അവതരിപ്പിച്ചു കാശുണ്ടാക്കുന്ന സിനിമാ ജീവികളും ചാനൽ മുതലാളിമാരും ഈ ചിത്രം കണ്ടു പഠിക്കണം. എത്ര പ്രതിലോമമായ സാഹചര്യത്തിലും ജീവിതം അതിന്റെ മനോഹാരിത വെളിവാക്കുന്ന അവസരങ്ങളുണ്ടാവും എന്ന് വിവരമുള്ളവർ പറഞ്ഞിട്ടുള്ളത് എത്ര ശരിയാണെന്ന് ഈ സിനിമ കണ്ടു തീരുമ്പോൾ നിങ്ങൾക്കും തോന്നാതിരിക്കില്ല.


ഒന്നാംതരം കാസ്റ്റിംഗ് ആണ് ഈ സിനിമയുടെ ശക്തി. ആമിർ ഖാൻ അവതരിപ്പിച്ച കോച്ച് ഗുൽഷനൊപ്പം ഇതിലെ സിത്താരകളെ അവതരിപ്പിച്ചത് ആറോഷ് ദത്ത, വേദാന്ത് ശർമ്മ, നമൻ മിശ്ര, ഋഷി സഹാനി, ഋഷഭ് ജെയിൻ , ആശിഷ്, സംവിധ് ദേശായി, ആയുഷ് എന്നിവരെക്കൂടാതെ സിമ്രാൻ മങ്കേഷ്കറും മലയാളത്തിന്റെ സ്വന്തം ഗോപീകൃഷ്ണനുമാണ്. അമീർ ഖാനെപ്പോലെ ഒരു ബോളിവുഡ് സൂപ്പർ താരത്തൊപ്പം ഇത്രയും സ്ക്രീൻ ടൈം ഷെയർ ചെയ്യുന്ന ആദ്യത്തെ മലയാളി നടനായിരിക്കും ഗോപി എന്ന് തോന്നുന്നു. ജോർജ് കോരയും സാം സേവ്യറും ചേർന്ന് സംവിധാനം ചെയ്ത “തിരികെ” എന്ന ചിത്രത്തിലെ സെബാസ്റ്റിയൻ എന്ന കഥാപാത്രമായാണ് ഞാൻ ഗോപിയെ ഇതിനു മുമ്പ് കണ്ടിട്ടുള്ളത്. ആ സിനിമ കണ്ടപ്പോളുണ്ടായ പ്രതീക്ഷകൾ ഒട്ടും തെറ്റിയില്ല എന്ന് ഈ ചിത്രത്തിൽ ഗോപി അവതരിപ്പിച്ച ഗുഡ്ഡുവിനെ കണ്ടപ്പോൾ ഉറപ്പിച്ചു. ജെനീലിയ ഡിസൂസ, ബ്രിജേന്ദ്ര കാലാ എന്നിവരും ആമിർഖാന്റെ സഹോദരി നിഖാത് ഖാനും ഇതിൽ അഭിനയിച്ചിട്ടുണ്ട്. മോശമെന്ന് പറയാൻ ഒറ്റയൊരു അഭിനേതാവ് പോലും ഈ ചിത്രത്തിലില്ല. എടുത്തു പറയേണ്ട മറ്റൊന്ന് റാം സമ്പത്തിന്റെ പശ്ചാത്തല സംഗീതമാണ്. പെപ്സി, ഡോകോമോ തുടങ്ങിയ വലിയ ബ്രാൻഡുകളുടെ പരസ്യങ്ങൾക്ക് സംഗീതം നൽകിയിട്ടുള്ള റാമിന്റെ മ്യൂസിക് സിനിമയുടെ മൊത്തത്തിലുള്ള ഒരു ഹാപ്പി മൂഡ് ആദ്യന്തം നിലനിർത്താൻ വലിയ രീതിയിൽ ഉപകരിച്ചിട്ടുണ്ട്. ശങ്കർ എഹ്സാൻ ലോയ് സഖ്യത്തിന്റെ പാട്ടുകളും മികച്ചതാണ്. ഇത്രയുമൊക്കെയാണ് സിനിമയെപ്പറ്റി പറയാനുള്ളത്. തീർച്ചയായും തീയറ്ററിൽ പോയി കാണേണ്ടതും പ്രോത്സാഹിപ്പിക്കേണ്ടതുമായ ഒരു സിനിമയാണ്. മസാല ചിത്രങ്ങൾക്ക് കിട്ടുന്ന കളക്ഷൻ പോലും ഇതിനു ലഭിച്ചില്ലെങ്കിൽ നമ്മുടെ സമൂഹത്തിനെന്തോ കുഴപ്പമുണ്ട് എന്നേ ഞാൻ പറയൂ.

ഭിന്നശേഷിയുള്ള കുഞ്ഞുങ്ങളെ ഭിന്നശേഷിക്കാർ, അല്ലെങ്കിൽ ദിവ്യാംഗ് എന്ന പേരിലൊക്കെ നമ്മുടെ സമൂഹം അഭിസംബോധന ചെയ്യാൻ തുടങ്ങിയിട്ട് വളരെ കുറച്ചു വർഷങ്ങളേ ആവുന്നുള്ളൂ. ഈ സ്പെക്ട്രത്തിലുള്ള പലതരം അവസ്ഥകളെ നമ്മൾ തിരിച്ചറിയാൻ തുടങ്ങിയിട്ടും അധികകാലമായിട്ടില്ല. ഓട്ടിസം പോലുള്ള ന്യൂറോ ഡെവലപ്പ്മെന്റൽ ഡിസോർഡറുകൾ, ജനിതകപരമായ കാരണങ്ങൾ കൊണ്ടുണ്ടാവുന്ന ഡൌൺ സിൻഡ്രോം പോലുള്ള അവസ്ഥകൾ, ഗർഭാവസ്ഥയിലോ ജനന സമയത്തോ ഉണ്ടാവുന്ന തലച്ചോർ രോഗങ്ങൾ സൃഷ്ടിക്കുന്ന സെറിബ്രൽ പാൾസി തുടങ്ങി ഗർഭിണിയായിരിക്കുമ്പോൾ അമ്മ മദ്യം ഉപയോഗിച്ചാലുണ്ടാവുന്ന Fetal Alcohol Spectrum Disorders അഥവാ FASD എന്നിങ്ങനെ ഒരു വലിയ ലിസ്റ്റാണിത്. ഏതു വിഭാഗത്തിൽ പെട്ടതാണ് എന്നതിനെ അടിസ്ഥാനമാക്കി അവരുടെ കഴിവുകളും, ബലഹീനതകളും വ്യത്യാസപ്പെട്ടിരിക്കും. ശാസ്ത്രീയമായ പരിശീലനത്തിലൂടെ ചില സ്വഭാവ വൈചിത്ര്യങ്ങൾ നിയന്ത്രിതമാക്കി മാറ്റാം, ചില കഴിവുകൾ കണ്ടെത്തി അതിൽ ഫോക്കസ് ചെയ്തത് മെച്ചപ്പെടുത്തിയെടുക്കാം എന്നല്ലാതെ പൂർണമായും ‘നോർമൽ’ ആയ അവസ്ഥയിലേക്ക് മാറ്റാൻ ഔഷധങ്ങൾ കൊണ്ട് മാത്രം സാധിക്കില്ല എന്നതാണ് സത്യം. വളരെയധികം സന്തോഷം നിറഞ്ഞു നിൽക്കുന്ന ഒരു അന്തരീക്ഷമാണ് ഈ സിനിമ കാണിച്ചുതരുന്നത്. തമാശയും കുട്ടിക്കളികളും ഒക്കെയായി അവർക്കൊപ്പമുള്ള ഒരു ജോയ് റൈഡ്. എന്നാൽ യഥാർത്ഥ ജീവിതത്തിൽ ഇത്തരം കുട്ടികളുടെയും അവരുടെ രക്ഷിതാക്കളുടെയും അവസ്ഥ അങ്ങനെയല്ല. കുഞ്ഞുങ്ങൾക്ക് വേണ്ടി പ്ലാൻ ചെയ്യണം എന്ന സുനീതയുടെ ആവശ്യം കേൾക്കുമ്പോൾ ഗുൽഷൻ അവളോട് തന്റെ ഭീതി തുറന്നു പറയുന്ന ഒരു രംഗം സിനിമയിലുണ്ട്. ഇത്തരം കുട്ടികളോടൊപ്പം രണ്ടു മൂന്നു മാസം ചെലവഴിച്ചിട്ടും അവരുടെ സ്നേഹവും സന്തോഷവും ആസ്വദിച്ചിട്ടു പോലും തങ്ങൾക്ക് ഇങ്ങനെ ഒരു കുട്ടി ഉണ്ടായാൽ എന്തുചെയ്യുമെന്ന് ആശങ്ക സിനിമ മറയില്ലാതെ കാണിക്കുന്നുണ്ട്. എന്നാൽ അവരുടെ ഈ സംഭാഷണം കേട്ടുകൊണ്ടുവരുന്ന സുനീൽ ( ആശിഷ് പെൻഡ്‌സേ ) ഗുൽഷനോട് അതിനെപ്പറ്റി അവന്റെ അഭിപ്രായം പറയുന്ന ഒരു സീനുണ്ട്. Brutally honest എന്ന് മാത്രം വിളിക്കാനാവുന്ന ഒരു ഡയലോഗ് ആണത്. ചില സത്യങ്ങൾ അപ്രിയകരമാണ്. അതിനെ കലർപ്പില്ലാതെ സമീപിക്കാനുള്ള ധൈര്യം ഈ സിനിമയ്ക്കുണ്ട്. എത്രപേർ അത് അംഗീകരിക്കാം തയ്യാറാവും എന്നത് വേറെ കാര്യം.

ബാംഗ്ലൂരിൽ വൈറ്റ്‌ഫീൽഡിലുളള ഫീനിക്സ് ഷോപ്പിംഗ് മാളിൽ മിക്ക വീക്കെന്റുകളിലും എന്തെങ്കിലും കലാപരിപാടികൾ ഉണ്ടാവാറുണ്ട്. ഒരിക്കൽ ഏതോ സിനിമ കാണാൻ അവിടെ പോയപ്പോൾ സ്റ്റേജിൽ ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളുടെ ഒരു സ്‌കൂൾ നടത്തുന്ന പരിപാടി നടക്കുകയായിരുന്നു. കുട്ടികളുടെ ഡാൻസ് , പാട്ട് ഒക്കെയുണ്ട്. ഞങ്ങൾ ചെല്ലുമ്പോൾ ഒരു ഡാൻസ് നടക്കുകയാണ്. സ്റ്റേജിനു മുന്നിൽ താഴെ നിന്നുകൊണ്ട് അവരുടെ ടീച്ചർമാരും അമ്മമാരും കാണിക്കുന്ന സ്റ്റെപ്പുകൾ കുട്ടികൾ അതേപടി അനുകരിക്കുകയാണ്. ഗ്രൂപ്പ് പെർഫോമൻസ് ആണെങ്കിലും പലരുടെയും സ്റ്റെപ്പുകൾ പല രീതിയിലാണ് പോയിക്കൊണ്ടിരിക്കുന്നത്. അതിൽ മുന്നിൽ നിന്ന് ഡാൻസ് ചെയ്യുന്ന ഒരു പയ്യൻ ഓഫ് വൈറ്റ് നിറത്തിലുള്ള ഒരു ട്രാക്ക് സ്യൂട്ട് ആണിട്ടിരുന്നത്. ഡാൻസ് ചെയ്യുന്നതിനിടയിൽ അറിയാതെ മൂത്രം പോയതുകൊണ്ടാവണം അവന്റെ പാന്റിന്റെ മുൻവശം നനഞ്ഞാണിരിക്കുന്നത്. ഉയർന്ന സ്റ്റേജായതുകൊണ്ടും ആ നിറത്തിലുള്ള ഡ്രസ്സായതുകാരണവും എല്ലാവരും ഒറ്റയടിക്ക് അത് ശ്രദ്ധിക്കും. കാഴ്ചക്കാരിൽ ചിലർ അവനെ നോക്കി ചിരിക്കുകയും തമാശ പറയുകയും ചെയ്യുന്നുണ്ട്. മറ്റു ചിലർ എന്തുചെയ്യണമെന്നറിയാതെ വിഷമിച്ച മുഖഭാവത്തോടു കൂടി നിൽപ്പുണ്ട്. നനഞ്ഞ വസ്ത്രം അവനിൽ ചെറിയ അസ്വസ്ഥതയുണ്ടാക്കുന്നുണ്ട് എന്ന് അവനെ കണ്ടാൽ മനസ്സിലാവും. അവന്റെ അമ്മയും അച്ഛനും ഇതൊന്നും കാണുന്നില്ലേ എന്ന് വിചാരിച്ചപ്പോളേക്കും സുന്ദരിയായ, പ്രൗഢയായ ഒരു സ്ത്രീ സ്റ്റേജിലെത്തി. അവന്റെ അമ്മയാണ്. എല്ലാവരും പ്രതീക്ഷിച്ചതു പോലെ അവരുടെ മുഖത്ത് എന്തെങ്കിലും പരിഭ്രാന്തിയോ എത്രയും പെട്ടെന്ന് ആ ‘നാണക്കേട്’ മറയ്ക്കാനുള്ള ധൃതിയോ ഒന്നുമുണ്ടായില്ല. പെട്ടെന്ന് ഇടതു വശത്ത് അമ്മയെക്കണ്ടതും ഒരു നിമിഷം അവൻ നിശ്ചലനായി. എന്നാൽ അമ്മ അവന്റെ കൈകോർക്കുകയും കൈകൾ വായുവിലേക്കുയർത്തുകയും ചെയ്തതോടെ അവന്റെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു. മുമ്പത്തേതിലും ഉഷാറായി അവൻ അമ്മയ്‌ക്കൊപ്പം നൃത്തം തുടർന്നു. സത്യത്തിൽ അവനാണോ കുഴപ്പം അതോ കണ്ടുനിന്ന നമുക്കാണോ എന്ന് സംശയം തോന്നിയ നിമിഷങ്ങളിലൊന്നാണത്.

ഗോപീകൃഷ്ണൻ അഭിനയിച്ച “തിരികെ” കണ്ട സമയത്ത് ഗോപീകൃഷ്ണന്റെ അമ്മയായ ശ്രീമതി. രഞ്ജിനി വർമ്മ ആ സിനിമയ്ക്ക് പുറകിലെ തയ്യാറെടുപ്പുകളെക്കുറിച്ച് എന്നോട് സംസാരിച്ചിരുന്നു. ആ സിനിമയിലെ ഓരോ സീനും ആക്ഷനും ഒക്കെ രഞ്ജിനി തന്നെ ആദ്യം പഠിക്കുകയും അത് മകനെ അഭിനയിച്ചു കാട്ടുകയും ഗോപി അത് അനുകരിക്കുകയും ചെയ്യുകയായിരുന്നു. എന്നാൽ അത് വിജയിച്ചത് തീർച്ചയായും ഗോപിയുടെ പ്രതിഭയും അഭിനയത്തോടുള്ള പാഷനും കൊണ്ടാണ്. ഒപ്പം കഠിനാധ്വാനവും. തിരികെയ്ക്കും ഇടിയൻ ചന്തുവിനും ശേഷം ഈ സിനിമയിലെത്തുമ്പോൾ ഗോപി ഒരു യഥാർത്ഥ അഭിനേതാവായി വളർന്നിട്ടുണ്ട്. ഇതിലെ പല സീനുകളും അമ്മയുടെ സഹായമില്ലാതെയാണ് ഗോപി ചെയ്തിരിക്കുന്നത്. എനിക്കേറ്റവും ഇഷ്ടമായത് അവൻ എന്തോ ആലോചിച്ചിരിക്കുമ്പോൾ ഗുൽഷൻ എന്തോ കാര്യത്തിന് വിളിക്കുന്നതും അതിനു മറുപടിയായി “എന്താ ?” എന്ന് മലയാളത്തിൽ വിളി കേൾക്കുന്നതുമാണ്. ആ റിയാക്ഷനും ടൈമിങ്ങും എല്ലാം നല്ലൊരു നടന്റേതാണ്. സ്പോട്ട് ഡബ്ബിങ് ആണ് ഈ സിനിമയുടേത് എന്നുമോർക്കണം. അതുപോലെ തന്നെ വെള്ളത്തോടുള്ള ഭയം മാറിയ ശേഷം അവൻ ആസ്വദിച്ച് കുളിക്കുന്ന സീൻ. ഇങ്ങനെ പലതും ഒറ്റയ്ക്ക് ഗോപി ചെയ്‌തിട്ടുണ്ട്. അമ്മയുടെയും മകന്റെയും ഒരുമിച്ചുള്ള പ്രയത്നവും ഗോപിയുടെ ടാലന്റും ചേർന്നാണ് ഗുഡ്ഡു എന്ന കഥാപാത്രത്തെ ഇത്രയും മികച്ചതാക്കിയത്. ഗോപിയുടെ കാര്യത്തിൽ മാത്രമല്ല ഇതിലെ ഓരോ സിത്താരയുടെയും പുറകിൽ പ്രകാശം പരത്തുന്ന അങ്ങനെയൊരാളുണ്ടാവും. അവർ മാത്രമല്ല സംവിധായകനും താരങ്ങളും മറ്റെല്ലാ പ്രവർത്തകരും അതിൽ പങ്കാളികളാണ്. പ്രത്യേകിച്ച് കുട്ടികളെല്ലാവരും ചേർന്നുള്ള കോമ്പിനേഷൻ ഷോട്ടുകൾ സിനിമയിൽ ഒരുപാടുണ്ട് എന്നതുകൂടി കണക്കിലെടുക്കുമ്പോൾ. നിങ്ങളുടെ നിർദ്ദേശങ്ങൾ എപ്പോളും അനുസരിക്കാവുന്ന അവസ്ഥയിലായിരിക്കില്ല കുട്ടികൾ. ഒരാൾ മൂഡ് ഓഫ് ആണെങ്കിൽ ആ സീൻ ഷൂട്ട് ചെയ്യാൻ പോലും സാധിക്കില്ല. അവരെല്ലാവരും സഹകരിക്കുന്ന സമയം വരെ മൊത്തം യൂണിറ്റും ക്ഷമയോടെ കാത്തിരിക്കേണ്ടി വരും. ഈ സിനിമയിൽ മാത്രമല്ല ഇത്തരം കുട്ടികളുടെ ജീവിതത്തിലെ ഓരോ ഹാപ്പി മോമെന്റിനു പുറകിലും ഇതുപോലെ കഥകൾ ഒരുപാടുണ്ടാവും.


ഇത്തരം കുഞ്ഞുങ്ങളുടെ ജീവിതത്തിലെ സിത്താരകൾ ശരിക്കും അവരുടെ അമ്മമാരാണ് എന്ന് പല തവണ തോന്നിയിട്ടുണ്ട്. നമ്മുടെ സമൂഹത്തിൽ ഭിന്നശേഷിയുള്ള ഒരു കുഞ്ഞു ജനിക്കുമ്പോൾ അത് അച്ഛനെക്കാൾ ബാധിക്കുന്നത് അമ്മയെയാണ്. പല രീതിയിലും. ലോകത്തിലെ ഒരുവിധമുള്ള മതങ്ങളും വിശ്വാസങ്ങളുമെല്ലാം ഇത്തരം കുഞ്ഞുങ്ങളെ പാപത്തിന്റെ സന്തതികളായാണ് കാണുന്നത് എന്നതാണ് സത്യം. അവൾ ചെയ്തിട്ടുള്ള ഏതോ പാപത്തിന് ദൈവം നൽകുന്ന ശിക്ഷയാണെന്ന് അമ്മ കേൾക്കെ തന്നെ ആരോപിക്കാൻ ഒരു മടിയുമില്ലാത്ത ഒരു സൊസൈറ്റി ആണ് ഇപ്പോളും നമ്മുടേത്. അമ്മയും അച്ഛനും കുഴപ്പക്കാരല്ലെങ്കിൽ അവരുടെ മുജ്ജന്മത്തിലോ അല്ലെങ്കിൽ അവരുടെ പിതാമഹന്മാരോ ചെയ്ത തെറ്റിന്റെ ശിക്ഷയാവാം എന്നുള്ള എന്നുള്ള തിയറികളും കുറവല്ല. ഒരു സാധാരണ കുട്ടിയുടെ ജനനത്തിൽ അമ്മ അനുഭവിക്കേണ്ടി വരുന്ന ശാരീരികവും മാനസികവുമായ സംഘർഷങ്ങളുടെ എത്രയോ ഇരട്ടിയാണ് സ്പെഷ്യൽ ചൈൽഡ് ആയ ഒരു കുട്ടിയുടെ അമ്മയ്ക്ക് നേരിടേണ്ടി വരുന്നതെന്നറിയാമോ ? അച്ഛന്മാർ ആ ഉത്തരവാദിത്വം പങ്കു വയ്ക്കാത്തവരാണ് എന്നല്ല പറയുന്നത്. പക്ഷെ അമ്മയെ സംബന്ധിച്ചിടത്തോളം ശിഷ്ടകാലം മുഴുവൻ നീണ്ടുനിൽക്കുന്ന ഒരു യുദ്ധത്തിനാണ് അവർ തയ്യാറെടുക്കേണ്ടത്. ഭർത്താവും കുടുംബവും ഒക്കെ ഒപ്പം നിന്നാൽ പോലും കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടുള്ള ഒരുപാടു വെല്ലുവിളികളാണ് ഇങ്ങനെയുള്ള ഓരോ കുട്ടിയും മുന്നോട്ട് വയ്ക്കുന്നത്. ജനിക്കുന്നത് പെൺകുട്ടിയാണെങ്കിൽ പ്രത്യേകിച്ചും. ഈ കുഞ്ഞുങ്ങളുടെ വിചിത്രമായ പെരുമാറ്റം നിയന്ത്രിക്കാനോ കാര്യങ്ങൾ നമ്മുടെ വഴിക്ക് നടത്താനോ സ്നേഹം കൊണ്ട് മാത്രം സാധിക്കില്ല. ഭൂമിയോളം ക്ഷമയും അവരുടെ മനോനില മനസ്സിലാക്കാനുള്ള പ്രയത്നവും അതിനെ നോർമൽ ആയി കാണാനുള്ള മനസ്സും ഇല്ലാത്തിടത്തോളം അമ്മമാരുടെ മാനസിക നില കൂടി തകരാറിലാക്കാനും കടുത്ത ഡിപ്രഷനിലേക്കോ സ്ട്രെസ്സിലേക്കോ അവരെ തള്ളിവിടാനും ഇത്തരമൊരു സാഹചര്യത്തിന് സാധിക്കും. എന്നാൽ ഇതിനെയെല്ലാം അവഗണിച്ച് കുഞ്ഞുങ്ങൾക്ക് വേണ്ടി ഏതറ്റം വരെയും പോകുന്ന അമ്മമാരെയാണ് പൊതുവെ ഞാൻ കണ്ടിട്ടുള്ളത്. എല്ലാ അമ്മമാരും അങ്ങനെത്തന്നെയല്ലേ എന്ന് വേണമെങ്കിൽ ഒരു വാദത്തിനു വേണ്ടി ചോദിക്കാം. പക്ഷെ ഇവിടെ ഒരു വ്യത്യാസമുണ്ട്. നിങ്ങൾ ആ കുഞ്ഞിനോട് കാണിക്കുന്ന കരുതലിനും സ്നേഹത്തിനും മറുപടിയായി ഒരു പുഞ്ചിരിക്കോ ഒരു ആശ്ലേഷത്തിനോ ചിലപ്പോൾ മാസങ്ങളും വർഷങ്ങളും കാത്തിരിക്കേണ്ടി വരാം. ചിലപ്പോ അതൊന്നും തിരികെ കിട്ടിയില്ല എന്നും വരും. പക്ഷെ അപ്പോളും ആകാശത്തിലെ നക്ഷത്രങ്ങൾ പോലെ സ്വയം കത്തിയെരിയുകയും ചുറ്റിനും പ്രകാശം പരത്തുകയും ചെയ്യും ആ അമ്മമാർ.

ഈ സിനിമ മുന്നോട്ട് വയ്ക്കുന്ന ലോകത്തിനപ്പുറം കയ്പ്പേറിയ ചില യാഥാർഥ്യങ്ങൾ കൂടിയുണ്ട് എന്ന് സൂചിപ്പിക്കാനാണ് ഇത്രയും എഴുതിയത്. ഈ സിനിമ നിങ്ങൾ തീർച്ചയായും കാണണം. കഴിഞ്ഞ രണ്ടു മൂന്നു ചിത്രങ്ങൾ വലിയ വിജയമാകാതിരുന്നിട്ടും ഒരുപാടു റിസ്കുള്ള ഇത്തരമൊരു പ്രമേയം സിനിമയാക്കാൻ ധൈര്യം കാണിച്ച ആമിർഖാൻ പ്രൊഡക്ഷൻസും അമീർഖാൻ എന്ന താരവും ഇതിലും വലിയ വിജയം അർഹിക്കുന്നുണ്ട്. പേരമ്പ്, ദൈവതിരുമഗൾ പോലുള്ള സിനിമകൾ തമിഴിൽ ഇറങ്ങിയിട്ടുണ്ട്. എന്നാൽ വിദ്യാഭ്യാസപരമായും അല്ലാതെയുമൊക്കെ ഇന്ത്യയിലെ ഏറ്റവും മികച്ചത് എന്ന് സ്വയം കരുതുന്ന മലയാളികൾ ഇത്തരം സബ്ജക്ടുകൾ എത്ര തവണ സിനിമയാക്കിയിട്ടുണ്ട് എന്നും ഓർക്കണം.

Share.

ഒരു പ്രമുഖ സൈബർ സെക്യൂരിറ്റി കമ്പനിയിലെ ഡാറ്റാ അനലിസ്റ്റ് ആണ് ലേഖകൻ.

Leave A Reply Cancel Reply

Exit mobile version
Privacy Overview

This website uses cookies so that we can provide you with the best user experience possible. Cookie information is stored in your browser and performs functions such as recognising you when you return to our website and helping our team to understand which sections of the website you find most interesting and useful.

Strictly Necessary Cookies

Strictly Necessary Cookie should be enabled at all times so that we can save your preferences for cookie settings.