ദുബായ്: എമിറേറ്റ്സ് എയർലൈൻസ് തങ്ങളുടെ വിമാനങ്ങളിൽ സ്പേസ് എക്സിന്റെ സ്റ്റാർലിങ്ക് സാറ്റലൈറ്റ് ഇന്റർനെറ്റ് സംവിധാനം ഉടൻ അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. ലോകത്തിലെ ഏറ്റവും വലിയ സ്റ്റാർലിങ്ക്-സജ്ജമായ അന്താരാഷ്ട്ര വൈഡ്-ബോഡി വിമാനഫ്ലീറ്റ് പ്രവർത്തിപ്പിക്കാൻ എമിറേറ്റ്സ് ഒരുങ്ങുന്നു. ബോയിങ് 777, എയർബസ് എ380 എന്നിവയുൾപ്പെടെ 232 വിമാനങ്ങളിലാണ് ഈ സൗകര്യം ആദ്യമായി ലഭ്യമാക്കുക.
നവംബർ 23 മുതൽ ബോയിങ് 777 വിമാനങ്ങളിൽ ആരംഭിച്ച്, 2026- ൽ എ380കളിലേക്ക് വ്യാപിപ്പിച്ച് 2027 മധ്യത്തോടെ മുഴുവൻ ഫ്ലീറ്റിലും പൂർത്തിയാക്കും എന്ന് കരുതപ്പെടുന്നു. മാസത്തിൽ ഏകദേശം 14 വിമാഞങ്ങളിൽ വീതം ഇൻസ്റ്റാൾ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലെ പെയ്ഡ് വൈഫൈ സംവിധാനത്തിന് പകരം സൗജന്യമായി അതിവേഗ ഇന്റർനെറ്റ്, വിമാനങ്ങളിൽ ലഭ്യമാലുമെന്നതാണ് പ്രധാന ആകർഷണം.
യാത്രക്കാർക്ക് സ്ട്രീമിങ്, ഗെയിമിങ്, വീഡിയോ കോളുകൾ, ജോലി, സോഷ്യൽ മീഡിയ എന്നിവയ്ക്ക് ഭൂമിയിലെപ്പോലെ തടസമില്ലാത്ത കണക്റ്റിവിറ്റി ലഭിക്കും. സീറ്റ്ബാക്ക് സ്ക്രീനുകളിലും വ്യക്തിഗത ഉപകരണങ്ങളിലും ഒരേസമയം ഉപയോഗിക്കാം എന്നുള്ളതും ഇതിൻറെ സവിശേഷതകളാണ്.
“സ്റ്റാർലിങ്കുമായുള്ള പങ്കാളിത്തം തങ്ങളുടെ ‘ഫ്ലൈ ബെറ്റർ’ പ്രതിജ്ഞയുടെ മറ്റൊരു നിർണായക നാഴികക്കല്ലാണെന്നും ലോകത്തിലെ ഏറ്റവും വേഗമേറിയ വൈഫൈ യാത്രക്കാർക്ക് ലഭ്യമാക്കി, ഇൻഫ്ലൈറ്റ് കണക്റ്റിവിറ്റിയുടെ നിലവാരം ഉയർത്തുകയെന്നുള്ളതിൽ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും എമിറേറ്റ്സ് പ്രസിഡന്റ് സർ ടിം ക്ലാർക്ക് പറഞ്ഞു.
ദുബായ് എയർഷോയിൽ നവംബർ 16നാണ് ഈ പ്രഖ്യാപനം നടന്നത്.
