ഇന്ത്യന്‍ സൈനികര്‍ നിലയുറപ്പിച്ചിരിക്കുന്ന അതിര്‍ത്തി പ്രദേശങ്ങളില്‍ കുറെ സൈനിക ദൈവങ്ങള്‍ ഉണ്ട്. ഈ ദൈവങ്ങളുടെ പുണ്യസങ്കേതങ്ങള്‍ നിലകൊള്ളുന്നത് വാസയോഗ്യമല്ലാത്ത ഭൂപ്രദേശങ്ങളിലായത് കൊണ്ട് തന്നെ സാധാരണ ജനങ്ങള്‍ക്ക്‌ ആ ദൈവ സന്നിധാനം അപ്രാപ്യമാണ്.  ആശ്രമങ്ങളും, പരിവാരങ്ങളും, കീര്‍ത്തനങ്ങളും, അത്ഭുത സിദ്ധികളും, പ്രസംഗങ്ങളും, ആശ്ലേഷവും, ദര്‍ശനങ്ങളും ഇല്ലാതെ പ്രതികൂലമായ എല്ലാത്തിനെയും അതിജീവിച്ചു വാഴുന്ന ഭൂത ഗണങ്ങള്‍.  സൈനികരുടെ കണ്‍കണ്ട ദൈവങ്ങള്‍… ഒരിക്കല്‍ മാതൃഭൂമിക്ക് വേണ്ടി ജീവന്‍ വെടിഞ്ഞ പോരാളികൾ ആണിവര്‍.  മരണം വരിച്ച സ്ഥലത്തെ പാലിക്കുന്ന പുണ്യവാളന്മാര്‍!

യുവ സൈനിക മേധാവിയായി 1987 ല്‍ ഞാന്‍ കശ്മീര്‍ താഴ്വരയിൽ എത്തി.  അവിശ്വാസി പോലും വിശ്വാസിയാകുന്ന അവസ്ഥയാണ് അവിടെ.  എന്നിലുള്ള ഈശ്വര വിശ്വാസം വീണ്ടും ജ്വലിച്ചു; പൂര്‍വാധികം ശക്തിയോടെ.  കാരണം, വാസയോഗ്യമല്ലാത്ത പ്രദേശങ്ങളും, മരവിപ്പിക്കുന്ന തണുപ്പും, ഹിമപ്രവാഹങ്ങളും, മഞ്ഞു വീഴ്ചയും എല്ലാം കൂടെ എന്നെ വിശ്വാസത്തിന്‍റെ കൊടുമുടിയില്‍ എത്തിച്ചു.  സമുദ്രനിരപ്പില്‍നിന്ന്‌ 10,000 അടി മുകളില്‍ ജീവ വായു പോലും കിട്ടാത്ത അവസ്ഥയില്‍ ആരായാലും അറിയാതെ ഈശ്വരനെ സാഷ്ടാംഗം നമിച്ചു പോകും.  മലനിരക്കുകളില്‍ കൂടെയുള്ള വാഹനം ഓടിക്കല്‍ സാഹസികമാണ്. മഞ്ഞുമൂടികിടക്കുന്ന റോഡില്‍ നിന്ന് തെന്നി താഴെ വീണാല്‍ വാഹനത്തിന്‍റെയോ അതിലെ ആളുകളുടെയോ പൊടി പോലും കണ്ടു കിട്ടില്ല.

ആര്‍ട്ടിലെറി ഒബ്സര്‍വർ ആയി പഞ്ചാബ്‌ ബറ്റാലിയനിലായിരുന്നു ഞാന്‍.  ഈ ബറ്റാലിയനില്‍ അധികവും പഞ്ചാബ്, ഹിമാചല്‍പ്രദേശ്, ജമ്മു എന്നിവിടങ്ങളിലെ സിക്കുക്കാരും ഹൈന്ദവ മത വിശ്വാസികളുമായിരുന്നു.  അത് കാരണം അവിടെ ഒരമ്പലവും, ഗുരുദ്വാരയും ഉണ്ടായിരുന്നു. രണ്ടിടങ്ങളിലും  ഇന്ത്യന്‍ ആര്‍മിയുടെ ചട്ടക്കൂടനുസരിച്ച് എല്ലാ ഞായറാഴ്ചയും വിശേഷാവസരങ്ങളിലും മതപരമായ ആചാരാനുഷ്ടാനങ്ങള്‍ നടന്നിരുന്നു.  ഈ അനുഷ്ടാനങ്ങളില്‍ ബറ്റാലിയനില്‍ ഉള്ള എല്ലാവരും ജാതിമതഭേദമന്യേ പങ്കെടുക്കല്‍ നിര്‍ബ്ബന്ധവുമായിരുന്നു.

ബറ്റാലിയന്‍റെ മുഖ്യകാര്യാലയത്തിലേക്കുള്ള വഴി മദ്ധ്യേ ഒരു മുസ്ലീം പീര്‍ ബാബയുണ്ടായിരുന്നു. സൈന്യത്തിലെ വലിയവരും ചെറിയവരും ഉള്‍പ്പെടെയുള്ളവര്‍ അവിടെ നിര്‍ത്തി ബാബയെ വണങ്ങിയാണ് ബറ്റാലിയനില്‍ എത്തുക. സൈനികര്‍ക്കിടയില്‍ കാലങ്ങളായി നിലനില്‍ക്കുന്ന   വിശ്വാസമാണ്. വിശ്വസിച്ചാലും ഇല്ലെങ്കിലും ബാബയുടെ അടുത്ത് നിര്‍ത്തി വണങ്ങി പോകുന്നവരെ കാക്കാന്‍ ബാബയുണ്ടാകും.  അല്ലാത്തവര്‍ എന്തെങ്കിലും അപകടത്തില്‍ പെടും…

സത്യക്രിസ്ത്യാനിയായി ജനിച്ചു രാവിലെയും വൈകീട്ടും ഈശോയെ ധ്യാനിച്ച് ജീവിച്ചു പോന്ന എനിക്ക് ഈ സ്ഥലമാണ് മതേതരത്വത്തിന്‍റെ തീവ്രത മനസിലാക്കി തന്നത്.  ദൈവങ്ങള്‍ക്ക് ജാതിയും മതവും ഇല്ല എന്ന പാഠവും ഞാന്‍ പഠിച്ചത് എന്‍റെ സൈനിക ജീവിതത്തില്‍ നിന്നാണ്. അപകടകരമായ  ഓരോ ചുവടുവെപ്പിലും എന്നെ കാത്തത് ഇവരെല്ലാമാണ്.

ഇനി സിക്കിമിലെയും സിയാച്ചിന്‍ ഹിമപരപ്പിലെയും എന്റെ അറിവിലുള്ള സൈനിക ദൈവങ്ങളെ കുറിച്ച്:

ഒ. പി. ബാബ (OP Baba, Siachen Glacier, c/o. 56 APO)
സിയാച്ചിന്‍ ഗ്ലേസിയര്‍, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമി! ഇന്ത്യയുടെയും പാകിസ്ഥാന്റെയും തര്‍ക്ക വിഷയങ്ങളില്‍ ഉള്‍പ്പെടുന്ന ഭൂപ്രദേശം കൂടിയാണ് ഇത്.  പ്രതികൂലമായ കാലാവസ്ഥ കൊണ്ട് കുപ്രസിദ്ധിയാര്‍ജിച്ച സ്ഥലം.  വാസയോഗ്യമല്ലാത്തതും, ചതിക്കുഴികള്‍ പതിയിരിക്കുന്നതുമായ  പ്രദേശങ്ങള്‍, -40 ഡിഗ്രിയില്‍ അസ്ഥി മരവിപ്പിക്കുന്ന തണുപ്പ്, ഹിമപരപ്പിലെ വിടവുകള്‍, മലകളില്‍നിന്നു അടർന്നു വീഴുന്ന വലിയ മഞ്ഞുകട്ടികള്‍, എല്ലാത്തിനും മീതെയായി ശത്രുവിന്‍റെ ആക്രമണവും… ഇതാണ് സിയാച്ചിന്‍!

1984ല്‍ ഇന്ത്യന്‍ സേന സിയാച്ചിന്‍ കൈവശപ്പെടുത്തിയതിന് ശേഷം ശത്രു സൈന്യത്തിന്‍റെ ആക്രമണത്തേക്കാള്‍ കൂടുതല്‍ സൈനികര്‍ ഈ കാലാവസ്ഥയില്‍ പിടിച്ചു നില്‍ക്കാന്‍ ആവാതെ മരണപ്പെട്ടിട്ടുണ്ട് എന്ന് സ്ഥിതിവിവരക്കണക്കുകള്‍ സൂചിപ്പിക്കുന്നു.  ഹൈപോക്സിയ (High Altitude Pulmonary Edema / High Altitude Sickness or HAPE), തണുത്ത കാറ്റ്, സൂര്യതാപം, കൊടിയ തണുപ്പില്‍ മരവിച്ചുപോയ ശരീരഭാഗങ്ങള്‍, നേര്‍ത്ത വായുമണ്‌ഡലം, സബ് സീറോ താപനിലയില്‍ കണ്ടുവരുന്ന തീക്ഷ്ണമായ വിഷാദരോഗം എന്നിവയാണ് നമ്മുടെ സൈനികരെ ബാധിക്കുന്നത്.  ദൈവവിശ്വാസം ഇവിടെ സേവനം അനുഷ്ഠിക്കുന്ന ഏതൊരു സൈനികനിലും പതിന്മടങ്ങായിരിക്കും.  മറ്റേതൊരു യുദ്ധഭൂമിയേയും പോലെ ഐതിഹ്യങ്ങളും, ഇതിഹാസങ്ങളും കൊണ്ട് നിറഞ്ഞതാണ് സിയാച്ചിന്‍ ഗ്ലേസിയര്‍.

സൈനികര്‍ ആദരിക്കുന്ന ഓ.പി. ബാബാ (ഓം പ്രകാശ്‌ ബാബാ), ഇന്ത്യന്‍ അതിര്‍ത്തി പ്രദേശം ശത്രുവിന് വിട്ടു കൊടുക്കാതെ ധീരതയോടെ പൊരുതി മരണം വരിച്ച ഒരു കരസൈനികനാണ്. ഏതവസ്ഥയിലും മാതൃഭൂമിയെ കാത്ത ആ ധീരയോദ്ധാവാണ് മരണാനന്തരവും അതിര്‍ത്തി കാക്കുന്ന കരസൈനികരുടെ അദൃശ്യ ശക്തിയായി നിലക്കൊള്ളുന്നത്.  ഔപചാരികമായ ഒരു റിപ്പോര്‍ട്ട്‌ ബാബയ്ക്ക് ഏതൊരു സൈനിക പ്രവേശനത്തിന്‌ മുന്‍പും, ശേഷവും നല്‍കുന്നു എന്നതിലൂടെ ആ സൈനിക ദിവ്യനില്‍ ഉള്ള വിശ്വാസത്തിന്‍റെ ആഴം ഊഹിക്കാം.  ഏതൊരു പുതിയ ഓഫീസര്‍ എത്തുമ്പോഴും ആദ്യം ബാബയെ കണ്ട് അനുഗ്രഹം വാങ്ങിയതിന് ശേഷമാണ് ഡ്യൂട്ടിയില്‍ പ്രവേശിക്കുന്നത്.  ബാബയിലുള്ള വിശ്വാസത്തിന് കൂറ് പുലര്‍ത്താന്‍ അവിടെയുള്ള സൈനികര്‍ മദ്യവും സിഗരറ്റും ഉപേക്ഷിക്കുന്നു.  ഏതൊരു ബറ്റാലിയനും സൈനിക സ്ഥാനങ്ങളിലേക്ക് നീങ്ങുന്നതിനു മുന്നോടിയായി ബാബയുടെ മന്ദിരത്തില്‍ എത്തി വണങ്ങുന്നു.  ബറ്റാലിയന്റെ തലവന്‍ വിശദമായ സൈനിക റിപ്പോര്‍ട്ട്‌ ബാബയ്ക്ക് നല്‍കുന്നതോടൊപ്പം മദ്യവും സിഗരറ്റും വര്‍ജിക്കുമെന്നും, മരണം വരെ പോരാടി ശത്രുവില്‍ നിന്ന് രാജ്യം കാക്കുമെന്നും പ്രതിഞ്ജ എടുക്കുന്നു.  ഒരു ഓട്ടുമണി മന്ദിരത്തില്‍ കെട്ടുക എന്ന ചടങ്ങും ഇതിനോടൊപ്പം നടക്കും.


സിയാച്ചിന്‍ ഗ്ലേസിയര്‍ വിട്ടു പോകുന്നതു വരെ ഓരോ സൈനികനും ഈ പ്രതിഞ്ജ പാലിക്കുന്നു. ആസന്നമായ അപകടങ്ങളെക്കുറിച്ച് ബാബാ സ്വപ്നത്തിലൂടെ മുന്നറിയിപ്പ്‌ നല്‍കാറുണ്ടെന്നും, തങ്ങളുടെ ഓരോ ചുവടുവെപ്പിലും ബാബയുടെ കാവലുണ്ടെന്നും ഉള്ള വിശ്വാസത്തില്‍ മുറുകെപ്പിടിച്ച് ജീവന്മരണ പോരാട്ടങ്ങളെ അതിജീവിക്കുന്നു ഇവിടെയുള്ള സൈനികര്‍.

ബാബ ഹർഭജൻ സിംഗ് (Baba Harbhajan Singh, Sikkim, c/o. 99 APO)
മരിച്ചിട്ടും മരിക്കാതെ കര്‍മനിരതനായ ബാബയാണ് ബാബാ ഹര്‍ഭജന്‍സിങ്‌. ഇന്നും ഇന്ത്യയുടെ സിക്കിമിലെ നാഥുലാ അതിര്‍ത്തിയുടെ കാവലായി ബാബായുണ്ട്.  അവിശ്വസനീയമായി തോന്നാം ഈ കഥ.  പുച്ഛത്തോടെ തലതിരിക്കാം.  എന്നാല്‍ ബാബാ സത്യമാണോ എന്ന കാര്യത്തില്‍ അവിടെ സേവനം അനുഷ്ടിച്ച ഒരു സൈനികനും സംശയം ഉണ്ടാകില്ല. ഗാങ്ടോക്കിൽ നിന്നും അറുപത് കിലോമീറ്റര്‍ അകലെയുള്ള  നാഥുലാ പാസിനടുതാണ് കുപുപ് താഴ്വര.  അവിടെയാണ് ബാബയുടെ മന്ദിരം.  ഏഷ്യയുടെ തുല്യ ശക്തികളായ ഇന്ത്യയുടെയും ചൈനയുടെയും അതിര്‍ത്തി കാക്കുന്നത് സൈനിക പിന്‍ബലം ഒന്നും ഇല്ലാതെ ബാബാ ഒറ്റക്കാണ്.  വിശ്വസിക്കാന്‍ പ്രയാസം തോന്നും.  എന്നാല്‍ ഇത് സത്യമാണ് എന്ന് ഇന്ത്യന്‍ സേനയിലെ ആരും നെഞ്ചത്ത് കൈവെച്ചു പറയും.  എന്തിനധികം, രാത്രികാലങ്ങളില്‍ ഒരാള്‍ ഒറ്റയ്ക്ക് കുതിരപ്പുറത്ത്‌ ഇന്ത്യന്‍ അതിര്‍ത്തിയില്‍ അങ്ങോട്ടും ഇങ്ങോട്ടും പായുന്നതായി ചൈനീസ് പട്ടാളക്കാര്‍ പലപ്പോഴും കണ്ടതായി പറയുന്നു.

പഞ്ചാബിലെ ബ്രോണ്ടല്‍ ഗ്രാമത്തില്‍ ജനിച്ച ഹര്‍ഭജന്‍സിങ്‌ ഇരുപത്തിമൂന്നാമത് പഞ്ചാബ് ബറ്റാലിയനില്‍ ശിപായിയായി 1966 ല്‍ ചേര്‍ന്നുകൊണ്ട് തന്റെ സൈനിക സേവനം ആരംഭിച്ചു. 1968 ഒക്ടോബര്‍ നാലാം തിയതി ബറ്റാലിയന്‍ ആസ്ഥാനത്തില്‍ നിന്നും പുറപ്പെട്ട കാരവന്‍ അകമ്പടി പോയ ഹര്‍ഭജന്‍സിങ്‌ നിറഞ്ഞൊഴുകുന്ന നദിയിലേക്ക് കാല്‍വഴുതി വീണു. നദിയിലേക്ക് വീണ ഹര്‍ഭജനു വേണ്ടി സൈന്യം നടത്തിയ തിരച്ചിലുകള്‍ വൃഥാവിലായി.  ഒരു ദിവസം അദ്ദേഹത്തിന്റെ കമാന്റിങ് ഓഫീസറുടെ സ്വപ്നത്തില്‍ ഹര്‍ഭജന്‍ പ്രത്യക്ഷപെട്ടു തന്റെ മൃതദേഹം എവിടെയുണ്ടെന്നും, തനിക്കായി ഒരു സമാധി പണിയണം എന്നും ആവശ്യപ്പെട്ടുവത്രേ. ആദ്യം സ്വപ്നത്തെ അവഗണിച്ച ഓഫീസര്‍, ഹര്‍ഭജന്റെ മൃതശരീരം സ്വപ്നത്തില്‍ പറഞ്ഞ അതെ സ്ഥലത്തു നിന്ന് കണ്ടെടുത്തപ്പോള്‍ ഉടന്‍ തന്നെ സമാധി പണിയാന്‍ ഉത്തരവിട്ടു എന്നുമാണ് ഐതിഹ്യം.


ഇവിടെയും ബാബയോടുള്ള വിശ്വാസത്തിനു യാതൊരു കുറവുമില്ല.  ഏതെങ്കിലും ഒരു ഓഫീസര്‍ പുതുതായി എത്തുകയാണെങ്കില്‍ ബാബയുടെ അടുത്തെത്തി വണങ്ങുന്നു.  സിക്കിമില്‍ ഞാന്‍ എത്തിയപ്പോള്‍ എന്‍റെ യുക്തിസഹമായ വീക്ഷണങ്ങള്‍ അറിയാവുന്ന കമാന്റിങ് ഓഫീസര്‍ ബാബയെ കണ്ടു വണങ്ങാന്‍ ആവശ്യപ്പെടുകയും ട്രൂപ്പില്‍ ഉള്ള മറ്റംഗങ്ങളുടെ വിശ്വാസത്തിന് വിലകല്‍പ്പിക്കണം എന്ന് ഉപദേശിക്കുകയും ചെയ്തു.  പറഞ്ഞത് പോലെ പ്രവര്‍ത്തിച്ചെങ്കിലും ആ വാക്കുകളുടെ അര്‍ത്ഥവ്യാപ്തി മനസ്സിലായത്‌ പി.റ്റി.എസ്.ഡി (Post-Traumatic Stress Disorder PTSD) യെക്കുറിച്ചുള്ള യു.എസ് ആര്‍മി ഡോക്ടറുടെ ഒരു റിസര്‍ച്ച് പേപ്പര്‍ വായിച്ചപ്പോഴാണ്.

 

കേരളത്തിലെ ക്രൈസ്തവരിൽ അധികരും വിശ്വസിക്കുന്ന ഗീവർഗ്ഗീസ് സഹദായും (St. George) സൈനിക ദൈവം തന്നെ. സേനാനികളുടെ സംരക്ഷകനാണ് സഹദാ. ഇംഗ്ലണ്ട്, ജോർജിയ, ലിത്വാനിയ, പോർച്ചുഗൽ, ജർമ്മനി, ഗ്രീസ് എന്നീ രാജ്യങ്ങളുടെ അഭിവന്ദ്യനുമാണ്. ബൈബിളിൽ അദ്ദേഹത്തെപ്പറ്റി യാതൊരു പരാമർശവുമില്ല എന്ന സത്യം അധികമാറക്കും അറിവില്ല. റോമൻ സൈന്യത്തിൽ ട്രിബ്യൂൺ പദവി വഹിച്ചിരുന്ന അദ്ദേഹം, ക്രിസ്ത്യാനികളെ പീഡിപ്പിച്ച ദിയോക്ളീഷിൻ രാജാവിന്റെ അതിക്രമത്തിനെതിരെ പ്രതിഷേധിച്ചതിനാൽ ശിരഛേദിക്കപ്പെട്ടു.

1098-ൽ അന്റിയോക് യുദ്ധത്തിനിടെ ക്രൂസേഡർ സൈന്യത്തിന് മുന്നിൽ പ്രത്യക്ഷപ്പെട്ടതായി പറയപ്പെടുന്നതോടെ, സേനാനികളുടെ സംരക്ഷകനായി സഹദായെ കണക്കാക്കാൻ തുടങ്ങി. സാധാരണയായി തീ തുപ്പുന്ന ചിറകുള്ള ഉഗ്രസർപ്പത്തെ കുതിരപ്പുറത്ത് കയറി കുന്തം കൊണ്ടു കൊല്ലുന്ന സഹദായുടെ ചിത്രമാണ് നാം കണ്ടിരിക്കുന്നത്. ഇതിന്റെ ആധാരം ലിബിയയിലെ സൈലീൻ എന്ന നഗരത്തിലെ ഒരു പുരാണ കഥയാണ്. അവിടത്തെ തടാകത്തിൽ ഒരു ഭീകര സർപ്പം പട്ടണവാസികൾക്ക് വെള്ളം എടുക്കാൻ സാധിക്കാത്ത അവസ്ഥയിൽ വസിച്ചിരുന്നു.  ഈ സർപ്പത്തിന്റെ തടാകത്തിൽ നിന്നും ഇറക്കുവാൻ ദിവസേന ഒരു കന്യകയെ ബലിക്കൊടുക്കേണ്ടി വരികയായിരുന്നു. അവിടുത്തെ രാജാവിന്റെ മകൾ സാബ്രയുടെ ഊഴം വന്നപ്പോൾ, അവളെ തൂണിൽ കെട്ടിയിട്ടു സർപ്പത്തിന്റെ ഇരയാക്കാൻ തയ്യാറാകുമ്പോഴാണ്, കുതിരപ്പുറത്ത് സഞ്ചരിച്ചെത്തിയ സഹദാ ഈ സർപ്പത്തെ കൊന്നതായി വിശ്വസിക്കപ്പെടുന്നത്. ബൈസാന്റൈൻ സൈനികരിൽ നിന്ന് ഈ കഥ ഉത്ഭവിച്ചു ക്രൂസേഡർമാർ പിന്നീട് ഇത് പാശ്ചാത്യ ലോകത്തേക്ക് പരത്തി.

റിച്ചാർഡ് ഒന്നാമന്റെ ഭരണകാലത്ത് ഇംഗ്ലീഷ് സൈനികരുടെ യൂണിഫോമിന്‍റെ ഭാഗമായതായി സെന്റ് ജോർജിന്റെ പതാക, വെളുത്ത പശ്ചാത്തലത്തിൽ ഒരു രക്തരൂക്ഷിതമായ കുരിശ്, തുന്നിച്ചേർത്തു. പിന്നീട് ഇത് ഇംഗ്ലണ്ടിന്റെ ദേശീയ പതാകയും റോയൽ നേവിയുടെ വൈറ്റ് എൻസൈൻ പതാകയുമായിയായി.

 

രണ്ടാം ലോകമഹായുദ്ധ കാലത്തു ജർമ്മൻ വിമാനങ്ങളുടെ വ്യാപകമായ വ്യോമാക്രമണങ്ങൾ ബ്രിട്ടണിലെ ജനതയെ ലക്ഷ്യമാക്കിയപ്പോൾ, രാജാവ് ആറാമൻ ജോർജ് ‘അത്യന്തം അപകടകരമായ സാഹചര്യങ്ങളിൽ ഏറ്റവും ഉജ്ജ്വലമായ വീരത്വത്തിനും അതിവിശിഷ്ടമായ ധൈര്യത്തിനുമുള്ള’ പുരസ്കാരമായി ജോർജ് ക്രോസ് 1940-ൽ സ്ഥാപിച്ചു. ഇത് വിക്റ്റോറിയ ക്രോസിന് ശേഷം ഏറ്റവും മഹത്തായ ബഹുമതിയാണ്. ഈ ഈ മെഡൽ കുരിശിന്റെ ആകൃതിയിൽ, മുൻഭാഗത്തു സർപ്പത്തെ സംഭരിക്കുന്ന സഹദായുടെ രൂപവും ‘For Gallantry’ എന്ന കുറിപ്പുമുണ്ട്. മറുവശത്ത് അവാർഡ് സ്വീകരിച്ചയാളുടെ പേര്, പുരസ്കൃതമായ വർഷം എന്നിവ രേഖപ്പെടുത്തിയിരിക്കുന്നു.

കറകളഞ്ഞ ദൈവ വിശ്വാസവും, ഓരോ സൈനിക ആസ്ഥാനങ്ങളിലും കാവലായുള്ള അദൃശ്യശക്തികളില്‍ ഉള്ള വിശ്വാസവും കൊണ്ടായിരിക്കണം ഇന്ത്യന്‍ സേനയില്‍ പി.റ്റി.എസ്.ഡി കേസുകള്‍ നന്നേ കുറവാണ്.  വിദേശ ട്രൂപ്പുകളില്‍ വര്‍ധിച്ചു വരുന്ന സുവിശേഷ പ്രവര്‍ത്തനങ്ങള്‍ ഇതൊക്കെ കാരണമാവാം എന്ന് ഞാന്‍ കരുതുന്നു.

Share.

Born in Kottayam, Kerala, India. Studied till Grade 4 in the village school in Kottayam and was selected to join Sainik School, Amaravathi Nagar (TN) in 1971. Completed Grade 11 in 1978 and joined National Defence Academy (61 Course). Commissioned to 75 Medium Regiment (Artillery – Indian Army) in 1982. Traveled all through India during various army assignments. Attended Long Gunnery Staff Course and Technical Staff Course. Commanded a Surveillance and Target Acquisition Regiment and bid good-bye to the army in 2004 to join the family in Canada and is presently a Canadian citizen, enjoying a retired life. Interests include gardening, cooking, reading and writing.

Leave A Reply Cancel Reply

Exit mobile version
Privacy Overview

This website uses cookies so that we can provide you with the best user experience possible. Cookie information is stored in your browser and performs functions such as recognising you when you return to our website and helping our team to understand which sections of the website you find most interesting and useful.

Strictly Necessary Cookies

Strictly Necessary Cookie should be enabled at all times so that we can save your preferences for cookie settings.