സിനിമയിലെ അമിതമായ വയലൻസ് കുട്ടികളുടെ പെരുമാറ്റത്തെ സ്വാധീനിക്കുന്നുവെന്ന തരത്തിലുള്ള ചർച്ച മലയാള മാധ്യമങ്ങളിൽ ഈ ദിവസങ്ങളിലായി കൊഴുക്കുന്നുണ്ട്. അതിനിടയിൽ സിനിമയിലെ വയലൻസ് കണ്ട് സ്വാധീനിക്കപ്പെടുമെങ്കിൽ നന്മ കണ്ടാലും സ്വാധീനിക്കപ്പെടേണ്ടതല്ലേ എന്ന കോളേജ് അധ്യാപകനായ ഒരു പ്രമുഖ നടന്റെ തികച്ചും നിഷ്കളങ്കമായ ഫേസ്ബുക് പോസ്റ്റിനടിയിൽ നാറുന്ന തെറിയഭിഷേകം കൊണ്ട് അദ്ദേഹത്തെ കുളിപ്പിച്ചു കിടത്തുന്നതും നാം കണ്ടു. തികച്ചും പ്രസക്തമായിട്ടുള്ള ഒരു ചോദ്യമായിട്ടാണ് എനിക്കത് തോന്നിയത്.
വളരെ നിശബ്ദമായി വളരെ ചെറിയ ഒരു പ്രേക്ഷക സമൂഹത്തെ മാത്രം സ്പർശിച്ച് കടന്നുപോകുന്ന ചില സിനിമകളുണ്ട്. കുറച്ചുനാൾ മുമ്പ് ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ എന്നൊരു മലയാള ചിത്രം സ്ത്രീകളുടെ സ്വാതന്ത്ര്യ ബോധത്തെ സംബന്ധിച്ച ചർച്ചയ്ക്ക് കേരളത്തിൽ തിരികൊളുത്തിയിരുന്നു. ഇതേ ചിത്രത്തിൻറെ ഹിന്ദി പതിപ്പ് മറുനാടുകളിൽ ഉയർത്തുന്ന ചോദ്യം മറ്റൊന്നാണ്. പെണ്ണുങ്ങൾ സാധാരണ അടുക്കളയിൽ ജോലി ചെയ്യുന്നതിൽ സിനിമയാക്കാൻ മാത്രം എന്താണുള്ളത് എന്ന്. അടുക്കളയിൽ ഇരുന്നു ദോശ ചുടൽ മാത്രമാണോ സ്ത്രീകളുടെ സ്വത്വബോധം ആഗ്രഹിക്കുന്നത് എന്നൊരു മറുചോദ്യം ആ ചിത്രം മുൻപോട്ട് വയ്ക്കുന്നുണ്ട്.
ലിംഗ ഭേദ പദവി സമത്വ ചർച്ചകൾ പൊടി പൊടിക്കുമ്പോഴും, പുരുഷാധിപത്യത്തിന്റെയും സമൂഹത്തിന്റെ പരാശ്രയത്വത്തിന്റെയും രോഗത്തിന്റെ തടവുകളിൽ ജീവിതം ഹോമിക്കേണ്ടി വരുന്ന ഒരു അംഗനവാടി ടീച്ചർ, സ്വയം തടവ് വരിക്കുന്ന കഥ പറയുന്ന ഫാസിൽ റസാഖിന്റെ തടവ് എന്നൊരു സിനിമ കേരളത്തിൻറെ കഴിഞ്ഞ അന്തർദേശീയ ചലച്ചിത്രോത്സവത്തിൽ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള രചതചകോരം കരസ്ഥമാക്കുകയുണ്ടായി. ചലച്ചിത്ര മേഖലയിൽ പയറ്റി തെളിഞ്ഞവരായിരുന്നില്ല ഈ ചിത്രത്തിന് പിന്നിൽ. മറിച്ച് സിനിമയെ ഒരു പാഷനായി കാണുന്ന ഒരുപറ്റം പുതിയ ചെറുപ്പക്കാരായിരുന്നു ഹൃദ്യമായ ആ ചിത്രത്തിന് പിന്നിൽ പ്രവർത്തിച്ചത്. സാംസ്കാരിക കേരളം എന്തുകൊണ്ട് ഇത്തരം ചിത്രങ്ങൾ ചർച്ചകൾക്ക് വിധേയമാക്കുന്നില്ല എന്ന ചോദ്യം ന്യായമാണ്.
അങ്ങനെയിരിക്കെയാണ് അരിക് എന്ന പേരിൽ മറ്റൊരു നവാഗത സംവിധായകൻറെ ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിയത്. മാതൃഭൂമിയിൽ നിന്ന് സ്വയം വിരമിച്ച വി. എസ്. സനോജാണ് ആ ചിത്രത്തിൻറെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. കേരളത്തിൻറെ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിൽ വളരെ നിർണായകമായ സ്ഥാനം നിർവഹിക്കുന്ന മൂവാറ്റുപുഴ ഫിലിം സൊസൈറ്റിയുടെ രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി നിറഞ്ഞ സദസ്സിൽ ആ ചിത്രം പ്രദർശിപ്പിക്കുകയുണ്ടായി. കേരള ചലച്ചിത്ര വികസന കോർപ്പറേഷൻ പരിമിതമായ ധനസഹായത്തിൽ എടുത്ത ചെലവ് കുറഞ്ഞ ഒരു പീരിയഡ് ചിത്രം എന്ന നിലയിൽ സമൂഹത്തിൻറെ/ ജീവിതത്തിൻറെ അരികുകളിൽ മാത്രം ഒതുക്കപ്പെടുന്ന ജനവിഭാഗങ്ങളുടെ ദുരവസ്ഥ സ്വാതന്ത്ര്യത്തിന്റെ 77 വർഷങ്ങൾ പിന്നിടുമ്പോഴും അന്നത്തേതിൽ നിന്നും ഒട്ടും ഭിന്നമല്ലെന്ന് അടിവരയിട്ട് അത് പറയുന്നുണ്ട്. ജാതികോമരങ്ങൾ ഉറഞ്ഞുതുള്ളുന്ന സ്വാതന്ത്ര്യ പൂർവ കേരളത്തെ വിവേകാനന്ദൻ ഭ്രാന്താലയം എന്ന് വിളിച്ചു. ഇന്നാണ് വിവേകാനന്ദൻ കേരളത്തിൽ എത്തിയിരുന്നതെങ്കിൽ?
മൂന്നു തലമുറകളിലൂടെ കടന്നുപോകുന്ന ചിത്രം ശങ്കരന്റെയും ശങ്കരന്റെ മകൾ ശിഖയുടെയും കഥ പറഞ്ഞു മുന്നേറുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി രണ്ടായി പിളരുന്ന 1964 ലാണ് ശങ്കരൻ ജനിക്കുന്നത്. കമ്മ്യൂണിസ്റ്റ് പാർട്ടിയോടും ഇഎംഎസിനോട് ഉള്ള കടുത്ത ആരാധനയിൽ മകന് ശങ്കരൻ എന്ന് പേരിടുന്നു ഒരച്ഛന്റെ മനോവിശകലനത്തിൽ നമുക്ക് അസ്വാഭാവികത ഒന്നും തോന്നുന്നില്ല. പക്ഷേ, ആ പേരുമായി ജീവിക്കേണ്ടിവരുന്ന വെളുത്ത തൊലിയുള്ള ശങ്കരന്റെ ജീവിതാനുഭവങ്ങളിലൂടെ ജാതി എത്ര സൂക്ഷ്മമായിട്ടാണ് പ്രതിഫലിക്കപ്പെടുന്നത് എന്ന് ചിത്രം നമുക്ക് കാണിച്ചു തരുന്നു. കേരളത്തിൻറെ സാമൂഹിക മാറ്റങ്ങളിൽ/ചലനങ്ങളിൽ കാലഗണനയുടെ കൃത്യമായ അടയാളങ്ങൾ ചിത്രം നമുക്ക് മുന്നിൽ തുറന്നു വയ്ക്കുന്നുണ്ട്. 28 അടികളുടെയും 36 അടികളുടെയും അകലം ഒരു അകലം തന്നെയാണെന്ന് പറയുമ്പോഴും, കർഷകഭൂസമരം കൊണ്ട് കർഷക തൊഴിലാളി എന്നതിനപ്പുറം കർഷകനെന്ന് പോലും വിളിക്കപ്പെടാറില്ല എന്ന് പറയുമ്പോഴും ജാതിയുടെ പാദസ്പർശം നമുക്ക് കാണാനാകും. റേഡിയോ, മലയാളി ജീവിതത്തിൻറെ അടുക്കളപ്പുറങ്ങളിലേക്ക് പിൻവാങ്ങിയ കാലങ്ങളിൽ ടെലിവിഷൻ നമ്മുടെ സ്വീകരണം മുറികളിൽ ഇടം പിടിച്ചു തുടങ്ങിയ കാലഘട്ടങ്ങളിൽ ദൂരദർശനിലെ ബാലകൃഷ്ണന്റെ സ്വതസിദ്ധമായ വാർത്ത വായനയിലൂടെ നാം ചിലതൊക്കെ കേൾക്കുന്നുണ്ട്. അതിൻറെ ശ്രുതി മുന്നോട്ടുവയ്ക്കുന്ന ചിന്തകൾ സമകാലിക ഭാരതത്തിൻറെ/ കേരളത്തിൻറെ ചിത്രങ്ങൾ കൂടി നമുക്ക് സമ്മാനിക്കുന്നുണ്ട്. ശക്തമായ തിരക്കഥയുടെയും അർത്ഥവത്തായ സംഭാഷണശകലങ്ങളിലൂടെയും, സിനിമ നമുക്ക് മുന്നിൽ തുറന്നു വയ്ക്കുന്നത് നീണ്ട 60 വർഷങ്ങളിലൂടെ കേരളത്തിൻറെ സാമൂഹിക മാറ്റത്തിന്റെ നേർചിത്രം തന്നെയാണ്.
കേരളം വിട്ട് ഉത്തരേന്ത്യൻ ഗ്രാമങ്ങളുടെ അരികുകളിലൂടെ ക്യാമറ സഞ്ചരിക്കുന്നുണ്ട്. മുതിർന്ന സമുദായത്തിലെ പെൺകുട്ടികൾക്ക് കാമുകൻറെ അച്ഛൻറെ ജോലി പോലും ഒരു കൾച്ചറൽ ഡിഫറൻസ് ഉണ്ടാക്കുന്ന കാലഘട്ടത്തിൽ, സ്വന്തം സ്വപ്നങ്ങൾക്കെല്ലാം വിരാമമിട്ട് സമൂഹത്തിന്റെ അരികുകളിൽ തന്നെ ഒതുങ്ങിക്കൂടേണ്ടിവരുന്ന ശങ്കരൻ, തൻറെ ജീവിത സ്വപ്നങ്ങളെ മുഴുവൻ യാഥാർത്ഥ്യമാക്കാൻ ശ്രമിക്കുന്നത് മകൾ ശിഖയിലൂടെയാണ്. നിയമപഠനത്തിനു വേണ്ടി ലക്‌നോവിൽ എത്തുന്ന, ശിഖയ്ക്ക് കിട്ടുന്ന ഹോസ്റ്റൽ മുറിയിൽ പോലും ജാതീയതയുടെ നിറം അവളെ അരികുകളിലേക്ക് വലിച്ചിഴക്കുന്നത് കാണാം. സച്ചിൻ വാല്മീകി എന്ന യുവ നിയമ വിദ്യാർത്ഥിയുടെ പ്രതീകം സമകാലിക ദേശീയതയുടെ ചില യാഥാർത്ഥ്യങ്ങൾ വീണ്ടും ഓർമ്മിപ്പിക്കുന്നുണ്ട്. ഒടുവിൽ അച്ഛനമ്മമാരുടെയും അച്ചച്ചന്റെയും ഒക്കെ സ്വപ്നങ്ങൾക്ക് യാഥാർത്ഥ്യത്തിന്റെ നിറം പകർന്നുകൊണ്ട് മജിസ്ട്രേറ്റ് പദവിയിലേക്ക് എത്തുന്ന മകളുടെ കസേരയ്ക്ക് പോലും തന്റെ ജാതി ഒരു കളങ്കമായി മാറുന്നത് കോടതി ജീവനക്കാരനിലൂടെ നാം കാണുന്നുണ്ട്. ജാതിബോധത്തിന് മേൽ മുഖമടച്ചു കിട്ടുന്ന ആ അടിയിൽ പ്രേക്ഷകനും അറിയാതെ മുഖം തടവുന്നുണ്ടെങ്കിൽ ഉറപ്പാണ്, അഭ്യസ്തവിദ്യരെന്ന് സ്വയം ഞെളിയുന്ന മലയാളിയുടെ കപട മുഖങ്ങളിൽ തന്നെയാണ് ആ അടി പതിയുന്നത്.
ഇർഷാദ് അലിയിലൂടെ ശങ്കരന്റെ കഥാപാത്രം ഭദ്രമാണ്. ശെന്തിൽ കൃഷ്ണയിലൂടെ കോരൻ ജീവിക്കുക തന്നെയാണ്. ധന്യ അനന്യ, ശിഖയിലൂടെ കേരളത്തിൻറെ മാറുന്ന സമകാലിക യാഥാർത്ഥ്യങ്ങൾ കൃത്യമായി പ്രതിഫലിപ്പിക്കുന്നു. ഹൃദ്യമായ നർമ്മങ്ങളിലൂടെ റോണി ഡേവിന്റെ ഡിക്രൂസും പ്രേക്ഷക മനസ്സുകളെ കീഴടക്കുന്നു. സതിയിലൂടെ ശാന്തിയും മികച്ച ഛായാഗ്രഹകനുള്ള സംസ്ഥാന അവാർഡ് രണ്ടുവട്ടം കരസ്ഥമാക്കിയ മനേഷ് മാധവന്റെ ക്യാമറ ഈ ചിത്രത്തിലൂടെ നമ്മെ മോഹിപ്പിക്കുന്നുണ്ട്. ശക്തമായ ഒരു ടെക്നിക്കൽ ടീം ഈ ചിത്രത്തിന് പിന്നിലുണ്ട്- പശ്ചാത്തല സംഗീതം ഒരുക്കിയ ബിജിബാലടക്കം.
ചിത്രത്തിൻറെ പ്രദർശനത്തിനുശേഷം ഉയർന്ന ചർച്ചയിൽ വന്ന പ്രമാദമായ ഒരു ആരോപണം വരാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ “പ്രൊപ്പഗാൻഡ” ചിത്രമാണിത് എന്നായിരുന്നു. ജാതിയുടെ അതിസൂക്ഷ്മ രാഷ്ട്രീയം പറയുന്ന ഈ ചിത്രത്തിൽ ഇടതുപക്ഷത്തിന്റെ സ്ഥിരം സീറ്റിൽ ദളിതൻ മത്സരിച്ചു തോറ്റതിന്റെ പരിഭവം കൂടി പങ്കുവെക്കപ്പെടുന്നത് ആരോപണത്തിന്റെ മുനയൊടിയുന്നുണ്ട്. ഇടതുപക്ഷത്തിന്റെ മൂല്യാദർശങ്ങൾ വെറും കെട്ടുകഥകളാകുന്ന സമകാലിക കേരളത്തിൻറെ സാമൂഹിക കെട്ടുറപ്പിൽ ഇടതുപക്ഷത്തിന്റെ പങ്ക് വീണ്ടും ചർച്ചയാക്കപ്പെടുന്ന വേദികളിൽ സ്വന്തം രാഷ്ട്രീയം കൃത്യമായി രേഖപ്പെടുത്തുന്നുണ്ട് സംവിധായകൻ. മറ്റൊരു നവോത്ഥാന സമരത്തിൻറെ വക്കത്ത് നിൽക്കുന്ന സമരം മറന്ന മലയാളികൾക്ക് മുന്നിൽ ഇടതുപക്ഷത്തിന് ഉള്ള സാധ്യതകൾ പുനർവിചിന്തനം ചെയ്യേണ്ടതുണ്ടെന്ന് കൂടിയാണ് സനോജ് ഈ ചിത്രത്തിലൂടെ പറഞ്ഞുവെക്കുന്നത്. തൃശ്ശൂരിന്റെ, വടക്കാഞ്ചേരിയുടെ ഉൾനാടൻ ഗ്രാമ പച്ചകളിൽ അന്യംനിന്നുപോയിക്കൊണ്ടിരിക്കുന്ന പറയ സമുദായത്തിന്റെ കുലദൈവ (മലയപ്പൂപ്പനോ?) ത്തിന്റെ ചിത്രീകരണം ഒരു അനുഷ്ഠാന കല എന്ന നിലയിൽ അതിൻറെ ആർകൈവൽ സാധ്യതകൾ കൂടി ഈ ചിത്രം മുന്നോട്ടുവയ്ക്കുന്നുണ്ട്.
സിനിമ കണ്ടിറങ്ങുമ്പോൾ കളിയായി ചോദിച്ച സുഹൃത്തിന് മനസ്സിലായോ വെറുതെ അടിച്ച് കൈ വേദനിപ്പിക്കാം എന്നല്ലാതെ കേരളം ഒരിക്കലും മാറാൻ പോകുന്നില്ലെന്ന്!! കേരളത്തിൻറെ സാംസ്കാരിക മണ്ഡലം നാം എത്തിപ്പിടിച്ച ഉയരങ്ങളിൽ നിന്ന് കൂപ്പു കുത്തുകയാണെന്ന് കുറച്ചുകാലങ്ങളായി നാം തിരിച്ചറിയുന്നുണ്ട്. സമകാലിക സംഭവങ്ങൾ നമ്മളേയത് വീണ്ടും വീണ്ടും ഓർമ്മിപ്പിക്കുന്നുണ്ട്.
രാഷ്ട്രീയ അതിപ്രസരങ്ങളിൽ മുങ്ങിത്താഴുന്ന നമ്മുടെ കലാലയങ്ങളിൽ നിന്ന് ഇനിയും കൊലവിളികൾ ഉയരും. കൊടും പീഡനങ്ങൾക്ക് മറവിൽ പുതുതലമുറകളുടെ സ്വപ്നങ്ങൾക്ക് ചിതയൊരുങ്ങും. അവരുടെ കണ്ണീരിനു മുന്നിൽ മുതലക്കണ്ണീരുമായി എത്തുന്ന രാഷ്ട്രീയ നേതൃത്വങ്ങൾ ഒരുമിച്ച് ഒരു തീരുമാനം എടുക്കുന്നില്ലെങ്കിൽ… അന്ധവിശ്വാസികളാൽ ഇനിയും പിഞ്ചുകുഞ്ഞുങ്ങൾ അടക്കം കുരുതി ചെയ്യപ്പെടും. ദുരഭിമാന കൊലകൾ ഇന്ന് നമുക്കും അന്യമല്ല. പണത്തിനുവേണ്ടി മാതാപിതാക്കളെയും സഹോദരങ്ങളെയും വെട്ടിയരിയാൻ മടിക്കാത്ത നമ്മുടെ യുവത പ്രണയ നഷ്ടത്തിന്റെ പേരിൽ പ്രണയിനിയെ നടുറോട്ടിൽ കുത്തിമലർത്തുന്നതും നമുക്കിന്ന് സിനിമാക്കാഴ്ചകൾ അല്ല. കാമാതുരുതയ്ക്ക് മുന്നിൽ പൈശാചികമായി പിച്ചിച്ചീന്തി എറിയപ്പെടുന്ന ചെറുബാല്യങ്ങൾ എന്തു പിഴച്ചു? കാമുകന്മാരോടൊപ്പം ജീവിക്കാൻ വേണ്ടി നൊന്തുപെറ്റ മക്കളെ യാതൊരു ദാക്ഷിണ്യവുമില്ലാതെ കിണറ്റിൽ എറിഞ്ഞ് കൊല്ലാൻ മടിക്കാത്ത അമ്മമാരുടെയും കൂടി നാടായിരിക്കുന്നു നമ്മുടെ കേരളം.
തീർച്ചയായും മദ്യവും മയക്കുമരുന്നും സോഷ്യൽ മീഡിയയും ഒക്കെ തീർക്കുന്ന അബദ്ധ കുഴികളെക്കുറിച്ച് നാം വിവേകികൾ ആകേണ്ടതുണ്ട്. എന്നു കരുതി ഇതിനെല്ലാം നമ്മൾ മാധ്യമങ്ങളെയും മയക്കുമരുന്നിനെയും മാത്രം പഴി ചാരുന്നതിൽ ഒരു രോഗാതുരത തോന്നുന്നില്ലേ? മാധ്യമ കാഴ്ചകൾ എഴുത്തുകൾ ഒന്നും മനുഷ്യ മനസ്സിനെ സ്വാധീനിക്കുന്നില്ല എന്ന് പറയുന്നില്ല. പക്ഷേ കോളേജ് അധ്യാപകനായ അപ്പുക്കുട്ടൻ ചോദിക്കുന്നതുപോലെ നന്മകളും സ്വാധീനിക്കപ്പെടേണ്ടതല്ലേ എന്ന ഒരു സംശയം. അതല്ലെങ്കിൽ വിശ്വ പൗരന്മാരായി വളർന്ന നാം മലയാളികൾ മലയാള സിനിമ മാത്രമേ കാണുന്നുള്ളോ?

വേണ്ട, രാഷ്ട്രീയപാർട്ടികളും മാധ്യമങ്ങളും ഒക്കെ അവിടെ നിൽക്കട്ടെ.
കേരളം പുതിയൊരു നവോത്ഥാനത്തിന്റെ വക്കത്ത് തന്നെയാണ് എന്ന് നമുക്ക് തിരിച്ചറിയാം. നമുക്ക് നേരാം വഴികാട്ടാൻ ഇനിയൊരു ഗുരുപരമ്പര ഉണ്ടാകില്ല എന്ന സത്യം കാണുക തന്നെ വേണം അധികാര ധാർഷ്ട്യത്തിന്റെ കെടുകാര്യസ്ഥതകളിൽ നിന്ന് നമ്മെ മോചിപ്പിക്കാൻ ധീരനായകർ ഉയിർക്കൊള്ളുമെന്ന് കാക്കുകയും വേണ്ട. പ്രശ്നങ്ങളെ ഉയർത്തി കാണിക്കുകയല്ല, മറിച്ച്, അത് പരിഹരിക്കാൻ നമുക്ക് എന്താവും എന്ന് നാം കൂട്ടായി ചിന്തിക്കുകയാണ് വേണ്ടത്.
വിദേശരാജ്യങ്ങളിൽ യാത്ര ചെയ്യുമ്പോൾ സ്വന്തം തുപ്പൽ വിഴുങ്ങുന്ന അഭ്യസ്തവിദ്യനായ മലയാളി പോലും കേരളത്തിൻറെ പൊതുവഴികളിൽ കാർക്കിച്ചു തുപ്പാൻ മടിക്കാത്തത് എന്തുകൊണ്ടെന്ന് കോട്ടും സൂട്ടും ഇട്ട് നടക്കുന്ന തുക്കിടി സായിപ്പുമാർ അടക്കമുള്ളവരോടുള്ള ചോദ്യമാണ്. പ്ലാസ്റ്റിക് മാലിന്യങ്ങൾ പരിസ്ഥിതിക്ക് ഹാനികരമാണെന്ന് അറിയാത്ത എത്ര മലയാളികൾ ഉണ്ട്? പ്ലാസ്റ്റിക് കത്തിക്കാൻ പാടില്ലെന്നും നമുക്കറിയാം. എന്നിട്ടും മാസാമാസം കളക്ഷൻ ഫീസ് ആയ 50 രൂപ ഹരിത കർമ്മ സേനയ്ക്ക് കൊടുത്ത് സ്വന്തം വീട്ടിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾക്ക് അടുക്കളയ്ക്ക് അപ്പുറത്ത് തീ ഇടുന്നവരാണ് നമ്മൾ അഭ്യസ്തവിദ്യരായ മലയാളികൾ. അതിനിടമില്ലാത്തവരോ, പൊതുവിടങ്ങളിലും പാതയോരങ്ങളിലും ജലസ്രോതസ്സുകളിലും ആരും കാണാതെ വലിച്ചെറിഞ്ഞിട്ട് കാർ ഓടിച്ചു പോകും. അവിടെ മലയാളിയുടെ പൗരബോധത്തെ കളിയാക്കി ചിരിച്ചുകൊണ്ട് ഒരു “ഫ്ലക്സ് ബാനർ” നാം വായിക്കുന്നു..” വലിച്ചെറിയൽ വിരുദ്ധചരണ വാരം”.
നമുക്ക് കൊച്ചു കാര്യങ്ങളിൽ നിന്നുതന്നെ തുടങ്ങാം. ആദ്യം നമുക്ക് സ്വയം നന്നാകാം. നമ്മുടെ മക്കൾ നമ്മളെ കണ്ടു വളർന്നോളും. അതുമല്ലെങ്കിൽ നവമാധ്യമങ്ങളും സാങ്കേതികതകളും നൽകുന്നതെല്ലാം അടിമകളെ പോലെ അന്ധമായി വാരിവലിച്ചു വിഴുങ്ങുന്ന നവസാക്ഷര വിവേകികൾ തെരുവുകളിൽ തമ്മിലടിച്ചും പേടിച്ചരണ്ടു പോയവർ അന്യദേശങ്ങളിലേക്ക് കുടിയേറി ഓടി മറഞ്ഞും ശേഷിക്കുന്ന ഉപയോഗശൂന്യരായ കുറച്ചു മനുഷ്യർ മാത്രം ജീവിക്കുന്ന ഒരു വരണ്ട ഇടമായി ദൈവത്തിൻറെ സ്വന്തം നാടും മാറുന്നത് സമീപഭാവിയിൽ തന്നെ കണ്ടു സായൂജ്യം അടയാൻ നമുക്ക് കഴിഞ്ഞേക്കാം….

സൂക്ഷിക്കുക! നമ്മൾ ക്യാമറ നിരീക്ഷണത്തിലാണ്…

മാധ്യമ കാഴ്ചകൾ എഴുത്തുകൾ ഒന്നും മനുഷ്യ മനസ്സിനെ സ്വാധീനിക്കുന്നില്ല എന്ന് പറയുന്നില്ല. പക്ഷേ കോളേജ് അധ്യാപകനായ അപ്പുക്കുട്ടൻ ചോദിക്കുന്നതുപോലെ നന്മകളും സ്വാധീനിക്കപ്പെടേണ്ടതല്ലേ എന്ന ഒരു സംശയം.

Boban Sandeepani

Transcribed by Tomy Abraham

**ലേഖനത്തിൽ പ്രകടിപ്പിച്ചിരിക്കുന്നത് ലേഖകന്റെ വ്യക്തിപരമായ അഭിപ്രായമാണ്. അഭിപ്രായ വൈവിധ്യങ്ങള്ക്ക് ഇടം നല്കുക എന്നത് കേരളസകോപ്പിന്റെ എഡിറ്റോറിയൽ നയങ്ങളിലൊന്നാണ്.

Share.

സ്വതന്ത്ര സാമൂഹ്യ നിരീക്ഷകൻ

1 Comment

  1. എല്ലാ വീട്ടിൽ നിന്ന് തുടങ്ങുന്നു.
    സമൂഹം, സിനിമകൾ, മീഡിയ, രാഷ്ട്രീയം എന്നിവയെ എളുപ്പത്തിൽ കുറ്റപ്പെടുത്താം.കേരളത്തിലെ പല മാതാപിതാക്കളുടെയും മനോഭാവം എന്തെന്നാൽ, കുട്ടി മാർക്ക് മാത്രം നേടണം (എല്ലാ വിഷയങ്ങളിലും A+ മാത്രം) – അവൻ ഒരു മാർക്കോ ആണെങ്കിൽ പോലും.
    ഫാർമസി അസിസ്റ്റന്റ് ജോലിക്കായി (യോഗ്യത ഹൈസ്കൂൾ) ഞാൻ interview നടത്തിയ കേരളത്തിലെ വിദ്യാർത്ഥികൾ – മിക്കവരും PharmD ബിരുദധാരികൾ, പക്ഷേ ഇവർക്ക് പ്രൊഫഷണൽ അറിവ് ഇല്ല – പ്രത്യേകിച്ച് കാനഡിയൻ പരിസ്ഥിതിയിൽ മരുന്ന് വിതരണം സംബന്ധിച്ച്‌.
    മിക്ക ഉദ്യോഗാർത്ഥികളും പാഠപുസ്തകങ്ങൾ ഒഴികെ മറ്റൊരു പുസ്തകവും വായിച്ചിട്ടില്ല – ഇവരുടെ ഭാഷാ കഴിവുകളിൽ നിന്ന് ഇത് വ്യക്തമാണ്. അവർക്ക് കീബോർഡിംഗ് കഴിവുകൾ ഇല്ല, കാരണം മിക്കവരും മാതാപിതാക്കൾ വാങ്ങി നൽകിയ മൊബൈൽ ഫോണിൽ ചുണ്ണാമ്പു തേക്കുന്നു. കാനഡയിൽ, ഹൈസ്കൂൾ ബിരുദം നേടാൻ 40wpm കീബോർഡിംഗ് കഴിവ് നിർബന്ധമാണ്.
    ഇവരുടെ ആശയവിനിമയം താഴ്ന്ന നിലയിലാണ്. ഈ ഉദ്യോഗാർത്ഥികൾ അവരുടെ ഉത്തരങ്ങളിൽ “please”, “thank you”, “sorry” തുടങ്ങിയ വാക്കുകൾ ഉപയോഗിക്കുന്നില്ല. ഓരോ വാക്യത്തിലും “just” ന്റെ അനാവശ്യമായ ഉപയോഗവും, “means” എന്നതും, , “simply” എന്നത് മിക്കപ്പോഴും “സിംബ്ലി” എന്ന് ഉച്ചരിക്കുന്നതും കാണാം.
    മുഖ്യ പ്രശ്നം എന്തെന്നാൽ, ഈ വിദ്യാർത്ഥികൾക്ക് സ്വപ്നങ്ങളില്ല – അല്ലെങ്കിൽ അവർക്ക് സ്വപ്നം കാണാൻ അനുവാദം നൽകിയിട്ടില്ല – വീട്ടിലും സ്കൂളിലും. അവർ ഡോക്ടറോ എഞ്ചിനീയറോ ആകാനുള്ള മാതാപിതാക്കളുടെയോ സാമൂഹിക സമ്മർദ്ദത്തിന്റെ അടിസ്ഥാനത്തിൽ മാത്രമുള്ള ആഗ്രഹങ്ങളോടെ യാന്ത്രിക മനുഷ്യരായി വളരുന്നു.
    സ്വപ്നങ്ങളില്ലാത്ത ഈ വിദ്യാർത്ഥികളുടെ അവസ്ഥ… “സ്വപ്നങ്ങളേ നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ; നിങ്ങളീ ഭൂമിയില്‍ ഇല്ലായിരുന്നെങ്കില്‍ നിശ്ചലം ശൂന്യമീ ലോകം.”

Leave A Reply Cancel Reply

Exit mobile version
Privacy Overview

This website uses cookies so that we can provide you with the best user experience possible. Cookie information is stored in your browser and performs functions such as recognising you when you return to our website and helping our team to understand which sections of the website you find most interesting and useful.

Strictly Necessary Cookies

Strictly Necessary Cookie should be enabled at all times so that we can save your preferences for cookie settings.