വേനലവധി കഴിഞ്ഞു… സ്‌കൂൾ തുറന്നു…
മണ്ണപ്പം ചുട്ടും, ഒളിച്ചും പാത്തും കളിച്ചും മാത്രമല്ല കുട്ടികൾ കാലം തള്ളി നീക്കിയിട്ടുണ്ടാവുക.
തന്ത വൈബിനെയും പ്രമാണികത്വ അടിച്ചമർത്തലുകളെയും നേരിടാൻ പാകപ്പെട്ടു കൂടിയാണ് അവർ സ്‌കൂളിലേക്ക് വന്നിരിക്കുന്നത്. അവരിൽ ബഹു ഭൂരിപക്ഷവും വേടൻ പാടി കൊടുക്കുന്ന പച്ചയായ രാഷ്ട്രീയ വരികളെ പാടി നടക്കുകയാണ്.

കുട്ടികൾ മാത്രമല്ല രക്ഷിതാക്കളും, അധ്യാപകരും വീണ്ടും സ്കൂളിലേക്ക് എത്തിചേരുന്ന സന്ദർഭം കൂടിയാണ് ഇത്. ഈ അവസരത്തിൽ നമ്മൾ രക്ഷിതാക്കളും അധ്യാപകരും എവിടെയാണ് നിൽക്കുന്നത്?
പച്ചക്ക് മതവും, ജാതിയും ചോദിക്കുകയും പറയുകയും ചെയ്യുന്നവരാവുകയാണ് സ്കൂൾ അഡ്മിഷൻ സമയത്ത് തന്നെ അധ്യാപകരും രക്ഷിതാക്കളും. ജാതിയും, മതവും എഴുതേണ്ടതില്ല എന്ന് പറയുന്ന രക്ഷിതാവിനോട് എന്തുകൊണ്ട് എന്ന് അത്ഭുതം കൂറുന്ന അധ്യാപകനെ കണ്ട് അത്ഭുതം കൂറുന്നവരായി കുട്ടികൾ മാറുന്നുണ്ട്. ഇത് നമ്മൾ അറിയുന്നുണ്ടോ? കുട്ടികളെ നിറം, രൂപം, പൊക്കം, തടി എന്നിവ പറഞ്ഞ് പരസ്യമായി ഇകഴ്ത്തുന്നവർ രക്ഷിതാക്കളിലും, അധ്യാപകരിലും സജീവമാണ്. ഇത് കണ്ട് മൂക്കത്ത് വിരൽ വെക്കുന്നവരാകുന്നുണ്ട് നമ്മുടെ കുട്ടികൾ.


അഡ്മിഷനായി വരുന്ന രക്ഷിതാക്കളോട് എന്തുകൊണ്ട് നിങ്ങൾ കുട്ടിയുടെ മതവും, ജാതിയും എഴുതുന്നില്ല എന്ന് അത്ഭുതത്തോടെ ചോദിക്കുന്ന, അയ്യോ! അത് എഴുതാതിരുന്നാൽ ശരിയാവില്ല എന്ന് ആശങ്കപ്പെടുന്ന അധ്യാപകരെ കണ്ടപ്പോൾ എനിക്ക് അത്ഭുതം തോന്നിയില്ല. പക്ഷെ ഈ കാലത്തെ കുട്ടികൾക്ക് ആ അധ്യാപകരെ കാണുമ്പോൾ അത്ഭുതം തോന്നിയെന്ന് അവർ പറയുന്നു. അധ്യാപകർക്ക് മുന്നിൽ ജാതിയും, മതവും ഒക്കെ എഴുതി നൽകി വിനയത്തോടെ നിൽക്കുന്ന രക്ഷിതാക്കളെ കുട്ടികൾ പുച്ഛിക്കുന്ന കാലമായി.
അസംബ്ലിയിൽ പ്രാർത്ഥനാ സമയത്ത് കൈകൂപ്പി നിൽക്കാതിരുന്ന കുട്ടിയോട് അമർഷം തോന്നുന്നവരാകുന്നുണ്ട് നമ്മുടെ അധ്യാപകർ. കുട്ടികൾ ഗുരുത്തക്കേട് കാണിക്കുന്നു എന്ന് ആവലാതിപ്പെടുന്നു രക്ഷിതാക്കൾ.


കുട്ടികളുടെ നിറം നോക്കിയും, ശരീരം നോക്കിയും കളിപ്പേരിട്ടു വിളിക്കുകയും അത് അഭിമാനമായി കാണുകയും ചെയ്യുന്ന അധ്യാപകരെ നിങ്ങൾക്ക് പരിചയമില്ലെങ്കിൽ നമ്മുടെ സ്കൂളുകളിലേക്ക് കടന്നു ചെന്നാൽ നിങ്ങൾക്കവിടെ കാണാൻ കഴിയും. അത് കേട്ട് ഇളിച്ചു നിൽക്കുന്ന രക്ഷിതാക്കളേയും.
കുട്ടിയെ നോക്കി അയ്യോ നിനക്കെന്താ ഇത്ര തടി, ഇത്ര പൊക്കം, അയ്യെ തീരെ പൊക്കമില്ലല്ലൊ, ശരീരമില്ലല്ലോ എന്നൊക്കെ പറയുന്ന അധ്യാപക സുഹൃത്തുക്കളെ പുതിയ കാലത്തെ അധ്യാപകർക്കിടയിൽ കാണാൻ കിട്ടുമോ? ഇല്ല എന്നല്ല ഉത്തരം. ധാരാളമുണ്ട് നമ്മുടെ സ്കൂളുകളിൽ. ഇത് കേട്ട് നിന്ന് പ്രതികരിക്കാതെ അധ്യാപകർക്ക് എത്ര നല്ല വിലയിരുത്തൽ ശേഷി എന്ന് അഭിമാനം കൊള്ളുന്ന രക്ഷിതാക്കളും. കുട്ടികളിലെ വളർച്ചാ വ്യതിയാനം ശ്രദ്ധിച്ച് അവരിൽ കുപോഷണം ഉണ്ടെങ്കിൽ അത് പരിഹരിക്കാൻ മുൻ കൈ എടുക്കേണ്ടവർ അറിയാതെ പരിഹാസത്തിലേക്ക് ഒതുങ്ങുന്നത് ശാസ്ത്രാവബോധം ഇല്ലാത്തതുകൊണ്ട് മാത്രമാണോ?


ലഹരിക്കടിമപ്പെടുന്ന കുട്ടികളെ പരിശോധിച്ചാലും കുറ്റം രക്ഷിതാക്കളിലേക്കും അധ്യാപകരിലേക്കും നീളുന്നതും കാണാം.
പൊതു വിദ്യാഭ്യാസ മേഖലയെ സമഗ്രമായി പരിഷ്കരിക്കാൻ തുനിഞ്ഞിറങ്ങുന്ന അധ്യാപകരും, രക്ഷിതാക്കളും, രാഷ്ട്രീയക്കാരും, വിദ്യാഭ്യാസ പ്രവർത്തകരും ഒക്കെയുള്ള നമ്മുടെ സ്കൂളുകളിൽ ഈ കാഴ്ചകൾ ഇങ്ങനെ കാണേണ്ടി വരുമ്പോൾ വിഷമം തോന്നുന്നു.
നമ്മൾ മാറിയില്ലെങ്കിൽ കുട്ടികൾ വേടൻ്റെ പാട്ടും പാടി ശരിയായ രാഷ്ട്രീയ ബോധത്തോടെ നമുക്കെതിരെ സമരത്തിനെത്തുന്ന കാലം വിദൂരമല്ല. അപ്പോൾ നമ്മൾ എത്ര പറഞ്ഞാലും, ശരി അവരുടെ പക്ഷത്ത് മാത്രമായിരിക്കും. കുട്ടികളെ മനസ്സിലാക്കുന്നതിൽ അവരോടൊപ്പം ഉയരുന്നതിൽ നാം ഇനിയും വേഗം കണ്ടെത്തേണ്ടതുണ്ട്. 

Share.

ലേഖകൻ കൊച്ചിയിലെ സെൻ്റർ ഫൊർ സോഷ്യോഇക്കണോമിക് അൻ്റ് എൻവയോൺമെൻ്റൽ സ്റ്റഡീസിൽ (CSES) സീനിയർ റിസേർച്ച് ഓഫീസറായി ജോലി ചെയ്യുന്നു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, എറണാകുളം ജില്ലാ കമ്മിറ്റി അംഗമാണ്. ഇവിടെ പങ്കുവയ്ക്കുന്ന അഭിപ്രായങ്ങൾ ലേഖകന്റെ വ്യക്തിപരമായ അഭിപ്രായങ്ങളാണ്, അദ്ദേഹവുമായി ബന്ധപ്പെട്ട ഏതെങ്കിലും സംഘടനകളുടെയോ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെയോ നിലപാടുകളോ കാഴ്ചപ്പാടുകളോ പ്രതിഫലിപ്പിക്കുന്നതല്ല.

1 Comment

  1. കുട്ടികളുടെ പെരുമാറ്റവും, അവരുടെ രാഷ്ട്രീയ-സാമൂഹിക ചിന്തകളുടെയും, സംസ്കാരത്തിന്റെയും ഉറവിടം വീടുകളിൽനിന്നാണ്. മാതാപിതാക്കളെ മക്കൾ അനുകരിക്കും – തീർച്ച!!

    നാട്ടിലെ സ്‌കൂളുകളിൽ അധ്യാപക നിയമനത്തിന്റെ യോഗ്യത നമുക്കേവർക്കും അറിയാം. ഇവിടെ കൈക്കൂലി നൽകുന്നതു, സ്‌കൂൾ നടത്തുന്ന മത സംഘടനക്കു ലക്ഷങ്ങൾ സംഭാവന നൽകുന്നതു അഴിമതിയായി കാണാത്ത സമൂഹത്തിനു ഇതല്ലേ സംഭവിക്കുകയുള്ളൂ??

    കുട്ടികൾ വേടന്റെ പട്ടു പാടുന്നതിലോ, ലഹരിക്ക്‌ അടിമകളാകുന്നതിലോ, കത്തിക്കുത്തു നടത്തുന്നതിലോ, കലാലയ-അക്രമ-രാഷ്ട്രീയം കളിക്കുന്നതിലോ ആശ്ചര്യപ്പെടേണ്ടതില്ല!! എല്ലാം വീട്ടിൽ നിന്നും തുടങ്ങിയതാണ്!!!!!

Leave A Reply Cancel Reply

Exit mobile version
Privacy Overview

This website uses cookies so that we can provide you with the best user experience possible. Cookie information is stored in your browser and performs functions such as recognising you when you return to our website and helping our team to understand which sections of the website you find most interesting and useful.

Strictly Necessary Cookies

Strictly Necessary Cookie should be enabled at all times so that we can save your preferences for cookie settings.