കിച്ച്നർ-വാട്ടർലൂ: കിച്ച്നർ-വാട്ടർലൂ ക്രിക്കറ്റ് അസോസിയേഷന്റെ (KWCA) പ്രഥമ വനിതാ ക്രിക്കറ്റ് ടൂർണമെന്റിൽ ഗ്രാൻഡ് റിവർ റൈനോസ് ക്വീൻസ് (Grand River Rhinos Queens) ടീം കിരീടം ചൂടി. ഫൈനലിൽ ഗ്രാൻഡ് വിസ്കേഴ്സിനെ (Grand Whiskers) അനായാസം പരാജയപ്പെടുത്തിയാണ് മലയാളി വനിതകൾ ചരിത്രം കുറിച്ചത്.
പ്രിയ എഡ്വിന്റെ നേതൃത്വത്തിൽ കളത്തിലിറങ്ങിയ റൈനോസ് ക്വീൻസ്, ടൂർണമെന്റിലുടനീളം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഫൈനലിൽ ടീമിന്റെ വിജയശില്പി ഓൾറൗണ്ടർ ഹെയ്ലി ജോൺ ആയിരുന്നു. വെറും 20 പന്തുകളിൽ നിന്ന് അർധസെഞ്ചുറി നേടി തകർപ്പൻ പ്രകടനം കാഴ്ചവെച്ച ഹെയ്ലി, മാൻ ഓഫ് ദ മാച്ച് പുരസ്കാരവും കരസ്ഥമാക്കി.
ശ്യാം നായരും രാജീവ് പിള്ളയും നയിക്കുന്ന ഗ്രാൻഡ് റിവർ റൈനോസ് ക്രിക്കറ്റ് ക്ലബ്ബിന്റെ ഭാഗമാണ് ഈ വനിതാ ടീം. ക്ലബ്ബിനും മലയാളി സമൂഹത്തിനും അഭിമാനകരമായ നേട്ടമാണിത്. ഈ വിജയം പ്രദേശത്തെ വനിതാ ക്രിക്കറ്റിന് വലിയ പ്രചോദനമാകും.
