സൂര്യപ്രകാശത്തിന്റെ തീവ്രമായ റേഡിയേഷൻ ഫ്ലൈറ്റ് കൺട്രോൾ കമ്പ്യൂട്ടറുകളെ ബാധിക്കുമെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് എയർബസ് A320 ഫാമിലി വിമാനങ്ങൾ താൽക്കാലികമായി ഗ്രൗണ്ട് ചെയ്തിരുന്നു. ഇപ്പോൾ ഭൂരിഭാഗം വിമാനങ്ങളും സോഫ്റ്റ്വെയർ അപ്ഡേറ്റ് പൂർത്തിയാക്കി സാധാരണ സർവീസിലേക്ക് മടങ്ങിയതായി എയർബസ് അറിയിച്ചു.
ഏകദേശം 6,000 എയർബസ് A320 ഫാമിലി വിമാനങ്ങളെ (A318, A319, A320, A321) ഈ പ്രശ്നം ബാധിച്ചിരുന്നു. ഇതിൽ 5,100-ഓളം വിമാനങ്ങൾക്ക് 2-3 മണിക്കൂറിനുള്ളിൽ പൂർത്തിയാക്കാവുന്ന സോഫ്റ്റ്വെയർ റോൾബാക്ക് മതിയായിരുന്നു. എന്നാൽ 900-ലധികം പഴയ മോഡലുകൾക്ക് എലിവേറ്റർ ഐലേറോൺ കമ്പ്യൂട്ടർ (ELAC) ഹാർഡ്വെയർ തന്നെ മാറ്റേണ്ടി വന്നു.
നവംബർ 29 ശനിയാഴ്ച വരെയുള്ള കണക്കനുസരിച്ച്, 5,000-ലധികം വിമാനങ്ങളുടെ അപ്ഡേറ്റ് “വളരെ സുഗമമായി” പൂർത്തിയായതായി ഫ്രഞ്ച് ഗതാഗത മന്ത്രി ഫിലിപ്പ് തബറോ പറഞ്ഞു. “100-ൽ താഴെ വിമാനങ്ങൾ മാത്രമാണ് ഇനി അപ്ഡേറ്റിനായി കാത്തിരിക്കുന്നത്,” അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ പ്രശ്നം ആദ്യം കണ്ടെത്തിയത് ഒക്ടോബർ 30-ന് ജെറ്റ്ബ്ലൂ എയർവേയുടെ ഒരു A320 വിമാനത്തിൽ സംഭവിച്ച അൺകമാൻഡഡ് പിച്ച് ഡൗൺ സംഭവത്തിന്റെ അന്വേഷണത്തിലാണ്. ഓട്ടോപൈലറ്റ് പ്രവർത്തിച്ചുകൊണ്ടിരിക്കെയാണ് പൈലറ്റിന്റെ ഇടപെടലില്ലാതെ വിമാനം പെട്ടെന്ന് താഴ്ന്ന് പറക്കാനിടയായി. ഇതേത്തുടർന്ന് European Union Aviation Safety Agency (EASA) യും Federal Aviation Administratrion (FAA) യും എമർജൻസി എയർവർത്തിനസ് ഡയറക്ടീവ് പുറപ്പെടുവിച്ചു.
എയർബസ് സിഇഒ ഗുവോം ഫോറി ലിങ്കഡ്ഇനിലൂടെ യാത്രക്കാരോട് മാപ്പ് പറഞ്ഞു: “ഈ ഫിക്സിന്റെ പേരിൽ കഴിഞ്ഞ ദിവസങ്ങളിൽ ഗണ്യമായ ലോജിസ്റ്റിക് വെല്ലുവിളികളും വിമാന വൈകലുകളും ഉണ്ടായി. ഇതുണ്ടാക്കിയ അസൗകര്യത്തിന് ഞങ്ങൾ ഖേദിക്കുന്നു.”
ഇന്ത്യയിൽ ഇൻഡിഗോ, എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് തുടങ്ങിയവയുൾപ്പെടെ ഏകദേശം 350 A320 വിമാനങ്ങൾ ബാധിക്കപ്പെട്ടിരുന്നു. ഇവയിൽ ഭൂരിഭാഗവും ഇപ്പോൾ സാധാരണ നിലയിൽ പ്രവർത്തിക്കുന്നു. യുഎസിലെ യുണൈറ്റഡ്, ഡെൽറ്റ, അമേരിക്കൻ, ജെറ്റ്ബ്ലൂ, യൂറോപ്പിലെ ഈസിജെറ്റ്, വിസ് എയർ, ഏഷ്യയിലെ ANA, ജെറ്റ്സ്റ്റാർ തുടങ്ങിയ എയർലൈനുകളും സമാനമായ അപ്ഡേറ്റ് പ്രക്രിയ പൂർത്തിയാക്കി.
വ്യോമയാന ചരിത്രത്തിലെ ഏറ്റവും വേഗത്തിൽ പരിഹരിക്കപ്പെട്ട വലിയ സുരക്ഷാ ഇടപെടലുകളിലൊന്നായി ഈ സംഭവം മാറി. എല്ലാ അപ്ഡേറ്റുകളും പൂർത്തിയായതോടെ ലോകമെമ്പാടുമുള്ള എയർബസ് A320 ഫ്ലീറ്റ് പൂർണമായും സാധാരണ നിലയിൽ പ്രവർത്തിക്കുമെന്ന് കമ്പനി ഉറപ്പുനൽകി.
