വാൻകൂവർ: കാനഡയിൽ യോഗ്യരായ എല്ലാ മുതിർന്ന പൗരന്മാർക്കും ഇനി പാസ്പോർട്ട് പുതുക്കലിനായി പൂർണ്ണമായും ഓൺലൈൻ സംവിധാനം ഉപയോഗപ്പെടുത്താമെന്ന് കനേഡിയൻ സർക്കാർ അറിയിച്ചു. ഇതുവരെ ഓൺലൈൻ അപേക്ഷകളിൽ ഏർപ്പെടുത്തിയിരുന്ന എണ്ണത്തിലെ പരിധികൾ നീക്കി, സേവനം പൂർണ്ണതോതിൽ ലഭ്യമാക്കിയതായി കുടിയേറ്റ, അഭയാർത്ഥി, പൗരത്വ കാര്യ മന്ത്രി ലെന മെറ്റ്ലെഗ് ദിയാബ് പ്രഖ്യാപിച്ചു. കനേഡിയൻ പൗരന്മാർക്ക് സർവീസ് കാനഡ കേന്ദ്രങ്ങളിൽ നേരിട്ടെത്തുകയോ തപാൽ വഴി രേഖകൾ അയക്കുകയോ ചെയ്യാതെ തന്നെ എളുപ്പത്തിലും സുരക്ഷിതമായും പാസ്പോർട്ട് പുതുക്കാൻ ഈ നീക്കം വഴിയൊരുക്കും.
പുതിയ സംവിധാനം അനുസരിച്ച് അപേക്ഷകർക്ക് അവരുടെ അപേക്ഷാ ഫോമുകളും ഡിജിറ്റൽ ചിത്രങ്ങളും പണമടച്ചതിന്റെ വിവരങ്ങളും പൂർണ്ണമായും ഡിജിറ്റലായി സമർപ്പിക്കാം. അംഗീകൃത ഫോട്ടോഗ്രാഫർമാർ പകർത്തിയ ഡിജിറ്റൽ ചിത്രങ്ങളാണ് ഇതിനായി ഉപയോഗിക്കേണ്ടത്. ഗ്രാമീണ അല്ലെങ്കിൽ വിദൂര മേഖലകളിൽ ജീവിക്കുന്നവർക്കും ശാരീരിക പരിമിതികൾ ഉള്ളവർക്കും സർവീസ് സെന്ററുകളിൽ നേരിട്ടെത്താതെ അനായാസം സേവനം ലഭിക്കുമെന്നത് വലിയ ആശ്വാസമാകും. അതേസമയം, ഓൺലൈൻ സേവനങ്ങൾക്ക് പുറമെ മുൻപത്തെപ്പോലെ തന്നെ സർവീസ് സെന്ററുകൾ വഴിയും തപാൽ വഴിയും അപേക്ഷിക്കാനുള്ള സൗകര്യം തുടരുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ഓൺലൈനായി സമർപ്പിക്കുന്ന അപേക്ഷകൾ സാധാരണ നിലയിൽ 20 പ്രവൃത്തിദിവസങ്ങൾക്കുള്ളിൽ പരിശോധിച്ച് നടപടികൾ പൂർത്തിയാക്കും. റിയൽ-ടൈം ട്രാക്കിംഗ് സംവിധാനമുള്ളതിനാൽ അപേക്ഷയുടെ നിലവിലെ സ്ഥിതി തത്സമയം നിരീക്ഷിക്കാനും സാധിക്കും. എന്നാൽ അടിയന്തരമായി പാസ്പോർട്ട് ആവശ്യമുള്ളവർ 10 ദിവസത്തെ എക്സ്പ്രസ് സേവനത്തിനായി സർവീസ് കാനഡ കേന്ദ്രങ്ങളിൽ തന്നെ നേരിട്ടെത്തണം. പൊതുജനസേവനങ്ങൾ കൂടുതൽ ലളിതവും വേഗത്തിലുമാക്കുന്നതിന്റെ ഭാഗമായാണ് ഡിജിറ്റൽ പാസ്പോർട്ട് പുതുക്കൽ സംവിധാനം വിപുലീകരിച്ചതെന്ന് കുടിയേറ്റ മന്ത്രാലയം കൂട്ടിച്ചേർത്തു.
