ടൊറോണ്ടോ: ഒന്റാറിയോ സർക്കാർ സ്വകാര്യ കരിയർ കോളേജുകളിലെ ഒന്റാറിയോ സ്റ്റുഡന്റ് അസിസ്റ്റൻസ് പ്രോഗ്രാം (OSAP) ഫണ്ട് ഉപയോഗത്തിലെ ഗുരുതരമായ അപാകതകൾ പുറത്തുവന്നതിനെ തുടർന്ന് ഒന്റാറിയോ വിദ്യാഭ്യാസ മന്ത്രി നോളൻ ക്വിൻ അന്വേഷണത്തിന് ശുപാർശ ചെയ്തു പോലീസിന് (OPP) റഫർ ചെയ്തു. പ്രൈവറ്റ് പോസ്റ്റ്-സെക്കൻഡറി സ്ഥാപനങ്ങളിലേക്കുള്ള OSAP പേയ്മെന്റുകൾ താൽക്കാലികമായി നിർത്തിവച്ചതായും അദ്ദേഹം അറിയിച്ചു.
OSAP വിതരണവുമായി ബന്ധപ്പെട്ടുള്ള ക്രമക്കേടുകൾ കണ്ടെത്തുന്നതിനായികഴിഞ്ഞ വർഷം ആരംഭിച്ച അന്വേഷണത്തിന്റെയും ഓഗസ്റ്റിൽ KPMG നടത്തിയ ഓഡിറ്റിന്റെ പ്രാഥമിക കണ്ടെത്തലുകളും അടിസ്ഥാനമാക്കിയാണ് ഈ നടപടി. പ്രാഥമിക കണ്ടെത്തലുകളിൽ, പൊതുവായ ഉടമസ്ഥത, ഇമിഗ്രേഷൻ സർവീസ് സ്ഥാപനങ്ങളുടെ ഇടപെടൽ, വിദ്യാർത്ഥികളുടെ സാധുതയും കോഴ്സ് എൻറോൾമെന്റും വേണ്ടത്ര പരിശോധിക്കാത്തത്, ഒരേ ഭൂമിശാസ്ത്രപരമായ പ്രദേശങ്ങളിൽ നിന്നുള്ള അസാധാരണമായ ഉയർന്ന OSAP അപേക്ഷകൾ എന്നിവയും ഉൾപ്പെടുന്നു.
കനേഡിയൻ പ്രസ്സ് നേടിയ വിവരാവകാശ ഡാറ്റ അനുസരിച്ച്, 2024-25 അക്കാദമിക് വർഷത്തിൽ ഏഴ് സ്വകാര്യ കരിയർ കോളേജുകളിലെ വിദ്യാർത്ഥികൾക്ക് മാത്രം ഏകദേശം 385 മില്യൺ ഡോളർ പ്രൊവിൻഷ്യൽ OSAP ഗ്രാന്റുകൾ ലഭിച്ചു. ഇത് ഒന്റാറിയോയിലെ എല്ലാ പബ്ലിക് കോളേജുകളിലെ വിദ്യാർത്ഥികൾക്ക് ലഭിച്ച മൊത്തം ഗ്രാന്റിന് തുല്യമാണ്. കരിയർ കോളേജ് വിദ്യാർത്ഥികൾക്ക് മാത്രം ഏകദേശം ഒരു ബില്യൺ ഡോളർ OSAP ഗ്രാന്റുകൾ ലഭിച്ചു. 2023-24-ൽ നിന്ന് 2024-25-ലേക്ക് OSAP ഗ്രാന്റുകളിൽ ഉണ്ടായ 465 മില്യൺ ഡോളർ വർധനയുടെ 95 ശതമാനവും സ്വകാര്യ കരിയർ കോളേജ് വിദ്യാർത്ഥികളിലേക്കാണ് പോയത്.
കരിയർ കോളേജസ് ഒന്റാറിയോ എന്ന അസോസിയേഷൻ 2023 ജനുവരി മുതൽ തന്നെ ചില കാമ്പസുകളിലെ “സംശയാസ്പദമായ പ്രവർത്തനങ്ങളുടെ സൂചനകൾ” നടക്കുന്നതായി സർക്കാരിനെ അറിയിച്ചിരുന്നു. ചില സ്ഥാപനങ്ങളിൽ അപേക്ഷകളുടെ എണ്ണം രണ്ട് വർഷത്തിനുള്ളിൽ ശരാശരി 855 ശതമാനം വർധിച്ചതായും ഒരു സ്ഥാപനത്തിൽ 107-ൽ നിന്ന് 2,992 ആയി ഉയർന്നതായും അവർ ചൂണ്ടിക്കാട്ടി. മന്ത്രാലയ അന്വേഷണ റിപ്പോർട്ടുകളിൽ മൂന്നാം കക്ഷികൾ കോഴ്സ് വർക്ക് പൂർത്തിയാക്കിയതിന്റെ സൂചനകൾ, ഒരു ദിവസത്തിനുള്ളിൽ മുഴുവൻ കോഴ്സ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾ, സ്വന്തം സ്കൂളോ പ്രോഗ്രാമോ കൃത്യമായി പറയാൻ കഴിയാത്ത ചില വിദ്യാർത്ഥികൾ എന്നിവയെക്കുറിച്ചും പരാമർശമുണ്ട്.
അഞ്ച് സ്വകാര്യ കരിയർ കോളേജുകളിലെ (പ്രധാനമായും അക്കാദമി ഓഫ് ലേണിംഗ് ലൊക്കേഷനുകൾ) വിദ്യാർത്ഥികൾക്ക് ഈ വർഷം OSAP ലോൺ ലഭ്യമല്ലാതാക്കിയിരുന്നു. ഇതിനെതിരെ ചില സ്ഥാപനങ്ങൾ കോടതിയിൽ ജുഡീഷ്യൽ റിവ്യൂ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ഓഡിറ്റർ ജനറലിനോട് മൂല്യത്തിന് അനുസരിച്ചുള്ള ഓഡിറ്റ് റിപ്പോർട്ട് ഒന്റാറിയോ ലിബറലുകൾ ആവശ്യപ്പെട്ടിരുന്നു. ഈ ഈ ക്രമക്കേടുകൾക്ക് മേലുള്ള
സർക്കാർ നടപടികൾ തുടരുകയാണ്. KPMG ഓഡിറ്റ് പൂർത്തിയാകുന്നതുവരെ സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള OSAP പേയ്മെന്റുകൾ നിർത്തിവച്ചിരിക്കുകയാണെന്നുള്ളതാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഈ വിഷയത്തിൽ അന്വേഷണത്തിന്റെ പുരോഗതിക്ക് അനുസരിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് കണക്കാക്കപ്പെടുന്നത്. പബ്ലിക് യൂണിവേഴ്സിറ്റികളിലും കോളേജുകളിലും പഠിക്കുന്ന വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായം ആവശ്യത്തിനു ലഭിക്കാതെ മുമ്പോട്ട് പോകുന്ന ഈ കാലഘട്ടത്തിലാണ് ഇത്തരത്തിലുള്ള ക്രമക്കേടുകൾ വ്യാപകമായി നടക്കുന്നത്.
