ടൊറന്റോ, കാനഡ: രാജ്യത്തെ ഏറ്റവും വലിയ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ സ്വകാര്യ നിക്ഷേപം അനുവദിക്കാൻ കനേഡിയൻ സർക്കാർ തീരുമാനിച്ചതായി പ്രധാനമന്ത്രി മാർക്ക് കാർണി അറിയിച്ചു. ടൊറന്റോ പിയേഴ്സൺ, വാൻകൂവർ, മോൺട്രിയൽ ട്രൂഡോ, കാൽഗറി എന്നീ വിമാനത്താവളങ്ങളുടെ പ്രവർത്തനങ്ങളിലാണ് ദീർഘകാല ഇളവുകളിലൂടെ സ്വകാര്യ മൂലധന പങ്കാളിത്തം ഉറപ്പാക്കുന്നത്. അതേസമയം വിമാനത്താവളങ്ങളുടെ ഭൂമിയുടെയും അനുബന്ധ അടിസ്ഥാന ആസ്തികളുടെയും പൂർണ്ണ ഉടമസ്ഥാവകാശം ഫെഡറൽ സർക്കാരിൽ തന്നെ ഭദ്രമായിരിക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
ടൊറന്റോയിൽ നടന്ന കാനഡ ഇൻവെസ്റ്റ്‌മെന്റ് ഉച്ചകോടിയിൽ സംസാരിക്കവെയാണ് പ്രധാനമന്ത്രി മാർക്ക് കാർണി ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. വരുംതലമുറയ്ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യ വികസനങ്ങൾക്കായി പതിനായിരക്കണക്കിന് കോടി ഡോളറിന്റെ സമാഹരണമാണ് ഈ നീക്കത്തിലൂടെ രാജ്യം ലക്ഷ്യമിടുന്നത്. ഇതിലൂടെ ലഭിക്കുന്ന വരുമാനം മറ്റ് ചെറുതും വിദൂരവുമായ പ്രദേശങ്ങളിലെ വിമാനത്താവളങ്ങളുടെയും ഗതാഗത സംവിധാനങ്ങളുടെയും വികസനത്തിനായി പുനർനിക്ഷേപിക്കും. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ വിവിധ പ്രൊവിൻസുകളിലായി 167 പദ്ധതികളിലായി ഒരു ട്രില്യൺ ഡോളറിന്റെ നിക്ഷേപം ആകർഷിക്കാൻ നൂറിലധികം ആഗോള നിക്ഷേപകരെയാണ് ഉച്ചകോടിയിലേക്ക് ക്ഷണിച്ചിരിക്കുന്നത്.
കാനഡയിൽ വിമാനത്താവളങ്ങൾ സ്വകാര്യവൽക്കരിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ മുൻപും നടന്നിട്ടുണ്ടെങ്കിലും, ആഗോളതലത്തിൽ മറ്റ് രാജ്യങ്ങളിലെ മാതൃകകൾ വിലയിരുത്തി ഏറ്റവും സുരക്ഷിതമായ രീതിയിലാണ് പുതിയ നീക്കമെന്ന് കാർണി വ്യക്തമാക്കി. പൂർണ്ണമായി വിറ്റഴിക്കുന്നതിന് പകരം ഭൂമിയുടെ ഉടമസ്ഥാവകാശം നിലനിർത്തി പ്രവർത്തന മേൽനോട്ടത്തിൽ സ്വകാര്യ പങ്കാളിത്തം കൊണ്ടുവരുന്ന രീതിയാണ് സ്വീകരിച്ചിരിക്കുന്നത്. വിദേശ രാജ്യങ്ങളിലെ വിമാനത്താവളങ്ങളിൽ ഓഹരി പങ്കാളിത്തമുള്ള കനേഡിയൻ പെൻഷൻ ഫണ്ടുകളുടെ വൈദഗ്ധ്യം രാജ്യത്തിന്റെ തന്നെ വളർച്ചയ്ക്കായി പ്രയോജനപ്പെടുത്താനും സർക്കാർ ലക്ഷ്യമിടുന്നു.
അതേസമയം സർക്കാരിന്റെ ഈ തീരുമാനത്തിനെതിരെ തൊഴിലാളി സംഘടനകളും പ്രതിപക്ഷ കക്ഷികളും രംഗത്തെത്തിയിട്ടുണ്ട്. വിമാനത്താവളങ്ങളിൽ സ്വകാര്യ പങ്കാളിത്തം അനുവദിക്കുന്നത് വിമാന യാത്രാക്കൂലിയും മറ്റ് സേവന നിരക്കുകളും വർദ്ധിക്കാൻ ഇടയാക്കുമെന്നും പൊതു ആസ്തികൾ സ്വകാര്യ മേഖലയ്ക്ക് കൈമാറുന്നത് അംഗീകരിക്കാനാവില്ലെന്നും കനേഡിയൻ ലേബർ കോൺഗ്രസും എൻഡിപിയും ചൂണ്ടിക്കാട്ടി. നിലവിൽ നോൺ-പ്രോഫിറ്റ് അതോറിറ്റികളുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന സംവിധാനത്തിൽ മാറ്റം വരുത്തുമ്പോൾ വിമാനത്താവളങ്ങളുടെ വികസനത്തിന് ആവശ്യമായ തുക ഉറപ്പാക്കാൻ സാധിക്കുമെന്നാണ് വ്യോമയാന വിദഗ്ധരുടെ പക്ഷം.



