നാസയുടെ സ്വപ്നപദ്ധതിയായ ആർട്ടെമിസ് II ദൗത്യത്തിന്റെ വിക്ഷേപണ മുന്നൊരുക്കങ്ങൾ നിർണ്ണായക ഘട്ടത്തിലേക്ക്. ദൗത്യത്തിനായുള്ള എസ്എൽഎസ് (SLS) റോക്കറ്റും ഓറിയോൺ പേടകവും ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിലെ വിക്ഷേപണ തറയിൽ (Launch Pad 39B) വിജയകരമായി എത്തിച്ചു. ശനിയാഴ്ച വൈകുന്നേരം വെഹിക്കിൾ അസംബ്ലി ബിൽഡിംഗിൽ (VAB) നിന്നും ആരംഭിച്ച യാത്ര 12 മണിക്കൂർ എടുത്താണ് വിക്ഷേപണ തറയിൽ പൂർത്തിയായത്.
ഏകദേശം നാല് മൈൽ ദൂരമുള്ള ഈ യാത്രയ്ക്കായി ‘ക്രാളർ-ട്രാൻസ്പോർട്ടർ 2’ എന്ന കൂറ്റൻ വാഹനമാണ് നാസ ഉപയോഗിച്ചത്. മണിക്കൂറിൽ വെറും 0.82 മൈൽ വേഗതയിൽ അതീവ ജാഗ്രതയോടെയായിരുന്നു ഈ നീക്കം. വിക്ഷേപണത്തിന് മുന്നോടിയായി റോക്കറ്റിൽ അതിശീതീകരിച്ച ഇന്ധനം (Cryogenic propellants) നിറച്ചു നടത്തുന്ന ‘വെറ്റ് ഡ്രസ് റിഹേഴ്സൽ’ പരീക്ഷണം ഫെബ്രുവരി 2-ഓടെ നടക്കും. വിക്ഷേപണ ദിവസത്തെ കൗണ്ട്ഡൗൺ നടപടിക്രമങ്ങളും ഇന്ധനം നിറയ്ക്കുന്ന രീതിയും ഇതിലൂടെ മുൻകൂട്ടി പരിശോധിച്ച് ഉറപ്പുവരുത്തും.
മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ ശ്രമത്തിലെ സുപ്രധാന ചുവടുവെപ്പാണ് ആർട്ടെമിസ് II. പത്ത് ദിവസം നീളുന്ന ഈ ദൗത്യത്തിൽ അമേരിക്കൻ ബഹിരാകാശ സഞ്ചാരികളായ റീഡ് വൈസ്മാൻ, വിക്ടർ ഗ്ലോവർ, ക്രിസ്റ്റീന കോച്ച് എന്നിവർക്കൊപ്പം കനേഡിയൻ ബഹിരാകാശ ഏജൻസിയിലെ ജെറമി ഹാൻസനും പങ്കുചേരും. ചന്ദ്രനെ ഭ്രമണം ചെയ്ത് മടങ്ങുന്ന ഈ ദൗത്യം ഭാവിയിൽ ചൊവ്വയിലേക്കുള്ള മനുഷ്യന്റെ ആദ്യയാത്രയ്ക്ക് വലിയ മുതൽക്കൂട്ടാകും.
