ഓട്ടവ, കാനഡ: ബ്രിട്ടനിലെ ചാൾസ് മൂന്നാമൻ രാജാവിന്റെ ചിത്രം പതിച്ച പുതിയ 20 ഡോളറിന്റെ കറൻസി നോട്ട് ബാങ്ക് ഓഫ് കാനഡ പുറത്തിറക്കി. ഒട്ടാവയിൽ നടന്ന ചടങ്ങിൽ ബാങ്ക് ഓഫ് കാനഡ ഗവർണർ ടിഫ് മാക്ക്ലെം ആണ് ലംബമായി (Vertical) രൂപകൽപ്പന ചെയ്ത പുതിയ പോളിമർ നോട്ട് ഔദ്യോഗികമായി അനാച്ഛാദനം ചെയ്തത്. കാനഡയുടെ ബാങ്ക് നോട്ടിൽ അന്തരിച്ച എലിസബത്ത് രണ്ടാമൻ രാജ്ഞിക്ക് പകരം ചാൾസ് രാജാവിന്റെ ചിത്രം ഇടംപിടിക്കുന്നത് ഇതാദ്യമായാണ്. പുതിയ നോട്ട് 2027 ഫെബ്രുവരി അവസാനത്തോടെ രാജ്യത്ത് പൂർണ്ണമായി പ്രചാരത്തിൽ വരുമെന്ന് അധികൃതർ അറിയിച്ചു.
ഏകദേശം 70 വർഷത്തിനു ശേഷമാണ് കനേഡിയൻ കറൻസിയിൽ പുതിയൊരു ഭരണാധികാരിയുടെ ചിത്രം പ്രത്യക്ഷപ്പെടുന്നത് എന്നത് ഈ ചടങ്ങിനെ ചരിത്രപരമാക്കുന്നു. ചാൾസ് രാജാവിന്റെ പ്രകൃതിസ്നേഹത്തെയും പരിസ്ഥിതി സംരക്ഷണത്തോടുള്ള പ്രതിബദ്ധതയെയും ആദരിച്ചുകൊണ്ട് സസ്യങ്ങളുടെയും ഇലകളുടെയും മനോഹരമായ ചിത്രീകരണങ്ങളാൽ ചുറ്റപ്പെട്ട രൂപത്തിലാണ് രാജാവിന്റെ ചിത്രം നോട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കൂടാതെ, കാനഡയിലെ 13 പ്രവിശ്യകളെയും ടെറിട്ടറികളെയും പ്രതിനിധീകരിക്കുന്ന പുഷ്പ ചിഹ്നങ്ങളും കാനഡയിലെ തദ്ദേശീയ ജനവിഭാഗങ്ങൾക്ക് സാംസ്കാരികമായി പ്രാധാന്യമുള്ള സസ്യങ്ങളുടെ ചിത്രങ്ങളും നോട്ടിലുണ്ട്. നോട്ടിന്റെ മറുഭാഗത്ത് കനേഡിയൻ നാഷണൽ വിമി മെമ്മോറിയൽ തന്നെയാണ് ചിത്രീകരിച്ചിരിക്കുന്നത്.
കള്ളനോട്ടുകൾ തടയുന്നതിനായി അത്യാധുനിക സുരക്ഷാ സംവിധാനങ്ങളാണ് ബാങ്ക് ഓഫ് കാനഡ ഈ പുതിയ നോട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നോട്ടുകൾ ചലിപ്പിക്കുമ്പോൾ നിറം മാറുകയും ചലിക്കുകയും ചെയ്യുന്ന പർപ്പിൾ നിറത്തിലുള്ള പ്രത്യേക സെക്യൂരിറ്റി സ്ട്രിപ്പ് ഇതിൽ സജ്ജീകരിച്ചിട്ടുണ്ട്. കനേഡിയൻ ബാങ്ക് നോട്ടിന്റെ ചരിത്രത്തിൽ ഇതുവരെ ഉപയോഗിക്കാത്ത സുരക്ഷാ സാങ്കേതികവിദ്യകളാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നതെന്ന് ഗവർണർ ടിഫ് മാക്ക്ലെം പറഞ്ഞു. മുൻപ് 10 ഡോളറിന്റെ നോട്ടാണ് കാനഡ ലംബമായ ഡിസൈനിൽ പുറത്തിറക്കിയിരുന്നത്. രാജ്യത്ത് ഏറ്റവും കൂടുതൽ പ്രചാരത്തിലുള്ള കറൻസിയായ 20 ഡോളർ നോട്ടിന്റെ ഈ പുതിയ പതിപ്പ് കാഴ്ചയിൽ ആകർഷകവും സുരക്ഷിതവുമാണെന്ന് ധനകാര്യ മന്ത്രാലയവും വ്യക്തമാക്കി.
