ഒട്ടാവ: കാനഡയിലെ ഇന്ധനവില വർദ്ധനവ് മൂലം പ്രതിസന്ധിയിലായ ജനങ്ങൾക്ക് ആശ്വാസമായി ഫെഡറൽ ഗവൺമെന്റിന്റെ പുതിയ പ്രഖ്യാപനം. പെട്രോളിനും ഡീസലിനും മേൽ ചുമത്തിയിരുന്ന ഫെഡറൽ ഇന്ധന എക്സൈസ് നികുതി താല്ക്കാലികമായി റദ്ദാക്കുമെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി അറിയിച്ചു. മൂന്ന് ബൈ ഇലക്ഷനുകളിലെ വിജയത്തിലൂടെ പാർലമെന്റിൽ ഭൂരിപക്ഷം ഉറപ്പാക്കിയതിന് തൊട്ടുപിന്നാലെയാണ് ചൊവ്വാഴ്ച ഒട്ടാവയിൽ പ്രധാനമന്ത്രി ഈ പ്രഖ്യാപനം നടത്തിയത്.
ഏപ്രിൽ 20 മുതൽ സെപ്റ്റംബർ 7 വരെയാണ് ഈ നികുതി ഇളവ് നിലവിലുണ്ടാകുക. ആഗോള വിപണിയിൽ എണ്ണവിലയിലുണ്ടായ അസ്ഥിരതയും യുഎസ്-ഇറാൻ സംഘർഷവുമാണ് കാനഡയിൽ ഇന്ധനവില കുതിച്ചുയരാൻ കാരണമായത്. ഫെബ്രുവരി അവസാനം മുതൽ ഹോർമുസ് കടലിടുക്കിലൂടെയുള്ള (Strait of Hormuz) എണ്ണക്കടത്ത് തടസ്സപ്പെട്ടതിനെത്തുടർന്ന് കാനഡയുടെ ചില ഭാഗങ്ങളിൽ പെട്രോൾ ലിറ്ററിന് 40 സെന്റിലധികം വർദ്ധിച്ചിരുന്നു.
അതേസമയം, ഗവൺമെന്റിന്റെ ഈ നടപടി അപര്യാപ്തമാണെന്നാണ് പ്രതിപക്ഷ നേതാവ് പിയറി പൊയിലീവ് (Pierre Poilievre) പ്രതികരിച്ചത്. ഈ വർഷം അവസാനം വരെ എക്സൈസ് നികുതിക്ക് പുറമെ ജിഎസ്ടിയും (GST) ക്ലീൻ ഫ്യൂവൽ ചാർജും ഒഴിവാക്കണമെന്നാണ് കൺസർവേറ്റീവ് പാർട്ടിയുടെ ആവശ്യം. ഏപ്രിൽ 20 തിങ്കളാഴ്ച മുതൽ പുതിയ വിലക്കുറവ് രാജ്യത്തുടനീളം പ്രാബല്യത്തിൽ വരും.

