ഓട്ടവ, കാനഡ: സാമ്പത്തിക പ്രതിസന്ധികളിൽ നിന്ന് കരകയറുന്നതിന്റെ ഭാഗമായി രാജ്യവ്യാപകമായി പാഴ്സൽ വിതരണം വാരാന്ത്യങ്ങളിലേക്കും വ്യാപിപ്പിക്കാൻ ഒരുങ്ങി കാനഡ പോസ്റ്റ് (Canada Post). ഇതിന്റെ ആദ്യഘട്ടമെന്ന നിലയിൽ പ്രധാന നഗരങ്ങളായ ഒട്ടോവ, മോൺട്രിയൽ എന്നിവിടങ്ങളിൽ വാരാന്ത്യ പാഴ്സൽ ഡെലിവറി സേവനങ്ങൾ ആരംഭിച്ചതായി കാനഡയുടെ ദേശീയ മെയിൽ കാരിയർ വ്യക്തമാക്കി. നവംബർ അവസാനത്തോടെ ടൊറന്റോയിലേക്കും ഈ സേവനം വ്യാപിപ്പിക്കും. 2027 അവസാനത്തോടെ കാനഡയിലെ ഏകദേശം 70 ലക്ഷത്തോളം കുടുംബങ്ങളിലേക്ക് വാരാന്ത്യ ഡെലിവറി എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ആമസോൺ (Amazon), ഫെഡ്എക്സ് (FedEx), യു.പി.എസ് (UPS) തുടങ്ങിയ സ്വകാര്യ കൊറിയർ കമ്പനികളുമായി കടുത്ത മത്സരമുള്ള വിപണിയിൽ പിടിച്ചുനിൽക്കുന്നതിന്റെ ഭാഗമായാണ് കാനഡ പോസ്റ്റിന്റെ ഈ സുപ്രധാന നീക്കം. മുൻകാലങ്ങളിൽ തൊഴിലാളികളുമായുള്ള പഴയ തൊഴിൽ കരാറുകൾ കാരണം വാരാന്ത്യങ്ങളിലും വൈകുന്നേരങ്ങളിലും സേവനം നൽകാൻ സാധിച്ചിരുന്നില്ലെന്നും, എന്നാൽ പുതിയ തൊഴിൽ കരാറുകളുടെ പശ്ചാത്തലത്തിൽ ഇപ്പോൾ അത് സാധ്യമാണെന്നും കാനഡ പോസ്റ്റ് സി.ഇ.ഒ ഡഗ് എറ്റിംഗർ വ്യക്തമാക്കി. വരുന്ന വർഷം വാങ്കൂവർ, എഡ്മണ്ടൻ, കാൽഗറി തുടങ്ങിയ നഗരങ്ങളിലേക്കും ഈ സേവനം ദീർഘിപ്പിക്കാൻ പദ്ധതിയുണ്ട്. തൊഴിൽ തർക്കങ്ങളെ തുടർന്നുണ്ടായ വർഷങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കും ദേശീയ പണിമുടക്കുകൾക്കും ശേഷം സ്ഥാപനം പതുക്കെ തിരിച്ചുവരവിന്റെ പാതയിലാണെന്ന് കാനഡ പോസ്റ്റ് ചീഫ് ഫിനാൻഷ്യൽ ഓഫീസർ റിൻഡാല എൽ-ഹാജ് അറിയിച്ചു. ഉപഭോക്താക്കൾ വീണ്ടും സേവനം ഉപയോഗിച്ചുതുടങ്ങിയത് ശുഭസൂചകമാണെന്നും അവർ വ്യക്തമാക്കി. പൊതുജനങ്ങളിൽ നിന്നും ലഭിക്കുന്ന പ്രതികരണങ്ങൾ വിലയിരുത്തിയ ശേഷം മറ്റ് പ്രദേശങ്ങളിലേക്കും സേവനം വ്യാപിപ്പിക്കുന്ന കാര്യം പരിഗണിക്കുമെന്ന് അധികൃതർ അറിയിച്ചു. സാമ്പത്തിക സ്ഥിരത കൈവരിക്കുന്നതിനും ആധുനിക ഇ-കൊമേഴ്സ് വിപണിയുടെ ആവശ്യകതകൾ നിറവേറ്റുന്നതിനുമുള്ള സമഗ്രമായ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ നടപടികൾ.
Trending
- ചന്ദ്രനിലേക്ക് യാത്ര ചെയ്യാൻ സുവർണ്ണ അവസരം; പുതിയ യാത്രികരെ തേടി നാസ
- കാനഡയിൽ നിക്ഷേപക സുരക്ഷ ശക്തമാക്കുന്നു: ബാങ്ക് നിക്ഷേപ പരിധി രണ്ടു ലക്ഷം ഡോളറായി ഉയർത്താൻ ഫെഡറൽ പ്രഖ്യാപനം
- കാനഡയിൽ തൊഴിലില്ലായ്മ നിരക്ക് ഉയരുന്നു; ഒക്ടോബറിൽ നഷ്ടമായത് 4,700 തൊഴിലവസരങ്ങൾ
- കാനഡയിൽ സ്ഥിരതാമസത്തിനുള്ള വഴി എളുപ്പമാക്കുന്നു; പുതിയ കുടിയേറ്റ പദ്ധതിയുമായി ഒട്ടാവ.
- കാനഡയിൽ നിർണായക മാറ്റം: ഗ്രേറ്റർ ടൊറന്റോ ഏരിയയിൽ വീടുകളിലേക്കുള്ള തപാൽ സേവനം ഘട്ടംഘട്ടമായി നിർത്തുന്നു
- കാനഡയും യൂറോപ്യൻ യൂണിയനും ചരിത്രപരമായ ‘അലയൻസ് ഫോർ ദി ഫ്യൂച്ചർ’ കരാറിൽ ഒപ്പുവെച്ചു; ലക്ഷ്യം വലിയ സാമ്പത്തിക സുരക്ഷിതത്വവും വളർച്ചയും
- കാനഡയിൽ വ്യാജ ഇമിഗ്രേഷൻ ഏജന്റുമാർക്ക് കനത്ത പിഴ; പുതിയ നിയമങ്ങൾ കർശനമാക്കി ഐ.ആർ.സി.സി.
- എന്താണ് യുഎസ് മിഡ്ടേം തിരഞ്ഞെടുപ്പ്? നമ്മൾ എന്തിന് ശ്രദ്ധിക്കണം?
