ഒട്ടാവ, കാനഡ: യു.എസിലെ നിർണായകമായ മിഡ്ടേം തിരഞ്ഞെടുപ്പുകൾ അടുത്തുവരുന്ന സാഹചര്യത്തിൽ അമേരിക്കയ്ക്കെതിരെ നിലവിൽ പുതിയ വ്യാപാര സമ്മർദ്ദങ്ങളോ ഉപരോധങ്ങളോ പ്രയോഗിക്കാൻ പദ്ധിയില്ലെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി വ്യക്തമാക്കി. അമേരിക്കൻ കോൺഗ്രസിലെ റിപ്പബ്ലിക്കൻ പാർട്ടിയുടെ നിയന്ത്രണത്തെ തന്നെ മാറ്റിമറിച്ചേക്കാവുന്ന ഇടക്കാല തിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിലാണ് കാനഡയുടെ ഈ ഔദ്യോഗിക നിലപാട്. എങ്കിലും ഭാവിയിൽ സാഹചര്യം അനുസരിച്ച് ഏതു തീരുമാനവും സ്വീകരിക്കാൻ തയാറാണെന്നും യാതൊരു സാധ്യതയും തള്ളിക്കളയുന്നില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. വാൻകൂവറിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് കനേഡിയൻ പ്രധാനമന്ത്രി രാജ്യത്തിന്റെ വ്യാപാര നയം വ്യക്തമാക്കിയത്. അമേരിക്കയുടെ രാഷ്ട്രീയ കലണ്ടറോ തിരഞ്ഞെടുപ്പ് തീയതികളോ അല്ല കാനഡയുടെ തീരുമാനങ്ങളെ നിയന്ത്രിക്കുന്നത് എന്ന് അദ്ദേഹം തുറന്നടിച്ചു. നിലവിൽ അമേരിക്കയിൽ ജീവിതച്ചെലവ് അതിരൂക്ഷമായി ഉയർന്നുനിൽക്കുകയാണെന്നും, ആ ആഘാതം കുറയ്ക്കാൻ കാനഡയ്ക്ക് സാധിക്കുന്ന ചില കാര്യങ്ങളുണ്ടെന്നും കാർണി ചൂണ്ടിക്കാണിച്ചു. രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കപ്പെടുന്ന പക്ഷം അമേരിക്കയുമായി നല്ല രീതിയിലുള്ള വ്യാപാര ചർച്ചകൾക്ക് കാനഡ എപ്പോഴും സന്നദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര സംഘർഷങ്ങൾ പുതിയ തലത്തിലേക്ക് നീങ്ങുന്നതായാണ് റിപ്പോർട്ടുകൾ. കാനഡയിൽ നിന്നുള്ള മദ്യം, മോട്ടോർസൈക്കിളുകൾ ഉൾപ്പെടെ ഏകദേശം ഒരു ബില്യൺ ഡോളർവരുന്ന ഉൽപ്പന്നങ്ങളുടെ ഇറക്കുമതി അമേരിക്ക അടുത്തിടെ നിരോധിച്ചിരുന്നു. കനേഡിയൻ നിയമങ്ങൾ അമേരിക്കൻ കയറ്റുമതിക്കാരെ പ്രതികൂലമായി ബാധിക്കുന്നുവെന്നാരോപിച്ചാണ് വൈറ്റ് ഹൈസിന്റെ ഈ നടപടി. ഇതിനിടയിൽ കനേഡിയൻ ലോബിയിസ്റ്റുകൾക്കെതിരെ യു.എസ് വ്യാപാര ഉപദേഷ്ടാവ് പീറ്റർ നാവാരോ രംഗത്തെത്തിയത് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര പോര് കൂടുതൽ കടുപ്പിച്ചിട്ടുണ്ട്. എന്നാൽ യു.എസ് ഉദ്യോഗസ്ഥരുടെ ഇത്തരം പ്രകോപനപരമായ പരാമർശങ്ങളെയും ഭീഷണികളെയും കനേഡിയൻ ഭരണകൂടം വലിയ ഗൗരവത്തിലെടുത്തിട്ടില്ല. നാവാരോയുടെ പ്രസ്താവനകളെ ചിരിച്ചുകൊണ്ട് തള്ളിക്കളഞ്ഞ പ്രധാനമന്ത്രി കാർണി, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെയും ഉപദേഷ്ടാക്കളുടെയും പ്രസ്താവനകൾ വെറും നോട്ടമായി മാത്രം കാണുന്നുവെന്ന് പ്രതികരിച്ചു. ഔദ്യോഗിക തലത്തിലുള്ള സങ്കീർണ്ണമായ വ്യാപാര ചർച്ചകൾ താൽക്കാലികമായി നിശ്ചലാവസ്ഥയിലാണെങ്കിലും ഇരുരാജ്യങ്ങളിലെയും ഉദ്യോഗസ്ഥർ തമ്മിലുള്ള അനൗദ്യോഗിക ആശയവിനിമയങ്ങൾ തുടരുന്നുണ്ടെന്ന് കാനഡ-യു.എസ് വ്യാപാര മന്ത്രി ഡൊമിനിക് ലെബ്ലാൻക് വ്യക്തമാക്കിയിട്ടുണ്ട്.
Trending
- കനേഡിയൻ കവയിത്രി ആലീസ് കാർസന് 2026-ലെ സാഹിത്യത്തിനുള്ള നോബൽ പുരസ്കാരം
- കാനഡയിൽ വൈദ്യസഹായത്തോടെയുള്ള ദയാവധം (MAID) വിപുലീകരിക്കുന്നത് അനിശ്ചിതകാലത്തേക്ക് നിർത്തിവച്ചു
- റിസർവ് ബാങ്ക് റിപ്പോ നിരക്ക് 25 അടിസ്ഥാന പോയിന്റുകൾ ഉയർത്തി; നാല് വർഷത്തിനിടയിലെ ആദ്യ വർദ്ധനവ് വായ്പകൾക്ക് തിരിച്ചടിയാകും.
- കാനഡയിൽ ലോട്ടോ മാക്സ് ജാക്ക്പോട്ട് തുക റെക്കോർഡ് ഉയരത്തിൽ; വെള്ളിയാഴ്ചത്തെ നറുക്കെടുപ്പിൽ സമ്മാനത്തുക 8 കോടി ഡോളറിലേക്ക്
- സെൻ്റ് അൽഫോൻസ സീറോ മലബാർ കാത്തലിക് കത്തീഡ്രലിൽ ഇടവക വാർഷിക ധ്യാനം ഒക്ടോബർ 9, 10, 11 തീയതികളിൽ
- ക്യുബെക്ക് പ്രവിശ്യാ തിരഞ്ഞെടുപ്പ്: ഭൂരിപക്ഷമില്ലാതെ സർക്കാരുമായി പാർട്ടീ ക്യൂബെക്ക്; സി.എ.ക്യു. പാർട്ടിയ്ക്ക് കനത്ത തിരിച്ചടി
- ഒസാപ്പ് (OSAP) ഫണ്ട് തട്ടിപ്പ്: ഒന്റാറിയോയിലെ സ്വകാര്യ കോളേജുകൾക്കെതിരെ പോലീസ് അന്വേഷണം; ഫണ്ട് വിതരണം മരവിപ്പിച്ചു
- ലോമയുടെ സുവർണജൂബിലി ആഘോഷങ്ങൾക്ക് പ്രൗഢഗംഭീര തുടക്കം
