വിന്നിപെഗ്, കാനഡ: കാനഡയിലെ മാനിറ്റോബയിൽ ഏഴ് പതിറ്റാണ്ട് മുൻപ് ജനിച്ചയുടൻ ആശുപത്രിയിൽ വെച്ച് മാറിപ്പോയ രണ്ട് വൃദ്ധർക്ക് രണ്ടര ലക്ഷം കനേഡിയൻ ഡോളർ (ഏകദേശം രണ്ട് കോടിയിലധികം രൂപ) വീതം നഷ്ടപരിഹാരം നൽകി പ്രവിശ്യാ സർക്കാർ. 1955-ൽ ഗ്രാമീണ ആശുപത്രിയിൽ സംഭവിച്ച ഗുരുതരമായ വീഴ്ചയെ തുടർന്ന് ജീവിതകാലം മുഴുവൻ സ്വന്തം വേരുകളും കുടുംബവും അറിയാതെ ജീവിക്കേണ്ടി വന്ന എഡ്വേർഡ് ആംബ്രോസ്, റിച്ചാർഡ് ബോവെയ്സ് എന്നിവർക്കാണ് 2025–26 സാമ്പത്തിക വർഷത്തിലെ ഒത്തുതീർപ്പ് പ്രകാരം സർക്കാർ തുക കൈമാറിയത്. പ്രവിശ്യാ ഭരണകൂടം പുറത്തുവിട്ട പുതിയ ധനകാര്യ രേഖകളിലൂടെയാണ് ഈ ഒത്തുതീർപ്പ് വിവരം പരസ്യമായത്.
സംഭവിച്ചത് നീതിനിഷേധമാണെന്നും അവർക്ക് നഷ്ടപ്പെട്ട വിലപ്പെട്ട വർഷങ്ങൾ തിരികെ നൽകാൻ ആർക്കും കഴിയില്ലെങ്കിലും ഈ നഷ്ടപരിഹാരത്തിലൂടെ നീണ്ട നിയമപോരാട്ടങ്ങൾക്ക് ആശ്വാസകരമായ പര്യവസാനമാകുമെന്ന് പ്രതീക്ഷിക്കുന്നതായും മാനിറ്റോബ നീതിന്യായ മന്ത്രി മാറ്റ് വീബെ വ്യക്തമാക്കി. നേരത്തെ തന്നെ ഇരുവർക്കും സംഭവിച്ച ദുരന്തത്തിൽ മാനിറ്റോബ പ്രീമിയർ വാബ് കിന്യൂ ഔദ്യോഗികമായി പരസ്യമാപ്പ് പറഞ്ഞിരുന്നു. സർക്കാർ നടത്തിയ പരസ്യമായ ക്ഷമാപണത്തിനും തുടർന്ന് അനുവദിച്ച നഷ്ടപരിഹാരത്തിനും ഇരുവരും സർക്കാരിനോട് നന്ദിയുള്ളവരാണെന്ന് അവരുടെ അഭിഭാഷകൻ ബിൽ ഗാഞ്ച് പ്രതികരിച്ചു.
വിന്നിപെഗിൽ നിന്ന് ഏകദേശം 115 കിലോമീറ്റർ അകലെയുള്ള ആർബോർഗ് നഗരത്തിലെ ആശുപത്രിയിലാണ് 1955-ൽ ഇരുവരും ജനിച്ചത്. എന്നാൽ ജീവനക്കാരുടെ വീഴ്ച കാരണം കുഞ്ഞുങ്ങൾ പരസ്പരം മാറിപ്പോവുകയും തികച്ചും വ്യത്യസ്തമായ പശ്ചാത്തലങ്ങളുള്ള കുടുംബങ്ങളിലേക്ക് എത്തപ്പെടുകയുമായിരുന്നു. തദ്ദേശീയ മെറ്റിസ് വംശജനായ എഡ്വേർഡ് ആംബ്രോസ് വളർന്നത് ഒരു യുക്രേനിയൻ കുടുംബത്തിലായിരുന്നു. അതേസമയം യുക്രേനിയൻ, ജൂത, പോളിഷ് പാരമ്പര്യമുള്ള റിച്ചാർഡ് ബോവെയ്സ് വളർന്നത് താൻ ക്രീ, ഫ്രഞ്ച് പാരമ്പര്യമുള്ള മെറ്റിസ് വംശജനാണെന്ന് വിശ്വസിച്ചുകൊണ്ടായിരുന്നു.
വർഷങ്ങൾക്ക് ശേഷം ആംബ്രോസിന്റെ സഹോദരി നടത്തിയ ’23 ആൻഡ് മീ’ ഡിഎൻഎ പരിശോധനയിലൂടെയാണ് പതിറ്റാണ്ടുകൾ നീണ്ട ഈ വലിയ സത്യം പുറത്തുവന്നത്. ആംബ്രോസുമായി ജനിതക ബന്ധമില്ലെന്നും എന്നാൽ ബോവെയ്സ് തന്റെ സഹോദരനാണെന്നും ഡിഎൻഎ ഫലം തെളിയിച്ചതോടെയാണ് കുടുംബങ്ങൾ അമ്പരന്നത്. തദ്ദേശീയ വിഭാഗത്തിൽ വളർന്ന ബോവെയ്സിന് അക്കാലത്തെ വിവേചനപരമായ ‘സിക്സ്റ്റീസ് സ്കൂപ്പ്’ പദ്ധതിയുടെ ഭാഗമായി കുട്ടിക്കാലത്ത് കുടുംബത്തിൽ നിന്ന് വേർപിരിയേണ്ടി വരികയും റെസിഡൻഷ്യൽ സ്കൂളിലെ പീഡനങ്ങൾ അനുഭവിക്കേണ്ടി വരികയും ചെയ്തിരുന്നു. സ്വന്തം യഥാർത്ഥ കുടുംബത്തെയും വേരുകളെയും തിരിച്ചറിഞ്ഞെങ്കിലും ജീവിതകാലം മുഴുവൻ അന്യനായി ജീവിക്കേണ്ടി വന്നതിന്റെ വേദന ഇരുവരുടെയും മനസ്സിൽ മായാതെ നിൽക്കുന്നു.



