വത്തിക്കാൻ സിറ്റി, വത്തിക്കാൻ: റോമിലെ ജെമെല്ലി ആശുപത്രിയിൽ വിജയകരമായി നടത്തിയ ശസ്ത്രക്രിയയിൽ പോപ്പ് ലിയോയ്ക്ക് ശ്വാസകോശ അർബുദം (Lung Cancer) സ്ഥിരീകരിച്ചതായി വത്തിക്കാൻ ഔദ്യോഗികമായി അറിയിച്ചു. അടിയന്തര ശസ്ത്രക്രിയയിലൂടെ എഴുപത്തൊന്നു കാരനായ പോപ്പിന്റെ വലതു ശ്വാസകോശത്തിന്റെ താഴത്തെ ലോബ് (Lower lobe) പൂർണ്ണമായും നീക്കം ചെയ്തു. ചൊവ്വാഴ്ചയാണ് നിർണായകമായ ഈ ശസ്ത്രക്രിയ നടന്നത്.
ശസ്ത്രക്രിയയ്ക്ക് മുന്നേ നടത്തിയ പരിശോധനകളിൽ സംശയിക്കപ്പെട്ടിരുന്ന അർബുദബാധ, സർജറിക്കിടെ നടത്തിയ പരിശോധനയിൽ ലങ് അഡിനോകാർസിനോമ (Lung Adenocarcinoma) ആണെന്ന് സ്ഥിരീകരിച്ചതായി വത്തിക്കാന്റെ ഔദ്യോഗിക മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു. രോഗബാധിതവുമായ മുഴുവൻ ടിഷ്യൂകളും പൂർണ്ണമായി നീക്കം ചെയ്യുന്നതിന്റെ ഭാഗമായാണ് ‘റാഡിക്കൽ’ ശസ്ത്രക്രിയ നടത്തിയതെന്നും ഡോക്ടർമാർ അറിയിച്ചു. നിലവിൽ പോപ്പ് സാധാരണ നിലയിൽ ബോധം വീണ്ടെടുത്ത് ആശുപത്രി മുറിയിൽ വിശ്രമത്തിലാണെന്നും വത്തിക്കാൻ പ്രസ് ഓഫീസ് കൂട്ടിച്ചേർത്തു.
ചൊവ്വാഴ്ച വൈകിട്ട് ആശുപത്രി ചാപ്പലിൽ മെഡിക്കൽ സ്റ്റാഫും വൈദികരും ചേർന്ന് പോപ്പിന്റെ ആരോഗ്യത്തിനായി പ്രത്യേക പ്രാർത്ഥനകൾ നടത്തിയിരുന്നു. ലിയോയുടെ 17 മാസത്തെ പാപ്പൽ ഭരണകാലത്ത് ഇതാദ്യമായാണ് ഇത്രയും ഗൗരവമേറിയ ഒരു ആരോഗ്യപ്രശ്നം പരസ്യമായി പുറത്തുവരുന്നത്. ഞായറാഴ്ചത്തെ പ്രാർത്ഥനയ്ക്കിടെയാണ് തന്റെ ശ്വാസകോശത്തിൽ ചെറിയ തടസം (Nodule) കണ്ടെത്തിയ വിവരം പോപ്പ് വിശ്വാസികളെ അറിയിച്ചത്. ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലേക്കുള്ള തന്റെ യാത്ര മാറ്റിവെക്കേണ്ടി വരരുതെന്ന ഉദ്ദേശ്യത്തോടെയാണ് അദ്ദേഹം ഉടൻ തന്നെ ശസ്ത്രക്രിയയ്ക്ക് വിധേയനാകാൻ തീരുമാനിച്ചതെന്ന് അദ്ദേഹത്തെ സന്ദർശിച്ച ടോക്കിയോ കർദിനാൾ കിക്കുചി സുതോമു വ്യക്തമാക്കി.
ശസ്ത്രക്രിയയ്ക്ക് ശേഷം ഏകദേശം ഒരു ആഴ്ചയോളം പോപ്പിന് ആശുപത്രിയിൽ കഴിയേണ്ടിവരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഒക്ടോബർ 20 വരെയുള്ള അദ്ദേഹത്തിന്റെ എല്ലാ കൂടിക്കാഴ്ചകളും വത്തിക്കാൻ ഇതിനോടകം റദ്ദാക്കിയിട്ടുണ്ട്. നവംബർ ആദ്യവാരത്തിൽ ഉറുഗ്വേ, അർജന്റീന, പെറു എന്നീ രാജ്യങ്ങൾ സന്ദർശിക്കാനുള്ള വിപുലമായ യാത്രാപദ്ധതികൾ പോപ്പിനുണ്ട്. ആരോഗ്യസ്ഥിതി പൂർണ്ണമായി വിലയിരുത്തിയ ശേഷമായിരിക്കും വിദേശയാത്രകളുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. പുകവലി ശീലമില്ലാത്ത പോപ്പ് ലിയോ ആരോഗ്യകാര്യങ്ങളിൽ അതീവ ശ്രദ്ധാലുവാണ്. അന്താരാഷ്ട്ര മാധ്യമങ്ങളുടെയും ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികളുടെയും കണ്ണ് റോമിലെ ജെമെല്ലി ആശുപത്രിയിലാണ്.
