പൂഞ്ച്, ജമ്മു കശ്മീർ (ജൂലൈ 30, 2025): കോൺഗ്രസ് നേതാവും ലോക്സഭയിലെ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി, ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ ഓപ്പറേഷൻ സിന്ദൂർ സമയത്ത് പാകിസ്ഥാൻ്റെ ആക്രമണത്തിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട 22 കുട്ടികളെ ദത്തെടുക്കാൻ തീരുമാനിച്ചു. ഈ കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകൾ പൂർണമായും വഹിക്കുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തിട്ടുണ്ട്.
ഏപ്രിൽ 22-ന് പഹൽഗാം ഭീകരാക്രമണത്തിന് ശേഷം, ഇന്ത്യൻ സൈന്യം മേയ് 7-ന് ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചിരുന്നു. ഇതിന് പ്രതികാര നടപടിയെന്നോണം പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ പൂഞ്ചിൽ 13 സാധാരണക്കാർ കൊല്ലപ്പെടുകയും ഏകദേശം നൂറോളം പേർക്ക് പരിക്കേൽക്കുകയും അനേകം വീടുകൾക്കും സ്ഥാപനങ്ങൾക്കും നാശനഷ്ടം സംഭവിക്കുകയും ചെയ്തിരുന്നു. ഈ ആക്രമണത്തിൽ മാതാപിതാക്കളെയോ കുടുംബത്തിന്റെ ഏക വരുമാനദായകനെയോ നഷ്ടപ്പെട്ട കുട്ടികളെയാണ് രാഹുൽ ഗാന്ധി ദത്തെടുക്കാൻ തീരുമാനിച്ചിരിക്കുന്നത്.
മേയ് 24-ന് പൂഞ്ച് സന്ദർശിച്ച രാഹുൽ ഗാന്ധി, ദുരന്തബാധിത കുടുംബങ്ങളെ സന്ദർശിക്കുകയും അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കുകയും ചെയ്തിരുന്നു. ഈ സന്ദർശനവേളയിൽ, അനാഥരായ കുട്ടികളെ കണ്ടെത്തി അവരുടെ വിദ്യാഭ്യാസം ഉറപ്പാക്കാൻ പാർട്ടി നേതാക്കളോട് അദ്ദേഹം നിർദ്ദേശിച്ചു. തുടർന്ന്, ജമ്മു കശ്മീർ കോൺഗ്രസ് നേതൃത്വം നടത്തിയ സർവേയിൽ, സർക്കാർ രേഖകളുമായി ഒത്തു നോക്കിയ ശേഷം 22 കുട്ടികളുടെ പട്ടിക തയ്യാറാക്കിയിരുന്നു.
ജമ്മു കശ്മീർ കോൺഗ്രസ് പ്രസിഡന്റ് താരിഖ് ഹമീദ്കർ പറഞ്ഞതനുസരിച്ച്, ഈ കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകൾക്കായുള്ള ആദ്യ ഗഡു ജൂലൈ അവസാനത്തോടെ വിതരണം ചെയ്യും. “ഈ കുട്ടികൾ അവരുടെ ബിരുദം പൂർത്തിയാക്കുന്നതുവരെ സഹായം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൂഞ്ചിലെ ക്രൈസ്റ്റ് പബ്ലിക് സ്കൂളിൽ രാഹുൽ ഗാന്ധി സന്ദർശനം നടത്തിയപ്പോൾ, ആക്രമണത്തിൽ മരിച്ച 12 വയസ്സുള്ള ഇരട്ടകളായ ഉർബ ഫാത്തിമയെയും സൈൻ അലിയെയും അനുസ്മരിച്ച്, വേദനകൾ മറന്ന് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും സുഹൃത്തുക്കളുമൊത്ത് ജീവിതം മുമ്പോട്ട് നയിക്കുവാനും അദ്ദേഹം കുട്ടികളെ ഉദ്ബോധിപ്പിച്ചു.
“ഈ ദുരന്തത്തിന്റെ ഭാരം ഏറ്റവും ധൈര്യത്തോടെ വഹിക്കുന്നത് ഈ കുടുംബങ്ങളാണ്. അവരുടെ ധൈര്യത്തിന് ഞാൻ സല്യൂട്ട് ചെയ്യുന്നു,”. എന്നാണ് രാഹുൽ ഗാന്ധി തന്റെ എക്സ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ പോസ്റ്റ് ചെയ്തത്. ഈ മനുഷ്യത്വപരമായ നടപടി, ‘മോഹബ്ബത്ത് കി ദുകാൻ’ എന്ന തന്റെ പ്രചാരണ മുദ്രാവാക്യത്തിന് അനുസൃതമാണെന്ന് അദ്ദേഹം വ്യക്തമാക്കി.