കാനഡയിൽ ഇന്ത്യൻ കോൺസുലേറ്റിന്റെ സേവനങ്ങൾ നൽകുന്ന ഏക ഏജൻസിയായ ബിഎൽഎസ് ഇന്റർനാഷണലിനെതിരെ നിരവധി പരാതികളാണ് ദിനംപ്രതി ഉയരുന്നത്. വിസ, പാസ്പോർട്ട് പുതുക്കൽ, ഓവർസീസ് സിറ്റിസൺഷിപ്പ് ഓഫ് ഇന്ത്യ (OCI) കാർഡുകൾ തുടങ്ങിയ സേവനങ്ങൾക്കായി ബിഎൽഎസിനെ ആശ്രയിക്കുന്നവരെ അപേക്ഷകളിലെ ചെറിയ പിഴവുകൾ കണ്ടെത്തി തിരിച്ചയക്കുകയോ അതുമല്ലെങ്കിൽ അനാവശ്യമായി ഫീസ് ഈടാക്കുന്നതിനെക്കുറിച്ചും അധിക സേവനങ്ങൾ വിൽക്കാൻ ശ്രമിക്കുന്നതിനെക്കുറിച്ചും ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്. അത്യാവശ്യ ഘട്ടങ്ങൾ ഉളവാക്കുന്ന ഉപഭോക്താക്കളുടെ അവസ്ഥ മുതലെടുത്ത് അവരിൽ നിന്നും കൂടുതൽ ഫീസ് ഈടാക്കി അപേക്ഷകൾ പുതിയത് സൃഷ്ടിക്കുകയും അമിതമായ കൊറിയർ ചാർജുകൾ ഈടാക്കുകയും ചെയ്യുന്നത് ഒരു നിത്യസംഭവമായി മാറിയിട്ടുണ്ട്. കൂടാതെ നീണ്ട കാത്തുനിൽപ്പ് ഒഴിവാക്കാൻ അധികത്തുക കൊടുത്ത് ‘പ്രീമിയം ലോഞ്ച് സൌകര്യം’ ഉപയോഗിക്കാൻ ഉപഭോക്താക്കൾ നിർബന്ധിതരാകുന്നു. തിരക്കൊഴിവാക്കാൻ കൂടുതൽ സൌകര്യങ്ങൾ ഒരുക്കുന്നതിന് പകരമാണ് പ്രീമിയം, നോൺ-പ്രീമിയം തരംതിരുവുകൾ കൊണ്ടുവന്ന് ഇന്ത്യൻ വംശജർക്കും, പൌരന്മാർക്കും അവർക്ക് ലഭിക്കേണ്ട സേവനങ്ങൾക്കായുള്ള അപേക്ഷപ്രക്രിയ പ്രായസമേറിയതാക്കുന്നത്.
ഉദാഹരണമായി, പ്രശാന്ത് വശിഷ്ഠ എന്നയാൾ, തന്റെ മാതാവിന്റെ മരണത്തെ തുടർന്ന് അടിയന്തര വിസയ്ക്കായി ബ്രാംപ്ടണിലെ ബിഎൽഎസ് ഓഫീസിലെത്തിയപ്പോൾ, സ്വയം വിസ എടുത്തിട്ടും 135 ഡോളറിന്റെ കൊറിയർ ഫീസ് ഈടാക്കാൻ നിർബന്ധിതനായതായി CBC ന്യൂസിനോട് വെളിപ്പെടുത്തി(Complaints pile up against only agency providing Indian consular services in Canada | CBC News). “അത്യാവശ്യഘട്ടമായിരുന്നതിനാൽ പണം നൽകേണ്ടി വന്നു,” അദ്ദേഹം പറഞ്ഞു.
ബിഎൽഎസിന്റെ വിവിധ സെന്ററുകളിൽ, ഉപഭോക്താക്കളിൽ നിന്ന് കഴിയുന്നത്ര ഫീസ് ഈടാക്കാനും, അപേക്ഷാ ഫോറങ്ങളിലേയോ ഫോട്ടോകളിലേയോ ചെറിയ പിഴവുകൾ കണ്ടെത്തി അധിക സേവനങ്ങൾ ഉപഭോക്താക്കളുടെ മേൽ അടിച്ചേൽപ്പിക്കാനും നിർദേശം നൽകിയിരുന്നതായി ചില മുൻ ഉദ്യോഗസ്ഥർ പറഞ്ഞതായി CBC ന്യൂസ് റിപ്പോർട്ട് ചെയ്യുകയുണ്ടായി. ഷിവം നെഹ്റ എന്ന മറ്റൊരു ഉപഭോക്താവ്, തന്റെ പെർമനന്റ് റെസിഡൻസി അപേക്ഷയുടെ സമയപരിധി അടുത്തിരുന്നപ്പോൾ, നീണ്ട ക്യൂ നിന്ന് ഒഴിവാക്കാൻ 100 ഡോളറിന്റെ “പ്രീമിയം ലോഞ്ച് സേവനം” എടുക്കാൻ നിർബന്ധിതനായതായി CBC റിപ്പോർട്ടിൽ പറഞ്ഞു.
സോഷ്യൽ മീഡിയയിലും ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും ബിഎൽഎസിനെതിരെയുള്ള നിരവധി പരാതികൾ ഇതിനോടകം തന്നെ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. Change.org-ൽ 8,000-ലധികം ആളുകൾ ഒപ്പിട്ട ഒരു ഓൺലൈൻ പെറ്റീഷൻ, ബിഎൽഎസിന്റെ സേവനങ്ങളിലെ ക്രമക്കേടുകൾക്കെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട് (Change.org – Results page). ഫേസ്ബുക്ക്, റെഡിറ്റ് തുടങ്ങിയ പ്ലാറ്റ്ഫോമുകളിലും ഉപഭോക്താക്കളുടെ നിരാശ പ്രകടമാണ്. ബെറ്റർ ബിസിനസ് ബ്യൂറോ ബിഎൽഎസിന് “എഫ്” റേറ്റിംഗ് നൽകിയിട്ടുണ്ട്, ഇത് ഉപഭോക്തൃ അതൃപ്തിയുടെ തീവ്രത വ്യക്തമാക്കുന്നു (BLS International Services Canada Inc | BBB Business Profile | Better Business Bureau).
ഈ ആരോപണങ്ങളോട് പ്രതികരിച്ച്, തങ്ങളുടെ സേവനങ്ങൾ “സുതാര്യവും മാനദണ്ഡങ്ങൾ പാലിക്കുന്നതും” ആണെന്ന് ബിഎൽഎസ് അവകാശപ്പെടുന്നു. “പരാതികൾ ഉയർന്നാൽ, ഞങ്ങൾ അവയെ ഗൗരവമായി അന്വേഷിക്കുകയും മെച്ചപ്പെടുത്തലിനായി ഉചിതമായ നടപടികൾ സ്വീകരിക്കുകയും ചെയ്യും,” ബിഎൽഎസ് കമ്മ്യൂണിക്കേഷൻസ് മാനേജർ പൂജ അറോറ CBC-യോട് പറഞ്ഞു. എന്നാൽ, ഇന്ത്യൻ കോൺസുലേറ്റിന് മാത്രമാണ് ബിഎൽഎസിനെതിരെ നടപടി എടുക്കാനുള്ള അധികാരമുള്ളത്. “സേവന നിലവാരം മെച്ചപ്പെടുത്താൻ ആന്തരിക അവലോകനങ്ങളിലൂടെയും ബിഎൽഎസുമായുള്ള ഏകോപനത്തിലൂടെയും എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്” എന്ന് ടൊറോന്റോയിലെ ഇന്ത്യൻ കോൺസുലേറ്റ് ഒരു പ്രസ്താവനയിൽ വ്യക്തമാക്കി.
എന്നിരുന്നാലും, പരാതികളുടെ എണ്ണം സംബന്ധിച്ച ഡാറ്റ ഇന്ത്യൻ കോൺസുലേറ്റിന് ലഭ്യമല്ലെന്ന് ഹർപ്രീത് ഹോറ എന്ന ഉപഭോക്താവ് CBC-യോട് വെളിപ്പെടുത്തി. “ഞാൻ പരാതികൾ അറിയിക്കുന്നു, പക്ഷേ നടപടി എടുക്കുന്നില്ല,” അദ്ദേഹം ആരോപിച്ചു. ഇത് പ്രശ്നത്തിന്റെ ആഴം വെളിപ്പെടുത്തുന്നു. ഗ്ലോബൽ അഫയേഴ്സ് കാനഡ, വിദേശ സർക്കാരുകളുമായി കരാറിലേർപ്പെടുന്ന കമ്പനികളുടെ മേൽ തങ്ങൾക്ക് അധികാരമില്ലെന്നും, പരാതികൾക്ക് പ്രാദേശിക ഉപഭോക്തൃ സംരക്ഷണ ഓഫീസുകളേയോ പോലീസിനേയോ സമീപിക്കണമെന്നും വ്യക്തമാക്കി. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഒന്റാറിയോയിലെ ഉപഭോക്തൃ സംരക്ഷണ വകുപ്പിന് ബിഎൽഎസിനെതിരെ ഒരു പരാതി മാത്രമാണ് ലഭിച്ചതെന്നും, അതിന്റെ ഫലം വെളിപ്പെടുത്താൻ അവർ വിസമ്മതിച്ചതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
“കാലം മാറി, അതിനനുസരിച്ച് ലോകവും കോലം മാറി, എല്ലാവിധ ആപ്ലിക്കേഷനുകളും ഓൺലൈൻ വഴി വളരെ കാര്യക്ഷമമായി നടത്താമെന്നിരിക്കെ ഇന്ത്യൻ വിദേശകാര്യമന്ത്രാലയം മാത്രമെന്തേ കാലോചിതമായ പരിഷ്കരണത്തിന് ഇനിയും അമാന്തിക്കുന്നു?” ലണ്ടൻ ഒന്റാറിയോയിൽ താമസിക്കുന്ന അബി തോമസ് ചോദിക്കുന്നു. “ഒൻറാറിയോ പ്രവിശ്യയിൽ ഓട്ടവയിൽ ഒഴികെയുള്ള സ്ഥലങ്ങളിൽ താമസിക്കുന്നവർക്ക് പാസ്പോർട്ട് പുതുക്കൽ, OCI ആപ്ലിക്കേഷൻ തുടങ്ങിയ സേവനങ്ങൾക്ക് ബ്രാംപ്റ്റണിൽ പ്രവർത്തിക്കുന്ന BLS കേന്ദ്രത്തെ ആശ്രയിക്കേണ്ടി വരുന്നു. കുറഞ്ഞത് ഒരു ദിവസത്തെ ജോലിയവധി എടുത്താണ് ഇത്തരം സേവനങ്ങൾക്കായി വരേണ്ടി വരുന്നത്. രണ്ടാമതൊരു ദിവസം കൂടി ഇതിനായി ചിലവാക്കുന്നത് പലർക്കും അചിന്ത്യമായതിനാലാണ് ‘പ്രീമിയം ലോഞ്ച് സൌകര്യം’ അധികത്തുക നല്കി പലർക്കും ഉപയോഗിക്കേണ്ടി വരുന്നത്.” മറ്റൊരു ഉപഭോക്താവ് പറയുന്നു.
“കാലം മാറി, അതിനനുസരിച്ച് ലോകവും കോലം മാറി, എല്ലാവിധ ആപ്ലിക്കേഷനുകളും ഓൺലൈൻ വഴി വളരെ കാര്യക്ഷമമായി നടത്താമെന്നിരിക്കെ ഇന്ത്യൻ വിദേശകാര്യമന്ത്രാലയം മാത്രമെന്തേ കാലോചിതമായ പരിഷ്കരണത്തിന് ഇനിയും അമാന്തിക്കുന്നു?”
അബി തോമസ്
ഈ വിഷയം കാനഡയിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിനിടയിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചിട്ടുണ്ട്. പരാതികൾ പരിഹരിക്കപ്പെടാതെ തുടരുന്നത്, ഇന്ത്യൻ കോൺസുലേറ്റിന്റെ സേവനങ്ങളെ ആശ്രയിക്കുന്നവർക്കിടയിൽ അതൃപ്തി വർദ്ധിപ്പിക്കുന്നു. പ്രശ്നപരിഹാരത്തിനായി അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കോൺസുലർ സേവനങ്ങളുടെ ചുമതലയുള്ള ഇന്ത്യൻ വിദേശകാര്യസഹമന്ത്രി പബിത്ര മാർഗറീത്തക്കും ഇമെയിൽ സന്ദേശങ്ങൾ അയച്ചതായി ഉപഭോക്താക്കളിൽ ഒരാൾ കേരളസ്കോപ്പിനോട് പറഞ്ഞു.
Members of Indian diaspora allege pressure to pay extra for consular services