2025 ജൂലൈ 25-ന് ഛത്തീസ്ഗഢിലെ ദുർഗ് റെയിൽവേ സ്റ്റേഷനിൽ രണ്ട് കത്തോലിക്കാ സന്യാസിനികളായ സിസ്റ്റർ പ്രീതി മേരി, സിസ്റ്റർ വന്ദന ഫ്രാൻസിസ്, കൂടെയുണ്ടായിരുന്ന തദ്ദേശീയ വിഭാഗക്കാരനായ സുഖ്മാൻ മാണ്ഡവി എന്നിവരെ മനുഷ്യക്കടത്ത്, മതപരിവർത്തനം എന്നീ ആരോപണങ്ങളുന്നയിച്ച് അറസ്റ്റ് ചെയ്ത സംഭവം കേരളത്തിൽ വലിയ വിവാദമായി മാറി. അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റിന്റെ ഭാഗമായ ഈ സന്യാസിനികൾ, 18 വയസ്സിന് മുകളിലുള്ള മൂന്ന് യുവതികളെ ആഗ്രയിലെ ഒരു സ്ഥാപനത്തിൽ ജോലിക്കായി കൊണ്ടുപോകുന്നതിനിടെ, ബജ്റംഗ് ദൾ പ്രവർത്തകരുടെ പരാതിയെ തുടർന്നാണ് പോലീസ് ഇടപെട്ടത്. ഇക്കഴിഞ്ഞ ദിവസങ്ങളിൽ വൈദികർക്കും സന്യാസിനികൾക്കും എതിരെ ഒഡീഷയിൽ കയ്യേറ്റശ്രമങ്ങൾ നടന്നിരുന്നു. ഈ സംഭവങ്ങൾ ഒക്കെ തന്നെയും ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തിനും ന്യൂനപക്ഷ അവകാശങ്ങൾക്കും മേലുള്ള കടന്നുകയറ്റമായി വിമർശിക്കപ്പെടുന്നു.
വസ്തുതകൾ: ആരോപണങ്ങളും തെളിവുകളും
യുവതികളെ ആഗ്രയിലേക്ക് ജോലിക്കായി കൊണ്ടുപോകുന്നതിനിടെ ബജ്റംഗ് ദൾ പ്രവർത്തകർ ഉന്നയിച്ച പരാതിയാണ് അറെസ്റ്റിന് കാരണമായ സംഭവം. യുവതികൾ മൂവരും 18 വയസ്സിന് മുകളിലുള്ളവരാണെന്നും, മാതാപിതാക്കളുടെ ഔദ്യോഗിക സമ്മതപത്രവുമായാണ് യാത്ര ചെയ്തതെന്നും തെളിവുകൾ സഹിതം അവർ വ്യക്തമാക്കിയിരുന്നു. എന്നിട്ടും, ഛത്തീസ്ഗഢ് ഫ്രീഡം ഓഫ് റിലിജൻ ആക്ട് 1968-ന്റെ സെക്ഷൻ 4 (മതപരിവർത്തനം) ഉം ഭാരതീയ ന്യായ സംഹിത (BNS) 2023-ന്റെ സെക്ഷൻ 143 (മനുഷ്യക്കടത്ത്) ഉം ചുമത്തി, ബജ്റംഗ് ദൾ പ്രവർത്തകരുടെ സമ്മർദ്ദത്തിൽ പോലീസ് കേസെടുക്കുകയായിരുന്നു.
യുവതികളുടെ കുടുംബാംഗങ്ങൾ, മതപരിവർത്തന ആരോപണങ്ങൾ നിഷേധിച്ചിട്ടുണ്ട്. തെളിവുകൾ ഉണ്ടായിരുന്നിട്ടും, പോലീസ് വസ്തുതകൾ പരിശോധിക്കാതെ, ബജ്റംഗ് ദൾ പ്രവർത്തകരുടെ ആരോപണങ്ങളെ മാത്രം അടിസ്ഥാനമാക്കി നടപടിയെടുത്തത്, നീതിന്യായ വ്യവസ്ഥയുടെ സുതാര്യതയെ ചോദ്യം ചെയ്യുന്നു. പരാതി ലഭിച്ചാൽ കേസ് എടുക്കാൻ പോലീസ് ബാധ്യസ്ഥരാണ് എന്ന് ഒരു വിഭാഗം ചില നിയമവിദഗ്ദ്ധർ വാദിക്കുന്നുണ്ടെങ്കിലും മേല്പറഞ്ഞ, ജാമ്യമില്ലാ കുറ്റമായ 143 പോലുള്ള വകുപ്പുകൾ ചുമത്തുന്നതിനു മുൻപു വസ്തുതകൾ അന്വേഷിച്ചുറപ്പിക്കാൻ പൊലീസിന് ബാധ്യതയില്ലേ എന്ന മറുചോദ്യവും ഉയരുന്നുണ്ട്.
വർധിച്ചുവരുന്ന ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങൾ
ഈ സംഭവം ഒറ്റപ്പെട്ടതല്ല. യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം (UCF) പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2024-ൽ ഇന്ത്യയിൽ ക്രൈസ്തവർക്കെതിരെ 843 അക്രമസംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് (Rise in Christian persecution in India triggers alarm – UCA News). 2014-ലെ 147-ൽ നിന്ന് വൻ വർധനയാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ, പ്രത്യേകിച്ച് ഛത്തീസ്ഗഢ്, ഉത്തർപ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളിൽ, മതപരിവർത്തന നിരോധന നിയമങ്ങളുടെ ദുരുപയോഗം വർധിച്ചുവരുന്നതായി വിമർശനമുണ്ട്. ഈ നിയമങ്ങൾ, ബലപ്രയോഗമോ തട്ടിപ്പോ വഴി മതപരിവർത്തനം തടയാനുദ്ദേശിച്ചവയാണെങ്കിലും, പലപ്പോഴും തെളിവില്ലാതെ ന്യൂനപക്ഷ വിഭാഗങ്ങളെ ലക്ഷ്യമിടാൻ ഉപയോഗിക്കപ്പെടുന്നതായാണ് വ്യാപകമായി ആരോപിക്കപ്പെടുന്നത് (India’s Christians Attacked Under Anti-Conversion Laws – The New York Times – മതപരിവർത്തന നിരോധനനിയമത്തിന്റെ ദുരുപയോഗം സംബന്ധിച്ച ഇന്ത്യൻ മുഖ്യധാരാ മാധ്യമങ്ങളിൽ വന്ന റിപ്പോർടുകളുടെ ലിങ്കുകൾ ഇപ്പോൾ നിർജീവമാണ് -deactivated).
രാഷ്ട്രീയവും സാമൂഹികവുമായ പ്രത്യാഘാതങ്ങൾ
ഈ അറസ്റ്റ്, 2026-ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്. കേരളത്തിലെ ക്രൈസ്തവ വോട്ടുകൾ ലക്ഷ്യമിട്ട് ബി.ജെ.പി നടത്തുന്ന ഔട്ട്റീച്ച് ശ്രമങ്ങൾക്ക് ഈ സംഭവം തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. കേരള ബി.ജെ.പി പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ, സന്യാസിനികളെ സംരക്ഷിക്കുമെന്നും നീതി ഉറപ്പാക്കുമെന്നും പ്രസ്താവിച്ചെങ്കിലും, കേരളത്തിന് പുറത്ത് പാർട്ടിയുടെ ഹിന്ദുത്വ അജണ്ടയും ന്യൂനപക്ഷ വിരുദ്ധ നിലപാടുകളും വിമർശന വിധേയമായി.
കേരള മുഖ്യമന്ത്രി പിണറായി വിജയൻ, നീതിപൂർവകമായ അന്വേഷണം ആവശ്യപ്പെട്ടു പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി, . കോൺഗ്രസ്, സി.പി.ഐ(എം) തുടങ്ങിയ പ്രതിപക്ഷ പാർട്ടികളും, പാർലമെന്റിന് മുന്നിൽ പ്രതിഷേധവുമായി രംഗത്തെത്തി. കോൺഫറൻസ് ഓഫ് റിലീജിയസ് ഇന്ത്യ (CRI) ഈ അറസ്റ്റിനെ “നീതിക്കും മനുഷ്യത്വത്തിനും മതസ്വാതന്ത്ര്യത്തിനും എതിരായ ആക്രമണം” എന്ന് വിശേഷിപ്പിച്ചു.
ജാമ്യവും തുടർനടപടികളും
ആഗസ്റ്റ് 2-ന്, ഒൻപത് ദിവസത്തെ ജയിൽവാസത്തിന് ശേഷം, ബിലാസ്പൂരിലെ എൻ.ഐ.എ കോടതി സന്യാസിനികൾക്കും സുഖ്മൻ മാണ്ഡവിക്കും ജാമ്യം അനുവദിച്ചു. എന്നാൽ, ഈ സംഭവം ഇന്ത്യയിലെ ന്യൂനപക്ഷ സമുദായങ്ങൾ നേരിടുന്ന വർധിച്ചുവരുന്ന ഭീഷണികളെ ഉയർത്തിക്കാട്ടുന്നു. ബജ്റംഗ് ദൾ പ്രവർത്തകർ, പോലീസിന്റെ മൗനാനുവാദത്തോടെ, സന്യാസിനികളെ പരസ്യമായി അപമാനിച്ചതായി ദൃക്സാക്ഷികൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത്, നീതിന്യായ വ്യവസ്ഥയുടെ പക്ഷപാതപരമായ സമീപനത്തെ വെളിപ്പെടുത്തുന്നു.
സൂചനകൾ, ഓർമപ്പെടുത്തലുകൾ
ഈ സംഭവം, ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 25 ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തിനും, ന്യൂനപക്ഷ അവകാശങ്ങൾക്കും എതിരായ വെല്ലുവിളികളെ സൂചിപ്പിക്കുന്നു. തെളിവുകളുടെ അഭാവത്തിൽ, ബാഹ്യ സമ്മർദ്ദങ്ങളുടെ പേര് പറഞ്ഞ് നടത്തിയ ഈ അറസ്റ്റ്, നീതിന്യായ വ്യവസ്ഥയുടെ ദുരുപയോഗത്തിന്റെ ഉദാഹരണമാണ്. സന്യാസിനികൾക്ക് ജാമ്യം ലഭിച്ചെങ്കിലും, ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ, നിയമവ്യവസ്ഥയുടെ സുതാര്യതയും നിഷ്പക്ഷതയും ഉറപ്പാക്കേണ്ടത് അനിവാര്യമാണ്. ജനാധിപത്യ മൂല്യങ്ങളും മതസ്വാതന്ത്ര്യവും സംരക്ഷിക്കാൻ, സമൂഹവും രാഷ്ട്രീയ നേതൃത്വവും ഒരുപോലെ ജാഗ്രത പുലർത്തേണ്ടതുണ്ട്. ഒപ്പം, സ്വന്തം മൂല്യങ്ങൾ മറന്ന് താത്ക്കാലികലാഭത്തിനായി രാഷ്ട്രീയകൂട്ടുകെട്ടുകൾ ഉണ്ടാക്കാൻ ഇറങ്ങിപ്പുറപ്പെടുന്ന മതനേതൃത്വങ്ങൾക്ക് വീണ്ടുവിചാരം ഉണ്ടാവണമെന്ന ഓർമപ്പെടുത്തൽ കൂടിയാണ് ഈ സംഭവം.
****************
സന്യാസിനികളുടെ അറെസ്റ്റിന്റെ പശ്ചാത്തലത്തിൽ Fr. അജി പുതിയപറമ്പിൽ The Cue എന്ന യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിന്റെ ലിങ്ക് ചുവടെ: